scorecardresearch
Latest News

Russia – Ukraine war news: പാശ്ചാത്യ രാജ്യങ്ങള്‍ക്കെതിരെ ഗുരുതര ആരോപണവുമായി പുടിന്‍

റഷ്യയുടെ ആക്രമണം യൂറോപ്പിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയായാണ് കാണുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ

Russia-Ukraine War News

Russia – Ukraine war news: കീവ്: യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി ഒന്‍പതാം ആഴ്ചയിലേക്ക് കടന്നിട്ടും സാഹചര്യങ്ങള്‍ ഗുരുതരമായി തന്നെ തുടരുന്നു. യുക്രൈനിലെ പ്രധാന നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള ആക്രമണം അവസാനിപ്പിക്കാതെ തുടരുകയാണ് റഷ്യ. ബ്രിട്ടീഷ് ഇന്റലിജന്‍സിന്റെ റിപ്പോര്‍ട്ട് പ്രകാരം റഷ്യന്‍ സൈന്യത്തിന് നേരിയ മുന്നേറ്റമുണ്ടാക്കാനായിട്ടുണ്ട്. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1.റഷ്യയെ തകര്‍ക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍ ശ്രമിക്കുന്നെന്ന് പുടിന്‍

റഷ്യയെ നശിപ്പിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ശ്രമിക്കുന്നതായി പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആരോപിച്ചു. രാജ്യത്തെ വിഭജിക്കാനും അതിന്റെ സായുധ സേനയെ അപകീർത്തിപ്പെടുത്താനും വിദേശ ചാരന്മാർ നടത്തിയ ഗൂഢാലോചനയില്‍ പ്രോസിക്യൂട്ടര്‍മാര്‍ കർശനമായ നിലപാട് സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു.

2.റഷ്യയുടെ ആക്രമണം യൂറോപ്പിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്

റഷ്യയുടെ ആക്രമണം യൂറോപ്പിന്റെ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയായാണ് കാണുന്നതെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ. യുക്രൈനെതിരായ ന്യായരഹിതമായ ആക്രമണം തന്ത്രപരമായ പരാജയമാകുമെന്ന് ഞങ്ങൾ ഉറപ്പാക്കും. സ്വാതന്ത്ര്യത്തിനായി പോരാടുന്നതിന് യുക്രൈനെ സഹായിക്കാൻ ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുന്നു. ഞങ്ങൾ ഫലപ്രദമായ ഉപരോധങ്ങൾ ഏർപ്പെടുത്തി, ഉര്‍സുല കൂട്ടിച്ചേര്‍ത്തു.

3.യുക്രൈനിലെ എണ്ണ ശുദ്ധീകരണ ശാലയില്‍ റഷ്യന്‍ ആക്രമണം

യുക്രൈനിലെ ക്രെമെൻചുക് എണ്ണ ശുദ്ധീകരണ ശാലയേയും സൈനിക കേന്ദ്രങ്ങളേയു ദീർഘദൂര മിസൈലുകൾ ഉപയോഗിച്ച് ആക്രമിച്ചതായി റഷ്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു. “റഷ്യൻ ഫെഡറേഷന്റെ സായുധ സേന ഉക്രെയ്നിൽ പ്രത്യേക സൈനിക നടപടി തുടരുന്നു,” മന്ത്രാലയത്തെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് പറഞ്ഞു.

4.കീവിലെ എംബസി തുറക്കാന്‍ അമേരിക്ക

കീവിലെ എംബസി ഉടന്‍ തുറക്കാന്‍ പദ്ധതിയിടുന്നതായി അമേരിക്ക. യുക്രൈന്‍ സന്ദര്‍ശിച്ച അമേരിക്കന്‍ ഉദ്യോഗസ്ഥര്‍ യുക്രൈന് കൂടുതൽ സൈനിക സഹായം വാഗ്ദാനം ചെയ്യുകയും റഷ്യയുടെ അധിനിവേശത്തിനെതിരായ പോരാട്ടത്തെ അഭിനന്ദിക്കുകയും ചെയ്തു.

5.അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി റഷ്യ

യുക്രൈനിലേക്ക് കൂടുതൽ ആയുധങ്ങൾ അയയ്ക്കുന്നതിനെതിരെ റഷ്യ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകിയതായി വാഷിംഗ്ടണിലെ മോസ്കോയുടെ അംബാസഡറിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. “യുക്രെയിനിലേക്ക് അമേരിക്ക ആയുധങ്ങൾ അയക്കുന്ന നടപടി അംഗീകരിക്കാനാവുന്നതല്ലെന്ന് ഞങ്ങൾ ഊന്നിപ്പറഞ്ഞു, ഈ രീതി അവസാനിപ്പിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടു,” അനറ്റോലി അന്റോനോവ് ഒരു സ്റ്റേറ്റ് മീഡിയ ടിവി ചാനലായ റോസിയ 24 നോട് പറഞ്ഞു.

