Russia – Ukraine War News: കീവ്: റഷ്യന്‍ അധിനിവേശം രണ്ടാം മാസത്തിലേക്ക് കടക്കുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. ഏറ്റുമുട്ടലില്‍ ഇതുവരെ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ അറിയിച്ചു. യുക്രൈന് കൂടുതല്‍ സഹായം നല്‍കാനായി പാശ്ചാത്യരാജ്യങ്ങള്‍ ഒരുങ്ങുകയാണ്. യുദ്ധം നീണ്ടു പോകുന്ന സാഹചര്യത്തിലാണ് നടപടി. റഷ്യ അതിക്രൂരതയിലേക്ക് കടന്നതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു. അതേസമയം, റഷ്യക്കെതിരെ ആഗോള പ്രതിഷേധത്തിന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ആഹ്വാനം ചെയ്തു. യുക്രൈന്-റഷ്യ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഇന്ന് അറിഞ്ഞിരിക്കേണ്ട പത്ത് പ്രധാന വാര്‍ത്തകള്‍ വായിക്കാം.
1. യുക്രൈനിൽ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ
യുദ്ധം നാലാഴ്ച പിന്നിടുമ്പോൾ, യുക്രൈനിൽ ഇതുവരെ 7,000 മുതൽ 15,000 വരെ റഷ്യൻ സൈനികർ കൊല്ലപ്പെട്ടതായി നാറ്റോ ബുധനാഴ്ച പറഞ്ഞു. യുക്രൈന്റെ അതിശക്തമായ ചെറുത്ത് നിൽപ്പ് മോസ്കോയ്ക്ക് മിന്നൽ ജയം നിഷേധിച്ചെന്നും നാറ്റോ വ്യക്തമാക്കി. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏകദേശം 15,000 റഷ്യൻ സൈനികർ അഫ്ഗാനിസ്ഥാനിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
റഷ്യയുടെ കമ്മ്യൂണിക്കേഷൻസ് റെഗുലേറ്റർ ഗൂഗിളിന്റെ വാർത്താ സേവനം തടഞ്ഞു. യുക്രൈനിലെ റഷ്യയുടെ സൈനിക പ്രവർത്തനത്തെക്കുറിച്ച് വ്യാജ വിവരങ്ങൾ നൽകുന്നുവെന്ന് ആരോപിച്ചാണ് നടപടിയെന്ന് ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.
അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശം ഒരു മാസം തികയുമ്പോൾ യുക്രൈന് ലോകത്തിന്റെ മുഴുവൻ ഭാഗത്ത് നിന്നുള്ള പിന്തുണയും ആവശ്യമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി അഭ്യർത്ഥിച്ചു.
2. യുക്രൈന്: യുഎന്‍ രക്ഷാസമിതിയിലെ റഷ്യന്‍ പ്രമേയത്തില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ
യുക്രൈനിലെ മാനുഷിക പ്രതിസന്ധി സംബന്ധിച്ച റഷ്യയുടെ പ്രമേയത്തിനുമേലുള്ള ഐക്യരാഷ്ട്ര സഭാ രക്ഷാസമിതിയിലെ വോട്ടെടുപ്പില്‍നിന്ന് വിട്ടുനിന്ന് ഇന്ത്യ. അതേസമയം, അനുകൂലമായി രണ്ട് വോട്ട് മാത്രം ലഭിച്ച പ്രമേയം പരാജയപ്പെട്ടു.
റഷ്യയുടെയും ചൈനയുടെയും വോട്ട് മാത്രമാണു പ്രമേയത്തിന് അനുകൂലമായി ലഭിച്ചത്. കരട് പ്രമേയത്തിന്മേല് വോട്ടെടുപ്പ് നടക്കുന്നതിനു മണിക്കൂറുകള്‍ക്കു മുന്‍പ് ഇന്ത്യന്‍ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്ധന് ശൃംഗ്ല ന്യൂയോര്‍ക്കില്‍ എത്തിയിരുന്നു.
