Russia-Ukraine War News: യുക്രൈനിലെ സൈനിക നടപടിയുടെ രണ്ടാം ഘട്ടത്തില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി റഷ്യ. തുറമുഖ നഗരമായ മരിയുപോളിന് പുറമെ ലുഹാന്‍സ്കിലും കീവിലും ഒഡേസയിലും മിസൈല്‍, പീരങ്കി ആക്രമണങ്ങള്‍ തുടരുകയാണ്. ഒഡേസയിലെ മിസൈല്‍ ആക്രമണത്തില്‍ അഞ്ച് സാധാരണക്കാര്‍ കൊല്ലപ്പെട്ടതായും 18 പേര്‍ക്ക് പരിക്കേറ്റതായും അധികൃതര്‍ അറിയിച്ചു. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റിനു നേരെ റഷ്യ ആക്രമണം കടുപ്പിക്കുകയാണെന്ന് യുക്രൈന്
തുറമുഖ നഗരമായ മരിയുപോളിലെ യുക്രൈന സേനയുടെ അവസാന പ്രതിരോധ ശക്തികേന്ദ്രമായ സ്റ്റീൽ പ്ലാന്റിന് നേരെ റഷ്യൻ സൈന്യം ആക്രമണം നടത്തുകയാണെന്ന് യുക്രൈന് പ്രസിഡൻഷ്യൽ ഓഫീസിലെ ഒരു ഉപദേഷ്ടാവ് ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു. റഷ്യൻ സൈന്യം അസോവ്സ്റ്റലിൽ വ്യോമാക്രമണം പുനരാരംഭിച്ചതായും തകര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ സൈന്യം രക്ഷാപ്രവര്‍ത്തനം തടസപ്പെടുത്തിയെന്ന് യുക്രൈന്
റഷ്യയുടേയും യുക്രൈനിന്റേയും സൈന്യങ്ങള്‍ തമ്മില്‍ ശക്തമായ ഏറ്റുമുട്ടല്‍ നടക്കുന്ന മരിയുപോളില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള അധികൃതരുടെ ശ്രമം പരാജയപ്പെട്ടു. മരിയുപോള്‍ മേയറാണ് ഇക്കാര്യം അറിയിച്ചത്. റഷ്യന്‍ സൈന്യമാണ് ദൗത്യം പരാജയപ്പെടാന്‍ കാരണമെന്നും അവര്‍ ആരോപിച്ചു. രക്ഷപ്രവര്‍ത്തകര്‍ വരുന്നതിനാല്‍ 200 പേര് തയാറായി നില്‍ക്കുകയായിരുന്നെന്നു അവരോട് പിരിഞ്ഞുപോകാന്‍ ആവശ്യപ്പെടേണ്ടി വന്നെന്നും മേയര്‍ കൂട്ടിച്ചേര്‍ത്തു.
ഒഡേസയിലെ കെട്ടിടങ്ങള്‍ക്ക് നേരെ ആക്രമണം
മരിയുപോളിന് പിന്നാലെ യുക്രൈനിലെ മറ്റൊരു തുറമുഖ നഗരമായ ഒഡേസയിലും ആക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം. കെട്ടിടങ്ങള്‍ക്ക് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായണ് ലഭിക്കുന്ന വിവരം. പ്രദേശിക അധികൃതരാണ് ഇക്കാര്യം സംബന്ധിച്ച് ഔദ്യോഗിക വിവരം പ്രസ്താവനയിലൂടെ അറിയിച്ചത്. എന്നാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ വിവരം ലഭ്യമായിട്ടില്ല.
മരിയുപോളിലെ രക്ഷാപ്രവര്‍ത്തനം
റഷ്യന്‍ സൈന്യത്തിന്റെ സാന്നിധ്യം ശക്തമായിട്ടുള്ള തുറമുഖ നഗരമായ മരിയുപോളില്‍ നിന്ന് സാധരണക്കാരെ രക്ഷിക്കാനുള്ള നടപടികള്‍ ഇന്ന് തുടരുമെന്ന് അധികൃതര്‍ അറിയിച്ചു. സ്ത്രീകള്‍, കുട്ടികള്‍, പ്രായമായവര്‍ എന്നിവരെ രക്ഷപ്പെടുത്തുന്നതിനായാണ് പുതിയ നീക്കമെന്ന് ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് അറിയിച്ചു.
