scorecardresearch
Latest News

Russia-Ukraine War News: യുക്രൈനിൽ സ്കൂളിനുനേർക്ക് റഷ്യൻ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

Russia-Ukraine War News: യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്തിയിട്ടും യുക്രൈനിലെ പ്രധാന നഗരങ്ങള്‍ പിടിച്ചടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല

Russia-Ukraine War News: യുക്രൈനിൽ സ്കൂളിനുനേർക്ക് റഷ്യൻ ആക്രമണം; 21 പേർ കൊല്ലപ്പെട്ടു

Russia-Ukraine War News: കീവ്: യുക്രൈനിലെ അധിനിവേശം ഇരുപത്തിനിൽക്കെ റഷ്യൻ ആക്രമണം രൂക്ഷമായി തുടരുന്നു. യുക്രൈനിലെ ഹാർകിവിന് സമീപമുള്ള മെരേഫയിലെ ഒരു സ്‌കൂളിനും കമ്യൂണിറ്റി സെന്ററിനും നേർക്കുണ്ടായ റഷ്യൻ ആക്രമണത്തിൽ 21 പേർ കൊല്ലപ്പെട്ടതായി എപി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. വ്യാഴാഴ്ച പുലർച്ചെയാണ് ആക്രമണം നടന്നതെന്ന് മെറെഫ മേയർ വെനിയമിൻ സിറ്റോവ് പറഞ്ഞു. യുക്രൈൻ അധിനിവേശവുമായി ബന്ധപ്പെട്ട ഇന്നത്തെ മറ്റു 10 പ്രധാന സംഭവങ്ങൾ നോക്കാം.

1. തിയേറ്ററിനു നേരെ വ്യോമാക്രമണം; നൂറോളം പേർ കുടുങ്ങിക്കിടക്കുന്നതായി സംശയം

യുക്രൈനിലെ മരിയോപോളിലെ തിയേറ്ററിനു നേരെ റഷ്യൻ വ്യോമാക്രമണം. തകർന്ന തിയറ്ററിനുള്ളിൽ നൂറുകണക്കിന് സാധാരണക്കാർ അകപ്പെട്ടതായി സംശയിക്കുന്നുണ്ടെന്ന് യുക്രൈനിയൻ അധികൃതർ പറഞ്ഞു. ബുധനാഴ്ച വൈകുന്നേരമുണ്ടായ ആക്രമണത്തിൽ മൂന്ന് നിലകളുള്ള തിയേറ്റർ മുഴുവനായി തകർന്നതിന്റെ ചിത്രങ്ങൾ മരിയുപോൾ സിറ്റി കൗൺസിൽ പുറത്തുവിട്ടു. ജനങ്ങ അഭയം പ്രാപിച്ച ഇടമായിരുന്നു ഇതെന്ന് അധികൃതർ പറഞ്ഞു. ചിലർ രക്ഷപ്പെട്ടതായും അവർ അറിയിച്ചു.

ഭക്ഷണത്തിനായി വരി നിന്നവർക്കും യുദ്ധത്തില്‍നിന്ന് രക്ഷതേടുന്നതിനായി സാധാരണക്കാര്‍ അഭയം പ്രാപിച്ച മരിയോപോളിലെ തിയേറ്ററിന് നേർക്കും റഷ്യ ഷെല്ലാക്രമണം നടത്തിയതായി അമേരിക്ക നേരത്തെ അറിയിച്ചിരുന്നു. ആക്രമണത്തില്‍ നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

2. സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണം നടത്തിയിട്ടില്ലെന്ന് റഷ്യ

സാധാരണക്കാരെ ലക്ഷ്യമാക്കി ആക്രമണം നടത്തുന്നു എന്ന ആരോപണം റഷ്യ നിഷേധിച്ചു. സൈന്യം അത്തരമൊരു കെട്ടിടം ആക്രമിച്ചിട്ടില്ലെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ചുകൊണ്ട് ആര്‍ഐഎ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

മരിയുപോളിൽ നിന്ന് 300 അഭയാർത്ഥികളുമായി 13 ബസുകൾ റഷ്യയിലെ റോസ്തോവ് മേഖലയിൽ എത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യയുടെ ഇന്റർഫാക്സ് വാർത്താ ഏജൻസിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

3. പുടിൻ യുദ്ധക്കുറ്റവാളിയെന്ന് ബൈഡൻ

സമാധാനച്ചര്‍കള്‍ക്കിടയിലും ആക്രമണം തുടരുന്ന സാഹചര്യത്തില്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമില്‍ പുടിനെ ‘വാര്‍ ക്രിമിനല്‍’ എന്ന് വിശേഷിപ്പിച്ചു. യൂറോപ്പില്‍ രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ ആക്രമണം നടത്തിയിട്ടും യുക്രൈനിലെ പ്രധാന നഗരങ്ങള്‍ പിടിച്ചടക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ല.

