Russia-Ukraine War News: കീവ്: രണ്ടാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ഏറ്റവും ഭീകരമായ യുദ്ധക്കുറ്റങ്ങളാണ് യുക്രൈനില്‍ നടക്കുന്നത് യുഎൻ സുരക്ഷാ കൗൺസിൽ യോഗത്തെ അഭിസംബോധന ചെയ്ത് യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെൻസ്കി പറഞ്ഞു. അടുത്തിടെ റഷ്യന്‍ സൈന്യത്തില്‍ നിന്ന് മോചനം ലഭിച്ച ഞങ്ങളുടെ പട്ടണമായ ബുച്ച ഞാന്‍ സന്ദര്‍ശിച്ചിരുന്നു, കീവില്‍ നിന്ന് ഒരുപാട് അകലെയല്ല. യുക്രൈനെ സേവിക്കുന്ന ഒരാളെയും വിടാതെ റഷ്യൻ സൈന്യം തിരഞ്ഞുപിടിച്ച് മനഃപൂർവം കൊലപ്പെടുത്തി. കുടുംബങ്ങളേയും സ്ത്രീകളേയും കുട്ടികളേയും അവര്‍ കൊലപ്പെടുത്തി. മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ശ്രമിച്ചു” സെലെന്‍സ്കിയെ ഉദ്ധരിച്ചുകൊണ്ട് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.
ബുച്ച പട്ടണത്തിലെ സംഭവുമായി ബന്ധപ്പെട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ റഷ്യയും യുക്രൈനും തമ്മില്‍ തുടരുകയാണ്. തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള തന്ത്രമാണിതെന്നാണ് റഷ്യയുടെ ആരോപണം. എന്നാല്‍ റഷ്യന്‍ സൈന്യത്തിന്റെ നടപടിയില്‍ പാശ്ചാത്യ രാജ്യങ്ങള്‍ പ്രതികരിച്ചു തുടങ്ങി. ജര്‍മനി, ഇറ്റലി, ഡെന്മാര്ക്ക് എന്നീ രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. അതേസമയം, വ്ളാഡിമിര്‍ പുടിനും വോളോഡിമിര്‍ സെലെന്‍സ്കിയും തമ്മില്‍ നേരിട്ടുള്ള ചര്‍ച്ചകള്‍ക്ക് സാധ്യതയുണ്ടെന്ന തരത്തിലുള്ള സൂചനകളും പുറത്തു വന്നു. ഇന്നത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ വായിക്കാം.
1. ബുച്ച കൊലപാതകം തങ്ങളെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജ തന്ത്രമെന്ന് റഷ്യ
യുക്രൈന് പട്ടണമായ ബുച്ചയിൽ സാധരണക്കാരെ വധിക്കുന്നതിലൂടെ റഷ്യൻ സൈന്യം യുദ്ധക്കുറ്റങ്ങൾ ചെയ്തുവെന്ന് പാശ്ചാത്യ ആരോപണങ്ങൾ റഷ്യൻ സൈന്യത്തെ അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള വ്യാജ തന്ത്രമാണെന്ന് റഷ്യ. റഷ്യന്‍ സൈന്യം കീവില്‍ നിന്നും മറ്റ് നഗരങ്ങളില്‍ നിന്നും പിന്‍വാങ്ങിയതോടെ യുക്രൈന് സൈന്യം മാധ്യമപ്രവര്‍ത്തരെ മൃതശരീരങ്ങളും മറ്റ് നാശനഷ്ടങ്ങളും ചൂണ്ടിക്കാണിച്ചിരുന്നു. സാധാരണക്കാരുടെ മരണം യുദ്ധക്കുറ്റങ്ങളുടെ തെളിവാണെന്നാണ് പാശ്ചാത്യ രാജ്യങ്ങള്‍ അഭിപ്രായപ്പെടുന്നത്.
റഷ്യന്‍ സൈന്യം യുക്രൈന് തലസ്ഥാനമായ കീവില്‍ നിന്ന് പിന്‍വാങ്ങിയതോടെ സ്ഥിതിഗതികള്‍ അനുകൂലമായി പുരോഗമിക്കുന്നുണ്ടെന്ന് നഗരത്തിന്റെ മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ അറിയിച്ചു. നഗരവാസികള്‍ തിരിച്ചെത്തുന്നുണ്ട്. എന്നാല്‍ കിഴക്കൻ യുക്രൈന് സങ്കീര്‍ണമായി തുടരുകയാണ്.
തെക്കു കിഴക്കൻ യുക്രൈനില്‍ നഗരത്തിൽ 5,000 ലധികം സാധാരണക്കാർ മരിച്ചതായി മരിയുപോൾ മേയറെ ഉദ്ധരിച്ച് അദ്ദേഹം അറിയിച്ചു. അതേസമയം, യുക്രൈനില്‍ ഏകദേശം 20,000 റഷ്യൻ സൈനികർ കൊല്ലപ്പെട്ടെന്നും തെളിവുകൾ വ്യക്തമാക്കാതെ അദ്ദേഹം കൂട്ടിച്ചേർത്തു.
2. യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ അമേരിക്ക
യുഎൻ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് റഷ്യയെ സസ്പെൻഡ് ചെയ്യാൻ അമേരിക്ക ശ്രമിക്കുമെന്ന് ബൈഡൻ ഭരണകൂടത്തിലെ ഒരു ഉന്നത ഉദ്യോഗസ്ഥൻ പറഞ്ഞു. യുക്രൈന്, യൂറോപ്യന്‍ രാജ്യങ്ങള്‍, ഐക്യരാഷ്ട്രസഭയിലെ മറ്റ് പങ്കാളികള്‍ എന്നിവരുമായി ഏകോപനത്തോടെയാകും അമേരിക്കയുടെ നീക്കമെന്നാണ് ലഭിക്കുന്ന വിവരം.
3. പുടിനും സെലെന്‍സ്കിയും തമ്മില്‍ കൂടിക്കാഴ്ച; സാധ്യത തള്ളാതെ റഷ്യ
റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയും തമ്മിലുള്ള കൂടിക്കാഴ്ചയുടെ സാധ്യതകള്‍ തള്ളാതെ ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ്. എന്നാല്‍ ഇരുരാജ്യങ്ങളും തമ്മില്‍ കരാറിലെത്തിയാല്‍ മാത്രമെ കൂടിക്കാഴ്ചയ്ക്ക് സാധ്യതയുള്ളെന്നും അദ്ദേഹം വ്യക്തമാക്കി. നിലവില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ വീഡിയോ കോണ്‍ഫെറന്‍സ് മുഖേനെയാണ് പുരോഗമിക്കുന്നത്. എന്നാല്‍ ചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന വാര്‍ത്തകള്‍ പെസ്കോവ് തള്ളി.
4.പുടിനുമായി നേരിട്ടുള്ള ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് സെലെന്‍സ്കി
റഷ്യയുമായി ചർച്ചകൾ നടത്തുക എന്നത് മാത്രമാണ് തന്റെ രാജ്യത്തിന് മുന്നിലുള്ള ഏക പോംവഴിയെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി. എന്നാൽ ചർച്ചകൾക്കുള്ള സാധ്യത ഇപ്പോൾ ഒരു വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും വ്യക്തിപരമായി ചർച്ച നടത്താനുള്ള സാധ്യതയില്ലെന്നും സെലെന്‍സ്കി പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
5. റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നു, ലക്ഷ്യം ഡോണ്‍ബാസ്: യുക്രൈന് ജനറല്‍ സ്റ്റാഫ്
ഡോണ്‍ബാസ് ആക്രമിക്കുന്നതിനായി റഷ്യ സൈന്യത്തെ പുനഃസംഘടിപ്പിക്കുന്നതായി യുക്രൈനിന്റെ ജനറല്‍ സ്റ്റാഫ് അറിയിച്ചു. “ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പ്രദേശങ്ങളുടെ മേൽ പൂർണ്ണ നിയന്ത്രണം സ്ഥാപിക്കുക എന്നതാണ് ലക്ഷ്യം,” ജനറൽ സ്റ്റാഫിന്റെ ഫെയ്സ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.
ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ, റഷ്യൻ സൈന്യം പോപാസ്ന, റൂബിഷ്നെ നഗരങ്ങളുടെ നിയന്ത്രണം ഏറ്റെടുക്കുന്നതിലും മരിയുപോളിൽ പൂർണ നിയന്ത്രണം സ്ഥാപിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് ജനറൽ സ്റ്റാഫ് പറഞ്ഞു.
രണ്ട് പ്രദേശങ്ങളിലെ മറ്റ് പട്ടണങ്ങളും ജനവാസ കേന്ദ്രങ്ങളും തുടർച്ചയായ ഷെല്ലാക്രമണത്തിന് വിധേയമാവുകയാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഹാര്കീവിലേക്കുള്ള വഴികളെല്ലാം റഷ്യന്‍ സൈന്യം തടയുന്നതായും ജനറല്‍ സ്റ്റാഫ് ആരോപിക്കുന്നു.
6. സെലെൻസ്കി ഇന്ന് യുഎൻ രക്ഷാസമിതിയെ അഭിസംബോധന ചെയ്യും; റഷ്യക്കെതിരായ രോഷം കനക്കുന്നു
ചൊവ്വാഴ്ച യുഎൻ രക്ഷസമിതിയെ അഭിസംബോധന ചെയ്യുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. റഷ്യയുടെ കൂട്ടക്കൊലയും യുക്രൈനിൽ നടത്തിയ മറ്റു അക്രമങ്ങളും ചർച്ചയാകും. അതേസമയം, തങ്ങൾക്ക് പങ്കില്ലെന്ന നിലപാട് റഷ്യ യുഎന്നിലും ആവർത്തിച്ചേക്കും. അതിക്രമങ്ങൾ നടത്തിയത് തങ്ങളുടെ സൈന്യമല്ലെന്നും ആരോപണങ്ങൾ ക്രിമിനൽ പ്രകോപനങ്ങൾ ആണെന്നും റഷ്യ പറഞ്ഞിരുന്നു.