സൊളോറ്റയിലും ആക്രമണം, രണ്ട് സാധാരണക്കാര്‍ കൊല്ലപ്പെട്ടു
യുക്രൈനിലെ നഗരങ്ങള്‍ കേന്ദ്രീകരിച്ചുള്ള റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു. ലുഹാന്‍സ്ക് മേഖലയ്ക്ക് സമീപമുള്ള സൊളോറ്റയിലാണ് പുതുതായി ആക്രമണം ഉണ്ടായത്. ഇന്ന് വൈകുന്നേരമുണ്ടായ ആക്രമണത്തില്‍ രണ്ട് പേര് കൊല്ലപ്പെട്ടു. രണ്ട് പേര്‍ക്ക് പരിക്ക് പറ്റിയതായും മേഖലയുടെ ഗവര്‍ണര്‍ അറിയിച്ചു.
റഷ്യന്‍ ഷെല്ലാക്രമണത്തില്‍ പോപാസ്നയില്‍ രണ്ട് മരണം
പോപാസ്ന നഗരത്തിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടതായി ലുഹാൻസ്ക് ഗവർണർ സെർഹി ഹൈദായി പറഞ്ഞു. ഈ മേഖലയില്‍ ജനങ്ങള്‍ താമസിക്കുന്ന കെട്ടിടങ്ങൾക്ക് നേരെ കഴിഞ്ഞ ദിവസം 12 തവണ ഷെല്ലാക്രമണം നടത്തിയെന്നും പോപാസ്നയിലാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യാഘാതം ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ഏതാനം ആഴ്ചകളായി ഏറ്റുമുട്ടല്‍ ശക്തമായി തുടരുകയാണ്. ജനങ്ങല്‍ താമസിക്കുന്ന കെട്ടിടങ്ങള്‍ കേന്ദ്രീകരിച്ചാണ് റഷ്യന്‍ സൈന്യം ആക്രമിക്കുന്നത്. ഇന്നലെ പ്രദേശവാസികള്‍ പീരങ്കി ആക്രമണങ്ങളെ അതിജീവിക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല, ഹൈദായി പറഞ്ഞു.
റഷ്യന്‍ സൈന്യത്തിന് കാര്യമായി മുന്നേറാന്‍ സാധിക്കുന്നില്ലെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ്
കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യന്‍ സൈന്യത്തിന് യുക്രൈനില്‍ കാര്യമായ മുന്നേറ്റങ്ങള്‍ നടത്താന്‍ സാധിച്ചിട്ടില്ലെന്ന് ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജന്‍സ് അറിയിച്ചു. യുക്രൈന് സൈന്യത്തിന്റെ പ്രതിരോധം ശക്തമായി തുടരുന്നതാണ് ഇതിന് കാരണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
തുറമുഖ നഗരമായ മരിയുപോളിന്റെ നിയന്ത്രണം ഏറ്റെടുത്തെന്ന് ആവകാശപ്പെടാന്‍ കഴിഞ്ഞിട്ടുണ്ടെങ്കിലും ശക്തമായി തുടരുന്ന ഏറ്റുമുട്ടല്‍ മൂലം ഡോണ്‍ബാസില്‍ മുന്നേറാന്‍ റഷ്യക്ക് കഴിയുന്നില്ലെന്നും ബ്രിട്ടീഷ് പ്രധിരോധ മന്ത്രാലയം പറയുന്നു.
പ്രതിരോധ ആവശ്യങ്ങൾക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നതിനെതിര അമേരിക്ക
പ്രതിരോധ ആവശ്യങ്ങള്‍ക്കായി ഇന്ത്യ റഷ്യയെ ആശ്രയിക്കുന്നത് പ്രോത്സാഹിപ്പിക്കാതെ അമേരിക്ക. “ഇന്ത്യയും മറ്റ് രാജ്യങ്ങളും പ്രതിരോധ ആവശ്യങ്ങള്‍ക്കായി റഷ്യയെ സമീപിക്കുന്നതിനോട് താത്പര്യമില്ലെന്ന കാര്യം ഞങ്ങള്‍ ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്. ഇത് പ്രോത്സാഹിപ്പിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല,” പെന്റഗണ്‍ പ്രസ് സെക്രട്ടറി ജോണ്‍ കിര്‍ബി പറഞ്ഞു.
