Russia-Ukraine War News: റഷ്യന്‍ അധിനിവേശം 27 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ ഏറ്റുമുട്ടല്‍ കൂടുതല്‍ ശക്തമാകുന്നു. റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ചെർണോബിൽ ആണവ നിലയത്തിലെ പുതിയ ലബോറട്ടറി റഷ്യൻ സേന നശിപ്പിച്ചതായും യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവിലുണ്ടായ ആക്രമണത്തില്‍ 264 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ അറിയിച്ചു. എന്നാല്‍ റഷ്യയുടെ മുന്നേറ്റം ഏപ്രില്‍ അവസാനത്തോടെ അന്ത്യത്തിലെത്തുമെന്നാണ് യുക്രൈന് കരുതുന്നത്. സമാധാനം പുനസ്ഥാപിക്കുന്നതിമായി റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നത് തുടരണമെന്ന് ജപ്പാനോട് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി അഭ്യര്‍ത്ഥിച്ചു. യുക്രൈന്-റഷ്യ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഇന്നത്തെ പത്ത് സുപ്രധാന സംഭവങ്ങള്‍ വായിക്കാം.
1. കീവില്‍ 264 സാധാരണക്കാര്‍ കൊല്ലപ്പെട്ടെന്ന് മേയര്‍
യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവില്‍ 264 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി നഗരത്തിന്റെ മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. മരിച്ചവരില്‍ നാല് കുട്ടികളും ഉള്‍പ്പെടുന്നു. കൈവിനു വടക്ക് 30 കിലോമീറ്റർ അകലെയുള്ള ഗ്രാമമായ ലിയുട്ടിഷ് പ്രദേശത്ത് ഏറ്റുമുട്ടല്‍ നടക്കുന്നുണ്ടെന്നും യുക്രൈനിയന്‍ സൈന്യം വടക്കുപടിഞ്ഞാറൻ, വടക്കുകിഴക്കൻ മേഖലകളുടെ നിയന്ത്രണം തിരിച്ചുപിടിച്ചിട്ടുണ്ടെന്നും മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ കൂട്ടിച്ചേര്‍ത്തു. പടിഞ്ഞാറൻ പട്ടണമായ മകരീവ് ഉക്രേനിയൻ സൈന്യം തിരിച്ചുപിടിച്ചതായും അദ്ദേഹം അറിയിച്ചു.
2. റഷ്യന്‍ മുന്നേറ്റത്തിന്റെ സജീവഘട്ടത്തിന് ഏപ്രില്‍ അവസാനത്തോടെ അന്ത്യമാകുമെന്ന് യുക്രൈന്
റഷ്യയുടെ മുന്നേറ്റം പല മേഖലകളിലും സ്തംഭിച്ചതിനാൽ ഏപ്രിൽ അവസാനത്തോടെ റഷ്യൻ അധിനിവേശത്തിന്റെ സജീവ ഘട്ടം അന്ത്യത്തിലെത്തുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈനിയന്‍ പ്രസിഡന്‍ഷ്യല്‍ ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു. പ്രാദേശിക ടെലിവിഷനിൽ സംസാരിച്ച അരെസ്റ്റോവിച്ച്, റഷ്യയുടെ ആക്രമണ സംവിധാനത്തിന്റെ 40 ശതമാനത്തോളം ഇതിനകം നഷ്ടപ്പെട്ടുവെന്നും ആണവയുദ്ധം നടത്താനുള്ള സാധ്യതയെ അവര്‍ നിരാകരിച്ചതായും പറഞ്ഞു.
3. റഷ്യ യുക്രൈനില്‍ രാസായുധം പ്രയോഗിച്ചാല്‍ അത് ഭീഷണിയാകും: ബൈഡന്
യുക്രൈനെതിരെ റഷ്യ രാസായുധ പ്രയോഗം നടത്തിയാല്‍ അത് യഥാര്‍ത്ഥത്തില്‍ ഭീഷണിയാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പറഞ്ഞു. യൂറോപ്പില്‍ നടക്കുന്ന നാറ്റൊ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പോകുവെയായിരുന്നു യുക്രൈനില്‍ റഷ്യ രാസായുധം പ്രയോഗിച്ചേക്കുമെന്ന ആശങ്കയെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചത്. അത് ഭീഷണിയാകുമെന്നാണ് ഞാന്‍ കരുതുന്നത്, ബൈഡന് പ്രതികരിച്ചു.
