scorecardresearch
Latest News

Russia-Ukraine War News: കീവിനു സമീപം മോർട്ടാർ ആക്രമണം; ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു

അധിനിവേശം മൂന്ന് ആഴ്ചകള്‍ പിന്നിടുമ്പോള്‍ പ്രതീക്ഷിച്ചതിലും വലിയ നഷ്ടങ്ങളും ഉപരോധവും റഷ്യക്ക് നേരിടേണ്ടതായി വന്നു

Russia-Ukraine War News: കീവിനു സമീപം മോർട്ടാർ ആക്രമണം; ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു

മോസ്‌കോ: യുക്രൈനിലെ റഷ്യൻ അധിനിവേശം ഇരുപത്തി നാലാം ദിവസത്തിൽ എത്തിനിൽക്കെ കൊല്ലപ്പെടുന്ന സാധാരണക്കാരുടെ എണ്ണം വർധിക്കുന്നു. റഷ്യയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്കു യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു. യുക്രൈൻ യുദ്ധം സംബന്ധിച്ച് ഇന്ന് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ പരിശോധിക്കാം.

1. കീവിനു സമീപം റഷ്യൻ മോർട്ടാർ ആക്രമണം

കീവ് മേഖലയിലെ പട്ടണമായ മകാരിവിൽ റഷ്യയുടെ മോർട്ടാർ ആക്രമണത്തിൽ വെള്ളിയാഴ്ച ഏഴ് പേർ കൊല്ലപ്പെട്ടു. പരുക്കേറ്റ അഞ്ച് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ലോക്കൽ പൊലീസ് ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. “മകാരിവിൽ ശത്രുക്കളുടെ ഷെല്ലാക്രമണത്തിന്റെ ഫലമായി ഏഴ് സാധാരണക്കാർ കൊല്ലപ്പെട്ടു,” പ്രസ്താവനയിൽ പറയുന്നു.

2. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യ

യുക്രൈനില്‍ ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ചതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം. കിന്‍സാല്‍ മിസൈലുകള്‍ ഉപയോഗിച്ചതായാണു പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് ഐഎഫ്എക്‌സ് റിപ്പോട്ട് ചെയ്തിരിക്കുന്നത്. യുക്രൈനിലെ ഒഡെസയ്ക്കു സമീപമുള്ള സൈനിക റേഡിയോ നിരീക്ഷണ കേന്ദ്രങ്ങള്‍ നശിപ്പിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

3. സമാധാന ചര്‍ച്ചകള്‍ക്ക് ആഹ്വാനം ചെയ്ത് സെലെൻസ്കി

റഷ്യയുമായി സമഗ്രമായ സമാധാന ചര്‍ച്ചകള്‍ക്കു യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി ആഹ്വാനം ചെയ്തു. അല്ലാത്ത പക്ഷം യുദ്ധത്തിലുണ്ടായ നഷ്ടങ്ങളില്‍നിന്ന് കരകയറാന്‍ റഷ്യയ്ക്ക് തലമുറകളോളം ആവശ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

വിട്ടുവീഴ്ച ചെയ്യാൻ വിസമ്മതിക്കുന്നതിന് കനത്ത വില നൽകേണ്ടി വരുമെന്ന് സെലെൻസ്കി പറഞ്ഞു. “എല്ലാവരും ഇപ്പോൾ എന്നെ കേൾക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, പ്രത്യേകിച്ച് റഷ്യ. ഒരു മീറ്റിംഗിന് സമയമായി, ഇത് സംസാരിക്കാനുള്ള സമയമാണ്,” ശനിയാഴ്ച പുലർച്ചെ ഒരു വീഡിയോ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. “ഉക്രെയ്നിന്റെ പ്രാദേശിക സമഗ്രതയും നീതിയും പുനഃസ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കിൽ, റഷ്യയുടെ നഷ്ടം നിങ്ങൾക്ക് വീണ്ടെടുക്കാൻ നിരവധി തലമുറകൾ എടുക്കും,” അദ്ദേഹം പറഞ്ഞു.

4. സെനികരെ പ്രശംസിച്ച് പുടിൻ

മൂന്നാഴ്ചയായി യുക്രൈനില്‍ പോരാടുന്ന തന്റെ സൈനികരെ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പ്രശംസിച്ചു. മോസ്‌കോ സ്റ്റേഡിയത്തില്‍ വെള്ളിയാഴ്ച നടന്ന വന്‍ റാലിയില്‍ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.

5. മരിയോപോള്‍ റഷ്യൻ സൈന്യം വളഞ്ഞു

യുക്രൈനിലെ പ്രധാന നഗരങ്ങളിലൊന്നായ മരിയോപോള്‍ റഷ്യൻ സൈന്യം വളഞ്ഞു. പ്രദേശത്തെ സാധാരണക്കാരുടെ മരണം ആശങ്ക വര്‍ധിപ്പിക്കുകയാണ്. വലിയ തോതിലുള്ള ബോംബാക്രമണമാണ് ഇന്നലെ നഗരത്തിലുണ്ടായത്. പ്രദേശത്തെ 80 ശതമാനത്തോളം വീടുകളും തകര്‍ന്നതായും ആയിരത്തോളം സാധാരണക്കാര്‍ കുടുങ്ങിക്കിടക്കുന്നതായും അധികൃതര്‍ അറിയിച്ചു.

അയ്യായിരത്തോളം പേരെ മരിയുപോളില്‍ നിന്ന് രക്ഷപ്പെടുത്തിയതായാണ് വിവരം. വഴിയരികില്‍ മൃതദേഹങ്ങള്‍ ചിതറിക്കിടക്കുന്ന കാഴ്ചകളായിരുന്നെന്ന് രക്ഷപ്പെട്ടവര്‍ അധികൃതരോട് പറഞ്ഞതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ആയിരക്കണക്കിന് സാധാരണക്കാര്‍ അഭയം തേടിയെത്തിയ ലിവിവില്‍ മിസൈലാക്രമണമുണ്ടായി.

