Russia-Ukraine War News: യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി ഒന്പതാം ആഴ്ചയിലേക്ക് അടുക്കുകയാണ്. നിലവിൽ സ്ഥിതിഗതികള് രൂക്ഷമായി തുടരുന്നതായാണ് വിവരം. ഇന്നത്തെ പ്രധാനപ്പെട്ട സംഭവങ്ങള് വായിക്കാം
യുക്രൈനിന്റെ എല്ലാ സേനയെയും നശിപ്പിക്കാൻ റഷ്യ ലക്ഷ്യമിടുന്നതായി യുക്രൈൻ പ്രതിരോധ മന്ത്രാലയം
റഷ്യ അവരുടെ പുതിയ ആക്രമണത്തിലൂടെ, യുക്രൈനിലെ ലുഹാൻസ്ക്, ഡൊണെറ്റ്സ്ക് പ്രദേശങ്ങൾ പിടിച്ചെടുക്കാനും പ്രദേശത്തിനും ക്രിമിയയ്ക്കും ഇടയിൽ ഒരു കര ബന്ധം സൃഷ്ടിക്കാനും ലക്ഷ്യമിടുന്നതായി യുക്രൈനിന്റെ പ്രതിരോധ മന്ത്രാലയം ചൊവ്വാഴ്ച പറഞ്ഞു. ഉക്രെയ്നിന്റെ എല്ലാ സായുധ സേനകളെയും നശിപ്പിക്കാനും റഷ്യ ലക്ഷ്യമിടുന്നതായി മന്ത്രാലയം പറഞ്ഞു.
കിഴക്കൻ ഉക്രെയ്നിൽ റഷ്യ ‘ഡോൺബാസ് യുദ്ധം’ ആരംഭിച്ചു
കിഴക്കൻ യുക്രൈനിലെ രണ്ട് പ്രവിശ്യകൾ പിടിച്ചെടുക്കാനുള്ള സൈനിക നീക്കം റഷ്യ ആരംഭിച്ചു. ഡോൺബാസ് യുദ്ധം എന്ന പേരിലാണ് സൈനിക നീക്കത്തെ റഷ്യ വിശേഷിപ്പിക്കുന്നത്.
വൻതോതിലുള്ള റഷ്യൻ പീരങ്കികളും റോക്കറ്റ് ബാരേജുകളും ഉപയോഗിച്ച് ഒറ്റരാത്രികൊണ്ട് ആരംഭിച്ച ആക്രമണത്തെ തങ്ങളുടെ സൈന്യം ചെറുക്കുമെന്ന് യുക്രൈൻ പ്രതികരിച്ചു.
കിഴക്കൻ യുക്രൈനിലെ ക്രെമിന നഗരം റഷ്യൻ സേന പിടിച്ചെടുത്തു: ഗവർണർ
കിഴക്കൻയുക്രൈനിലെ ക്രെമിന നഗരം റഷ്യൻ സൈന്യം പിടിച്ചെടുത്തെന്നും യുക്രൈൻ സൈന്യം നഗരത്തിൽ നിന്ന് പിൻവാങ്ങിയെന്നും പ്രാദേശിക ഗവർണർ അറിയിച്ചു. “ക്രെമിന്ന ‘ഓർക്സിന്റെ’ (റഷ്യക്കാരുടെ) നിയന്ത്രണത്തിലാണ്. അവർ നഗരത്തിൽ പ്രവേശിച്ചു,” ലുഹാൻസ്ക് മേഖലയുടെ ഗവർണർ സെർഹി ഗൈഡായി മാധ്യമങ്ങളോട് പറഞ്ഞു.
ബൈഡനും സഖ്യകക്ഷികളും കൂടിക്കാഴ്ച നടത്തി
റഷ്യയുടെ യുക്രൈൻ അധിനിവേശത്തെക്കുറിച്ചുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങളെക്കുറിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച യുഎസ് സഖ്യകക്ഷികളുമായി കൂടിക്കാഴ്ച നടത്തിയതായി വൈറ്റ് ഹൗസ് അറിയിച്ചു. വീഡിയോ കോൺഫറൻസ് വഴിയായിരുന്നു കൂടിക്കാഴ്ച.
കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ, യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ, യൂറോപ്യൻ കൗൺസിൽ പ്രസിഡന്റ് ചാൾസ് മൈക്കൽ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ഡ്രാഗി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ നാറ്റോ സെക്രട്ടറി തുടങ്ങിയവർ ബൈഡനോടൊപ്പം കൂടിക്കാഴ്ചയിൽ പങ്കാളികളായി.
ഡച്ച്, ബെൽജിയൻ നയതന്ത്രജ്ഞരെ പുറത്താക്കി റഷ്യ
15 ഡച്ച് നയതന്ത്രജ്ഞരെ പുറത്താക്കുകയാണെന്ന് റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ചൊവ്വാഴ്ച അറിയിച്ചു. കഴിഞ്ഞ മാസം 18 റഷ്യൻ നയതന്ത്ര ഉദ്യോഗസ്ഥരോട് രാജ്യം വിടാൻ നെതർലൻഡ്സ് ആവശ്യപ്പെട്ടിരുന്നു. ഇതിന് മറുപടിയായാണ് റഷ്യയുടെ നടപടി.പ്രതികാര നടപടിയായി ചില ബെൽജിയൻ നയതന്ത്രജ്ഞരെയും റഷ്യ പുറത്താക്കുകയാണെന്ന് മന്ത്രാലയം പ്രത്യേക പ്രസ്താവനയിൽ പറഞ്ഞു.
ഫെബ്രുവരി 24-ന് മോസ്കോ തങ്ങളുടെ സൈനികരെ ഉക്രെയ്നിലേക്ക് അയച്ചതിനുശേഷം യൂറോപ്യൻ രാജ്യങ്ങൾ 300-ലധികം റഷ്യൻ എംബസി ജീവനക്കാരെ പുറത്താക്കിയിരുന്നു. ചെക്ക് റിപ്പബ്ലിക്, ബൾഗേറിയ, യൂറോപ്യൻ യൂണിയൻ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞരെ പുറത്താക്കിക്കൊണ്ട് റഷ്യ കഴിഞ്ഞ ആഴ്ച പ്രതികരണം ശക്തമാക്കിയിട്ടുണ്ട്.
യുകെ പ്രധാനമന്ത്രി യുഎസ് പ്രസിഡന്റുമായും മറ്റ് ലോക നേതാക്കളുമായും സംസാരിക്കും
റഷ്യ-യുക്രൈൻ വിഷയത്തിൽ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് ലോക നേതാക്കളുമായും കൂടിക്കാഴ്ച നടത്തും. റഷ്യയ്ക്കെതിരായ ഉപരോധം കർശനമാക്കുന്നതിനെക്കുറിച്ചും ഉക്രെയ്നുള്ള കൂടുതൽ പിന്തുണയെക്കുറിച്ചും ചർച്ച ബോറിസ് ജോൺസൺ ലോക നേതാക്കളുമായി സംസാരിക്കുമെന്ന് ജോൺസന്റെ വക്താവ് പറഞ്ഞു.
ആഗോള വളർച്ചാ പ്രവചനം ഐഎംഎഫ് വെട്ടിക്കുറച്ചു
റഷ്യ-യുക്രൈൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള സാമ്പത്തിക വളർച്ചയെക്കുറിച്ചുള്ള പ്രവചനത്തിൽ അന്താരാഷ്ട്ര നാണയ നിധി (ഐഎംഎഫ്) മാറ്റം വരുത്തി. പ്രവചനത്തിൽ ഏതാണ്ട് ഒരു ശതമാനം പോയിന്റോളം അവർ കുറച്ചു.
യുദ്ധം വളർച്ചയെ മന്ദഗതിയിലാക്കുമെന്നും പണപ്പെരുപ്പം ഇനിയും വർദ്ധിപ്പിക്കുമെന്നും ഐഎംഎഫ് അതിന്റെ ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്ലുക്കിൽ പറഞ്ഞു.
