scorecardresearch

Russia – Ukraine War News: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണ് പ്രവേശന വിലക്കുമായി റഷ്യ

Russia – Ukraine War News: റഷ്യയുടെ യുദ്ധക്കപ്പലായ മോസ്കാവയില്‍ തങ്ങളുടെ മിസൈലുകള്‍ പതിച്ചതായി യുക്രൈന്‍ സ്ഥിരീകരിച്ചു

Ukraine, Russia

Russia – Ukraine War News: മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം എട്ടാം ആഴ്ചയിലേക്ക് കടന്നിട്ടും സംഘർഷത്തിന് അയവ് വന്നിട്ടില്ല. തുറമുഖ നഗരമായ മരിയുപോള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ റഷ്യ ആക്രമണം ശക്തമാക്കിയിരുന്നു. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1-ബോറിസ് ജോൺസണ് പ്രവേശന വിലക്കുമായി റഷ്യ

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ, വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ്, പ്രതിരോധ സെക്രട്ടറി ബെൻ വാലസ് എന്നിവർക്കും മറ്റ് 10 ബ്രിട്ടീഷ് സർക്കാർ അംഗങ്ങൾക്കും രാഷ്ട്രീയക്കാർക്കും രാജ്യത്തേക്ക് പ്രവേശനം വിലക്കിയതായി റഷ്യയുടെ വിദേശകാര്യ മന്ത്രാലയം ശനിയാഴ്ച അറിയിച്ചു.

“ബ്രിട്ടീഷ് ഗവൺമെന്റിന്റെ അഭൂതപൂർവമായ ശത്രുതാപരമായ നടപടി കണക്കിലെടുത്താണ് ഈ നീക്കം. പ്രത്യേകിച്ചും മുതിർന്ന റഷ്യൻ ഉദ്യോഗസ്ഥർക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ തീരുമാനത്തിനെതിരെ,” മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഉടൻ തന്നെ പട്ടിക വിപുലീകരിക്കുമെന്നും മന്ത്രാലയം അറിയിച്ചു.

2-ഇയുവിൽ നിന്ന് ആയുധങ്ങൾ വൈകുന്നുവെന്ന് സെലെൻസ്‌കിയുടെ ഉപദേഷ്ടാവ്

യൂറോപ്യൻ യൂണിയനിൽ നിന്നുള്ള ആയുധ കൈമാറ്റത്തിന്റെ പുരോഗതിയിൽ നിരാശ പ്രകടിപ്പിച്ച് ഉക്രേനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ പ്രധാന ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാക് . “ഉക്രെയ്ൻ ആവശ്യപ്പെട്ട” ആയുധങ്ങൾ യൂറോപ്യൻ യൂണിയൻ നൽകുന്നില്ലെന്ന് പോഡോലിയാക് ട്വിറ്ററിൽ കുറിച്ചു. ആയുധങ്ങൾ എത്താൻ ഏറെ സമയമെടുക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘ഈ രീതിയിൽ നിന്ന് ജനാധിപത്യം വിജയിക്കില്ല. ആയുധങ്ങൾ ആവശ്യമാണ്. അടുത്ത മാസത്തിലല്ല. ഇപ്പോൾ,’ അദ്ദേഹം കൂട്ടിച്ചേർത്തു.

3-കീവിലും ലിവിവിലും സ്ഫോടനങ്ങള്‍; സാധാരണക്കാര്‍ കൊല്ലപ്പെടുന്നു

യുക്രൈനിന്റെ തലസ്ഥാന നഗരമായ കീവിലും ലിവിവിലെ പടിഞ്ഞാറൻ മേഖലകളിലും ഇന്ന് രാവിലെ സ്ഫോടനങ്ങള്‍ ഉണ്ടായി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

ഹര്‍കീവ് നഗരത്തിലെ സാധരണക്കാര്‍ താമസിക്കുന്ന പ്രദേശത്തുണ്ടായ റഷ്യൻ ഷെല്ലാക്രമണത്തിൽ ഏഴ് പേർ മരിക്കുകയും 34 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ഖാർകിവ് റീജിയണൽ ഗവർണർ ഒലെഹ് സിനെഹുബോവ് പറഞ്ഞു.

