Russia-Ukraine War News: കീവ്: റഷ്യ-യുക്രൈൻ യുദ്ധം യുദ്ധവുമായി ബന്ധപ്പെട്ട് ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ.
1-റഷ്യൻ ആക്രമണങ്ങൾ വംശഹത്യക്ക് തുല്യമാണെന്ന് സെലെൻസ്കി
യുക്രൈനിലെ റഷ്യൻ ആക്രമണങ്ങൾ വംശഹത്യക്ക് തുല്യമാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ഒരു യുഎസ് ടെലിവിഷൻ അഭിമുഖത്തിൽ പറഞ്ഞു. യുക്രൈനിൽ നൂറിലധികം ദേശീയതകൾ ഉണ്ടെന്നും റഷ്യൻ ആക്രമണങ്ങൾ “ഈ ദേശീയതകളെയെല്ലാം നശിപ്പിക്കുകയും ഉന്മൂലനം ചെയ്യുകയും ചെയ്യുന്നു” എന്നും സിബിഎസ്സിന് നൽകിയ അഭിമുഖത്തിൽ സെലെൻസ്കി പറഞ്ഞു.
“ഞങ്ങൾ ഉക്രെയ്നിലെ പൗരന്മാരാണ്, റഷ്യൻ ഫെഡറേഷന്റെ നയത്തിന് കീഴടങ്ങാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല,” സംപ്രേഷണം ചെയ്യുന്നതിന് മുമ്പ് സിബിഎസ് പുറത്തുവിട്ട അഭിമുഖത്തിന്റെ ഒരു ഭാഗത്ത് അദ്ദേഹം പറയുന്നു. “ഇതാണ് നമ്മൾ നശിപ്പിക്കപ്പെടുന്നതിനും ഉന്മൂലനം ചെയ്യപ്പെടുന്നതിനുമുള്ള കാരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ യൂറോപ്പിൽ ഇത് സംഭവിക്കുന്നു,” അദ്ദേഹം പറഞ്ഞു.
2-ഡൊണെസ്ക് മേഖലയിൽ രാത്രിയും പകലും ഷെല്ലാക്രമണം തുടരുന്നതായി ഗവർണർ
യുക്രൈനിന്റെ കിഴക്കൻ ഡൊണെസ്ക് മേഖലയിൽ ഞായറാഴ്ച രാത്രിയും പകലും ഷെല്ലാക്രമണം തുടരുകയാണെന്ന് ഗവർണർ. മേഖലയിലെ സ്ഥിതിഗതികൾ “പ്രക്ഷുബ്ധമാണ്” എന്നും അദ്ദേഹം പറഞ്ഞു. കീവ്, ചെർനിഹിവ് മേഖലകളിൽ നിന്ന് റഷ്യ സൈന്യത്തെ പിൻവലിച്ച് ഉക്രെയ്നിന്റെ കിഴക്കൻ പ്രദേശമായ ഡോൺബാസിലേക്ക് പുതിയ ആക്രമണം നടത്തി ഡൊണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളെല്ലാം പിടിച്ചടക്കുക എന്ന ലക്ഷ്യത്തോടെയാണെന്ന് റഷ്യൻ സൈന്യം മുന്നേറുന്നതെന്ന് വിശ്വസിക്കുന്നതായി യുക്രൈൻ സൈന്യം അറിയിച്ചു.
3- റഷ്യക്കെതിരെ ശക്തമായ പുതിയ ഉപരോധങ്ങൾ ആവശ്യപ്പെട്ട് യുക്രൈൻ വിദേശകാര്യ മന്ത്രി
റഷ്യക്കെതിരെ ശക്തമായ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യുക്രൈനിന്റെ വിദേശകാര്യ മന്ത്രി ഞായറാഴ്ച ജി സെവനോട് ആഹ്വാനം ചെയ്തു. കീവിന് പുറത്തുള്ള ബുഷ പട്ടണത്തിൽ റഷ്യ ബോധപൂർവമായ “കൂട്ടക്കൊല” നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.
4- യുക്രൈൻ അതിർത്തിക്കടുത്തുള്ള റഷ്യൻ നഗരമായ ബെൽഗൊറോഡിൽ സ്ഫോടനം നടന്നതായി റിപ്പോർട്ട്
യുക്രൈൻ അതിർത്തിക്കടുത്തുള്ള റഷ്യൻ നഗരമായ ബെൽഗൊറോഡിൽ ഞായറാഴ്ച രണ്ട് സ്ഫോടനങ്ങൾ ഉണ്ടായതായി ദൃക്സാക്ഷികളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. യുക്രൈൻ സേന അവിടെയുള്ള ഇന്ധന ഡിപ്പോയിൽ ആക്രമണം നടത്തിയതായി റഷ്യൻ അധികൃതർ ആരോപിച്ചതിന് ദിവസങ്ങൾക്ക് ശേഷമാണ് ഈ സ്ഫോടനം. സ്ഫോടനത്തിന്റെ കാരണം വ്യക്തമായിട്ടില്ല.
