Russia-Ukraine War News: റഷ്യ യുക്രൈനില്‍ ഭരണകൂട ഭീകരത നടത്തുകയാണെന്നും മറ്റു രാജ്യങ്ങളെയും ആക്രമിക്കുമെന്നും യുക്രൈന്‍ പ്രതിരോധ മന്ത്രി ഒലെക്സി റെസ്നിക്കോവ്. റഷ്യ യുക്രൈനില്‍ 150 കുട്ടികളെ കൊലപ്പെടുത്തിയതായും നാനൂറിലധികം സ്‌കൂളുകളും കിന്റര്‍ഗാര്‍ട്ടനുകളും നൂറ്റിപ്പത്തിലധികം ആശുപത്രികളും നശിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.ലണ്ടന്‍ സന്ദര്‍ശന വേളയില്‍ ബ്രിട്ടീഷ് പ്രതിരോധ മന്ത്രി ബെന്‍ വാലസിനൊപ്പം സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ഇതൊരു ഭരണകൂട ഭീകരതയാണ്. അതിനാലാണു റഷ്യയെ തടയേണ്ടത്. കാരണം റഷ്യ കൂടുതല്‍ മുന്നോട്ടുപോകും. മറ്റു രാജ്യങ്ങളെ ആക്രമിക്കും,” റെസ്‌നിക്കോവ് പറഞ്ഞു. എന്നാല്‍ തന്റെ വാദത്തെ പിന്തുണയ്ക്കുന്ന ഒരു തെളിവും അദ്ദേഹം ഉദ്ധരിച്ചില്ല. അതേസമയം, സിവിലിയന്മാരെ ലക്ഷ്യം വച്ച്് ആക്രമണമെന്ന ആരോപണം റഷ്യ നിഷേധിച്ചിരുന്നു.
റഷ്യൻ അത്യശാസനം നിരസിച്ച് യുക്രൈൻ
കിഴക്കൻ തുറമുഖ നഗരമായ മരിയോപോളിൽ മോസ്‌കോ സമയം പുലർച്ചെ അഞ്ചിന് ആയുധം വച്ച് കീഴടങ്ങണമെന്ന റഷ്യൻ അത്യശാസനം നിരസിച്ച് യുക്രൈൻ. ഞായറാഴ്ചയാണ് റഷ്യൻ നാഷണൽ ഡിഫൻസ് മാനേജ്‌മെന്റ് സെന്റർ ഡയറക്ടർ കേണൽ ജനറൽ മിഖായേൽ മിസിന്റ്‌സെവ് ആയുധം വച്ച് മരിയോപോൾ നഗരം കീഴടങ്ങണമെന്ന് പറഞ്ഞത്. എന്നാൽ, കീഴടങ്ങുന്ന ചോദ്യം ഉദിക്കുന്നിലെന്നും. ആയുധം താഴെ വച്ച് കീഴടങ്ങില്ലെന്ന് റഷ്യയെ അറിയിച്ചിട്ടുണ്ടെന്നും ഇതിനെ നിരസിച്ചുകൊണ്ട് യുക്രൈൻ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു.
അതേസമയം,യുക്രൈനെ പിന്തുണയ്ക്കുന്നതിനുള്ള അന്താരാഷ്ട്ര ശ്രമങ്ങൾ ചർച്ച ചെയ്യുന്നതിനും റഷ്യയുടെ അധിനിവേശത്തിന് തിരിച്ചടി നൽകുന്നതിനും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ഈ ആഴ്ച പോളണ്ടിലേക്ക് പോകുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. നാറ്റോ സഖ്യകക്ഷികൾ, ജി 7 നേതാക്കൾ, യൂറോപ്യൻ യൂണിയൻ നേതാക്കൾ എന്നിവരുമായി ബെൽജിയത്തിലെ ബ്രസൽസിൽ ബൈഡൻ നടത്തുന്ന കൂടിക്കാഴ്ചകൾക്ക് ശേഷമായിരിക്കും ചർച്ച.
കീവിൽ ഷെല്ലാക്രമണം, ഒരാൾ കൊല്ലപ്പെട്ടു
കീവിലെ ഒരു ഷോപ്പിങ് സെന്ററിന് നേരെ ഷെല്ലാക്രമണം. ആക്രമണത്തിൽ ഷോപ്പിംഗ് മാളിനും അടുത്തുള്ള വീടുകളിലും തീപിടുത്തമുണ്ടായതായി രാത്രി 10.48 ന് ഒരു കോൾ ലഭിച്ചതായി യുക്രൈനിലെ സ്റ്റേറ്റ് എമർജൻസി സർവീസ് അറിയിച്ചു. വടക്കുപടിഞ്ഞാറൻ പോഡിൽസ്‌കി ജില്ലയിൽ “നിരവധി സ്‌ഫോടനങ്ങൾ” കേട്ടതായി കീവ് മേയർ വിറ്റാലി ക്ലിറ്റ്‌ഷ്‌കോയും പറഞ്ഞു. അതിനിടെ സുമിയിലെ കെമിക്കൽ പ്ലാന്റിൽ ചോർച്ചയുണ്ടായതായി അവിടത്തെ മേയർ പറഞ്ഞു. അമോണിയ ചോർച്ച 2.5 കിലോമീറ്റർ വിസ്തൃതിയിൽ ഉള്ള പ്രദേശങ്ങളെ ബാധിച്ചതായാണ് വിവരം.
Also Read: ‘ഇന്ത്യയിലെ രാഷ്ട്രീയം വളരെ മോശമായി മാറിയിരിക്കുന്നു’; വിരമിക്കൽ സൂചന നൽകി ഗുലാം നബി ആസാദ്