scorecardresearch

Latest News

Russia – Ukraine War News: ആക്രമണം ശക്തമാക്കി റഷ്യന്‍ സൈന്യം; മരിയുപോളില്‍ സ്ഥിതി ഗുരുതരം

യുക്രൈനിലെ രണ്ടാമത്തെ വലിയ സ്റ്റീൽ കമ്പനിയായ ഇലിച്ച് സ്റ്റീലിന്റെ, മരിയുപോളിലെ പ്ലാന്റ് യുക്രൈൻ സേനയിൽ നിന്ന് പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു

Russia-Ukraine War News

Russia – Ukraine War News: കീവ്: അധിനിവേശം എട്ടാം ആഴ്ചയിലേക്ക് കടന്നതോടെ തുറമുഖ നഗരമായ മരിയുപോള്‍ ഉള്‍പ്പെടെയുള്ള പ്രദേശങ്ങലില്‍ ആക്രമണം ശക്തമാക്കി റഷ്യ. യുക്രൈനിലെ രണ്ടാമത്തെ വലിയ സ്റ്റീൽ കമ്പനിയായ ഇലിച്ച് സ്റ്റീലിന്റെ, മരിയുപോളിലെ പ്ലാന്റ് യുക്രൈൻ സേനയിൽ നിന്ന് പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടു. കൂടാതെ യുക്രൈന് ആയുധ സഹായം നല്‍കിയാല്‍ വലിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്ക് റഷ്യ മുന്നറിയിപ്പും നല്‍കി. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1. മരിയുപോളിന്റെ തെരുവുകളില്‍ ഏറ്റുമുട്ടല്‍

തെരുവുകളില്‍ ഏറ്റുമുട്ടല്‍ നടക്കുന്നതിനാൽ, മരിയുപോളിലെ സ്ഥിതി ഗുരുതരമാണെന്ന് യുക്രൈന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഒലെക്‌സാണ്ടർ മൊട്ടുസ്യാനിക് പറഞ്ഞു. മരിയുപോളിന്റെ തുറമുഖ പ്രദേശത്തെ സ്റ്റീൽ പ്ലാന്റിന് ചുറ്റും പോരാട്ടം നടക്കുന്നതായും അദ്ദേഹം പറഞ്ഞു. റൂബിഷ്നെ, പോപാസ്ന, മരിയുപോൾ എന്നിവ പിടിച്ചെടുക്കാൻ റഷ്യ ശ്രമിക്കുന്നുണ്ടെന്നും ഒലെക്‌സാണ്ടർ കൂട്ടിച്ചേര്‍ത്തു.

2. തിരിച്ചുപിടിച്ച യുക്രൈനിയന്‍ ഗ്രാമങ്ങളില്‍ മൃതദേഹങ്ങള്‍

തകര്‍ന്നു കിടക്കുന്ന ടാങ്കുകളും കെട്ടിടങ്ങളും വിലപിക്കുന്ന സാധാരണാക്കാരുമാണ് തിരിച്ചുപിടിച്ച കിഴക്കൻ യുക്രൈനിയന്‍ ഗ്രാമങ്ങളില്‍ കാണാന്‍ കഴിയുന്നത്. പ്രദേശത്തെ നിവാസികൾക്കും റഷ്യൻ അധിനിവേശക്കാർക്കും വലിയ നഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഫെബ്രുവരി 24 ന് ശേഷമുള്ള കനത്ത പോരാട്ടത്തിന് ശേഷം ഹര്‍കീവ് നഗരത്തിൽ നിന്ന് 150 കിലോമീറ്റർ തെക്കുകിഴക്കായി 500-600 ആളുകൾ താമസിക്കുന്ന ഒരു കാർഷിക ഗ്രാമമായ ഹുസാരിവ്കയെ യുക്രൈന്‍ സൈന്യം കഴിഞ്ഞ മാസമാണ് തിരിച്ചുപിടിച്ചത്.

3. അമേരിക്കയ്ക്ക് റഷ്യയുടെ മുന്നറിയിപ്പ്

യുക്രൈനിന് ആയുധ സഹായം നല്‍കുന്നത് തുടര്‍ന്നാല്‍ അമേരിക്ക നേരിടാന്‍ പോകുന്ന പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന് റഷ്യ. വാഷിങ്ടണ്‍ പോസ്റ്റാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. “യുക്രൈനിലെ നിരുത്തരവാദപരമായ സൈനികവൽക്കരണം അവസാനിപ്പിക്കാൻ ഞങ്ങൾ അമേരിക്കയോടും സഖ്യകക്ഷികളോടും ആവശ്യപ്പെടുന്നു, ഇത് പ്രാദേശികവും അന്തർദ്ദേശീയവുമായ സുരക്ഷയ്ക്ക് പ്രവചനാതീതമായ പ്രത്യാഘാതങ്ങളിലേക്ക് നയിക്കും,” അമേരിക്കയ്ക്കുള്ള നയതന്ത്ര കുറിപ്പിൽ റഷ്യ വ്യക്തമാക്കി.

