scorecardresearch

Russia-Ukraine War News: റഷ്യ 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി

വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ച നടത്താനാകില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി പറഞ്ഞു.

Russia-Ukraine War

Russia-Ukraine War News: കീവ്: യുക്രൈനിലെ റഷ്യൻ അധിനിവേശം ഇരുപത്തി ഏഴാം ദിവസത്തിൽ എത്തിനിൽക്കവെ പുതിയ നിർദേശം മുന്നോട്ടുവച്ച് യുക്രൈൻ. അധിനിവേശത്തില്‍നിന്നു റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ആവശ്യം ഉപേക്ഷിക്കാന്‍ തയാറാണെന്നു യുക്രൈന്‍ പ്രസിഡന്റ് വോളോഡമിര്‍ സെലെന്‍സ്‌കി പറഞ്ഞു. യുക്രൈൻ യുദ്ധം സംബന്ധിച്ച് ഇന്ന് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ പരിശോധിക്കാം.

1. കൂടുതൽ റഷ്യൻ ആക്രമണമുണ്ടാവുമെന്ന് മുന്നറിയിപ്പ്

റഷ്യൻ സൈനികരിൽനിന്ന് കൂടുതൽ ഏകപക്ഷീയമായ ഷെല്ലാക്രമണമുണ്ടാവുമെന്ന് യുക്രൈൻ സൈന്യം പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. കൂടാതെ റഷ്യ രാസായുധങ്ങൾ ഉപയോഗിക്കുന്നത് പരിഗണിക്കുന്നുവെന്നും അതിനെതിരെ ശക്തമായ മുന്നറിയിപ്പ് നൽകുന്നതായും യുഎസ് പ്രസിഡന്റ് ജോ ബൈഡനും പറഞ്ഞിരുന്നു.

റഷ്യൻ സൈന്യം “ഉയർന്ന കൃത്യതയുള്ള ആയുധങ്ങളും വിവേചനരഹിതമായ യുദ്ധോപകരണങ്ങളും” ഉപയോഗിച്ച് നിർണായകമായ ഇടങ്ങൾ ആക്രമിക്കുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈൻ സായുധ സേന പ്രസ്താവനയിൽ പറഞ്ഞു.

“അധിനിവേശം ആരംഭിച്ച് ഏകദേശം നാലാഴ്ചയായിട്ടും, റഷ്യൻ സൈന്യം ഒരു പ്രധാന യുക്രൈനിയൻ നഗരവും പിടിച്ചെടുക്കുന്നതിൽ പരാജയപ്പെട്ടു, മിക്കവാറും എല്ലാ മുന്നണികളിലും നിർത്തിവച്ചു, പക്ഷേ പീരങ്കികളും മിസൈലുകളും വ്യോമാക്രമണങ്ങളും ഉപയോഗിച്ച് ജനവാസ ജില്ലകളെ നേരിടുകയാണ്,” യുക്രൈൻ പ്രസിഡന്റ് സെലെൻസ്കി പറഞ്ഞു.

2. റഷ്യ 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി യുഎസ് എംബസി

റഷ്യൻ നിയന്ത്രിത പ്രദേശങ്ങളായ ലുഹാൻസ്ക്, ഡൊനെറ്റ്സ്ക് എന്നിവിടങ്ങളിൽ നിന്ന് 2,389 യുക്രൈനിയൻ കുട്ടികളെ “നിയമവിരുദ്ധമായി റഷ്യയിലേക്ക് കൊണ്ടുപോയതായി യുക്രെയ്നിന്റെ വിദേശകാര്യ മന്ത്രാലയത്തെ ഉദ്ധരിച്ച് കീവിലെ യുഎസ് എംബസി പറഞ്ഞു. “ഇത് സഹായമല്ല. ഇത് തട്ടിക്കൊണ്ടുപോകലാണ്,” എംബസി ഒരു ട്വീറ്റിൽ പറഞ്ഞു.

3. റഷ്യ പിന്മാറിയാൽ നാറ്റോ അംഗത്വനീക്കം ഉപേക്ഷിക്കാമെന്ന് യുക്രൈൻ

അധിനിവേശത്തില്‍നിന്നു റഷ്യ പിന്മാറിയാല്‍ നാറ്റോ അംഗത്വത്തിനുള്ള ആവശ്യം ഉപേക്ഷിക്കാന്‍ തയാറാണെന്നു യുക്രൈന്‍. ”വെടിനിര്‍ത്തല്‍, റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കല്‍, യുക്രൈന്റെ സുരക്ഷ സംബന്ധിച്ച ഉറപ്പ് എന്നിവയ്ക്കു പകരമായി നാറ്റോ അംഗത്വം തേടേണ്ടതില്ലെന്ന തങ്ങളുടെ പ്രതിബദ്ധത ചര്‍ച്ച ചെയ്യാന്‍ തയാറാണ്,” യുക്രൈന്‍ പ്രസിഡന്റ് വോളോഡമിര്‍ സെലെന്‍സ്‌കി പറഞ്ഞു.

