Russia-Ukraine War News: യുക്രൈനില്‍ ആക്രമണം കൂടുതല്‍ ശക്തമാക്കി റഷ്യ. തുറമുഖ നഗരമായ മരിയുപോള്‍ കീഴടക്കിയതായി റഷ്യ അവകാശപ്പെട്ടു. നിയന്ത്രണം ഏറ്റെടുത്തെങ്കിലും സൈനികരോട് മരിയുപോളില്‍ തന്നെ തുടരാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന് നിര്‍ദേശിച്ചു. മരിയുപോളിന് പുറമെ ഹര്‍കീവ്, ലുഹാന്‍സ്ക് എന്നിവിടങ്ങളിലും യുക്രൈന് സൈന്യം തിരിച്ചടി നേരിടുകയാണ്. യുക്രൈന്-റഷ്യ ഏറ്റുമുട്ടലിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
1.ഹര്‍കീവില്‍ ബോംബാക്രമണം രൂക്ഷമായതായി മേയര്‍
യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹര്‍കീവില്‍ ബോംബാക്രമണം രൂക്ഷമാവുകയാണെന്ന് മേയര്‍ ഇഹോര്‍ തെരെഖോവ് അറിയിച്ചു. “വലിയ സ്ഫോടനങ്ങള്‍ നടക്കുന്നു, റഷ്യന്‍ ഫെഡെറേഷന്‍ നഗരം തീവ്രമായി ആക്രമിക്കുകയാണ്,” തെരെഖോവ് വ്യക്തമാക്കി. വടക്കുകിഴക്കൻ നഗരത്തിൽ ഏകദേശം പത്തു ലക്ഷത്തോളം ആളുകൾ അവശേഷിക്കുന്നുണ്ടെന്നും, ആകെ ജനസംഖ്യയുടെ 30% ആളുകളും (സ്ത്രീകളും കുട്ടികളും പ്രായമായവരും) നഗരത്തില്‍ നിന്ന് പലായനം ചെയ്തതായും അദ്ദേഹം പറഞ്ഞു.
2.യുക്രൈന് വിഷയും മോദിയുമായി ചര്‍ച്ച ചെയ്തെന്ന് ബോറിസ് ജോണ്സണ്
യുക്രൈന് വിഷയം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നയതന്ത്ര തലത്തിൽ ഉന്നയിച്ചിട്ടുണ്ടെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ. ഇന്ത്യയും റഷ്യയും തമ്മിലുള്ള ചരിത്രപരമായ ബന്ധം വളരെ വ്യത്യസ്തമാണെന്നും എല്ലാവരും അത് മനസിലാക്കുന്നുണ്ടെന്നും ബോറിസ് കൂട്ടിച്ചേര്‍ത്തു. യുക്രൈനിലെ റഷ്യയുടെ സൈനിക നടപടിയില്‍ ഇന്ത്യ നിഷ്പക്ഷ നിലപാട് സ്വീകരിച്ച സാഹചര്യത്തിലാണ് ബോറിസിന്റെ ഇന്ത്യന്‍ സന്ദര്‍ശനം. റഷ്യയ്ക്കെതിരെ ഇന്ത്യ ശക്തമായ നിലപാട് സ്വീകരിക്കുന്നില്ലെന്ന പാശ്ചാത്യ രാജ്യങ്ങള്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു, പ്രത്യേകിച്ചും അമേരിക്ക.
3.’റഷ്യയുടെ സൈനിക നടപടി ആസുത്രണം ചെയ്തതുപോലെ മുന്നോട്ട് പോകുന്നു‘
തുറമുഖ നഗരമായ മരിയുപോളില്‍ യുക്രൈന് സേനയുടെ അവസാനത്തെ താവളമായ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിൽ ആക്രമണം നടത്തരുതെന്ന് പ്രസിഡന്റ് വ്ളാഡിമിർ പുടിൻ സൈന്യത്തിന് നിര്‍ദേശം നല്കി. എന്നാല്‍ യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി “ആസൂത്രണം ചെയ്തത് അനുസരിച്ച് തുടരുന്നു” എന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറയുന്നു. മരിയുപോളില്‍ യുക്രൈനിയന്‍ സൈനികര്‍ക്ക് ആയുധം താഴെ വച്ച് കീഴടങ്ങാനുള്ള അവസരമുണ്ടെന്നും പെസ്കോവ് മാധ്യമങ്ങളോട് പറഞ്ഞു.
