scorecardresearch

Latest News

Russia – Ukraine War News: ലവീവില്‍ മിസൈല്‍ ആക്രണം; ഏഴ് മരണം, 11 പേര്‍ക്ക് പരിക്ക്

മുമ്പുണ്ടായിരുന്ന 450,000 വരുന്ന ജനസംഖ്യയിൽ 100,000 പേർ ഇപ്പോഴും ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ മരിയോപോളിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം

Russia-Ukraine War News

Russia – Ukraine War News: കീവ്: യുക്രൈനിലെ റഷ്യയുടെ സൈനിക നടപടി ഒന്‍പതാം ആഴ്ചയിലേക്ക് അടുക്കുമ്പോള്‍ സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാകുന്നു. യുക്രൈനിലെ പ്രധാന നഗരങ്ങളായ കീവ്, ലവീവ്, മരിയുപോള്‍, ഹര്‍കീവ് എന്നിവിടങ്ങളില്‍ മിസൈല്‍, ഷെല്ലാക്രമണങ്ങള്‍ തുടരുകയാണ്. നിരവധി സാധാരണക്കാര്‍ കൊല്ലപ്പെട്ടതായാണ് വിവരം. ഇന്നത്തെ പ്രധാനപ്പെട്ട സംഭവങ്ങള്‍ വായിക്കാം.

1.മരിയുപോൾ ആക്രമണം ‘കരുതിക്കൂട്ടിയുള്ള ഭീകരത’ എന്ന് സെലെൻസ്കി

യുക്രൈനിലെ പടിഞ്ഞാറൻ, തെക്കൻ പ്രദേശങ്ങളായ ലവീവ്, ദിനിപ്രോപെട്രോവ്സ്ക് എന്നിവിടങ്ങളിൽ ഒന്നിലധികം സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തതായി അധികൃതർ. കീവിലും തുടർച്ചയായ സ്‌ഫോടനങ്ങൾ ഉണ്ടായതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ദിനിപ്രോപെട്രോവ്ക്സിലുണ്ടായ ആക്രമണത്തിൽ രണ്ട് പേർക്ക് പരുക്കേറ്റതായി മാധ്യമ സ്ഥാപനമായ സസ്പിൽനെ പറഞ്ഞു. നഗരത്തിൽ അഞ്ച് മിസൈൽ ആക്രമണങ്ങൾ നടന്നതായി എൽവിവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. ആളപായമുണ്ടോ എന്ന് വ്യക്തമല്ല.

2.ഷെല്ലാക്രണം. ഹര്‍കീവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടു

യുക്രൈനിന്റെ പ്രധാന നഗരങ്ങളില്‍ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം തുടരുന്നു. ലവീവും കീവിനും പുറമെ ഹര്‍കീവലും ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. ഇതുവരെ ലഭിച്ച വിവരമനുസരിച്ച് ഹര്‍കീവില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.

3.യുക്രൈനിന്റെ പ്രതിരോധം റഷ്യയെ പരീക്ഷിക്കുന്നു

മരിയുപോളിലെ സംഘര്‍ഷം മൂലം കിഴക്കന്‍ യുക്രൈനിലേക്കുള്ള റഷ്യന്‍ സൈന്യത്തിന്റെ മുന്നേറ്റം മന്ദഗതിയിലാക്കുന്നുണ്ടെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. യുക്രൈനിന്റെ പ്രതിരോധം റഷ്യന്‍ സൈന്യത്തെ പരീക്ഷിക്കുകയാണ്. തുറമുഖ നഗരമായ അസോവ് ആഴ്ച്ചകൾക്കുള്ളിൽ റഷ്യൻ ആക്രമണത്തിൽ തകർന്നു. അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ത്തു. സാധാരണക്കാരുടെ മരണവും സംഭവിച്ചിട്ടുണ്ടെന്നും ബ്രിട്ടീഷ് ഇന്റലിജന്‍സ് പറയുന്നു.

4.ലവീവില്‍ ആറ് പേര്‍ കൊല്ലപ്പെട്ടു

പടിഞ്ഞാറൻ യുക്രൈനിയന്‍ നഗരമായ ലവീവില്‍ റഷ്യൻ ആക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും ഒരു കുട്ടിയടക്കം 11 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലവീവ് മേയർ ആൻഡ്രി സഡോവി പറഞ്ഞു. പ്രദേശത്ത് നാല് റഷ്യൻ മിസൈൽ ആക്രമണങ്ങൾ നടന്നിട്ടുണ്ടെന്നും അതിൽ മൂന്നെണ്ണം സൈനിക സൗകര്യങ്ങളിലും ഒരെണ്ണം ടയർ സ്ഥാപനത്തിലും പതിച്ചെന്ന് ലവീവ് റീജിയണൽ ഗവർണർ മാക്‌സിം കോസിറ്റ്‌സ്‌കി പറഞ്ഞു.