4. ചെർണോബിലിലെ പരീക്ഷണശാല തകർത്ത് റഷ്യ; മരിയോപോളിൽ പോരാട്ടം കനക്കുന്നു
റേഡിയോ ആക്ടീവ് മാലിന്യ സംസ്കരണം മെച്ചപ്പെടുത്തുന്നതിനായി നിർമ്മിച്ച ചെർണോബിൽ ആണവ നിലയത്തിലെ പുതിയ ലബോറട്ടറി റഷ്യൻ സേന നശിപ്പിച്ചതായി ചെർണോബിൽ മേഖലയിലെ ഒഴിപ്പിക്കൽ ഉത്തരവാദിത്തമുള്ള യുക്രൈൻ സ്റ്റേറ്റ് ഏജൻസി ചൊവ്വാഴ്ച പറഞ്ഞു. തുറമുഖ നഗരമായ മരിയോപോളിൽ കനത്ത പോരാട്ടം തുടരുകയാണ്.
അതേസമയം, അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ അടിയന്തര നാറ്റോ ഉച്ചകോടിയിൽ പങ്കെടുക്കുമെന്നും യൂറോപ്യൻ യൂണിയൻ നേതാക്കളെ അഭിസംബോധന ചെയ്യുമെന്നും ജി-7 നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹത്തിന്റെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പറഞ്ഞു. ബ്രസൽസിലേക്കും പോളണ്ടിലേക്കും പുറപ്പെടുന്നതിന്റെ തലേന്ന് നടത്തിയ ബ്രീഫിങ്ങിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ ഐക്യമുന്നണിയുണ്ടാക്കാനും സ്ഥിതിഗതികൾ വിലയിരുത്താനുമാണ് ബൈഡൻ യൂറോപ്പിലേക്ക് പോകുന്നത്.
5. റഷ്യക്ക് മേല്‍ സമ്മര്‍ദ്ദം തുടരണം; ജപ്പാനോട് സെലെന്‍സ്കി
റഷ്യക്കെതിരായ ഉപരോധങ്ങളെ പിന്തുണയ്ക്കുകയും സമാധാനം പുനസ്ഥാപിക്കുന്നതിനായി സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്ത ആദ്യത്തെ ഏഷ്യന്‍ രാജ്യം ജപ്പാനാണെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. നല്കുന്ന പിന്തുണ തുടരണമെന്നും സെലെന്‍സ്കി ആവശ്യപ്പെട്ടു. ജപ്പാനിലെ രാഷ്ട്രീയ നേതാക്കളേയും ജനതയേയും അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥിതിഗതികൾ ശാന്തമാക്കുന്നതിനായി ജപ്പാന്റെ പങ്കാളികളായ രാജ്യങ്ങളുടെ യോജിച്ച ശ്രമത്തിനും സെലെന്‍സ്കി ആഹ്വാനം നടത്തി.
6. ജി 20 യില്‍ തുടരാന്‍ റഷ്യക്ക് ചൈനയുടെ പിന്തുണ
ഈ വർഷാവസാനം ഇന്തോനേഷ്യയിൽ നടക്കുന്ന അടുത്ത ജി 20 ഉച്ചകോടിയിൽ പങ്കെടുക്കാൻ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പദ്ധതിയിടുന്നു. റഷ്യയെ ഗ്രൂപ്പിൽ നിന്ന് വിലക്കണമെന്ന ചില അംഗങ്ങളുടെ നിർദ്ദേശങ്ങൾ മറികടന്ന് ചൈന പിന്തുണ പ്രഖ്യാപിച്ചിരുന്നു. യുക്രൈന് അധിനിവേശത്തെത്തുടർന്ന് ഇരുപത് പ്രധാന രാജ്യങ്ങളുടെ ഗ്രൂപ്പില്‍ റഷ്യ തുടരണമോ എന്ന് അമേരിക്കയും അതിന്റെ പാശ്ചാത്യ സഖ്യകക്ഷികളും വിലയിരുത്തുകയാണെന്ന് ചർച്ചകളിൽ ഉൾപ്പെട്ട വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു.