6. റഷ്യയെ ഒറ്റപ്പെടുത്തുന്നതിൽ വിട്ടുവീഴ്ച പാടില്ലെന്ന് ബോറിസ് ജോൺസൺ

പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ റഷ്യയെ അന്താരാഷ്ട്ര തലത്തിൽ ഒറ്റപ്പെടുത്തുന്നതിൽ നിന്ന് ഒരു വിട്ടുവീഴ്ചയും ഉണ്ടാകരുതെന്ന് ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. അവർക്ക് ഇളവ് നൽകുന്നത് ഒരു പിഴവ് ആയിരിക്കുമെന്നും ജോൺസൺ കൺസർവേറ്റീവ് പാർട്ടി അംഗങ്ങളുടെ ഒരു യോഗത്തിൽ പറഞ്ഞു.

7. സപോരിജിയയിൽ ഷെല്ലാക്രമണത്തിൽ ഒമ്പത് മരണം

തെക്കൻ യുക്രൈനിലെ സപ്പോരിജിയ നഗരത്തിന്റെ പ്രാന്തപ്രദേശങ്ങളിൽ വെള്ളിയാഴ്ച നടന്ന ഷെല്ലാക്രമണത്തിൽ ഒമ്പത് പേർ കൊല്ലപ്പെടുകയും 17 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഡെപ്യൂട്ടി മേയർ അനറ്റോലി കുർട്ടീവ് ശനിയാഴ്ച പറഞ്ഞു.

8. 38 മണിക്കൂർ കർഫ്യൂ

യുക്രൈനിയൻ സൈന്യം തെക്കൻ നഗരമായ സപോരിജിയയിൽ 38 മണിക്കൂർ കർഫ്യൂ ഏർപ്പെടുത്തി. കർഫ്യൂ ശനിയാഴ്ച പ്രാദേശിക സമയം ഉച്ചക്ക് രണ്ടിന് ആരംഭിച്ച് തിങ്കളാഴ്ച പുലർച്ചെ അവസാനിക്കുമെന്ന് ഡെപ്യൂട്ടി മേയർ അനറ്റോലി കുർട്ടീവ് പറഞ്ഞു.

“ഈ സമയത്ത് പുറത്ത് പോകരുത്!” അദ്ദേഹം ഒരു ഓൺലൈൻ പോസ്റ്റിൽ പറഞ്ഞു.

9. ഊർജരംഗത്ത് റഷ്യയെ ആശ്രയിക്കുന്നത് കുറയ്ക്കാനുള്ള നടപടിയുമായി ജർമനി

ഊർജത്തിന്റെ കാര്യത്തിൽ റഷ്യയെ ആശ്രയിക്കുന്നത് കുറക്കാനുള്ള ശ്രമങ്ങളുമായി ജർമനി. ഖത്തർ, യുഎഇ എന്നിവിടങ്ങളിൽ നിന്ന് ദ്രവീകൃത പ്രകൃതി വാതകം (എൽഎൻജി) ലഭ്യമാക്കുന്നത് സംബന്ധിച്ച് പരിശോധിക്കുമെന്നും ഹൈഡ്രജൻ കരാർ ഉറപ്പാക്കാൻ ലക്ഷ്യമിടുന്നതായും ജർമ്മനി സാമ്പത്തിക മന്ത്രി റോബർട്ട് ഹാബെക്ക് ശനിയാഴ്ച പറഞ്ഞു.

സാമ്പത്തിക മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ കണക്കുകൾ പ്രകാരം ജർമ്മനിയിലേക്ക് ഏറ്റവും കൂടുതൽ ഗ്യാസ് വിതരണം ചെയ്യുന്നത് റഷ്യയാണ്. റഷ്യ യുക്രൈൻ അധിനിവേശം നടത്തിയതുമുതൽ ജർമ്മനിയുടെ റഷ്യയോടുള്ള ഊർജ ആശ്രിതത്വം കുറയ്ക്കുന്നതിന് ഹബെക്ക് നിരവധി പദ്ധതികൾ ആരംഭിച്ചിരുന്നു.

10. ചൈനക്ക് മുന്നറിയിപ്പുമായി യുഎസ് വീണ്ടും

ചൈനയ്ക്ക് വീണ്ടും അമേരിക്ക മുന്നറിയിപ്പ് നല്‍കി. പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻ‌പിങ്ങുമായി രണ്ട് മണിക്കൂറോളം വീഡിയോ കോളില്‍ സംസാരിച്ചു. റഷ്യയ്ക്ക് പിന്തുണ നൽകിയാലുണ്ടാകുന്ന പ്രത്യാഘാതങ്ങളും അനന്തരഫലങ്ങളും ബൈഡന്‍ ചൂണ്ടിക്കാണിച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.

യുക്രൈനിലെ പ്രതിസന്ധി തങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്ന ഒന്നല്ലെന്ന് ഷി ജിന്‍പിങ് പറഞ്ഞതായി ചൈനീസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലിന് പിന്നിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി നാറ്റോ റഷ്യയുമായി ചർച്ച നടത്തണമെന്നും ഷി ജിന്‍പിങ് ആവശ്യപ്പെട്ടു. അധിനിവേശത്തില്‍ റഷ്യയെ കുറ്റപ്പെടുത്താതെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

Also Read: ‘സ്ത്രീകള്‍ക്കും യുവതയ്ക്കുമുള്ള അംഗീകാരം’; രാജ്യസഭാ സ്ഥാനാര്‍ഥിത്വത്തില്‍ ജെബി മേത്തര്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 19 updates