Russia-Ukraine War News: കീവ്: യുക്രൈനിലെ അധിനിവേശം ഇരുപത്തി മൂന്നാം ദിവസത്തിൽ എത്തിനിൽക്കെ ആക്രമണം നിർത്താതെ റഷ്യൻ സൈന്യം. തലസ്ഥാനമായ കീവിലും പടിഞ്ഞാറൻ നഗരമായ ലിവിവിന്റെ പ്രാന്തപ്രദേശത്തും ആക്രമണം തുടരുകയാണ്. അതിനിടെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ചൈനീസ് പ്രസിഡന്റ് ഷിൻ ജിൻപിങ്ങുമായി ഫോണിൽ സംസാരിച്ചു. റഷ്യയ്ക്കു സഹായം നല്‍കുന്നതില്‍നിന്ന് ചൈനയെ പിന്തിരിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഇത് വിലയിരുത്തപ്പെടുന്നത്. യുക്രൈൻ യുദ്ധം സംബന്ധിച്ച് ഇന്ന് അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങൾ പരിശോധിക്കാം.
1.ലിവിവ് വിമാനത്താവളത്തിനു സമീപം മിസൈല്‍ ആക്രമണം
തലസ്ഥാന നഗരമായ കീവിലും പടിഞ്ഞാറന്‍ നഗരമായ ലിവിന്റെ പ്രാന്തപ്രദേശത്തും പുതിയ മിസൈല്‍ ആക്രമണങ്ങളും ഷെല്ലാക്രമണവും നടത്തി റഷ്യ. ലിവിവിൽ ഇന്ന് രാവിലെ കുറഞ്ഞ് മൂന്ന് സ്ഫോടനങ്ങളുടെ ശബ്ദം കേട്ടതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ലിവിവിലെ വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്ത് റഷ്യന്‍ മിസൈലുകള്‍ പതിച്ചതായി സിറ്റി മേയര്‍ അറിയിച്ചു. റഷ്യയുടെ ഷെല്ലാക്രമണം മൂലം യുക്രൈനില്‍ മരണപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. മള്‍ട്ടിപ്പിള്‍ സ്ക്ലിറോസിസ് ബാധിച്ച് യുക്രൈനിയന്‍ പങ്കാളിയോടൊപ്പം ചെര്‍ണീവില്‍ കഴിഞ്ഞിരുന്ന അമേരിക്കന്‍ പൗരൻ ആക്രമണത്തിൽ കൊല്ലപ്പെട്ടു.
അതിനിടെ, സ്‌കൂളുകള്‍, ആശുപത്രികള്‍, പാര്‍പ്പിട മേഖലകള്‍ എന്നിവയുള്‍പ്പെടെയുള്ള സിവിലിയന്‍ ലക്ഷ്യങ്ങള്‍ക്കെതിരായ ആവര്‍ത്തിച്ചുള്ള ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്നു ലോക നേതാക്കള്‍ ആവശ്യപ്പെട്ടു.
2. കൊല്ലപ്പെട്ട ഇന്ത്യന്‍ വിദ്യാര്‍ത്ഥിയുടെ മൃതദേഹം തിങ്കളാഴ്ച എത്തിക്കും
യുക്രൈനില്‍ സ്‌ഫോടനത്തില്‍ കൊല്ലപ്പെട്ട മെഡിക്കല്‍ വിദ്യാര്‍ത്ഥി നവീന്‍ എസ്ജിയുടെ മൃതദേഹം തിങ്കളാഴ്ച ബെംഗളൂരുവിലെത്തുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അറിയിച്ചു.
പുലര്‍ച്ചെ മൂന്നിനാണു മൃതദേഹമെത്തുകയെന്നു ബൊമ്മൈ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബെംഗളുരു വിമാനത്താവളത്തിലെത്തിക്കുന്ന മൃതദേഹം തുടര്‍ന്നു 300 കിലോമീറ്റര്‍ അകലെയുള്ള ഹവേരി ജില്ലയിലെ ചളഗേരി ഗ്രാമത്തിലേക്കു കൊണ്ടുപോകുമെന്ന് വൃത്തങ്ങള്‍ അറിയിച്ചു.
ഹാര്‍കിവ് നാഷണല്‍ മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലെ നാലാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നവീന്‍ ജൂനിയര്‍മാര്‍ക്ക് പലചരക്ക് സാധനങ്ങള്‍ വാങ്ങാനായി ബങ്കറില്‍നിന്ന് ഇറങ്ങിയപ്പോഴാണു സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. റഷ്യന്‍ അധിനിവേശത്തല്‍ യുക്രൈനില്‍ മരിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് നവീന്‍.