6.യുക്രൈനിലെ വിന്നിറ്റ്സിയ മേഖലയിൽ റോക്കറ്റ് ആക്രമണം

യുക്രൈനിലെ നഗരമായ വിന്നിറ്റ്സിയയില്‍ റഷ്യ റോക്കറ്റ ആക്രമണം നടത്തിയതായി മേഖലയുടെ ഗവര്‍ണര്‍ സെർജിയോ ബോർട്ട്സോവ് അറിയിച്ചു. നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും ആദ്ദേഹം പറഞ്ഞു. കൂടാതെ പരിക്കേറ്റവരുമുണ്ട്. പ്രധാനപ്പെട്ട കെട്ടിടങ്ങള്‍ തകര്‍ക്കാനുള്ള ശ്രമമാണ് നടന്നതെന്നും സെര്‍ജിയോ ആരോപിച്ചു.

7.കീവ് സാധരണ നിലയിലേക്ക്

യുക്രൈന്‍ തലസ്ഥാനമായ കീവില്‍ കാര്യങ്ങല്‍ സാധരണ നിലയിലേക്ക് മടങ്ങുന്നതായി പ്രദേശം സന്ദര്‍ശിച്ച അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പോരാട്ടം കടുത്തതായും യുക്രൈനിലെ സൈനികര്‍ക്ക് ദീര്‍ഘദൂര ആയുധങ്ങളാണ് ആവശ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടാങ്കുകളുടെ ആവശ്യകത യുക്രൈന്‍ പ്രകടിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

8.’റഷ്യ യുദ്ധലക്ഷ്യങ്ങളിൽ പരാജയപ്പെടുന്നു’

റഷ്യ യുദ്ധലക്ഷ്യങ്ങളിൽ പരാജയപ്പെടുകയാണെന്നും യുക്രൈൻ വിജയിക്കുകയാണെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ പറഞ്ഞതായ റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. യുക്രൈന്റെ ചില ഭാഗങ്ങളിൽ റഷ്യ ആക്രമണങ്ങൾ ശക്തമാക്കുമ്പോൾ യുക്രൈൻ പ്രതിരോധം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

കീവ് സന്ദർശിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷമായിരുന്നു പ്രതികരണം. ആന്റണി ബ്ലിങ്കനൊപ്പം യുഎസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിവും കീവിൽ എത്തിയിരുന്നു.

9.റഷ്യക്ക് മുന്നേറ്റം ഉണ്ടായതായി ബ്രിട്ടീഷ് ഇന്റലിജന്‍സ്

ഡോണ്‍ബാസ് മേഖല ലക്ഷ്യമാക്കിയുള്ള ആക്രമണം ആരംഭിച്ചതില്‍ പിന്നെ റഷ്യക്ക് നേരിയ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതായി ബ്രിട്ടീഷ് ഇന്റലിജന്‍സ് അറിയിച്ചു. മതിയായ സൈനിക ശക്തിയില്ലാത്തതിനാല്‍ കാര്യമായ പുരോഗതി കൈവരിക്കാന്‍ റഷ്യക്ക് സാധിച്ചിട്ടില്ലെന്നും ഇന്റലിജന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

10.സൈനിക സഹായവുമായി അമേരിക്ക

യുക്രൈനും മറ്റ് 15 പങ്കാളി രാജ്യങ്ങൾക്കുമായി മൊത്തം 713 മില്യൺ ഡോളറിന്റെ വിദേശ സൈനിക ധനസഹായം നൽകുമെന്ന് യുഎസ് ഉദ്യോഗസ്ഥർ അറിയിച്ചു, അതിൽ ഏകദേശം 322 മില്യൺ ഡോളർ കീവിന് മാത്രമായി മാത്രം നീക്കിവച്ചിരിക്കുകയാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞ.

അതേസമയം, ഡോൺബാസിലേക്ക് നീങ്ങിയ ശേഷം റഷ്യ ചെറിയ മുന്നേറ്റങ്ങൾ നടത്തിയതായി യുകെ പറഞ്ഞു. യുകെയുടെ ആഭ്യന്തര മന്ത്രാലയം ട്വിറ്ററിലൂടെയാണ് ഇക്കാര്യം പറഞ്ഞത്. ആവശ്യത്തിന് സൈനിക ശക്തിയില്ലാത്ത റഷ്യ ഒരു പ്രധാനമുന്നേറ്റത്തിന് ശ്രമിക്കുകയാണെന്ന് ട്വീറ്റിൽ പറഞ്ഞു.

മാരിയോപോളിലെ യുക്രൈന്റെ പ്രതിരോധം റഷ്യൻ സേനയെ ക്ഷീണിപ്പിച്ചെന്നും അവരുടെ പോരാട്ട പ്രാപ്തി കുറയ്ക്കുകയും ചെയ്തതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് പറഞ്ഞു.

Also Read: Russia-Ukraine War News: ഒ‍ഡേസയില്‍ മിസൈല്‍ ആക്രമണം; അഞ്ചു സാധാരണക്കാര്‍ കൊല്ലപ്പെട്ടു

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 25 updates