4- യുക്രൈൻ മൈക്കോളൈവ് കരിങ്കടൽ തുറമുഖത്ത് റോക്കറ്റ് ആക്രമണമെന്ന് ആഭ്യന്തര മന്ത്രാലയം
യുക്രൈനിലെ കരിങ്കടൽ തുറമുഖമായ മൈക്കോളൈവിൽ നിരവധി റഷ്യൻ റോക്കറ്റുകൾ പതിച്ചതായി ആഭ്യന്തര മന്ത്രാലയത്തിലെ ആന്റൺ ഗെരാഷ്ചെങ്കോ ഞായറാഴ്ച പറഞ്ഞു. പ്രാദേശിക അധികൃതർ ആക്രമണം റിപ്പോർട്ട് ചെയ്തതായി ഗെരാഷ്ചെങ്കോ സോഷ്യൽ മീഡിയ പോസ്റ്റിൽ പറഞ്ഞു.
6- ഒഡെസയിലെ ഇന്ധന ഡിപ്പോയ്ക്ക് നേരെ റഷ്യന്‍ മിസൈല്‍ ആക്രമണം
യുക്രൈനിലെ തെക്കൻ തുറമുഖ നഗരമായ ഒഡെസയ്ക്ക് സമീപമുള്ള ഒരു ഇന്ധന ഡിപ്പോയിൽ റഷ്യ മിസൈലാക്രമണം നടത്തി. ഡിപ്പോയില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടുണ്ടെന്നും എന്നാൽ ആളപായമൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു. ബ്ലാക്ക് സീയുടെ തീരത്തുള്ള ഒഡെസ ഒരു പ്രധാന കരിങ്കടൽ തുറമുഖവും യുക്രൈനിന്റെ നാവികസേനയുടെ പ്രധാന താവളവുമാണ്. ഇത് റഷ്യൻ സേന ലക്ഷ്യം വച്ചിരിക്കുന്ന പ്രദേശം കൂടിയാണ്.
7- സമാധാന ചര്‍ച്ചകള്‍ തുടരണമെന്ന് റഷ്യ
യുക്രൈനുമായുള്ള ചര്‍ച്ചകള്‍ എളുപ്പമായിരുന്നില്ലെന്ന് ക്രെംലിന് വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞതായി ആര്‍ഐഎ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. സുപ്രധാന കാര്യം എന്തെന്നാണ് ചര്‍ച്ചകള്‍ തുടരുണം എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുക്രൈന് വളരെ കഠിനമായ ഒരു രാജ്യമാണ്, ഞങ്ങള്‍ക്ക് ദുര്‍ഘടമായ ഒന്നാണ്. നിലവില്‍ അവര്‍ ഞങ്ങളുമായി ശത്രുതയിലാണ്, ബെലാറസ് ടെലിവിഷനോട് ദിമിത്രി പറഞ്ഞതായി ആര്‍ഐഎ പറയുന്നു.
8-കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി യുക്രൈന്
റഷ്യന്‍ അധിനിവേശം ആറാം ആഴ്ചയിലേക്ക് കടക്കുമ്പോള്‍ തലസ്ഥാനമായ കീവിന്റെ പൂര്‍ണ നിയന്ത്രണം തിരിച്ചു പിടിച്ചതായി അവകാശപ്പെട്ട് യുക്രൈന്. കീവിന് ചുറ്റുമുള്ള എല്ലാ പ്രദേശങ്ങളും ഇതില്‍ ഉള്‍പ്പെടുന്നതായും യുക്രൈന് അറിയിച്ചു.
ഏകദേശം 30 ടൗണുകളും വില്ലേജുകളുമാണ് യുക്രൈന് സൈന്യം തിരിച്ചുപിടിച്ചത്. അതിക്രമികളില്‍ നിന്ന് കീവിനെ മോചിപ്പിച്ചു, യുക്രൈനിന്റെ ഉപപ്രതിരോധ മന്ത്രി ഹന്ന മല്യര് അറിയിച്ചു. ഇന്നാല് യുക്രൈനിന്റെ അവകാശവാദത്തില്‍ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിരിച്ചുപിടിച്ച നഗരങ്ങളിലൊന്നായ ബുക്കയുടെ റോഡുകളില്‍ ഡസണ്‍ കണക്കിന് മൃതദേഹങ്ങളാണ് കിടക്കുന്നതെന്ന് സ്ഥലത്തെത്തിയ റോയിട്ടേഴ്സ് മാധ്യമസംഘം റിപ്പോര്‍ട്ട് ചെയ്തു. മുന്നൂറിലധികം സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി നഗരത്തിന്റെ മേയര്‍ അനറ്റോലി ഫെഡോറുക്ക് പറഞ്ഞു.