ഇന്ത്യന്‍ എംബസിയില്‍ിന്നും വ്യോമയാന അധികൃതരില്‍നിന്നും തങ്ങള്‍ക്കു വിവരം ലഭിച്ചതായി നവീനിന്റെ മൂത്ത സഹോദരന്‍ ഹര്‍ഷ എസ്ജി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. ”വെള്ളിയാഴ്ച ഉച്ചയോടെ സഹോദരന്റെ മൃതദേഹം കൊണ്ടുവരുന്ന കാര്യം അവര്‍ എന്നെ അറിയിച്ചു. ശനിയാഴ്ച വൈകുന്നേരം മൃതദേഹം എയര്‍ലിഫ്റ്റ് ചെയ്യുമെന്നും അവര്‍ പറഞ്ഞു,” ഹര്‍ഷ പറഞ്ഞു.
3. കീവിലെ ഇന്ത്യന്‍ പൗരന്മാര്‍ക്കായി എംബസിയുടെ പുതിയ അറിയിപ്പ്
യുക്രൈന്റെ തലസ്ഥാനമായ കീവില്‍ റഷ്യ ആക്രമണം രൂക്ഷമാക്കിയ സാഹചര്യത്തില്‍, അവിടെ താസമിക്കുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ച് എംബസി. എംബസിയുടെ പ്രവര്‍ത്തനം തുടരുമെന്നും ഏതു സഹായത്തിനും 24 ബന്ധപ്പെടാമെന്നും അറിയിപ്പില്‍ പറയുന്നു.
വാട്‌സാപ്പ് ഹെല്‍പ്പലൈന്‍ നമ്പറുകള്‍: +380933559958, +919205290802, +917428022564. cons1.kyiv@mea.gov.in എന്ന ഇ-മെയിലിലും ബന്ധപ്പെടാം.
4. യുക്രൈന്‍ നഗരങ്ങളിലെ റഷ്യന്‍ മുന്നേറ്റം നിലച്ചു
യുക്രൈനിയന്‍ നഗരങ്ങളിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം നിലച്ചു. ഏറ്റുമുട്ടല്‍ നാലാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ ചൈന റഷ്യയ്ക്ക് സൈനിക ഉപകരണം നല്‍കി സഹായിക്കുമോ എന്നതില്‍ അമേരിക്ക ആശങ്ക പ്രകടിപ്പിച്ചു.
മരിയോപോളിലെ ബോംബാക്രമണത്തില്‍ തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്നവരെ രക്ഷിച്ചതായാണ് ലഭിക്കുന്ന വിവരം. എങ്കിലും തലസ്ഥാന നഗരമായ കീവില്‍ ഷെല്ലാക്രമണം വീണ്ടും സജീവമായി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണെങ്കിലും നിലപാടുകളില്‍ തമ്മില്‍ വലിയ അന്തരമുണ്ടെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.
ഫെബ്രുവരി 24 ന് ആരംഭിച്ച റഷ്യന്‍ ആക്രമണം പിന്നീട് മന്ദഗതിയിലേക്ക് നീങ്ങിയതായാണ് പാശ്ചാത്ത്യ രാജ്യങ്ങള്‍ നല്‍കുന്ന വിവരം. യുക്രൈന്‍ അതിവേഗം പിടിച്ചടക്കാമെന്നും വോളോഡിമിര്‍ സെലെന്‍സ്കി ഭരണകൂടത്തെ നീക്കാമെന്നുമുള്ള റഷ്യന്‍ പ്രതീക്ഷകള്‍ പുരോഗതി കൈവരിക്കാതെ തുടരുകയാണ്.
ഏറ്റുമുട്ടലിലെ തിരിച്ചടികളും ഉപരോധങ്ങളും നേരിടുന്ന സാഹചര്യത്തിലും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ അനുരഞ്ജനത്തിലേക്ക് കാര്യങ്ങള്‍ എത്തുമെന്ന ഒരു സൂചനയും നല്‍കുന്നില്ല. സാമ്പത്തികമായി ഉണ്ടായ തകര്‍ച്ചയ്ക്ക് പരിഹാരം കാണാന്‍ ചൈന സഹായിക്കുമെന്നാണ് പുടിന്‍ ഭരണകൂടത്തിന്റെ പ്രതീക്ഷയെന്ന് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
5. ഷി ജിന്‍പിങ്ങുമായി സംസാരിച്ച് ജോ ബൈഡന്‍
യുക്രൈനിലെ റഷ്യന്‍ അധിനിവേശം ഇരുപത്തി മൂന്നാം ദിവസത്തിൽ എത്തിനിൽക്കെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി ഫോണില്‍ സംസാരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. റഷ്യയ്ക്കു സൈനികമോ സാമ്പത്തികമോ ആയ സഹായം നല്‍കുന്നതില്‍നിന്ന് ചൈനയെ പിന്തിരിപ്പിക്കാനുള്ള അമേരിക്കന്‍ ശ്രമത്തിന്റെ ഭാഗമാണ് ഇരുനേതാക്കളും തമ്മില്‍ സംസാരിച്ചതെന്നാണ് വിലയിരുത്തപ്പെടുന്നത്.