4-റഷ്യൻ ആക്രമണം: മുന്നറിയിപ്പുമായി കീവ് മേയർ

പടിഞ്ഞാറൻ യുക്രൈനിൽ തലസ്ഥാന നഗരമായ കീവിനോട് ചേർന്ന പ്രദേശങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം പുനരാരംഭിച്ച സാഹചര്യത്തിൽ മുന്നറിയിപ്പുമായി കീവ് മേയർ റ്റാലി ക്ലിറ്റ്‌ഷ്‌കോ.

“നമ്മുടെ വ്യോമ പ്രതിരോധ സേന ഞങ്ങളെ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയ്യുന്നു, പക്ഷേ ശത്രു വഞ്ചകനും ക്രൂരനുമാണ്,” ടെലിഗ്രാം സന്ദേശത്തിൽ ക്ലിറ്റ്‌ഷ്‌കോ പറഞ്ഞു.

5-പുടിനും സൗദി കീരിടാവകാശിയും കൂടിക്കാഴ്ച നടത്തി

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനും സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനും ഒപെക് + വിഷയത്തിൽ ചർച്ച നടത്തി. ഒപെക് + ഫോർമാറ്റിലെ സംയുക്ത പ്രവർത്തനങ്ങളെക്കുറിച്ച് “പോസിറ്റീവ് ആയ വിലയിരുത്തൽ” നൽകിയതായി ക്രെംലിൻ ശനിയാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ഉക്രെയ്നിലെയും യെമനിലെയും സ്ഥിതിഗതികൾ അവർ ചർച്ച ചെയ്തതായും ക്രെംലിൻ പറഞ്ഞു.

6-ഖാർകിവ് മേഖലയിൽ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തു: ഗവർണർ

ശനിയാഴ്ച യുക്രൈനിലെ വടക്കുകിഴക്കൻ ഖാർകിവ് മേഖലയിലെ സെൻട്രൽ ഡിസ്ട്രിക്റ്റുകളിൽ ഒന്നിൽ റഷ്യൻ മിസൈൽ പതിച്ച് ഒരാൾ കൊല്ലപ്പെടുകയും 18 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ ടെലിഗ്രാം ആപ്പിലെ പ്രസ്താവനയിൽ പറഞ്ഞു.

7-ഒന്‍പത് മാനുഷിക ഇടനാഴികള്‍

ഉപരോധിക്കപ്പെട്ട നഗരമായ മരിയുപോളിൽ നിന്ന് സ്വകാര്യ കാറുകൾ ഉൾപ്പെടെയുള്ള സാധാരണക്കാരെ ഒഴിപ്പിക്കാൻ ഒന്‍പത് മാനുഷിക ഇടനാഴികൾ തുറക്കുമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. ഒന്‍പത് ഇടനാഴികളിൽ അഞ്ചെണ്ണം രാജ്യത്തിന്റെ കിഴക്കന്‍ യുക്രൈനിലെ ലുഹാൻസ്ക് മേഖലയിൽ നിന്നുള്ളതാണെന്ന് വെരെഷ്ചുക്ക് പ്രസ്താവനയിൽ പറഞ്ഞു, പ്രദേശത്ത് ഷെല്ലാക്രമണം രൂക്ഷമാണെന്നാണ് പ്രാദേശിക അധികൃതര്‍ അറിയിക്കുന്നത്.

8-കീവില്‍ റഷ്യന്‍ സൈന്യത്തിന്റെ ക്രൂരത; 900 സാധാരണക്കാരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി

റഷ്യന്‍ സൈന്യം പിന്മാറിയ യുക്രൈന്‍ തലസ്ഥാനമായ കീവിന്റെ സമീപ പ്രദേശങ്ങളില്‍ നിന്ന് 900 സാധരണക്കാരുടെ മൃതദേഹങ്ങള്‍ ലഭിച്ചതായി വിവരം. പലരേയും വെടിവച്ച് കൊലപ്പെടുത്തിയ നിലയിലാണ് കണ്ടെത്തിയതെന്ന് പൊലീസ് പറയുന്നു.