കിഴക്കന്‍ യുക്രൈന് ലക്ഷ്യമാക്കിയുള്ള നീക്കങ്ങളാണ് റഷ്യ നിലവില്‍ നടത്തുന്നത്. എന്നാല്‍ കഴിഞ്ഞ ആഴ്ചകളിലെ പോരാട്ടത്തിന്റെ ബാക്കിപത്രമായിരിക്കുകയാണ് കീവ്. കൊല്ലപ്പെട്ട സാധാരണക്കാരുടെ മൃതദേഹങ്ങള്‍ തെരുവുകളില്‍ ചിതറിക്കിടക്കുകയാണ്. റഷ്യന്‍ സൈന്യം മൈനുകള്‍ സ്ഥാപിച്ചാണ് മടങ്ങിയതെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി ആരോപിച്ചു.
9- യുദ്ധവിരുദ്ധ പ്രതിഷേധം; റഷ്യയില്‍ 208 പേരെ തടങ്കലിലാക്കി
യുക്രൈനിലെ സൈനിക നടപടിയിൽ പ്രതിഷേധിച്ച് റഷ്യയിലുടനീളം നടന്ന പ്രതിഷേധ പ്രകടനങ്ങളിൽ പങ്കെടുത്ത 208 പേരെ കസ്റ്റഡിയിലെടുത്തതായി രാഷ്ട്രീയ അറസ്റ്റുകൾ നിരീക്ഷിക്കുന്ന ഒരു റഷ്യൻ സംഘം ആരോപിക്കുന്നു. സൈബീരിയ മുതൽ കൂടുതൽ ജനസാന്ദ്രതയുള്ള പടിഞ്ഞാറ് വരെയുള്ള 17 റഷ്യൻ നഗരങ്ങളിൽ പ്രകടനങ്ങൾ നടന്നതായാണ് വിവരം.
70 ലധികം പേരെ മോസ്കോയിലു സെന്റ് പീറ്റേഴ്സ്ബർഗിലും തടങ്കലിലാക്കിയിട്ടുണ്ടെന്നും സംഘടന അറിയിച്ചു. റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിന്റെ സർക്കാർ വിയോജിക്കുന്നവരെ ശക്തമായ അടിച്ചമര്‍ത്തുന്നതായാണ് ആരോപണം ഉയരുന്നത്. യുക്രൈന് അധിനിവേശത്തിന് മുന്‍പും ഇത്തരം നടപടികള്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
10- സ്വാതന്ത്ര്യത്തേയും ജനങ്ങളേയും സംരക്ഷിക്കുകയാണ് ലക്ഷ്യമെന്ന് സെലെന്‍സ്കി
കീവിനും ചേര്ണീവിനും ചുറ്റുമുള്ള പ്രദേശങ്ങൾ തിരിച്ചുപിടിക്കുന്ന യുക്രൈന് സൈന്യം റഷ്യക്കാരെ വെറുതെ പിന്‍വാങ്ങാന്‍ അനുവദിക്കില്ലെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. അവർ തങ്ങളാൽ കഴിയുന്ന എല്ലാവരെയും നശിപ്പിക്കുകയാണെന്നും സെലെന്‍സ്കി പറഞ്ഞു.
“റഷ്യൻ സൈന്യത്തിന്റെ ലക്ഷ്യം എന്താണ്? അവർ ഡോൺബാസും യുക്രൈനിന്റെ തെക്കന്‍ മേഖലയും പിടിച്ചെടുക്കാൻ ആഗ്രഹിക്കുന്നു. നമ്മുടെ സ്വാതന്ത്ര്യത്തെയും ഭൂമിയെയും നമ്മുടെ ജനങ്ങളെയും പ്രതിരോധിക്കുക എന്നതാണ് നമ്മുടെ ലക്ഷ്യം,” സെലെന്‍സ്കി വ്യക്തമാക്കി.
“ഈ ചെറുത്തുനിൽപ്പിന് നന്ദി. മറ്റ് നഗരങ്ങളിലെ പ്രതിരോധ നടപടികള്‍ക്കും നന്ദി. ശത്രുവിന്റെ തന്ത്രങ്ങളെ പരാജയപ്പെടുത്താനും അതിന്റെ കഴിവുകളെ ദുർബലപ്പെടുത്താനുമായുള്ള സമയം യുക്രൈന് നേടി,” സെലെൻസ്കി പറഞ്ഞു.
Also Read: ശ്രീലങ്ക ഈ അവസ്ഥയിലെത്തിയതെങ്ങനെ, ആരാണ് ഇപ്പോൾ സഹായിക്കുന്നത്?