4. ബൈഡന്റെ വാക്കുകള്‍ പൊറുക്കാനാവാത്തത്: റഷ്യ

റഷ്യന്‍ പ്രസിഡന്റ് വ്ളാ‍ഡിമിര്‍ പുടിനെ യുദ്ധ കുറ്റവാളി എന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ വിശേഷിപ്പിച്ചതിനെതിരെ ശക്തമായി പ്രതിഷേധിച്ച് റഷ്യ. ബൈഡന്റെ വാക്കുകള്‍ അംഗീകരിക്കാനും പൊറുക്കാനും സാധിക്കാത്ത ഒന്നാണെന്ന് ക്രെംലിന്‍ പ്രസ് സെക്രട്ടറി ദിമിത്രി പെസ്കോവ് പറഞ്ഞതായി ടാസ് ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ചുകൊണ്ട് ദി ഗ്വാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്തു.

5. പോളണ്ടിലേക്ക് മിസൈൽ പ്രതിരോധ സംവിധാനം അയയ്ക്കുമെന്ന് ബ്രിട്ടൻ

റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശത്തിനെതിരായ പ്രതികരണമായി നാറ്റോ സഖ്യകക്ഷിയായ പോളണ്ടിലേക്ക് മിസൈൽ പ്രതിരോധ സംവിധാനം അയക്കുമെന്ന് ബ്രിട്ടന്റെ പ്രതിരോധ സെക്രട്ടറി.

യുണൈറ്റഡ് കിംഗ്ഡം 100 ഓളം ഉദ്യോഗസ്ഥരുമായി പോളണ്ടിലേക്ക് സ്കൈ സേബർ മീഡിയം റേഞ്ച് ആന്റി-എയർ മിസൈൽ സിസ്റ്റം അയയ്ക്കുകയാണെന്ന് പ്രതിരോധ സെക്രട്ടറി ബെൻ വാലസ് പറഞ്ഞു. പോളണ്ട് സന്ദർശനത്തിനിടെയാണ് പ്രഖ്യാപനം.

“റഷ്യയിൽ നിന്നുള്ള കൂടുതൽ ആക്രമണങ്ങളിൽ നിന്ന് പോളണ്ടിന്റെ വ്യോമാതിർത്തി സംരക്ഷിക്കുന്നതിൽ ഞങ്ങൾ പോളണ്ടിനൊപ്പം നിൽക്കുന്നുവെന്ന് ഉറപ്പാക്കാനാണ്” ഈ നീക്കമെന്ന് അദ്ദേഹം പറഞ്ഞു.

പോളണ്ടിന്റെ അതിർത്തിയിൽ നിന്ന് ഏതാനും മൈലുകൾ മാത്രം അകലെയുള്ള യുക്രെയ്നിലെ യാവോറിവിലുള്ള സൈനിക താവളത്തിൽ റഷ്യൻ മിസൈലുകൾ ആക്രമണം നടത്തി ദിവസങ്ങൾക്ക് ശേഷമാണ് തീരുമാനം.

6. യുക്രൈന്‍ സൈനിക ഡിപ്പോ ആക്രമിച്ച് റഷ്യ

പടിഞ്ഞാറൻ ഉക്രെയ്നിലെ റിവ്നെ മേഖലയിലെ സൈനിക ഡിപ്പോയിൽ റഷ്യയുടെ സായുധ സേന ബുധനാഴ്ച ആക്രമണം നടത്തിയതായി പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് റഷ്യൻ വാർത്താ ഏജൻസികൾ റിപ്പോര്‍ട്ട് ചെയ്തു. മിസൈലുകൾ റിവ്‌നെ മേഖലയിലെ സർനിയിലെ ഒരു ഡിപ്പോയിൽ പതിക്കുകയും മിസൈലുകളുടെയും തോക്കുകളുടേയും സംഭരണ ​​കേന്ദ്രങ്ങൾ നശിപ്പിച്ചതായും മന്ത്രാലയം അറിയിച്ചു. സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് റഷ്യന്‍ ആക്രമണം.

7. റഷ്യയുടെ വ്യാജവാര്‍ത്താ പോസ്റ്റുകള്‍ നീക്കം ചെയ്ത് ഫെയ്സ്ബുക്ക്

യുക്രൈനിലെ കുട്ടികളുടെ ആശുപത്രിക്ക് നേരെ റഷ്യ ബോംബെറിഞ്ഞെന്ന വാര്‍ത്തകള്‍ വ്യാജമാണെന്ന് അവകാശപ്പെടുന്ന ഔദ്യോഗിക റഷ്യൻ പോസ്റ്റുകൾ ഫെയ്സ്ബുക്ക് നീക്കം ചെയ്തു. മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സമാനമായ സന്ദേശങ്ങൾ പ്രത്യക്ഷപ്പെട്ടതായും കമ്പനി വക്താവ് പറഞ്ഞു.

