scorecardresearch

Russia-Ukraine War News: ബുച്ച നഗരം സന്ദര്‍ശിച്ച് സെലെന്‍സ്കി; സംഭവത്തില്‍ ആരോപണ പ്രത്യാരോപണങ്ങളുമായി ഇരുരാജ്യങ്ങളും

പ്രകോപനം വർധിച്ച സാഹചര്യത്തിൽ പുതിയ ഉപരോധങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കെതിരെ അന്വേഷണം നടത്താനും നേതാക്കൾ ആഹ്വാനം ചെയ്തു

Russia-Ukraine War News: കീവ്: ആഴ്ചകള്‍ നീണ്ട ഏറ്റുമുട്ടലുകള്‍ക്ക് ശേഷം യുക്രൈനിന്റെ തലസ്ഥാനമായി കീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയതോടെ യുദ്ധത്തിന്റെ ക്രൂരവശങ്ങള്‍ പുറത്തു വരുന്നു. 410 സിവിലിയന്മാരുടെ മൃതദേഹങ്ങൾ കീവിന് സമീപമുള്ള പട്ടണങ്ങളിൽ നിന്ന് കണ്ടെടുത്തതായി യുക്രൈനിന്റെ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. റഷ്യന്‍ സൈന്യത്തിന്റെ ക്രൂര നടപടിക്കെതിരെ യുക്രൈന്‍ അന്വേഷണം ആവശ്യപ്പെട്ടിട്ടുണ്ട്. ലോക നേതാക്കളും സംഭവത്തില്‍ അപലപിച്ചു. യുക്രൈന്‍-റഷ്യ ഏറ്റുമുട്ടലിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1.റഷ്യയെ അടിച്ചമര്‍ത്താന്‍ ‘വ്യാജ ആക്രമണം’ യുക്രൈന്‍ സൃഷ്ടിക്കുന്നു: സെര്‍ജി ലാവ്‌റോവ്

ബുച്ച നഗരത്തില്‍ ഉണ്ടായ സംഭവത്തിന്റെ യുക്രൈനിന്റെ വിശദീകരണത്തിനെതിരെ റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്റോവ്. റഷ്യയെ അടിച്ചമര്‍ത്താനുള്ള വ്യാജ ആക്രമണമാണെന്ന് സെര്‍ജി ലാവ്റോവ് പറഞ്ഞതായി ടാസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

റഷ്യ പിൻവാങ്ങിയതിന് ശേഷം തലസ്ഥാനമായ കൈവിന് പുറത്തുള്ള ബുച്ച പോലുള്ള നഗരങ്ങളില്‍ നൂറുകണക്കിന് മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവത്തില്‍ റഷ്യൻ സേനയുടെ നടപടികള്‍ അന്വേഷിക്കുകയാണെന്ന് യുക്രൈന്‍ അധികൃതർ ഞായറാഴ്ച അറിയിച്ചിരുന്നു.

മൃതദേഹങ്ങൾ കണ്ടെത്തിയ സംഭവം ചിത്രങ്ങളും കെട്ടിച്ചമച്ചതാണെന്നും ലാവ്റോവ് ആരോപിച്ചു. തെറ്റായ ചിത്രങ്ങള്‍ യുക്രൈനും പാശ്ചാത്യ രാജ്യങ്ങളും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും ലാവ്റോവ് ചൂണ്ടിക്കാണിച്ചു.

2.കീവിലേക്ക് വരാന്‍ ഒരാഴ്ച കൂടി കാത്തിരിക്കു, നഗരവാസികളോട് മേയര്‍

റഷ്യന്‍ സൈന്യം യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും പിന്‍വാങ്ങിയതിന് പിന്നാലെ പ്രദേശവാസികള്‍ക്ക് നിര്‍ദേശവുമായി അധികൃതര്‍. നിലവില്‍ സുരക്ഷിതസ്ഥാനത്ത് തുടരുന്നവര്‍ ഒരു ആഴ്ച കൂടി കാത്തിരിക്കണമെന്ന് കീവ് മേയര്‍ വിറ്റാലി ക്ലിറ്റ്ഷ്കോ പറഞ്ഞു. കഴിഞ്ഞ ദിവസമായിരുന്നു ഒരു മാസങ്ങള്‍ക്ക് ശേഷം തലസ്ഥാന നഗരിയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറിയത്.

3.റഷ്യൻ സേനയെ ‘കശാപ്പുകാർ’ എന്ന് വിളിച്ച് സെലെൻസ്കി, അതിക്രമങ്ങളെ അപലപിച്ച് ലോക നേതാക്കൾ

യുക്രൈനിലെ സാധാരണ ജനങ്ങളെ കൊലപ്പെടുത്തിയ റഷ്യൻ നടപടിയെ ലോക നേതാക്കൾ അപലപിച്ചു, പ്രകോപനം വർധിച്ച സാഹചര്യത്തിൽ പുതിയ ഉപരോധങ്ങൾക്കും യുദ്ധക്കുറ്റങ്ങൾക്കെതിരെ അന്വേഷണം നടത്താനും നേതാക്കൾ ആഹ്വാനം ചെയ്തു.