4.സമാധാന ചര്‍ച്ച: യുക്രൈന് എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്ന് റഷ്യ
ഇരുരാജ്യങ്ങളും തമ്മിലുള്ള സമാധാന ചർച്ചകളിൽ റഷ്യ നല്കിയ രേഖാമൂലമുള്ള നിർദ്ദേശത്തോടുള്ള യുക്രൈനിന്റെ പ്രതികരണത്തിനായി ഇപ്പോഴും കാത്തിരിക്കുകയാണെന്ന് റഷ്യ വ്യക്തമാക്കി. യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെൻസ്കി ഈ രേഖയെക്കുറിച്ച് അറിയാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും റഷ്യ ഉന്നയിക്കുന്നു. റഷ്യ പറയുന്ന രേഖയെക്കുറിച്ച് കേട്ടിട്ടും കണ്ടിട്ടുമില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം സെലെന്‍സ്കി പറഞ്ഞത്.
5.മരിയുപോള്‍ കീഴടക്കിയതായി റഷ്യ
യുക്രൈനിലെ മരിയുപോള്‍ നഗരം കീഴടക്കിയതായി റഷ്യന്‍ സൈന്യം. യുക്രൈന് സൈനികര്‍ തമ്പടിച്ചിരിക്കുന്ന അസോവ്സ്റ്റല്‍ സ്റ്റീല്‍ പ്ലാന്റ് ഒഴികെയുള്ള നഗരഭാഗങ്ങള്‍ മോചിപ്പിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.
പ്ലാന്റ് ‘സുരക്ഷിതമായി ഉപരോധിച്ചു’ എന്നാണ് ഷോയിഗു വിശേഷിപ്പിച്ചത്. മരിയുപോള്‍ കീഴടക്കിയതിനെ റഷ്യന്‍ പ്രസിഡന്റ് വ്ളാദമിര്‍ പുടിന് ‘വിജയം’ എന്ന് വാഴ്ത്തി. മരിയുപോളില്‍ അവശേഷിക്കുന്ന യുക്രൈനിയന്‍ ശക്തികേന്ദ്രത്തില്‍ ആക്രമണം നടത്തരുതെന്ന് അദ്ദേഹം സൈന്യത്തോട് ഉത്തരവിട്ടു. പകരം ‘ഒരു ഈച്ച പോലും കടക്കാനാവാതെ’ ഉപരോധിക്കാനാണ് പുടിന്റെ ഉത്തരവ്.
6.റഷ്യക്കെതിരായ ഉപരോധപ്പട്ടിക വിപുലീകരിച്ച് ബ്രിട്ടണ്
റഷ്യക്കെതിരായ ഉപരോധങ്ങളുടെ പട്ടിക വിപുലീകരിച്ച് ബ്രിട്ടണ്. 26 പുതിയ പദവികള്‍ കൂടി ഉള്‍പ്പെടുത്തിയതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു. റഷ്യൻ സൈനിക വ്യക്തികളുടെയും ബിസിനസ് എക്സിക്യൂട്ടീവുകളുടെയും പേരുകളാണ് ഉള്‍പ്പെടുത്തിയത്. പ്രധാനമന്ത്രി ബോറിസ് ജോൺസൺ, പ്രതിരോധ സെക്രട്ടറി ബെൻ വാലസ്, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് എന്നിവരുൾപ്പെടെ യുകെയിലെ ഉന്നത നേതാക്കൾക്കെതിരെ റഷ്യൻ വിദേശകാര്യ മന്ത്രാലയം യാത്രാ വിലക്ക് ഏർപ്പെടുത്തിയതിന് പിന്നാലെയാണ് നടപടി.