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് സംബന്ധിച്ച ചർച്ച നടത്താനാകില്ലെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നേരത്തെ പറഞ്ഞിരുന്നു.

4. റഷ്യൻ ഭരണകൂടത്തിന്റെ വിമർശകന് ഒമ്പത് വർഷത്തെ തടവ്

റഷ്യൻ ഭരണകൂടത്തിന്റെ വിമർശകനായ അലക്സി നവൽനിയെ റഷ്യൻ കോടതി ചൊവ്വാഴ്ച ഒമ്പത് വർഷത്തെ തടവിന് ശിക്ഷിച്ചു. ഇത് പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ ഏറ്റവും പ്രമുഖ എതിരാളിയെ വർഷങ്ങളോളം സജീവ രാഷ്ട്രീയത്തിൽ നിന്ന് മാറ്റിനിർത്തും. വഞ്ചനാ കുറ്റത്തിനാണ് ശിക്ഷ. നേരത്തെ കോടതിയലക്ഷ്യ കേസിലും നവൽനി കുറ്റക്കാരനെന്ന് വിധിച്ചിരുന്നു.

5. മരിയോപോളിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യാൻ അനുവദിക്കണമെന്ന് യുക്രൈൻ

അതിനിടെ, ഉപരോധിക്കപ്പെട്ട തെക്കന്‍ നഗരമായ മരിയോപോളിലേക്ക് അവശ്യവസ്തുക്കളും മരുന്നുകളും വിതരണം ചെയ്യാനും അവിടെനിന്നു സാധാരണക്കാരെ വിട്ടുപോകാനും അനുവദിക്കണമെന്ന് റഷ്യയോട് യുക്രൈന്റെ പുതിയ അഭ്യര്‍ഥന.

”സിവിലിയന്‍മാര്‍ക്കായി മനുഷ്യത്വപരമായ ഒരു ഇടനാഴി തുറക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു,” ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് യുക്രൈനിയന്‍ ടെലിവിഷനിലൂടെ അഭ്യര്‍ഥിച്ചു. പറഞ്ഞു. തെക്കന്‍ നഗരമായ ഹെര്‍സണിലെ നിവാസികളിലേക്ക് അവശ്യ സാധനങ്ങള്‍ എത്തിക്കുന്നതും റഷ്യന്‍ സേന തടയുകയാണെന്നും വെരേഷ്ചുക്ക് പറഞ്ഞു.

6. “യുക്രൈൻ യൂറോപ്പിന്റെ കവാടമാണ്, അവിടെ അവർ കടന്നുകയറാൻ ആഗ്രഹിക്കുന്നു,” റഷ്യയെക്കുറിച്ച് സെലെൻസ്കി

തന്റെ രാജ്യം റഷ്യൻ സേനയുമായുള്ള യുദ്ധത്തെ അതിജീവിക്കുന്നതിന്റെ വക്കിലാണെന്ന് യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ചൊവ്വാഴ്ച ഇറ്റാലിയൻ പാർലമെന്റിൽ പറഞ്ഞു.

“റഷ്യൻ സൈനികരെ സംബന്ധിച്ചിടത്തോളം, യുക്രൈൻ യൂറോപ്പിന്റെ കവാടമാണ്, അവിടെ അവർ കടന്നുകയറാൻ ആഗ്രഹിക്കുന്നു, പക്ഷേ ക്രൂരത കടന്നുപോകാൻ അനുവദിക്കരുത്,” അദ്ദേഹം പറഞ്ഞു.

റഷ്യൻ ബോംബാക്രമണത്തിൽ മരിയുപോൾ തകർന്നുവെന്ന് സെലെൻസ്കി പറഞ്ഞു. ഭക്ഷണമോ മരുന്നോ വൈദ്യുതിയോ കുടിവെള്ളമോ ഇല്ലെന്ന് നഗരസഭാധികൃതർ പറയുന്നു. “അവിടെ ഒന്നും അവശേഷിക്കുന്നില്ല,” സെലെൻസ്‌കി വീഡിയോ സന്ദേശത്തിൽ പറഞ്ഞു.

7. മരിയോപോളിൽ പോരാട്ടം രൂക്ഷം, കീവിന്റെ പ്രാന്തപ്രദേശം തിരിച്ചുപിടിച്ച് യുക്രൈൻ

അതിനിടെ, ആയുധം വച്ച് കീഴടങ്ങണമെന്ന റഷ്യയുടെ ആവശ്യം യുക്രൈൻ സൈന്യം നിരസിച്ചതോടെ മരിയോപോളിൽ പോരാട്ടം രൂക്ഷമായി. മരിയോപോള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ റഷ്യന്‍ ബോംബാക്രമണം തുടരുകയാണ്. അസോവ് നഗരത്തിൽ 400 പേർ അഭയം പ്രാപിച്ചിരുന്ന ആർട്ട് സ്‌കൂൾ കെട്ടിടം ബോംബാക്രമണത്തിൽ തകർന്നു.