കീവിന് ചുറ്റുമുള്ള പട്ടണങ്ങളിലെ തെരുവുകളിൽ നൂറുകണക്കിന് യുക്രൈനിയൻ ജനങ്ങളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതിന് പിന്നാലെ റഷ്യൻ സേനയെ “കൊലയാളികൾ”, “പീഡകർ”, “ബലാത്സംഗം ചെയ്യുന്നവർ” എന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി അഭിസംബോധന ചെയ്തു. യുക്രൈനിലെ റഷ്യയുടെ എല്ലാ കുറ്റകൃത്യങ്ങളും അന്വേഷിക്കുകയും നടപടിയെടുക്കുമെന്നും അദ്ദേഹം പ്രതിജ്ഞ ചെയ്തു, അതിനായി പ്രത്യേക സംവിധാനം രൂപീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

4. മനുഷ്യാവകാശ കൗണ്‍സിലില്‍ നിന്ന് റഷ്യ പുറത്താക്കാന്‍ സമ്മര്‍ദം ചെലുത്താന്‍ അമേരിക്ക

റഷ്യയെ മനുഷ്യാവകാശ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ യു.എൻ ജനറൽ അസംബ്ലിയോട് ആവശ്യപ്പെടുമെന്ന് യു.എന്നിലെ യുഎസ് അംബാസഡർ. ബുച്ച നഗരത്തില്‍ റഷ്യൻ സൈന്യം ഡസൻ കണക്കിന് സാധാരണക്കാരെ കൊന്നതായി യുക്രൈന്‍ ആരോപിച്ചതിന് ശേഷമാണ് നടപടി. ന്യൂയോർക്കിലെ 193 അംഗ അസംബ്ലിയുടെ മൂന്നിൽ രണ്ട് ഭൂരിപക്ഷ വോട്ട് നേടിയാല്‍ മനുഷ്യാവകാശങ്ങളുടെ കടുത്തതും വ്യവസ്ഥാപിതവുമായ ലംഘനങ്ങൾ സ്ഥിരമായി നടത്തുന്ന ഒരു അംഗത്തെ കൗൺസിലിൽ നിന്ന് സസ്പെൻഡ് ചെയ്യാൻ കഴിയും.

5. സൗഹൃദമില്ലാത്ത രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് വിസ നിയന്ത്രണവുമായി റഷ്യ

യുക്രൈനിന്‍ അധിനിവേശത്തിന് പിന്നാലെയുണ്ടായ ഉപരോധങ്ങള്‍ക്ക് മറുപടിയായി പുതിയ നടപടിയുമായി റഷ്യ. “സൗഹൃദമല്ല” എന്ന് കരുതുന്ന രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്ന ഉത്തരവിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ഒപ്പുവച്ചു.

തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്ന ഉത്തരവിന് ശേഷം ചില യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായും നോർവേ, സ്വിറ്റ്‌സർലൻഡ്, ഡെൻമാർക്ക്, ഐസ്‌ലാൻഡ് എന്നീ രാജ്യങ്ങളുടെ വിസ ആനൂകൂല്യങ്ങള്‍ ഇല്ലാതാകും.

6. യുക്രൈന് കൂടുതല്‍ സഹായം നല്‍കാന്‍ ബ്രിട്ടണ്‍

റഷ്യന്‍ അധിനിവേശത്തിനെതിരെ പോരാടുന്ന യുക്രൈന്‍ കൂടുതല്‍ സഹായം നല്‍കാനാഗ്രഹിക്കുന്നതായി ബ്രിട്ടണ്‍. യുക്രൈനിലേക്ക് പുതിയ തരത്തിലുള്ള സൈനിക സഹായം അയക്കാന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ താത്പര്യപ്പെടുന്നതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു. എന്നാല്‍ എന്ത് തരത്തിലുള്ള സൈനിക സഹായമാണെന്ന് വ്യക്തമാക്കിയിട്ടില്ല. റഷ്യ യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചത് മുതല്‍ ബ്രിട്ടണ്‍ യുക്രൈന് പിന്തുണ നല്‍കുന്നുണ്ട്.

7. സുമിയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങി

യുക്രൈനിന്റെ വടക്കൻ മേഖലയായ സുമിയില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്‍വാങ്ങിയതായി പ്രദേശത്തിന്റെ മേയര്‍ ഗവർണർ ദിമിട്രോ ഷൈവിറ്റ്സ്കി അറിയിച്ചു. മേഖലയിലെ പട്ടണങ്ങളോ ഗ്രാമങ്ങളോ ഒന്നും റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബലാറസുമായി അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന മേഖലയില്‍ റഷ്യന്‍ സൈന്യം ഉപകരണങ്ങള്‍ ഉപേക്ഷിച്ചിട്ടുള്ളതായും അദ്ദേഹം ദേശിയ ടെലിവിഷനില്‍ സംസാരിക്കവെ പറഞ്ഞു.