റഷ്യയുടെ അധീനതയിലുള്ള പ്രദേശങ്ങളില്‍ യുക്രൈന്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് മറുപടിയായി കീവില്‍ മിസൈല്‍ ആക്രമണം ശക്തമാക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് കൂട്ടക്കുരുതിയുടെ വിവരങ്ങള്‍ പുറത്തു വന്നിരിക്കുന്നത്.

9-സ്ഥിതി കഠിനമെന്ന് സെലെന്‍സ്കി; മരിയുപോളിലും കീവിലും സ്ഫോടനങ്ങള്‍

യുക്രൈന്‍ നഗരമായ മരിയുപോളില്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാകുന്നതായി റിപ്പോര്‍ട്ടുകള്‍. നഗരത്തിലെ കൂറ്റന്‍ സ്റ്റീല്‍ പ്ലാന്റുകള്‍ക്കും തുറമുഖത്തിനും ചുറ്റും പോരാട്ടം രൂക്ഷമാവുകയാണെന്നും റഷ്യയും ഉപരോധം തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. തലസ്ഥാന നഗരമായ കീവിലും സ്ഫോടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

രാജ്യത്തിന്റെ തെക്കും കിഴക്കും ഏറ്റുമുട്ടല്‍ രൂക്ഷമാവുകയാണെന്നും കാര്യങ്ങള്‍ കഠിനമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി അറിയിച്ചു. എന്നിരുന്നാലും സൈന്യത്തിന്റെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു.

“യുദ്ധഭൂമിയിൽ നമ്മുടെ സൈന്യത്തിന്റെ വിജയങ്ങൾ ചരിത്രപരമായി പ്രാധാന്യമുള്ളതാണ്. പക്ഷെ അധിനിവേശക്കാരില്‍ നിന്നും നമ്മുടെ മണ്ണ് പൂര്‍ണമായും തിരിച്ചുപിടിക്കാനായിട്ടില്ല. ശ്രമങ്ങള്‍ ശക്തമായി തന്നെ തുടരും” സെലെൻസ്കി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു. ആയുധസഹായത്തിനും റഷ്യക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താനും പാശ്ചാത്യ രാജ്യങ്ങളോട് സെലെന്‍സ്കി വീണ്ടും ആവശ്യപ്പെട്ടു.

10-മോസ്കാവയില്‍ മിസൈല്‍ പതിച്ചതായി യുക്രൈന്‍

റഷ്യയുടെ യുദ്ധക്കപ്പലായ മോസ്കാവയില്‍ തങ്ങളുടെ മിസൈലുകള്‍ പതിച്ചതായി യുക്രൈന്‍ സ്ഥിരീകരിച്ചു. മികച്ച സൈനിക ശേഷിയുള്ള രാജ്യമായ റഷ്യക്കെതിരായ ചെറുത്തു നില്‍പ്പിന്റെ പ്രതീകമാണ് മിസൈലാക്രമണമെന്നും യുക്രൈന്‍ അവകാശപ്പെട്ടു. എന്നാല്‍ ആക്രമണത്തെതുടര്‍ന്നുണ്ടായി തീപിടിത്തവും കടലിലുണ്ടായ കൊടുങ്കാറ്റുമാണ് കപ്പല്‍ മുങ്ങാന്‍ കാരണമെന്നാണ് റഷ്യയുടെ അവകാശ വാദം.

മോസ്കാവയില്‍ രണ്ട് യുക്രൈനിയന്‍ മിസൈലുകള്‍ പതിച്ചതായാണ് അമേരിക്ക പറയുന്നത്. നിരവധി പേര്‍ കൊല്ലപ്പെട്ടതായും അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്നത് വ്യക്തമല്ല. കപ്പലിലുണ്ടായിരുന്ന അഞ്ഞൂറിലധികം നാവികരെ രക്ഷപെടുത്തിയതായി റഷ്യയും അറിയിച്ചു.

Also Read: സുബൈര്‍ കൊലപാതകം: പ്രതികള്‍ സഞ്ചരിച്ച കാറിനെക്കുറിച്ച് സൂചന; തമിഴ്നാട് കേന്ദ്രീകരിച്ച് തിരച്ചില്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 16 updates