നവംബറില്‍ ബിഡനും ഷിയും തമ്മിലുള്ള വെര്‍ച്വല്‍ ഉച്ചകോടി നടന്നിരുന്നു. തുടര്‍ന്ന് കോളിനായുള്ള ആസൂത്രണം നടന്നുകൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ യുക്രൈനെതിരായ മൂന്നാഴ്ചത്തെ യുദ്ധത്തിന്റെ പേരില്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെ പ്രോസിക്യൂട്ട് ചെയ്യുന്നതിനെച്ചൊല്ലി അമേരിക്കയും ചൈനയില്‍ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങള്‍ ഫോണ്‍ വിളിയുടെ പ്രധാന കേന്ദ്രമാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഈസ്‌റ്റേണ്‍ ഡേലൈറ്റ് സമയമായ (ഇഡിടി) രാവിലെ 9.30നാണു ഇരുവരും തമ്മിലുള്ള സംഭാഷണം ആരംഭിച്ചത്.
6. റഷ്യയെ സഹായിച്ചാൽ ചൈന വിലകൊടുക്കേണ്ടി വരുമെന്ന് അമേരിക്ക
യുക്രൈന് 800 മില്യണ്‍ ഡോളറിന്റെ സൈനിക സഹായം നല്‍കുമെന്ന് അമേരിക്ക പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാല്‍ ചൈന നേരിട്ട് റഷ്യക്ക് സൈനിക സഹായം നല്‍കുമോ എന്ന ആശങ്ക അമേരിക്കയ്ക്കുണ്ട്.
റഷ്യയുടെ ആക്രമണത്തെ പിന്തുണയ്ക്കുന്നതിനായി എടുക്കുന്ന നടപടികളുടെ പൂര്‍ണ ഉത്തരവാദിതതം വഹിക്കേണ്ടി വരുമെന്ന് ചൈനീസ് പ്രസിഡന്റ് ഷി ജിപിങ്ങിന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കുമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്തണി ബ്ലിങ്കണ്‍ പറഞ്ഞു.
യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ അപലപിക്കാന്‍ ചൈന ഇതുവരെ തയാറായിട്ടില്ല. യുക്രൈനിന്റെ പരമാധികാരം അംഗീകരിക്കുന്നുവെന്നും എന്നാൽ റഷ്യയ്ക്ക് നിയമപരമായ സുരക്ഷാ ആശങ്കകളുണ്ടെന്നും അത് പരിഹരിക്കപ്പെടണമെന്നുമാണ് ചൈനയുടെ നിലപാട്.
7. റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന തിയറ്ററില്‍നിന്ന് 130 പേരെ രക്ഷപ്പെടുത്തി
കിഴക്കന്‍ നഗരമായ മരിയോപോളിലെ റഷ്യന്‍ വ്യോമാക്രമണത്തില്‍ തകര്‍ന്ന തിയറ്ററില്‍നിന്ന് 130 പേരെ രക്ഷപ്പെടുത്തിയതായി യുക്രൈന്‍ മനുഷ്യാവകാശ ഓംബുഡ്സ് വുമണ്‍ ല്യൂഡ്മൈല ഡെനിസോവ. രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്ന് അവര്‍ ഒരു ടെലിവിഷന്‍ പ്രസംഗത്തില്‍ ഡെനിസോവ പറഞ്ഞു.
നിരവധി പേര്‍ അഭയം തേടിയ തിയറ്ററിനുനേരെ ബുധനാഴ്ചയാണു ആക്രമണം നടന്നത്. മൂന്ന് നിലകളുള്ള തിയേറ്റര്‍ മുഴുവനായി തകര്‍ന്നതിന്റെ ചിത്രങ്ങള്‍ മരിയോപോള്‍ സിറ്റി കൗണ്‍സില്‍ പുറത്തുവിട്ടിരുന്നു.