3. യുക്രൈന് കൂടുതല്‍ സഹായം നല്കാന് പാശ്ചാത്യ രാജ്യങ്ങള്‍
കിഴക്കന്‍ യൂറോപ്പില്‍ സൈനിക ശക്തി വര്‍ധിപ്പിക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ഒരുങ്ങുന്നു. ബ്രസല്‍സില്‍ ചേരുന്ന യോഗത്തിലായിരിക്കും ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാവുക. യുക്രൈന് നേരെയുള്ള റഷ്യന്‍ ആക്രമണം രണ്ടാം മാസത്തിലേക്ക് കടക്കുന്നതിനാല്‍ യുക്രൈന് കൂടുതല്‍ സൈനിക സഹായം നല്‍കാനും പാശ്ചാത്യരാജ്യങ്ങള്‍ ഒരുങ്ങിയേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ പാശ്ചാത്യ രാജ്യങ്ങളോട് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി കൂടുതല്‍ സഹായം ആവശ്യപ്പെട്ടിരുന്നു. റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന് സൈനിക നീക്കം ആരംഭിച്ചതിന് ശേഷം ആയിരക്കണക്കിന് സാധാരണക്കാര്‍ കൊല്ലപ്പെടുകയും ദശലക്ഷക്കണക്കിന് ആളുകള്‍ യുക്രൈനില്‍ നിന്ന് പലായനവും ചെയ്തു.
4. പുടിന് അതിക്രൂരതയിലേക്ക് കടന്നു: ബ്രിട്ടണ്
യുക്രൈനില്‍ രാസായുധ ആക്രമണം നടത്തിയാൽ റഷ്യയ്ക്കെതിരായ തിരിച്ചടി ഒഴിവാക്കാന്‍ വിസമ്മതിച്ച് നാറ്റോ നേതാക്കള്‍. എന്നാല്‍ റഷ്യ ഒരുപാട് മുന്നോട്ട് പോയതായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്സണ് പറഞ്ഞു.
വ്ളാഡിമിർ പുടിൻ ഇതിനകം തന്നെ ക്രൂരതയിലേക്ക് കടന്നിരിക്കുന്നതായി നാറ്റോ ഉച്ചകോടിയില്‍ ബോറിസ് ജോണ്സണ് പറഞ്ഞു. യുക്രൈനിലെ ഭയാനകമായ പ്രതിസന്ധിയും ജനങ്ങളുടെ കഷ്ടപ്പാടുകളും ഒരുമിച്ച് പരിഗണിക്കേണ്ടത് ഇപ്പോൾ നാറ്റോയാണ്. കൂടാതെ യുക്രൈനിലെ ജനങ്ങളെ രക്ഷിക്കാനായി എന്ത് ചെയ്യാന്‍ കഴിയുമെന്നത് പരിശോധിക്കണമെന്നും ബോറിസ് ജോണ്സണ് കൂട്ടിച്ചേര്‍ത്തു.
നാറ്റോ യുക്രൈന് ആയുധങ്ങൾ നൽകുന്നില്ല. 30 രാഷ്ട്രങ്ങളടങ്ങിയ സഖ്യം യുദ്ധത്തിനോ സമാധാന പരിപാലനത്തിനോ വേണ്ടി യുക്രൈനിലേക്ക് സൈനികരെ അയയ്ക്കാൻ വിസമ്മതിക്കുന്നതായും അദ്ദേഹം ചൂണ്ടിക്കാണിച്ചു.
5. റഷ്യക്കെതിരെ ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സെലെന്‍സ്കി
റഷ്യന്‍ അധിനിവേശത്തിനെതിരെ ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. നിങ്ങളുടെ തെരുവുകളിലേക്ക് ഇറങ്ങു, ശബ്ദം ഉയര്ത്തു. ജനങ്ങള്‍ക്കും സമാധനത്തിനും യുക്രൈനുമാണ് പ്രധാന്യമെന്ന് ഉറക്കെ പറയൂ, വൈകാരികമായ പ്രസംഗത്തില്‍ സെലെന്‍സ്കി പറഞ്ഞു. ലോകം ഈ യുദ്ധം അവസാനിപ്പിക്കണം. യുക്രൈന് പിന്തുണയര്‍പ്പിച്ച എല്ലാവര്ക്കും നന്ദി. പക്ഷെ യുദ്ധം തുടരുകയാണ്. സമാധാനത്തില്‍ ജീവിക്കുന്നവര്ക്കെതിരായ നടക്കുന്ന ആക്രമണം മുന്നോട്ട് പോവുകയാണ്, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
6. യുക്രൈന് യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗത്വത്തിന് അര്‍ഹത: സെലന്‍സ്കി
യൂറോപ്പിന്റെ മൊത്തത്തിലുള്ള സുരക്ഷയ്ക്കുവേണ്ടിയാണ് യുക്രൈന്റെ പോരാട്ടമെന്നു പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. യുക്രൈനു യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗമാകണമെന്നും അദ്ദേഹം പറഞ്ഞു.
