scorecardresearch
Latest News

Russia-Ukraine War News: ബ്രോവറി നഗരം റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി യുക്രൈൻ

Russia-Ukraine War News: അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരുന്നു

Russia-Ukraine War News: ബ്രോവറി നഗരം റഷ്യയിൽനിന്ന് തിരിച്ചുപിടിച്ചതായി യുക്രൈൻ

Russia-Ukraine War News: കീവ്: റഷ്യ-യുക്രൈൻ യുദ്ധം സംബന്ധിച്ച് 10 പ്രധാന സംഭവങ്ങൾ അറിയാം

1- ബ്രോവറി നഗരം റഷ്യയിൽ നിന്ന് തിരിച്ച് പിടിച്ചതായി യുക്രൈൻ

“റഷ്യൻ അധിനിവേശക്കാർ ഇപ്പോൾ ബ്രോവറി ജില്ലയുടെ ഭൂരിഭാഗം പ്രദേശവും വിട്ടുപോയി” എന്ന് യുക്രൈനിലെ ബ്രോവറി നഗരത്തിലെ മേയർ. യുക്രൈനിലെ സൈന്യം അവിടെ ശേഷിക്കുന്ന റഷ്യൻ സൈനികരെയും “സൈനിക ഉപകരണങ്ങളും” നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ തുടങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിരവധി ബ്രോവറി നിവാസികൾ ഇതിനകം നഗരത്തിലേക്ക് മടങ്ങിയിട്ടുണ്ടെന്നും കടകളും വ്യാപാര സ്ഥാപനങ്ങളും വീണ്ടും തുറക്കുകയാണെന്നും മേയർ പറഞ്ഞു.

2- റഷ്യന്‍ ഇന്ധന ഡിപ്പോയില്‍ ആക്രമണം; ഉത്തരവാദിത്തം ഏറ്റെടുക്കാതെ യുക്രൈന്‍

യുക്രൈനിന്റെ അതിർത്തിയിൽ നിന്ന് 25 കിലോ മീറ്റർ അകലെയുള്ള ബെൽഗൊറോഡ് നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റഷ്യന്‍ ഇന്ധന ഡിപ്പോയിൽ ഹെലികോപ്റ്റർ ആക്രമണം നടന്നതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാതെ യുക്രൈന്‍. തന്റെ ഉത്തരവ് പ്രകാരമാണ് ആക്രമണം നടന്നതെന്ന ആരോപണം യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി തള്ളി.

3-യുക്രൈനിയൻ ഫോട്ടോഗ്രാഫർ കൊല്ലപ്പെട്ടത് റഷ്യൻ അധിനിവേശം റിപ്പോർട്ട് ചെയ്യുന്നതിനിടെ

യുക്രൈനിയൻ വാർത്താ വെബ്‌സൈറ്റിൽ ജോലി ചെയ്തിരുന്ന ഫോട്ടോഗ്രാഫറും വീഡിയോഗ്രാഫറുമായ മാക്‌സിം ലെവിൻ, റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് കൊല്ലപ്പെട്ടതെന്ന് അദ്ദേഹം ജോലി ചെയ്തിരുന്ന വാർത്താ വെബ്സൈറ്റ് റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ ഒന്നിന് ഉക്രേനിയൻ തലസ്ഥാനമായ കീവിനു വടക്കുള്ള ഒരു ഗ്രാമത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്നിൽ വെബ്സൈറ്റിന്റെ റിപ്പോർട്ടിൽ പറയുന്നു.

4-കിഴക്കൻ, തെക്കൻ മേഖലകളിൽ കടുത്ത പോരാട്ടം തുടരുന്നതായി യുക്രൈൻ

യുക്രൈനിന്റെ കിഴക്കൻ, തെക്കൻ മേഖലകളിലും പ്രത്യേകിച്ച് ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിലും കനത്ത പോരാട്ടങ്ങൾ നടക്കുകയാണെന്ന് യുക്രൈനിയൻ പ്രസിഡൻഷ്യൽ ഉപദേഷ്ടാവ് ഒലെക്‌സി അരെസ്റ്റോവിച്ച് ശനിയാഴ്ച പറഞ്ഞു.