8. ഉപരോധങ്ങള്‍ക്കനുസൃതമായി സമ്പദ്‌വ്യവസ്ഥ ക്രമീകരിക്കുമെന്ന് റഷ്യ
യുക്രൈന്‍ അധിനിവേശത്തിന്റെ പേരില്‍ തങ്ങള്‍ക്കെതിരെ ഏര്‍പ്പെടുത്തിയ ആഗോള ഉപരോധങ്ങള്‍ക്കനുസൃതമായി സമ്പദ്വ്യവസ്ഥയെ ക്രമീകരിക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. പാശ്ചാത്യരെ ആശ്രയിക്കുന്നതു സംബന്ധിച്ച എല്ലാ മിഥ്യാധാരണകളും റഷ്യയ്ക്ക് നഷ്ടപ്പെട്ടു. ആഗോള ഭരണാധികാരിയെ പോയെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്ന അമേരിക്കയുടെ ആധിപത്യമുള്ള ലോകത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് റഷ്യ ഒരിക്കലും അംഗീകരിക്കില്ലെന്നും ലാവ്‌റോവ് പറഞ്ഞു.
9. ലോകകപ്പ് യോഗ്യത: വിലക്ക് മരവിപ്പിക്കണമെന്ന റഷ്യയുടെ ആവശ്യം തള്ളി
ലോകകപ്പ് യോഗ്യതാ പ്ലേ ഓഫുകള്‍ അടുത്തയാഴ്ച നടക്കാനിരിക്കെ, തങ്ങളുടെ ഫുട്‌ബോള്‍ ടീമുകള്‍ക്കു ഫിഫ ഏര്‍പ്പെടുത്തിയ വിലക്ക് മരവിപ്പിക്കണമെന്ന റഷ്യയുടെ അഭ്യര്‍ത്ഥന നിരസിക്കപ്പെട്ടു. അപ്പീല്‍ തീര്‍പ്പാക്കാത്തതിനാല്‍ നിരോധനം മരവിപ്പിച്ചുകൊണ്ട് അടിയന്തര ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന റഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷന്റെ അഭ്യര്‍ഥന കോര്‍ട്ട് ഓഫ് ആര്‍ബിട്രേഷന്‍ ഫോര്‍ സ്‌പോര്‍ട് (സിഎഎസ്) നിരസിച്ചതായി ഫിഫ അറിയിച്ചു. വിലക്ക് ആഴ്ചകള്‍ക്കുള്ളില്‍ നിലവില്‍ വരാം.
വ്യാഴാഴ്ച നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ പോളണ്ടിനെതെിരെ റഷ്യയ്ക്കു മത്സരിക്കാനാവില്ലെന്നാണ് സിഎഎസ് തീരുമാനം. യൂറോപ്യന്‍ ഫുട്‌ബോളില്‍ റഷ്യന്‍ ദേശീയ, ക്ലബ് ടീമുകള്‍ക്കുമേലുള്ള യുവേഫയുടെ വിലക്ക് മരവിപ്പിക്കാന്‍ സിഎഎസ് ചൊവ്വാഴ്ച വെിസമ്മതിച്ചിരുന്നു. ഇതിനു പിന്നാലെയാണു പുതിയ വിധി.
10. റഷ്യൻ പിന്തുണയുള്ള ചാനലിന്റെ ലൈസൻസ് റദ്ദാക്കി
റഷ്യൻ പിന്തുണയുള്ള ടെലിവിഷൻ ചാനലായ ആർടിയുടെ യുകെയിൽ സംപ്രേക്ഷണം ചെയ്യാനുള്ള ലൈസൻസ് റദ്ദാക്കിയതായി ബ്രിട്ടിഷ് മീഡിയ റെഗുലേറ്റർ. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെക്കുറിച്ച് ചാനലിൽ വന്ന വാർത്തകളുടെ നിഷ്പക്ഷതയെക്കുറിച്ചുള്ള അന്വേഷണത്തിനൊടുവിലാണ് നടപടി.
ആർടി ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു ടെലിവിഷൻ ചാനലായി മാറണമെന്ന് ബ്രിട്ടിഷ് മീഡിയ റെഗുലേറ്ററായ ഓഫ്‌കോം ഒരു പ്രസ്താവനയിൽ പറഞ്ഞു. അതേസമയം, മീഡിയ റെഗുലേറ്റർ ബ്രിട്ടിഷ് സർക്കാരിന്റെ ഒരു ഉപകരണമായി പ്രവർത്തിക്കുകയാണെന്ന് ആർടി പ്രതികരിച്ചു.
Also Read: അമേരിക്ക യുക്രൈനിലേക്ക് അയച്ച ‘മരകായുധം’; എന്താണ് കാമികാസെ ഡ്രോണുകൾ