ഫേക്ക് റിപ്പോർട്ടർ, റോയിട്ടേഴ്‌സ് എന്നിവ നടത്തിയ പരിശോധനയില്‍ കുറഞ്ഞത് റഷ്യൻ എംബസിയുടേയോ മന്ത്രാലയത്തിന്റേയോ 18 ട്വിറ്റർ, ഫേസ്ബുക്ക്, ടെലിഗ്രാം അക്കൗണ്ടുകളിലെങ്കിലും പോസ്റ്റുകൾ ഇപ്പോഴും പ്രചരിക്കുന്നുണ്ടെന്ന് കണ്ടെത്തി. റോയിട്ടേഴ്‌സ് ബന്ധപ്പെട്ടതിനെത്തുടർന്നാണ് പോസ്റ്റുകൾ നീക്കം ചെയ്തതെന്ന് മെറ്റാ വക്താവ് അറിയിച്ചു.

8. റഷ്യൻ സേനയ്ക്ക് കനത്ത നഷ്ടം തുടരുന്നതായി ബ്രിട്ടൻ

കരയിലോ കടലിലോ വ്യോമ സേനയുടെ നീക്കങ്ങളിലോ റഷ്യൻ സേന ഈയടുത്ത ദിവസങ്ങളിൽ കുറവ് പുരോഗതി മാത്രമാണ് കൈവരിച്ചതെന്നും അവർക്ക് കനത്ത നഷ്ടം തുടരുകയാണെന്നും യുകെ പ്രതിരോധ മന്ത്രാലയം വ്യാഴാഴ്ച പറഞ്ഞു.

റഷ്യൻ അധിനിവേശം ഏറെക്കുറെ സ്തംഭിച്ചുവെന്നും, ഉക്രേനിയൻ പ്രതിരോധം നന്നായി ഏകോപിപ്പിച്ചതായും മന്ത്രാലയം പറഞ്ഞു.

“അടുത്ത ദിവസങ്ങളിൽ റഷ്യൻ സൈന്യം കരയിലും കടലിലും വായുവിലും കുറഞ്ഞ പുരോഗതിയാണ് കൈവരിച്ചു. അവർക്ക് കനത്ത നഷ്ടം തുടരുന്നു. യുക്രൈനിയൻ പ്രതിരോധം ഉറച്ചതും നന്നായി ഏകോപിപ്പിച്ചതുമാണ്. എല്ലാ പ്രധാന നഗരങ്ങളും ഉൾപ്പെടെ യുക്രൈനിയൻ പ്രദേശത്തിന്റെ ഭൂരിഭാഗവും യുക്രൈനിയൻ കൈകളിലാണ്. “മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

9.യൂറോപ്പിൽ റഷ്യ സ്ഥാപിക്കാൻ ശ്രമിക്കുന്ന പുതിയ മതിൽ ‘പൊളിക്കണം’: സെലെൻസ്കി

റഷ്യ മധ്യ യൂറോപ്പിൽ സ്ഥാപിക്കാൻ ശ്രമിക്കുന്ന പുതിയ മതിൽ “പൊളിക്കാൻ” ചാൻസലർ ഷോൾസിനോട് ആവശ്യപ്പെട്ട് സെലെൻസ്കി. ബുണ്ടെസ്റ്റാഗിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെ റീഗന്റെ ബെർലിൻ മതിൽ പ്രസംഗത്തെ പരാമർശിച്ചുകൊണ്ടായിരുന്നു യുക്രൈൻ പ്രസിഡന്റിനെ പരാമർശം.

10. യൂറോപ്യൻ സ്പേസ് ഏജൻസി ചൊവ്വാ ദൗത്യം ഉപേക്ഷിച്ചു

ഉക്രെയ്നിലെ റഷ്യൻ അധിനിവേശം കാരണം, യൂറോപ്യൻ സ്പേസ് ഏജൻസി (ഇഎസ്എ) ഈ വർഷത്തെ ചൊവ്വാ ദൗത്യം ഉപേക്ഷിച്ചു.

റഷ്യയുടെ സ്റ്റേറ്റ് ബഹിരാകാശ കോർപ്പറേഷനായ റോസ്‌കോസ്‌മോസുമായി ചേർന്നുള്ള എക്‌സോമാർസ് റോവർ ദൗത്യം അനിശ്ചിതകാലത്തേക്ക് താൽക്കാലികമായി നിർത്തിവച്ചതായി യൂറോപ്യൻ ബഹിരാകാശ ഏജൻസി വ്യാഴാഴ്ച സ്ഥിരീകരിച്ചു. ഉക്രെയ്നിനെതിരായ റഷ്യയുടെ യുദ്ധം കാരണം ദൗത്യം നടക്കാൻ “തീരേ സാധ്യതയില്ല” എന്ന് ഇഎസ്എ മുമ്പ് പറഞ്ഞിരുന്നു.

ഏജൻസിയുടെ ആദ്യ ചൊവ്വാ ദൗത്യമായിരുന്നു ഈ വർഷം അയക്കേണ്ടിയിരുന്നത്. ഗ്രഹത്തിൽ എപ്പോഴെങ്കിലും ജീവൻ ഉണ്ടായിരുന്നോ എന്ന് അന്വേഷിക്കുന്നതിനുള്ള ദൗത്യമായിരുന്നു ഇത്.

Also Read: വന്‍ വിലക്കുറവ്; റഷ്യയില്‍നിന്ന് 30 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വാങ്ങി ഇന്ത്യ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin march 17 updates