8. റഷ്യന്‍ ഷെല്ലാക്രമണം: ഹാര്‍കീവില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടു

റഷ്യയുടെ ഷെല്ലാക്രമണത്തില്‍ ഹാര്‍കീവില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി റീജിയണല്‍ പ്രോസിക്യൂട്ടര്‍ അറിയിച്ചു. മൂന്ന് കിട്ടികളടക്കം 34 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പത്ത് വീടുകള്‍ക്കും ഒരു ട്രോളിബസ് ഡിപ്പോയ്ക്കും നാശനഷ്ടം സംഭവിച്ചതായും അധികൃതര്‍ അറിയിച്ചു. അതേസമയം, ആക്രമണം തുടരുന്ന മരിയുപോളില്‍ നിന്നും ലുഹാന്‍സ്ക് മേഖലകളില്‍ നിന്നുമായി 2,694 പേരെ രക്ഷപ്പെടുത്തിയതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. റെഡ് ക്രോസിന്റെ ബസുകള്‍ കടത്തി വിടുന്നതിനായി റഷ്യയുമായി ചര്‍ച്ച നടത്തിയിരുന്നെന്ന് ഉപപ്രധാനമന്ത്രി വ്യക്തമാക്കി.

9. 410 സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തു

410 സിവിലിയന്മാരുടെ മൃതദേഹങ്ങൾ കീവിന് സമീപമുള്ള പട്ടണങ്ങളിൽ നിന്ന് കണ്ടെടുത്തതായി യുക്രൈനിന്റെ പ്രോസിക്യൂട്ടർ ജനറൽ പറഞ്ഞു. കീവിന് സമീപമുള്ള ബുച്ചയിലെ നിവാസികൾ, റഷ്യൻ സേന എങ്ങനെയാണ് സാധാരണക്കാരെ വെടിവച്ചു കൊന്നത് എന്നതിന്റെ വേദനിപ്പിക്കുന്ന വിവരണങ്ങൾ നൽകിയതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.

റഷ്യൻ സേന ഓരോ കെട്ടിടങ്ങളും കയറിയിറങ്ങുകയും അവരെ ബങ്കറിൽ നിന്ന് പുറത്തിറക്കുകയും അവരുടെ ഫോൺ പരിശോധിക്കുകയും റഷ്യൻ വിരുദ്ധമായ ഉള്ളടക്കങ്ങൾ കണ്ടവരെ കൊണ്ടുപോകുകയും വെടിവെക്കുകയുമായിരുന്നു എന്നാണ് പ്രദേശവാസികൾ പറയുന്നത്.

അതേസമയം, റഷ്യൻ അധിനിവേശത്തിന് തുടക്കമിട്ട യുക്രൈന്റെ വടക്ക് ഭാഗങ്ങളിൽ നിന്ന് അയൽരാജ്യമായ ബെലാറസിലേക്ക് റഷ്യൻ യൂണിറ്റുകൾ പിൻവാങ്ങിയതായി യുക്രൈനിന്റെ സൈനിക ജനറൽ സ്റ്റാഫ് ഞായറാഴ്ച പ്രസ്താവനയിൽ പറഞ്ഞു. യുക്രൈനിന്റെ വടക്കുകിഴക്കൻ ഭാഗത്തുള്ള സുമി മേഖലയിൽ നിന്നും റഷ്യൻ സേന പിൻവാങ്ങി, ചെർനീവ് മേഖലയിലെ ചില പട്ടണങ്ങൾ യുക്രൈൻ തിരിച്ചുപിടിച്ചതായി പ്രാദേശിക ഭരണാധികാരി ദിമിത്രി ഷിവിറ്റ്സ്കി പറഞ്ഞു.

10. യുക്രൈൻ കൊലപാതകങ്ങൾ അപലപനീയമെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി

യുക്രൈനിൽ റഷ്യൻ സൈന്യം നടത്തിയ ബലാത്സംഗത്തിന്റെയും മറ്റ് അതിക്രമങ്ങളുടെയും റിപ്പോർട്ടുകൾ അപലപനീയമാണെന്ന് ന്യൂസിലൻഡ് പ്രധാനമന്ത്രി ജസീന്ദ ആർഡ്രൻ തിങ്കളാഴ്ച പറഞ്ഞു.

“റഷ്യൻ സേന യുക്രൈൻ പൗരൻമാരെ കൊല്ലപ്പെടുത്തുകയും ബലാത്സംഗം ചെയ്യുകയും ഗുരുതരമായി പരുക്കേൽപ്പിക്കുകയും ചെയ്‌തെന്ന റിപ്പോർട്ടുകൾ അപലപനീയമാണ്,” ന്യൂസിലൻഡ് തലസ്ഥാനമായ വെല്ലിംഗ്ടണിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ജസീന്ദ പറഞ്ഞു. “റഷ്യ ഇതിനെല്ലാം ലോകത്തോട് ഉത്തരം പറയണം,” എന്നും അവർ പറഞ്ഞു.

Also Read: Russia-Ukraine War News: റഷ്യൻ ആക്രമണങ്ങൾ വംശഹത്യക്ക് തുല്യമാണെന്ന് സെലെൻസ്കി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 4 updates