7. റഷ്യയില്‍ അനാവശ്യ സാധനങ്ങളുടെ വില്‍പ്പന അവസാനിപ്പിച്ച് നെസ്ലെ
കിറ്റ്കാറ്റും ചോക്ലേറ്റ് മിക്സും ഉള്‍പ്പെടെയുള്ള അനാവശ്യ ഉത്പന്നങ്ങളുടെ റഷ്യയിലെ വില്‍പ്പന അവസാനിപ്പിക്കുന്നതായി നെസ്ലെ അറിയിച്ചു. യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ വിമര്‍ശനത്തിന് പിന്നാലെയാണ് നടപടി. യുക്രൈനിലേക്കുള്ള അധിനിവേശത്തിന് ശേഷവും റഷ്യയില്‍ തുടരുന്ന കമ്പനികളുമായി സെലെന്‍സ്കി സംസാരിക്കുകയും നെസ്ലെയ്ക്കെതിരെ വിമര്‍ശനം ഉന്നയിക്കുകയും ചെയ്തു. നല്ല ഭക്ഷണം, നല്ല ജീവിതം എന്ന കമ്പനിയുടെ മുദ്രാവാക്യത്തിനോട് നീതി പുലര്‍ത്തുന്നില്ലെ എന്നായിരുന്നു സെലെന്‍സ്കിയുടെ വാക്കുകള്‍.
8. യുദ്ധത്തിൽ 121 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രോസിക്യൂട്ടറുടെ ഓഫീസ്
യുക്രൈനിലെ യുദ്ധത്തിൽ ഇതുവരെ 121 കുട്ടികൾ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് ബുധനാഴ്ച അറിയിച്ചു. 167 കുട്ടികൾക്ക് യുദ്ധത്തിൽ പരുക്കേറ്റതായും അറിയിച്ചു.
9. അഭയാർത്ഥികൾക്കായി ഒമ്പത് മനുഷ്യത്വ ഇടനാഴികൾ
ഒമ്പത് “മനുഷ്യത്വ ഇടനാഴികളിലൂടെ” യുക്രൈൻ നഗരങ്ങളിൽ കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ ഒഴിപ്പിക്കാൻ കരാറായതായി യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് ബുധനാഴ്ച പറഞ്ഞു. മരിയോപോളിന് പുറമെ, യുക്രൈന് തെക്കുപടിഞ്ഞാറായി 80 കിലോമീറ്റർ അകലെയുള്ള ബെർഡിയാൻസ്ക് നഗരത്തിൽ കുടിയൊഴിപ്പിക്കപ്പെട്ടവർക്കായി ഗതാഗതം മാർഗം കണ്ടെത്തുമെന്നും വെരേഷ്ചുക്ക് പറഞ്ഞു.
10. രക്ഷാപ്രവർത്തകരുടെ വാഹനം റഷ്യ തടഞ്ഞെന്ന് യുക്രൈൻ
രക്തരൂക്ഷിതമായ തുറമുഖ നഗരമായ മരിയോപോളിലേക്ക് ആവശ്യമായ ഭക്ഷണവും മറ്റ് സാധനങ്ങളും എത്തിക്കാൻ ശ്രമിച്ച രക്ഷാപ്രവർത്തകരുടെ വാഹനവ്യൂഹത്തിൽ നിന്ന് 15 രക്ഷാപ്രവർത്തകരെയും ഡ്രൈവറേയും റഷ്യ പിടികൂടിയതായി യുക്രൈൻ അധികൃതർ ആരോപിച്ചു. നഗരത്തിലെത്താൻ ശ്രമിച്ച രക്ഷാപ്രവർത്തക സംഘത്തിന് അങ്ങോട്ട് പ്രവേശിക്കാൻ കഴിഞ്ഞില്ലെന്ന് റെഡ് ക്രോസ് സ്ഥിരീകരിച്ചു.
Also Read: ഞങ്ങളുടെ പരമാവധി ശേഷിയായി; ഇനിയും അഭയാർത്ഥികളെ സ്വീകരിക്കാനാവില്ല: വാർസോ ഗവർണർ