”ഞങ്ങള്‍ പോരാടുന്നത് യുക്രൈനിലെ ജനങ്ങള്‍ക്കു വേണ്ടി മാത്രല്ല. മറിച്ച് യൂറോപ്പിന്റെ സുരക്ഷയ്ക്കുവേണ്ടിയാണ്. യൂറോപ്യന്‍ യൂണിയനില്‍ പൂര്‍ണ അംഗമാകാന്‍ അര്‍ഹരാണെന്ന് ഞങ്ങള്‍ തെളിയിച്ചു,” സ്വീഡിഷ് പാര്‍ലമെന്റ് അംഗങ്ങളോട് സംസാരിക്കവെ സെലെന്‍സ്കി പറഞ്ഞു.
അതിനിടെ, യുഎസ് പ്രസിഡന്റ് ജോ ബൈഡനും പാശ്ചാത്യ സഖ്യകക്ഷികളും മൂന്ന് ഉച്ചകോടികളില്‍ ആദ്യത്തേത് ആരംഭിച്ചു. യുക്രൈനിലെ അധിനിവേശത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനുമേല്‍ സമ്മര്‍ദ്ദം വര്‍ധിപ്പിക്കുന്നതിലും യൂറോപ്പിലും ലോകമെമ്പാടും വ്യാപിക്കുന്ന സാമ്പത്തിക, സുരക്ഷാ തകര്‍ച്ചയിലും ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ടുള്ളതാണ് ഉച്ചകോടി.
7. രക്ഷാപ്രവര്‍ത്തനം നടത്തുന്നതിന് മുന്‍പ് ഇരുസൈന്യങ്ങളും ധാരണയിലെത്തണം
യുക്രൈനില്‍ നിന്ന് സാധാരണക്കാരെ ശരിയായി ഒഴിപ്പിക്കുന്നതിന് മുമ്പ് റഷ്യൻ, യുക്രൈനിയന്‍ സൈന്യങ്ങൾ തമ്മിലുള്ള കരാർ ആവശ്യമാണെന്ന് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി മേധാവി. റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷം നടത്തിയ വാർത്താ സമ്മേളനത്തിലായിരുന്നു റെഡ്ക്രോസ് മേധാവി പീറ്റർ മൗറർ ഇക്കാര്യം പറഞ്ഞത്. യുക്രൈനില്‍ വളരെ സങ്കീര്‍ണമായ സാഹചര്യമാണ് നിലനില്‍ക്കുന്നത്, ധാരാളം ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇരുസൈനികരും തമ്മില്‍ കരാറില്ലെങ്കില്‍ രക്ഷാപ്രവര്‍ത്തനം സാധ്യമാവുകയില്ല, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
8. റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തി റെനോ
റഷ്യയുടെ യുക്രൈന് അധിനിവേശത്തിന്റെ സാഹചര്യത്തില്‍ മോസ്കോ ഫാക്ടറിയിലെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കുമെന്ന് ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോ. റഷ്യയിലെ ഫാക്ടറിയില്‍ ഈ ആഴ്ച പ്രവര്‍ത്തനം പുനരാരംഭിച്ച ചുരുക്കം ചില അന്താരാഷ്ട്ര ബിസിനസുകളില്‍ ഒന്നാണ് റെനോ. യുക്രൈനിലെ അധിനിവേശത്തിന്റെയും പശ്ചാത്യ രാജ്യങ്ങളുടെ ഉപരോധനത്തിന്റെയും പശ്ചാത്തലത്തില്‍ നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ റഷ്യയിലെ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.