കീവിന് ചുറ്റുമുള്ള യുക്രൈനിയൻ സൈന്യം മേഖലയിലെ 30 ലധികം പട്ടണങ്ങളോ ഗ്രാമങ്ങളോ തിരിച്ചുപിടിച്ചതായും കിഴക്ക് റഷ്യൻ സൈന്യത്തിനെതിരെ മുൻനിരയിൽ നിലയുറപ്പിച്ചതായും അരെസ്റ്റോവിച്ച് പറഞ്ഞു.

5-സർക്കാർ കെട്ടിടത്തിന് നേർക്കുണ്ടായ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടു

ഉക്രെയ്നിലെ തെക്കൻ തുറമുഖ നഗരമായ മൈക്കോളൈവിലെ റീജിയണൽ അഡ്മിനിസ്ട്രേഷൻ കെട്ടിടത്തിന് നേരെ ചൊവ്വാഴ്ചയുണ്ടായ റോക്കറ്റ് ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതായി ഗവർണർ വിറ്റാലി കിം .

സെൻട്രൽ മൈക്കോളൈവിലെ കെട്ടിടത്തിന്റെ അവശിഷ്ടങ്ങൾക്കിടയിൽ രക്ഷാപ്രവർത്തകർ തിരച്ചിൽ തുടരുകയാണെന്നും അദ്ദേഹം അറിയിച്ചു.

6-പോള്‍ട്ടാവയിലും ക്രെമെന്‍ചുക്കിലും മിസൈല്‍ ആക്രമണം

യുക്രൈനിലെ രണ്ട് പ്രധാന നഗരങ്ങളില്‍ ഇന്ന് രാവിലെ മിസൈല്‍ ആക്രമണമുണ്ടായതായും നിരവധി കെട്ടിടങ്ങള്‍ നശിച്ചതായും പോൾട്ടാവ മേഖലാ മേധാവി ദിമിത്രി ലുനിന്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. പോള്‍ട്ടാവ, ക്രെമെന്‍ചൂക്ക് എന്നീ നഗരങ്ങളിലായി നിരവധി ആക്രമണങ്ങള്‍ നടന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫോള്‍ട്ടാവ സിറ്റി പോള്‍ട്ടാവയുടെ തലസ്ഥാനമാണ്, ക്രെമെന്‍ചുക്ക് പ്രധാനപ്പെട്ട നഗരവും. എന്നാല്‍ ആളാപായം സംബന്ധിച്ച് ഔദ്യോഗിക വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

7-കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍

യൂറോപ്യൻ യൂണിയൻ റഷ്യയ്‌ക്കെതിരായി കൂടുതൽ ഉപരോധങ്ങൾ ഏര്‍പ്പെടുത്തുന്നതിനായി പ്രവർത്തിക്കുന്നുണ്ടെന്നും എന്നാല്‍ അധിക നടപടികളൊന്നും ഊർജ മേഖലയെ ബാധിക്കില്ലെന്നും യൂറോപ്യൻ യൂണിയന്റെ സാമ്പത്തിക കമ്മീഷണർ പൗലോ ജെന്റിലോണി അറിയിച്ചു. യുദ്ധം മൂലമുണ്ടായ വളര്‍ച്ച മാന്ദ്യത്തെ യൂറോപ്യന്‍ യൂണിയന്‍ നേരിടും. നാല് ശതമാനം വളര്‍ച്ച നിരക്കാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നെങ്കിലും അത് യൂറോപ്യന്‍ യൂണിയന്‍ കൈവരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