4. മരിയുപോളിലെ സ്റ്റീൽ പ്ലാന്റ് പിടിച്ചെടുത്തതായി റഷ്യ; കീവിന് നേരെ ആക്രമണം ശക്തിപ്പെടുത്താൻ നീക്കം

യുക്രൈനിലെ രണ്ടാമത്തെ വലിയ സ്റ്റീൽ കമ്പനിയായ ഇലിച്ച് സ്റ്റീലിന്റെ, മരിയുപോളിലെ പ്ലാന്റ് യുക്രൈൻ സേനയിൽ നിന്ന് പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടതായി സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. പ്രധാന തുറമുഖ നഗരമായ മരിയോപോൾ പിടിച്ചെടുക്കാൻ റഷ്യ കിഴക്കൻ ഭാഗങ്ങളിൽ യുദ്ധശ്രമങ്ങൾ നടത്തുകയാണ്. യുക്രൈൻ തലസ്ഥാനമായ കീവിലെ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് ആക്രമണം നടത്തിയതായും റഷ്യ അവകാശപ്പെട്ടു. കീവിന് നേരെയുള്ള ആക്രമണം ശക്തമാക്കുമെന്നും കൂട്ടിച്ചേർത്തു.

5. മരിയുപോളില്‍ സാധരണക്കാര്‍ക്ക് അടിയന്തര സഹായം എത്തിക്കണമെന്ന് മേയര്‍

ഒരു ലക്ഷത്തിലധികം സാധാരണക്കാര്‍ ഭക്ഷണവും വെള്ളവും കിട്ടാത കുടുങ്ങിക്കിടക്കുകയാണെന്ന് റിപ്പോര്‍ട്ട്. നഗരത്തിൽ ആളുകൾ പട്ടിണി കിടന്ന് മരിക്കുകയാണെന്ന് യുഎൻ വേൾഡ് ഫുഡ് പ്രോഗ്രാമിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ഡേവിഡ് ബീസ്ലി എപിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ആക്രമണങ്ങള്‍ക്ക് ശേഷം തെരുവുകള്‍ മൃതദേഹങ്ങൾ കൊണ്ട് നിറഞ്ഞുവെന്നും നഗരത്തിന്റെ മേയര്‍ അറിയിച്ചു. നിലവില്‍ 10,000 സാധാരണക്കാര്‍ മരണപ്പെട്ടു, മരണസംഖ്യ 20,000 കവിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

6. തങ്ങളുടെ ഗ്രാമം ആക്രമിക്കാൻ ഉപയോഗിച്ച യുക്രൈൻ ഹെലികോപ്റ്റർ വെടിവച്ചിട്ടതായി റഷ്യ

വ്യാഴാഴ്ച റഷ്യയിലെ ബ്രയാൻസ്ക് മേഖലയിലെ ക്ലിമോവോ ഗ്രാമത്തിൽ ആക്രമണം നടത്താൻ ഉപയോഗിച്ച യുക്രൈന്റെ എംഐ -8 ഹെലികോപ്റ്റർ തങ്ങളുടെ എസ്-400 പ്രതിരോധ സംവിധാനങ്ങൾ വെടിവച്ചിട്ടതായി റഷ്യൻ പ്രതിരോധ മന്ത്രാലയം അവകാശപ്പെട്ടതായി സ്റ്റേറ്റ് മീഡിയയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

7. യുക്രൈൻ മിസൈൽ ആക്രമണം നടത്തിയതായി അവകാശപ്പെട്ട റഷ്യൻ യുദ്ധക്കപ്പൽ കരിങ്കടലിൽ മുങ്ങി

യുക്രൈൻ യുദ്ധത്തിൽ റഷ്യക്ക് കടുത്ത തിരിച്ചടി നേരിട്ട ദിവസമായിരുന്നു വ്യാഴാഴ്ച. സ്ഫോടനമുണ്ടായ റഷ്യയുടെ പ്രധാന യുദ്ധക്കപ്പലായ മോസ്ക്വ കരിങ്കടലിൽ മുങ്ങി. ഇന്നലെയാണ് കരിങ്കടലിൽ നിലയുറപ്പിച്ച കപ്പലിൽ പൊട്ടിതെറിയുണ്ടായത്. തങ്ങളുടെ നെപ്ട്യൂൺ മിസൈലുകൾ ഉപയോഗിച്ച് കപ്പലിന് നേരെ ആക്രമണം നടത്തിയതാണെന്ന് യുക്രൈൻ അവകാശപ്പെട്ടപ്പോൾ, കപ്പലിലെ വെടിമരുന്നാണ് സ്ഫോടനത്തിന് കാരണമായതെന്നായിരുന്നു റഷ്യയുടെ വിശദീകരണം. തീപിടിത്തത്തെ തുടർന്ന് കപ്പലിലെ ജീവനക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ചതായും യുക്രൈൻ അവകാശവാദം തള്ളികൊണ്ടുള്ള പ്രസ്താവനയിൽ റഷ്യ പറഞ്ഞിരുന്നു.