യുഎസ് കോൺഗ്രസ്, ബ്രിട്ടീഷ് പാർലമെന്റ്, യൂറോപ്യൻ പാർലമെന്റ് എന്നിവയുൾപ്പെടെ വിവിധ അസംബ്ലികളെ യുക്രൈൻ പ്രസിഡന്റ് ഇതിനകം അഭിസംബോധന ചെയ്തിട്ടുണ്ട്.
അതേസമയം, ബുച്ചയിലേയും കീവിന് സമീപമുള്ള മറ്റു പ്രദേശങ്ങളിൽ നിന്നും റഷ്യൻ അതിക്രമങ്ങളുടെ കൂടുതൽ ചിത്രങ്ങൾ പുറത്തുവന്നതോടെ റഷ്യക്ക് മേൽ രോഷം കനക്കുകയാണ്. റഷ്യയിൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തുന്നതിന് ഇത് കാരണമായിട്ടുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ജർമനിയും ഫ്രാൻസും ഡസൻ കണക്കിന് നയതന്ത്രഉദ്യോഗസ്ഥാന്മരെ പുറത്താക്കി. യുദ്ധ കുറ്റങ്ങൾക്ക് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനെ വിചാരണ ചെയ്യണമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞു.
അതിനിടെ, യുദ്ധത്തിൽ ഇതുവരെ 18 മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. 13 പേർക്ക് പരുക്കേറ്റെന്നും എട്ട് പേരെ തട്ടിക്കൊണ്ടുപോയെന്നും മൂന്ന് പേരെ ഇപ്പോഴും കണ്ടുകിട്ടിയിട്ടില്ലെന്നും അറിയിച്ചു.
7. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ത്ഥികളെ സ്വീകരിച്ച് ജപ്പാന്
യുക്രൈനെ സഹായിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങള്‍ക്ക് പിന്തുണയുമായി ജപ്പാന്. യുക്രൈനില്‍ നിന്നുള്ള 20 അഭയാര്‍ത്ഥികളെ ടോക്കിയോയില്‍ എത്തിച്ചു. ദീര്‍ഘകാലമായി വിദേശികളെ സ്വീകരിക്കാന്‍ വിമുഖത കാണിച്ചിരുന്ന രാജ്യമാണ് ജപ്പാന്.
20 അഭയാര്‍ത്ഥികളില്‍ 15 പേരും സ്ത്രീകളാണ്. റഷ്യ സൈനിക നടപടി ആരംഭിച്ചതിന് ശേഷം യുക്രൈനില്‍ നിന്ന് ജപ്പാനിലേക്ക് എത്തുന്ന ആദ്യ സംഘമല്ല ഇത്. എന്നാല്‍ ജാപ്പനീസ് സര്‍ക്കാരിന്റെ പ്രത്യേക വീമാനത്തില്‍ എത്തുന്ന ആദ്യ സംഘമാണിത്.
8. ബുച്ച കൊലപാതകം: 40 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി ജര്‍മനി
യുക്രൈനിലെ ബുച്ച പട്ടണത്തിലെ കൊലപാതകത്തിന് പിന്നാലെ നടപടിയുമായി ജര്‍മനി. 40 റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. കൂടുതല്‍ നടപടികളിലേക്ക് ജര്‍മനി കടക്കാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
റഷ്യൻ സൈന്യം പിന്‍വാങ്ങിയതിന് ശേഷം യുക്രൈനിയന്‍ പട്ടണത്തിൽ നിന്ന് ലഭിച്ച ചിത്രങ്ങളില്‍ നിന്ന് മനസിലാകുന്നത് അതിരുകള്‍ ഭേദിച്ചുള്ള നശീകരണ ശ്രമമാണെന്ന് എന്ന് വിദേശകാര്യ മന്ത്രി അന്നലീന ബെയർബോക്ക് പറഞ്ഞു.
9. റെഡ് ക്രോസ് സംഘത്തെ മോചിപ്പിച്ചു
റഷ്യന്‍ സൈന്യം ആധിപത്യം സ്ഥാപിച്ചിരുന്ന മരിയുപോളിലേക്ക് എത്താന്‍ ശ്രമിക്കുന്നതിനിടെ യുക്രൈനിലെ പട്ടണമായ മാന്ഹുഷില് തടവിലാക്കപ്പെട്ട റെഡ് ക്രോസ് സംഘത്തെ മോചിപ്പിച്ചു. യുക്രൈനിയന്‍ സര്‍ക്കാര്‍ അധികൃതരാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത്. റഷ്യന്‍ സൈന്യമായിരുന്നു സംഘത്തെ തടവിലാക്കിയതെന്നും അധകൃതര്‍ അറിയിച്ചു.