scorecardresearch

Russia – Ukraine war news: യുക്രൈന് മാരകായുധങ്ങള്‍ വിതരണം ചെയ്യാന്‍ അമേരിക്കയും സഖ്യകക്ഷികളും

റഷ്യയിലെ ബെൽഗൊറോഡ് പ്രവിശ്യയിലെ ഗൊലോവ്‌ചിനോ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ യുക്രൈൻ ആക്രമണം നടത്തിയെന്നും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും പ്രാദേശിക ഗവർണർ വ്യാചെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു

Russia-Ukraine War News

Russia – Ukraine war news: റഷ്യയുടെ സൈനിക നടപടിയെ പ്രതിരോധിക്കുന്നതിനായി യുക്രൈന് കൂടുതല്‍ സഹായങ്ങളുമായി പാശ്ചാത്യ രാജ്യങ്ങള്‍. മാരകായുധങ്ങള്‍ ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ അമേരിക്കയും സഖ്യകക്ഷികളും ഇന്ന് വാഗ്ധാനം ചെയ്തു. അതേസമയം, യുക്രൈൻ നഗരമായ ക്രെമിന്ന റഷ്യൻ സേന പിടിച്ചെടുത്തതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ക്രെമിന്ന റഷ്യൻ സേനയ്ക്ക് മുന്നിൽ കീഴടങ്ങിയത്. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1.യുക്രൈന് മാരകായുധങ്ങള്‍ വിതരണം ചെയ്യാന്‍ ജര്‍മനി

റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാൻ യുക്രൈനിന് ആദ്യമായി മാരകായുധങ്ങൾ വിതരണം ചെയ്യുമെന്ന് ജര്‍മനി പ്രഖ്യാപിച്ചു. അധിനിവേശത്തില്‍ ജര്‍മനിയുടെ നിലപാടിനെച്ചൊല്ലി ആശയക്കുഴപ്പം നിലനിന്നിരുന്നു. കെഎംഡബ്ല്യു കമ്പനിയുടെ സ്റ്റോക്കുകളിൽ നിന്ന് ജെപ്പാര്‍ഡ് ആന്റി-എയർക്രാഫ്റ്റ് ടാങ്കുകൾ വിതരണം ചെയ്യാൻ സർക്കാർ തിങ്കളാഴ്ച അനുമതി നൽകിയതായി ജർമ്മൻ പ്രതിരോധ മന്ത്രി ക്രിസ്റ്റീൻ ലാംബ്രെക്റ്റ് പറഞ്ഞു.

2.സമാധാനചര്‍ച്ചകള്‍ മരിയുപോളില്‍ വച്ച് നടത്താനാകില്ലെന്ന് റഷ്യ

സമാധ ചര്‍ച്ചകള്‍ മരിയുപോളില്‍ വച്ച് നടത്താമെന്ന യുക്രൈനിന്റെ നിര്‍ദേശം റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലവ്റോവ് നിരസിച്ചു. ചർച്ചകൾക്ക് ആരാണ് മധ്യസ്ഥത വഹിക്കുക എന്നതിനെക്കുറിച്ച് സംസാരിക്കാനുള്ള സമയമായിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു. മോസ്‌കോയിൽ യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സംസാരിച്ച ലാവ്‌റോവ്, യുക്രൈനുമായി ചർച്ചകളിലൂടെ നയതന്ത്ര പരിഹാരത്തിന് റഷ്യ പ്രതിജ്ഞാബദ്ധമാണെന്ന് പറഞ്ഞു.

3.ഉന്നതതല ചര്‍ച്ചയ്ക്ക് ശുപാര്‍ശ ചെയ്ത് തുര്‍ക്കി

റഷ്യൻ പ്രസിഡന്റ് വ്ളാഡിമര്‍ ​​പുടിൻ യുക്രൈന്‍ പ്രസിഡൻറുമായി നേരിട്ടുള്ള ചർച്ചകൾക്ക് സമ്മതിക്കണമെന്ന് തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ ആവശ്യപ്പെട്ടു. കഴിഞ്ഞ മാസം അവസാനം ഇസ്താംബൂളിൽ യുക്രൈന്‍, റഷ്യൻ ചർച്ചകൾക്ക് ആതിഥേയത്വം വഹിച്ചതുൾപ്പെടെ, യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാനുള്ള തുർക്കിയുടെ നയതന്ത്ര ശ്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ ആഹ്വാനം.