8-റഷ്യക്കെതിരായ ഉപരോധങ്ങള്‍ മനപൂര്‍വം മറികടക്കുന്നതല്ലെന്ന് ചൈന

റഷ്യയ്‌ക്കെതിരായ ഉപരോധം ചൈന ബോധപൂർവം മറികടക്കുന്നില്ലെന്ന് മുതിർന്ന ചൈനീസ് നയതന്ത്രജ്ഞൻ അറിയിച്ചു. ചൈനയും യൂറോപ്യൻ യൂണിയനും ഒരു വെർച്വൽ ഉച്ചകോടി നടത്തിയതിന് തൊട്ടുപിന്നാലെയാണ് പ്രതികരണം. യുക്രൈന്‍ അധിനിവേശത്തെ തുടർന്ന് ഏർപ്പെടുത്തിയ ഉപരോധങ്ങൾ മറികടന്ന് പ്രവര്‍ത്തിക്കാന്‍ റഷ്യയെ അനുവദിക്കരുതെന്ന് യൂറോപ്യൻ യൂണിയൻ ചൈനയോട് ആവശ്യപ്പെട്ടിരുന്നു. റഷ്യയുമായി സാധാരണ വ്യാപാരം നടത്തി ആഗോള സമ്പദ്‌വ്യവസ്ഥയിൽ ചൈന സംഭാവന ചെയ്യുകയാണെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയത്തിലെ യൂറോപ് സംബന്ധിത ഡയറക്ടർ ജനറൽ വാങ് ലുട്ടോംഗ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

9- മരിയുപോളില്‍ രക്ഷാപ്രവര്‍ത്തന ശ്രമവുമായി റെഡ് ക്രോസ്

മരിയുപോളിലെ തുറമുഖ പ്രദേശത്ത് കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷിക്കാന്‍ ശ്രമവുമായി റെഡ് ക്രോസ്. റഷ്യന്‍ സൈന്യത്താല്‍ ചുറ്റപ്പെട്ട മേഖലയിലേക്ക് റെഡ് ക്രോസിന്റെ വാഹനവ്യൂഹം രക്ഷാപ്രവര്‍ത്തനത്തിനായി ശ്രമിക്കുമെന്നാണ് ലഭിക്കുന്ന വിവരം. യുക്രൈനിന്റെ തെക്കു കിഴക്കന്‍ പ്രദേശങ്ങളില്‍ ആക്രമണങ്ങള്‍ക്കായി റഷ്യന്‍ സൈന്യം വീണ്ടും സംഘടിക്കുന്ന സാഹചര്യത്തിലാണ് നടപടി.

റഷ്യന്‍ അധിനിവേശം അഞ്ചാം വാരം പിന്നിടുമ്പോള്‍ ആക്രമണങ്ങള്‍ സജീവമായി തുടരുകയാണ്. അധിനിവേശത്തിന്റെ ആദ്യ നാളുകളില്‍ തന്നെ മരിയുപോള്‍ റഷ്യന്‍ സൈന്യം വളഞ്ഞിരുന്നു. റഷ്യയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നായിരുന്നു മരിയുപോള്‍. പ്രസ്തുത മേഖലയില്‍ വെള്ളവും ഭക്ഷണവും ലഭിക്കാതെ പതിനായിരങ്ങളാണ് കുടുങ്ങിക്കിടക്കുന്നത്.

ഇന്റർനാഷണൽ കമ്മിറ്റി ഓഫ് റെഡ് ക്രോസ് (ഐസിആര്‍സി) വെള്ളിയാഴ്ച 54 ബസുകളും മറ്റ് സ്വകാര്യ വാഹനങ്ങളും നഗരത്തിന് പുറത്തേക്ക് എത്തിക്കുന്നതിനായി ഒരു ടീമിനെ മരിയുപോളിലേക്ക് അയച്ചിരുന്നു. എന്നാൽ പ്രതികൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് അവര്‍ പിന്തിരിയുകയായിരുന്നു. ഇന്ന് വീണ്ടും ശ്രമം തുടരുമെന്നാണ് റെഡ് ക്രോസ് അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.

10- തെക്കു കിഴക്കന്‍ മേഖല ലക്ഷ്യമാക്കി റഷ്യ

അതേസമയം, സൈനിക നീക്കം വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് വ്ളാഡിമിര്‍ പുടിന്‍. റഷ്യൻ സൈന്യം ഡോൺബാസ് മേഖലയിലേക്കും വടക്കു കിഴക്കന്‍ യുക്രൈനിലെ രണ്ടാമത്തെ വലിയ നഗരമായ ഹർകിവിന്റെ മേഖലകളിലേക്കും നീങ്ങിയതായി യുക്രൈനിയന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി മുന്നറിയിപ്പ് നൽകി.

Also Read: സാമ്പത്തിക പ്രതിസന്ധി: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ; സംശയം തോന്നുന്നവരെ അറസ്റ്റ് ചെയ്യാന്‍ അനുമതി

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 2 updates