8. മരിയുപോളിൽ റഷ്യ ദീർഘദൂര ബോംബർ വിമാനങ്ങൾ ഉപയോഗിച്ചതായി യുക്രൈന്‍

മരിയുപോളിൽ റഷ്യ ദീർഘദൂര ബോംബർ വിമാനങ്ങൾ ഉപയോഗിച്ചതായി യുക്രൈന്‍ പ്രതിരോധ മന്ത്രാലയ വക്താവ് ഒലെക്‌സാണ്ടർ മൊട്ടുസ്യാനിക് പറഞ്ഞു. അധിനിവേശം ആരംഭിച്ചതിന് ശേഷം ഇതാദ്യമായണ് ദീർഘദൂര ബോംബർ വിമാനങ്ങൾ റഷ്യ ഉപയോഗിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

9. ഉപരോധങ്ങള്‍ റഷ്യയുടെ സമ്പദ്‌വ്യവസ്ഥയെ ബാധിക്കുമെന്ന് പുടിന്‍

യൂറോപ്യൻ യൂണിയൻ റഷ്യയിൽ നിന്നുള്ള ഇന്ധന ഇറക്കുമതിയ്ക്ക് ഉപരോധം ഏർപ്പെടുത്തിയതിന് പിന്നാലെ, റഷ്യൻ വാതക ഇറക്കുമതി ഘട്ടംഘട്ടമായി നിർത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ ശ്രമങ്ങൾ അവരുടെ സമ്പദ്‌വ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുമെന്ന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ മുന്നറിയിപ്പ് നൽകി. റഷ്യൻ വാതക കയറ്റുമതിക്ക് ബദൽ മാർഗങ്ങൾ കണ്ടെത്താനുള്ള യൂറോപ്യൻ ശ്രമങ്ങൾ അത്തരം നയങ്ങളുടെ തുടക്കക്കാർക്ക് വളരെ വേദനാജനകമാണെന്ന് പുടിൻ പറഞ്ഞു.

“യൂറോപ്പിൽ ഇപ്പോൾ അതിന് ന്യായമായി പകരം വയ്ക്കാനൊന്നുമില്ല” എന്ന് അദ്ദേഹം വാദിച്ചു. “യൂറോപ്പിലേക്ക് അയയ്‌ക്കാവുന്ന മറ്റ് രാജ്യങ്ങളിൽ നിന്നുള്ള സാധനങ്ങൾ, പ്രാഥമികമായി അമേരിക്കയിൽ നിന്നുള്ളവയ്ക്ക് പലമടങ്ങ് ചിലവ് വരും” എന്ന് പുടിൻ അഭിപ്രായപ്പെട്ടു. ഇത് ആളുകളുടെ ജീവിത നിലവാരത്തെയും യൂറോപ്യൻ സമ്പദ്‌വ്യവസ്ഥയുടെ മത്സരക്ഷമതയെയും ബാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. യൂറോപ്യൻ യൂണിയൻ അതിന്റെ 40 ശതമാനം പ്രകൃതി വാതകത്തിനും 25 ശതമാനം ഇന്ധനത്തിനും റഷ്യയെ ആശ്രയിക്കുന്നു.

10. യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് താങ്ങായി കാനഡ

കാനഡയിലേക്ക് വരുന്ന ചിലർ ഉൾപ്പെടെ പോളണ്ടിലെ യുക്രൈനിയന്‍ അഭയാർത്ഥികളുടെ പരിചരണത്തിനും ഏകോപനത്തിനും പുനരധിവാസത്തിനും സഹായിക്കാൻ കാനഡ പോളണ്ടിലേക്ക് സൈനികരെ അയയ്ക്കുന്നു. 150 ട്രൂപ്പിനെയാണ് പോളണ്ടിലേക്ക് അയക്കുന്നതെന്ന് പ്രതിരോധ മന്ത്രി അനിത ആനന്ദ് പറഞ്ഞു. ഇതുവരെ 26 ലക്ഷം അഭയാര്‍ഥികളാണ് പോളണ്ടില്‍ എത്തിയിട്ടുള്ളത്. 20 ലക്ഷത്തിലധികം പേര്‍ മറ്റു രാജ്യങ്ങളിലേക്ക് പലായനം ചെയ്തു.

Also Read: Russia – Ukraine War News: സ്വീഡനും ഫിൻ‌ലൻഡും നാറ്റോയിൽ ചേരുകയാണെങ്കിൽ ആണവ വിമുക്ത ബാൾട്ടികിനെക്കുറിച്ച് ഇനി ചർച്ചയില്ലെന്ന് റഷ്യ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 15 updates