4.റഷ്യന്‍ സൈന്യം ദുര്‍ബലമായെന്ന് പെന്റഗണ്‍

യുക്രൈനെതിരായ യുദ്ധത്തിന് ശേഷം റഷ്യയുടെ സൈന്യം ദുര്‍ബലമായെന്ന് പെന്റഗണ്‍. പെന്റഗൺ പ്രസ് സെക്രട്ടറി ജോൺ കിർബി നാറ്റോ സഖ്യകക്ഷികളും പങ്കാളികളുമായുള്ള യോഗത്തിന് മുമ്പ് പറഞ്ഞു. “റഷ്യയുടെ സമ്പദ്‌വ്യവസ്ഥ തകർന്നിരിക്കുന്നു. സൈന്യം പല തരത്തിൽ ക്ഷയിച്ചു, പൂർണമായും അല്ല, പക്ഷേ തീർച്ചയായും അവർക്ക് യുക്രൈന്‍ അധിനിവേശത്തിൽ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്,” അദ്ദേഹം പറഞ്ഞു.

5.യുക്രൈനില്‍ വെടിനിര്‍ത്തലുണ്ടാകണമെന്ന് യുഎന്‍

ഉക്രെയ്നിൽ വെടിനിർത്തലിനുള്ള സാഹചര്യം എത്രയും വേഗം സൃഷ്ടിക്കണമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ്. ഫലപ്രദമായ സംഭാഷണത്തിനുള്ള സാഹചര്യങ്ങളും എത്രയും വേഗം വെടിനിർത്തലിനുള്ള നടപടിയും സമാധാനപരമായ പരിഹാരത്തിനുള്ള വഴികളും സൃഷ്ടിക്കുന്നതിനായി തങ്ങള്‍ക്ക് താൽപ്പര്യമുണ്ടെന്നും റഷ്യന്‍ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായുള്ള കൂടിക്കാഴ്ചയിൽ ഗുട്ടെറസ് പറഞ്ഞു.

6.ഡൊനെറ്റ്സ്കില്‍ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു

യുക്രൈനിലെ കിഴക്കൻ പ്രദേശമായ ഡൊനെറ്റ്സ്കിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി പ്രാദേശിക ഗവർണർ പറഞ്ഞു. ഒരാൾ ന്യൂയോർക്ക് പട്ടണത്തിലും മറ്റൊരാൾ ട്രാവ്‌നേവിലും കൊല്ലപ്പെട്ടതായും റഷ്യന്‍ സൈന്യം വെടിവയ്പ്പ് തുടരുകയാണെന്നും ഗവര്‍ണര്‍ അറിയിച്ചു.

7.പടിഞ്ഞാറൻ യുക്രൈന്‍ അതിർത്തിക്ക് സമീപം രണ്ട് സ്ഫോടനങ്ങൾ

യുക്രൈനിയന്‍ അതിർത്തിയോട് ചേർന്നുള്ള ഒരു റേഡിയോ കേന്ദ്രത്തിൽ ഇന്ന് രാവിലെ നടന്ന രണ്ട് സ്‌ഫോടനങ്ങളിൽ രണ്ട് ആന്റിനകൾ പ്രവർത്തനരഹിതമായെന്നും, സ്‌ഫോടനത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നും ട്രാൻസ്‌നിസ്‌ട്രിയയിലെ മോൾഡോവൻ വിഘടനവാദി മേഖലയിലെ പോലീസ് അറിയിച്ചു. യുക്രൈനിന്റെ അതിർത്തിയിൽ നിന്ന് ഏകദേശം 12 കിലോമീറ്റർ പടിഞ്ഞാറ് മായാക് എന്ന ചെറിയ പട്ടണത്തിലാണ് സംഭവം നടന്നത്.