തന്ത്രപ്രധാനമായ കീവ് നഗരത്തിന്റെ പ്രാന്തപ്രദേശമായ മകാരിവില്‍നിന്ന് റഷ്യന്‍ സൈന്യത്തെ കടുത്ത യുദ്ധത്തിനൊടുവില്‍ തുരത്തിയതായി യുക്രൈനിയന്‍ സൈന്യം അറിയിച്ചു. പ്രധാന ഹൈവേയുടെ നിയന്ത്രണം തിരിച്ചുപിടിക്കാനും വടക്കുപടിഞ്ഞാറുനിന്ന് കീവിനു ചുറ്റും റഷ്യന്‍ സൈന്യത്തെ തടയാനും യുക്രൈന്‍ സൈന്യത്തിനു സാധിച്ചതായാണു അവര്‍ പറയുന്നത്.

കീവിനുവേണ്ടി ആക്രമണം ശക്തമാക്കിയ റഷ്യന്‍ സൈന്യം മറ്റ് വടക്കുപടിഞ്ഞാറന്‍ പ്രാന്തപ്രദേശങ്ങളായ ബുച്ച, ഹോസ്റ്റോമെല്‍, ഇര്‍പിന്‍ എന്നിവ ഭാഗികമായി പിടിച്ചെടുത്തതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു, അവയില്‍ ചിലത് കഴിഞ്ഞ മാസം അവസാനം റഷ്യന്‍ സൈന്യം അധിനിവേശം ആരംഭിച്ചതു മുതല്‍ ആക്രമണത്തിനിരയായിരുന്നു.

റഷ്യ യുക്രൈനില്‍ ഭരണകൂട ഭീകരത നടത്തുകയാണെന്നും മറ്റു രാജ്യങ്ങളെയും ആക്രമിക്കുമെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ് ഇന്നലെ പറഞ്ഞിരുന്നു. റഷ്യ യുക്രൈനില്‍ 150 കുട്ടികളെ കൊലപ്പെടുത്തിയതായും നാനൂറിലധികം സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും നൂറ്റിപ്പത്തിലധികം ആശുപത്രികളും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു. ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.

8. 35 ലക്ഷത്തിലധികം പേർ പലായനം ചെയ്തതായി യുഎന്‍ ഏജൻസി

റഷ്യയുടെ അധിനിവേശത്തെത്തുടര്‍ന്ന് യുക്രൈനില്‍നിന്നു 35 ലക്ഷത്തിലധികം അഭയാര്‍ത്ഥികള്‍ പലായനം ചെയ്തതായി യുഎന്‍ അഭയാര്‍ത്ഥി ഏജന്‍സി.

അതിനിടെ, കീവ് മേഖലയില്‍ ആക്രണം രൂക്ഷമായ സാഹചര്യത്തില്‍ ബോറിസ്പില്‍ നഗരം വിടാന്‍ സിവിലിയന്മാരോട് മേയര്‍ വോളോഡിമര്‍ ബോറിസെങ്കോ അഭ്യര്‍ഥിച്ചു. കീവ് മേഖലയിലെ ബോറിസ്പില്‍ അന്താരാഷ്ട്ര വിമാനത്താവളത്തിനു സമീപമുള്ള യുക്രൈന്‍ നഗരമാണു ബോറിസ്പില്‍.

9. ഉപരോധത്തെ പിന്തുണയ്ക്കുന്നതിൽ ഇന്ത്യയ്ക്ക് ഉറപ്പില്ലാത്ത പോലെയെന്ന് ബൈഡൻ

റഷ്യയ്‌ക്കെതിരായ ഉപരോധത്തെ പിന്തുണയ്‌ക്കുന്നതിൽ ഇന്ത്യ അൽപം ഉറപ്പില്ലാത്ത പോലെയെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. യുക്രൈൻ പ്രതിസന്ധിയിൽ റഷ്യയും പാശ്ചാത്യ രാജ്യങ്ങളും തമ്മിലുള്ള ഇന്ത്യയുടെ ബന്ധത്തെ പരാമർശിച്ച് കൊണ്ടായിരുന്നു ബൈഡന്റെ പ്രതികരണം.

10. റഷ്യ ജൈവായുധം ഉപയോഗിക്കാൻ ഒരുങ്ങുന്നെന്ന് യുഎസ്

കീവിൽ ജൈവ, രാസായുധങ്ങളുണ്ടെന്ന റഷ്യയുടെ തെറ്റായ ആരോപണങ്ങൾ, യുക്രൈനെതിരെ അവ ഉപയോഗിക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആലോചിക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. ഇതുസംബന്ധിച്ച തെളിവുകളൊന്നും വ്യക്തമാക്കാതെയായിരുന്നു ബൈഡന്റെ പരാമർശം

Also Read: Russia-Ukraine War News: റഷ്യ 150 കുട്ടികളെ കൊലപ്പെടുത്തി, നാനൂറിലധികം സ്‌കൂളുകള്‍ നശിപ്പിച്ചു: യുക്രൈന്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 22 updates