“അതേസമയം തന്നെ ഞങ്ങള്‍ക്ക് ഇന്ത്യയുമായുള്ള പ്രതിരോധ പങ്കാളിത്തത്തെ ബഹുമാനിക്കുകയും ചെയ്യുന്നു. വളരെ മികച്ച രീതിയില്‍ ഈ ബന്ധം മുന്നോട്ട് കൊണ്ടുപോകാനാണ് ആഗ്രഹിക്കുന്നത്. വളരെ പ്രധാനമായതുകൊണ്ട് തന്നെ അതു തുടരും,” കിര്‍ബി കൂട്ടിച്ചേര്‍ത്തു.
യുക്രൈന് ശേഷം റഷ്യ മറ്റ് രാജ്യങ്ങളിലേക്കും എത്തും; മുന്നറിയിപ്പുമായി സെലെൻസ്കി
തെക്കൻ യുക്രൈന് മേൽ പൂർണ്ണ നിയന്ത്രണം വേണമെന്ന് ഒരു റഷ്യൻ ജനറൽ പറഞ്ഞതിന് പിന്നാലെ, തന്റെ രാജ്യത്ത് റഷ്യയുടെ അധിനിവേശം ഒരു തുടക്കം മാത്രമാണെന്നും മറ്റ് രാജ്യങ്ങൾ പിടിച്ചെടുക്കാൻ അവർക്ക് പദ്ധതിയുണ്ടെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി മുന്നറിയിപ്പ് നൽകി.
റഷ്യയുടെ സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി കമാൻഡറായ റുസ്തം മിനെകയേവ്, തെക്കൻ യുക്രൈന്റെ പൂർണ്ണ നിയന്ത്രണം ലഭിച്ചാൽ പടിഞ്ഞാറ് മോൾഡോവയിലെ റഷ്യൻ അധിനിവേശ ഭാഗമായ ട്രാൻസ്നിസ്ട്രിയയിലേക്ക് പ്രവേശനം ലഭിക്കുമെന്ന് പറഞ്ഞതായി റഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
യുക്രൈനിന്റെ മുഴുവൻ തീരപ്രദേശത്തെയും ഛേദിച്ചുകളയുന്നതാകും ഈ നീക്കം, റഷ്യൻ തീരദേശ നഗരങ്ങളായ മൈക്കോലൈവ്, ഒഡെസ എന്നിവയെ തകർത്ത് കൊണ്ടാകും ആ മുന്നേറ്റം. റഷ്യയ്ക്ക് യുക്രൈനിന് മേലുള്ള ആഗ്രഹങ്ങൾ വിശദമാക്കുന്ന പ്രസ്താവനകളിലൊന്നാണ് ഈ പ്രസ്താവന, കൂടാതെ ആക്രമണം ഉടനെയൊന്നും അവസാനിപ്പിക്കാൻ റഷ്യയ്ക്ക് പദ്ധതിയില്ലെന്നും ഇത് സൂചിപ്പിക്കുന്നു.
ഡോൺബാസിന്റെയും തെക്കൻ യുക്രൈനിന്റേയും നിയന്ത്രണം ഏറ്റെടുക്കാന്‍ പദ്ധതി
യുക്രൈനിലെ സൈനിക നടപടിയുടെ രണ്ടാം ഘട്ടത്തിൽ ഡോൺബാസിന്റെയും തെക്കൻ മേഖലയുടേയും പൂർണ്ണ നിയന്ത്രണം ഏറ്റെടുക്കാൻ റഷ്യ പദ്ധതിയിടുന്നതായി റഷ്യയുടെ സെൻട്രൽ മിലിട്ടറി ഡിസ്ട്രിക്റ്റിന്റെ ഡെപ്യൂട്ടി കമാൻഡർ പറഞ്ഞു.