7.ലുഹാന്‍സ്കിന്റെ 80 ശതമാനം നിയന്ത്രണവും റഷ്യ ഏറ്റെടുത്തു
കിഴക്കൻ യുക്രൈനിലെ ഡോൺബാസ് മേഖല ഉൾപ്പെടുന്ന രണ്ട് പ്രദേശങ്ങളിൽ ഒന്നായ ലുഹാന്‍സ്കിന്റെ 80 ശതമാനം നിയന്ത്രണവും റഷ്യന്‍ സൈന്യത്തിനാണെന്ന് ലുഹാൻസ്ക് ഗവർണർ പറഞ്ഞു. കിഴക്കൻ, തെക്കൻ മേഖലകള്‍ കേന്ദ്രീകരിച്ച് ആക്രമണം പുനരാരംഭിച്ച റഷ്യന്‍ സൈന്യം ലുഹാൻസ്ക് മേഖലയിൽ ആക്രമണം ശക്തമാക്കിയതായി ഗവർണർ സെർഹി ഹൈദായി കൂട്ടിച്ചേര്‍ത്തു. ക്രെമിന്ന പിടിച്ചടക്കിയ ശേഷം റഷ്യന്‍ സൈന്യം ഇപ്പോൾ റൂബിഷ്നെ, പോപാസ്ന നഗരങ്ങളാണ് ലക്ഷ്യമിടുന്നതെന്നും എല്ലാ താമസക്കാരോടും ഉടനടി പ്രദേശത്തു നിന്ന് ഒഴിയാൻ നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
8.മരിയുപോള്‍ രക്ഷാപ്രവര്‍ത്തനം; റഷ്യക്കെതിരെ യുക്രൈന്
ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിൽ നിന്ന് സ്ത്രീകളെയും കുട്ടികളെയും പ്രായമായവരെയും രക്ഷപ്പെടുത്തുന്നതിനായുള്ള പ്രാദേശിക വെടിനിർത്തൽ കരാർ പാലിക്കുന്നതിൽ റഷ്യൻ സൈന്യം പരാജയപ്പെട്ടതായി യുക്രൈന് ആരോപിച്ചു.
മരിയുപോളിൽ നിന്ന് മാനുഷിക ഇടനാഴി തുറക്കാനായി റഷ്യുമായി കരാർ ഉറപ്പിച്ചതായി യുക്രൈനിയന്‍ അധികൃതർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. 90 ബസുകള്‍ ഉപയോഗിച്ച് 6,000 പേരെ അവിടെ നിന്ന് രക്ഷിക്കാമെന്നായിരുന്നു പദ്ധതി.
എന്നാൽ കുറച്ച് ബസുകൾക്ക് മാത്രമാണ് മരിയുപോളിൽ എത്താൻ കഴിഞ്ഞതെന്നും പ്രതീക്ഷിച്ചതിലും കുറച്ച് ആളുകളെയെ രക്ഷപ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളെന്നും റീജിയണൽ ഗവർണർ പാവ്ലോ കിറിലെങ്കോ പറഞ്ഞു.
9.യുദ്ധത്തടവുകാരെ കൈമാറി റഷ്യ
യുദ്ധത്തടവുകാരുടെ കൈമാറ്റത്തിൽ രണ്ട് ഓഫീസർമാർ ഉൾപ്പെടെ 10 സൈനികരെയും ഒമ്പത് സാധാരണക്കാരെയും റഷ്യ യുക്രൈന് കൈമാറിയെന്ന് യുക്രൈനിയന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. ഇത്തവണം കൈമാറ്റം ചെയ്തവരില്‍ പരിക്കുപറ്റിയവരുമുണ്ടായിരുന്നതായും ഇനി അവര്‍ക്കെല്ലാം പൂര്‍ണ ചികിത്സ ലഭ്യമാകുമെന്നും ഐറിന പറഞ്ഞു.
10.യുക്രൈന് കൂടുതല്‍ സൈനിക സഹായം പ്രഖ്യാപിക്കാന്‍ ബൈഡന്
റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ യുക്രൈന് കൂടുതൽ സൈനിക സഹായം അയയ്ക്കാനുള്ള പദ്ധതികൾ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡൻ ഉടന്‍ പ്രഖ്യാപിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥനാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
യുക്രൈനായി അമേരിക്കന്‍ ഭരണകൂടം ഇതിനകം പ്രഖ്യാപിച്ചിട്ടുള്ള ഏകദേശം 2.6 ബില്യൺ യുഎസ് ഡോളർ സൈനിക സഹായവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വൈറ്റ് ഹൗസില്‍ വച്ച് നടത്തുന്ന പ്രസംഗത്തില്‍ ബൈഡന് പ്രഖ്യാപിക്കുമെന്നാണ് ഉദ്യോഗസ്ഥന് പറയുന്നത്. പുതുതായി പ്രഖ്യാപിക്കുന്ന സൈനിക സഹായം കഴിഞ്ഞ വാരം പ്രഖ്യാപിച്ച 800 മില്യണ്‍ ഡോളറിന്റേതിന് സമാനമായിരിക്കുമെന്നുമാണ് വിവരം.
Also Read: Russia-Ukraine War News: മരിയുപോള്‍ കീഴടക്കിയതായി റഷ്യ; ഒരു ഈച്ച പോലും കടക്കരുതെന്നു പുടിന്