റഷ്യയില്‍ അവശ്യ ഭക്ഷ്യവസ്തുക്കള്‍ ഒഴികെയുള്ളവയുടെ വിതരണം നിര്‍ത്തുന്നതായി ആഗോള കമ്പനിയായ നെസ്ലെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. മക്ഡൊണാള്‍ഡ്, സ്റ്റാര്‍ബക്സ്, കൊക്കകോള എന്നിവയുള്‍പ്പെടെ ആഗോള ബ്രാന്‍ഡുകള്‍ റഷ്യയിലെ വില്‍പ്പന നേരത്തെ നിര്‍ത്തിയിരുന്നു. വന്‍കിട മരുന്ന് കമ്പനികള്‍ ഉള്‍പ്പെടെയുള്ള നിരവധി അന്താരാഷ്ട്ര ബ്രാന്‍ഡുകള്‍ റഷ്യയിലെ പ്രവര്‍ത്തനം നിറുത്തിവച്ചിട്ടുണ്ട്. റഷ്യന്‍ ഓയില്‍ ഭീമന്മാരായ റോസ്നെഫ്റ്റിന്റെ ഓഹരികള്‍ ബ്രിട്ടീഷ് പെട്രോളിയം (ബിപി) ഉപേക്ഷിച്ചിരുന്നു. ഉപരോധത്തിന്റെ പശ്ചാത്തലത്തില്‍, യുഎസ് ക്രഡിറ്റ് കാര്‍ഡ്, പേയ്മെന്റ് ഭീമന്മാരായ അമേരിക്കന്‍ എക്സ്പ്രസ് റഷ്യയിലെയും ബെലാറുസിലെയും പ്രവര്‍ത്തനം അടുത്തിടെ നിര്‍ത്തിയിരുന്നു.
ധനകാര്യ സേവന സ്ഥാപനങ്ങളായ വിസയും മാസ്റ്റര്‍കാര്‍ഡും നേരത്തെ തന്നെ റഷ്യയുമായുള്ള ഇടപാടുകള്‍ മരവിപ്പിച്ചിരുന്നു. ആഗോളമാധ്യമങ്ങളായ ബിബിസിയും സിഎന്‍എന്നും ബ്ലൂംബര്‍ഗും റഷ്യയില്‍ പ്രവര്‍ത്തനം നിര്‍ത്തിയതായി അറിയിച്ചിരുന്നു. യുദ്ധവാര്‍ത്തകളുമായി ബന്ധപ്പെട്ട സംപ്രേഷണത്തിനു റഷ്യ കടുത്ത നിയന്ത്രണം ഏര്പ്പെടുത്തിയതെിനെത്തുടര്ന്നായിരുന്നു ഈ തീരുമാനം. റഷ്യ ഫെയസ്ബുക്കിന് വിലക്ക് ഏര്പ്പെടുത്തിയതതായും യൂട്യൂബും ട്വിറ്ററും ലഭിക്കുന്നില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.
9. ഒരു ലക്ഷം അഭയാര്‍ത്ഥികളെ സ്വീകരിക്കാന്‍ അമേരിക്ക
റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്യുന്നവരെ സ്വാഗതം ചെയ്ത് അമേരിക്ക. ഒരു ലക്ഷം അഭയാര്‍ത്ഥികളെ വരെ സ്വീകരിക്കാന്‍ അമേരിക്ക തയാറാണെന്ന് ഉന്നത വൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനെതിരായ റഷ്യന്‍ ആക്രമണത്തില്‍ പാശ്ചാത്യ രാജ്യങ്ങളെ ഏകോപിപ്പിക്കുന്നതിനായി പ്രസിഡന്റ് ജോ ബൈഡൻ വ്യാഴാഴ്ച യൂറോപ്യൻ നേതാക്കളുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയായിരുന്നു പ്രഖ്യാപനം.
10. റഷ്യന്‍ മാധ്യമപ്രവര്‍ത്തക കീവില്‍ കൊല്ലപ്പെട്ടു
യുക്രൈനിലെ റഷ്യന്‍ അധിനിവേശം നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ തീവ്രമാകുന്നു. കീവില്‍ ഉണ്ടായ ഷെല്ലാക്രമണത്തില്‍ റഷ്യന്‍ മാധ്യമപ്രവര്‍ത്തക കൊല്ലപ്പെട്ടു. റഷ്യയിലെ സ്വതന്ത്ര മാധ്യമ സ്ഥാപനമായ ദി ഇന്‍സൈഡറിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് ഒക്സാന ബൗലീന എന്ന മാധ്യമപ്രവര്‍ത്തകയാണ് മരിച്ചത്. കീവിലെ പോഡില്‍ ജില്ലയില്‍ റഷ്യന്‍ ഷെല്ലാക്രമണത്തിലുണ്ടായ നാശനഷ്ടം ഡൊക്യുമെന്റ് ചെയ്യുന്നതിനിടെയുണ്ടായ ആക്രമണത്തിലാണ് ഒക്സാന കൊല്ലപ്പെട്ടത്. ഒക്സാനയെ കൂടാതെ മറ്റൊരാള്‍കൂടി മരണപ്പെട്ടിട്ടുണ്ട്. ഒക്സാനയുടെ കൂടെയുണ്ടായിരുന്ന രണ്ട് പേര് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലാണ്.