യുക്രൈനിലെ ധാന്യ സംഭരണത്തിന്റെ കുറവ് കർഷകരുടെ ദുരിതം വർദ്ധിപ്പിക്കുന്നു
2022-ലെ വിളവെടുപ്പ് ധാന്യം സംഭരിക്കാൻ യുക്രൈന് വേണ്ടത്ര സംഭരണ ശേഷിയിയുണ്ടാകില്ലെന്ന് ഐക്യരാഷ്ട്രസഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാം ചൊവ്വാഴ്ച പറഞ്ഞു. യുദ്ധത്തെ തുടർന്ന് നിലവിലുള്ള സ്റ്റോക്കുകൾ കയറ്റുമതി ചെയ്യാൻ കഴിയാത്തതാണ് കാരണം.
യുക്രൈനിലെ 20 ശതമാനം കൃഷിയിടങ്ങളിലും ജൂലൈയിൽ വിളവെടുക്കില്ലെന്നും മാർച്ച് ഏപ്രിൽ മെയ് മാസങ്ങളിൽ പുതിയ കൃഷികൾ ആരംഭിക്കുന്നത് പതിവിലും മൂന്നിലൊന്ന് കുറവായിരിക്കുമെന്നും കണക്കുകൾ ഉദ്ധരിച്ച് യുക്രൈനിലെ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എമർജൻസി കോർഡിനേറ്ററായ ജേക്കബ് കേൺ പറഞ്ഞു.
ലോകത്തിൽ ഗോതമ്പ് കയറ്റുമതി ചെയ്യുന്നതിൽ മുൻപന്തിയിലുള്ള അഞ്ചാമത്തെ രാജ്യമാണ് യുക്രൈൻ, ചോളം, ബാർലി, സൂര്യകാന്തി വിത്തുകൾ എന്നിവയുടെ ഉത്പാദനത്തിൽ ആദ്യ മൂന്ന് സ്ഥാനങ്ങളിലാണ്. 2021-ൽ ഗോതമ്പ് ഉൽപ്പാദനം ഏകദേശം 40 ദശലക്ഷം ടൺ ആയിരുന്നു.
യുക്രൈൻ സംബന്ധിച്ച് യുഎസുമായും മറ്റ് ലോക നേതാക്കളുമായും സംസാരിക്കാൻ ഒരുങ്ങി യുകെ പ്രധാനമന്ത്രി
റഷ്യയ്ക്കെതിരായ ഉപരോധം കർശനമാക്കുന്നതിനെക്കുറിച്ചും യുക്രൈന് കൂടുതൽ പിന്തുണ നല്കുന്നതിനെക്കുറിച്ചും ചർച്ച ചെയ്യാൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ യുഎസ് പ്രസിഡന്റ് ജോ ബൈഡനുമായും മറ്റ് ലോക നേതാക്കളുമായും ചൊവ്വാഴ്ച സംസാരിക്കുമെന്ന് ജോൺസന്റെ വക്താവ് പറഞ്ഞു.
യുക്രൈൻ സന്ദർശിക്കാൻ ഒരുങ്ങി സ്പെയിൻ പ്രധാനമന്ത്രി സാഞ്ചസ്
സ്പാനിഷ് പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് വരും ദിവസങ്ങളിൽ യുക്രൈൻ തലസ്ഥാനമായ കീവ് സന്ദർശിക്കുമെന്നും പ്രസിഡന്റ് വോളോഡിമർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തുമെന്നും സർക്കാർ വൃത്തങ്ങൾ അറിയിച്ചു.
യൂറോപ്യൻ കമ്മീഷൻ പ്രസിഡൻറ് ഉർസുല വോൺ ഡെർ ലെയ്ൻ, ബ്രിട്ടീഷ്, ചെക്ക് പ്രധാനമന്ത്രിമാർ തുടങ്ങി യൂറോപ്യൻ നേതാക്കളുടെ പാത പിന്തുടരുകയാണ് സാഞ്ചസും. ഫെബ്രുവരി 24 മുതൽ അടച്ചിട്ടിരിക്കുന്ന കീവിലെ എംബസി സ്പെയിൻ തിങ്കളാഴ്ച വീണ്ടും തുറക്കുമെന്ന് സാഞ്ചസ് പറഞ്ഞു.