8.ഗൊലോവ്‌ചിനോ ഗ്രാമത്തില്‍ ആക്രമണം

റഷ്യയിലെ ബെൽഗൊറോഡ് പ്രവിശ്യയിലെ ഗൊലോവ്‌ചിനോ ഗ്രാമത്തിൽ ചൊവ്വാഴ്ച രാവിലെ യുക്രൈൻ ആക്രമണം നടത്തിയെന്നും നിരവധി കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെന്നും പ്രാദേശിക ഗവർണർ വ്യാചെസ്ലാവ് ഗ്ലാഡ്‌കോവ് പറഞ്ഞു. എന്നാൽ ആക്രമണത്തിന്റെ തെളിവുകൾ നൽകിയിട്ടില്ല.

അതിന് മണിക്കൂറുകൾക്ക് മുമ്പ്, മറ്റൊരു ഗ്രാമമായ ഷുറവ്‌ലിയോവ്കയിൽ നടന്ന ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായും ഗ്ലാഡ്‌കോവ് പറഞ്ഞു. രണ്ട് ആക്രമണങ്ങളും മിസൈൽ ആക്രമണമാണോ ഷെല്ലാക്രമണമാണോ എന്ന് വ്യക്തമാക്കിയിട്ടില്ല.

9.യുക്രൈനിലെ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരയും ആക്രമണം

യുക്രൈനിലെ ക്രെമെൻചുക് എണ്ണ ശുദ്ധീകരണശാലയ്ക്ക് നേരെ മിസൈൽ ആക്രമണം നടത്തിയെന്നും യുക്രൈന്റെ സൈനിക താവളങ്ങൾ ആക്രമിച്ചെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയവും റിപ്പോർട്ട് ചെയ്തു. “റഷ്യൻ ഫെഡറേഷന്റെ സായുധ സേന യുക്രൈനിൽ പ്രത്യേക സൈനിക ഓപ്പറേഷൻ തുടരുന്നു,” എന്ന് മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.

10.യുക്രൈൻ നഗരം ക്രെമിന്ന റഷ്യ പിടിച്ചെടുത്തതായി യുകെ

യുക്രൈൻ നഗരമായ ക്രെമിന്ന റഷ്യൻ സേന പിടിച്ചെടുത്തതായി ബ്രിട്ടീഷ് ആഭ്യന്തര മന്ത്രാലയം. കടുത്ത പോരാട്ടങ്ങൾക്കൊടുവിൽ ക്രെമിന്ന റഷ്യൻ സേനയ്ക്ക് മുന്നിൽ വീണെന്ന് ബ്രിട്ടീഷ് ആഭ്യന്തരമന്ത്രാലയം ട്വീറ്റിൽ പറഞ്ഞു, എന്നാൽ യുക്രൈൻ ഇതുവരെ പ്രതികരിച്ചിട്ടില്ല. കീവിൽ നിന്ന് 575 കിലോമീറ്റർ അകലെയുള്ള ക്രെമിന്ന പിടിച്ചെടുത്തതായി റഷ്യ ദിവസങ്ങൾക്ക് മുൻപ് അവകാശപ്പെട്ടിരുന്നു.

യുക്രൈന്റെ കിഴക്കൻ മേഖലകളിൽ റഷ്യ ആക്രമണം തുടരുകയാണ്. യുക്രൈനിൽ ഏറ്റവും ഉള്ളിലായി സ്ഥിതിചെയ്യുന്ന റെയിൽ, എണ്ണ കേന്ദ്രങ്ങൾക്ക് നേരെ റഷ്യ തിങ്കളാഴ്ച ആക്രമണം നടത്തിയതായി എപി റിപ്പോർട്ട് ചെയ്തു.

Also Read: Russia – Ukraine war news: പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പുടിന്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 26 updates

Best of Express