5.തെക്കന്‍ യുക്രൈനില്‍ സംഘര്‍ഷം രൂക്ഷം

തെക്കൻ യുക്രൈനിൽ റഷ്യൻ സേന പീഡനങ്ങളും തട്ടിക്കൊണ്ടുപോകലുകളും നടത്തുന്നുണ്ടെന്നും പ്രതികരിക്കണമെന്നും യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ഞായറാഴ്ച ലോകത്തോട് ആഹ്വാനം ചെയ്തു. മാനുഷിക സഹായങ്ങൾ മോഷ്ടിക്കുകയാണെന്നും പട്ടിണി സൃഷ്ടിക്കാൻ ശ്രമം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹെർസൺ, സപ്പോരിജിയ മേഖലകളിലെ അധിനിവേശം ശക്തമായ ഭാഗങ്ങളിൽ, പുതിയ രാഷ്ട്രങ്ങൾ സൃഷ്ടിക്കുകയും റഷ്യൻ കറൻസിയായ റൂബിൾ അവതരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

6‍.കീവിലെ എംബസി തുറക്കാന്‍ സ്പെയിന്‍

യുക്രൈന്‍ തലസ്ഥാനമായ കീവിലെ എംബസി തുറക്കാന്‍ സ്പെയിനൊരുങ്ങുന്നു. പ്രധാനമന്ത്രി പെഡ്രൊ സാഞ്ചസ് അന്റെന 3 ടിവിക്ക് നെറ്റ്വര്‍ക്കിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. റഷ്യ സൈനിക നടപടി ആരംഭിച്ച് ഫെബ്രുവരി 24 നായിരുന്നു കീവിലെ എംബസി സ്പെയിന്‍ അടച്ചത്. ഫ്രാന്‍സ്, ഇറ്റലി തുറങ്ങിയ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും കീവിലെ എംബസികള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.

7.മരിയുപോളിൽ 21,000 പേരോളം കൊല്ലപ്പെട്ടെന്ന് വിവരം

മരിയുപോളിലെ നിരന്തരമായ ബോംബാക്രമണത്തിലും പോരാട്ടങ്ങളിലും കുറഞ്ഞത് 21,000 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ. യുദ്ധത്തിന്റെ ആദ്യ ആഴ്ചകളിൽ റഷ്യൻ വ്യോമാക്രമണത്തിൽ ഒരു കുട്ടികളുടെ ആശുപത്രി തകർന്നിരുന്നു, സാധാരണക്കാർ അഭയം പ്രാപിച്ച ഒരു തീയേറ്ററിന് നേരെയുണ്ടായ ബോംബാക്രമണത്തിൽ 300 ഓളം പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

യുദ്ധത്തിനു മുമ്പുണ്ടായിരുന്ന 450,000 വരുന്ന ജനസംഖ്യയിൽ 100,000 പേർ ഇപ്പോഴും ഭക്ഷണമോ വെള്ളമോ വൈദ്യുതിയോ ഇല്ലാതെ മരിയോപോളിൽ കുടുങ്ങി കിടക്കുകയാണെന്നാണ് വിവരം.

8.യുക്രൈന്‍ സൈന്യത്തിന് നേരെ വന്‍ ആക്രമണം നടത്തിയെന്ന് റഷ്യ

വ്യോമസേന, മിസൈൽ, പീരങ്കി എന്നീ സംവിധാനങ്ങൾ ഉപയോഗിച്ച് യുക്രൈനിയന്‍ സൈന്യത്തിനും അനുബന്ധ സൈനിക നിര്‍മിതികള്‍ക്കും നേരെ ഒറ്റരാത്രികൊണ്ട് ആക്രമണം നടത്തിയതായി റഷ്യ അവകാശപ്പെട്ടു. 16 യുക്രൈനിയന്‍ സൈനിക നിര്‍മിതികളും അഞ്ച് കമാന്‍ഡ് പോസ്റ്റുകളും എണ്ണ ഡിപ്പോയും മൂന്ന് ആയുധപ്പുരകളും തകര്‍ത്തതായാണ് റഷ്യ പറയുന്നത്.

9.പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരെ തകര്‍ക്കുമെന്ന് റഷ്യ

പ്രതിരോധിക്കാൻ ശ്രമിക്കുന്ന എല്ലാവരെയും തകർക്കുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയ വക്താവ് മേജർ ജനറൽ ഇഗോർ കൊനാഷെങ്കോവ് കഴിഞ്ഞ ദിവസം അന്ത്യശാസനം നൽകിയിരുന്നു. മരിയോപോളിൽ പ്രതിരോധം തീർക്കുന്ന സൈനികരോട് കീഴടങ്ങുകയോ മരിക്കുകയോ ചെയ്യുക എന്നായിരുന്നു അന്ത്യശാസനം. എന്നാൽ ഇത് നിരസിച്ച അവർ ശക്തമായ പ്രതിരോധം തീർക്കുകയാണ് എന്നാണ് വിവരം.

10.ക്രെമിന്നയില്‍ രക്ഷപ്പെടാന്‍ ശ്രമിച്ച നാല് സാധാരണക്കാരെ വെടിവച്ചു കൊന്നു

റഷ്യൻ ആക്രമണത്തിനിടെ യുക്രൈനിലെ കിഴക്കൻ ലുഹാൻസ്ക് മേഖലയിലെ ക്രെമിന്ന പട്ടണത്തിൽ നിന്ന് കാറിൽ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ നാല് സാധാരണക്കാർ വെടിയേറ്റ് മരിച്ചതായി പ്രാദേശിക ഗവർണർ സെർഹി ഗൈദായി അറിയിച്ചു.

Also Read: Russia – Ukraine War News: മരിയുപോൾ; കീഴടങ്ങാൻ വിസമ്മതിക്കുന്ന യുക്രൈനിയൻ സൈനികരെ ഇല്ലാതാക്കുമെന്ന് റഷ്യൻ സൈന്യം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 18 updates

Best of Express