Russia – Ukraine War News: കീവ്: യുക്രൈനിലെ റഷ്യന്‍ അധിനിവേശം എട്ടാം വാരത്തിലേക്ക് കടക്കുമ്പോഴും സംഘര്‍ഷം തുടരുന്നു. ഹര്‍കീവില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ ഷെല്ലാക്രമണങ്ങളില്‍ ഒരു കുട്ടിയടക്കം ഏഴ് സാധാരണക്കാര്‍ കൊല്ലപ്പെട്ടു. മരിയുപോൾ തുറമുഖത്ത് ആയിരത്തിലധികം യുക്രൈനിയന്‍ നാവികർ കീഴടങ്ങിതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
1.യുക്രൈന്‍ യൂറോപ്യന്‍ യൂണിയന്‍ പദവി ലഭിക്കണമെന്ന് സെലെന്‍സ്കി
യുക്രൈന് യൂറോപ്യന്‍ യൂണിയന്‍ പദവി ലഭിക്കണമെന്ന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. എസ്റ്റോണിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സെലെന്‍സ്കി ഇക്കാര്യം ആവശ്യപ്പെട്ടത്. യുഎസ് കോണ്‍ഗ്രസ്, ബ്രിട്ടീഷ് പാർലമെന്റ്, യൂറോപ്യൻ പാർലമെന്റ് എന്നിവയുൾപ്പെടെ ഒരു നിരവധി അസംബ്ലികളില്‍ വീഡിയോ കോൺഫറൻസിലൂടെ ഇതിനകം സംസാരിച്ചിട്ടുള്ള സെലെൻസ്‌കി, ഒരുമിച്ചു നിന്നാല്‍ മാത്രമേ റഷ്യയെ തടയാൻ കഴിയൂ എന്ന് ആവര്‍ത്തിച്ചു.
2.മരിയുപോൾ തുറമുഖത്ത് ആയിരത്തിലധികം യുക്രൈനിയന്‍ നാവികർ കീഴടങ്ങി
മരിയുപോൾ തുറമുഖത്ത് ആയിരത്തിലധികം യുക്രൈനിയന്‍ നാവികർ കീഴടങ്ങിതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം അറിയിച്ചു. റഷ്യയുടെ നിലവിലെ പ്രധാന ലക്ഷ്യമായ ഡോണ്‍ബാസ് മേഖലയെക്കുറിച്ചും പ്രതിരോധ മന്ത്രാലയം പ്രതികരിച്ചു. പ്രദേശം ഇപ്പോള്‍ റഷ്യയുടെ നിയന്ത്രണത്തിലല്ല എന്നാണ് വിവരം.
3.പോളണ്ട്, ബാൾട്ടിക് രാജ്യങ്ങളുടെ നേതാക്കൾ കീവില്‍
പോളണ്ട്, ലിത്വാനിയ, ലാത്വിയ, എസ്റ്റോണിയ എന്നീ രാജ്യങ്ങളുടെ പ്രസിഡന്റുമാര്‍ യുക്രൈന്‍ തലസ്ഥാനമായ കീവില്‍. യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുമായി കൂടിക്കാഴ്ച നടത്താനാണ് നേതാക്കള്‍ കീവിലെത്തിയിരിക്കുന്നത്.
“രാഷ്ട്രീയ പിന്തുണയുടെയും സൈനിക സഹായത്തിന്റെയും ശക്തമായ സന്ദേശവുമായി കൈവിലേക്ക് പോകുന്നു,” ലിത്വാനിയൻ പ്രസിഡന്റ് ഗിറ്റാനസ് നൗസേദ ട്വീറ്റ് ചെയ്തു. മറ്റ് നേതാക്കള്‍ക്കൊപ്പമുള്ള ചിത്രവും അദ്ദേഹം പങ്കുവച്ചു.
4.അമേരിക്കയും നാറ്റോയും യുക്രൈനിലേക്ക് ആയുധം എത്തിക്കുന്നതില്‍ പ്രതികരണവുമായി റഷ്യ
യുക്രൈനിലേക്ക് ആയുധങ്ങൾ കടത്തുന്ന അമേരിക്കയുടേയും നാറ്റോയുടെയും വാഹനങ്ങളെ നിയമാനുസൃതമായ സൈനിക നീക്കമായി റഷ്യ കാണുമെന്ന് ഉപ വിദേശകാര്യ മന്ത്രി സെർജി റിയാബ്കോവ് ടാസ് വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. റഷ്യയുടെ സൈന്യത്തിനോ യുക്രൈനിലെ വിഘടനവാദി സഖ്യകക്ഷികൾക്കോ കാര്യമായ നാശനഷ്ടം വരുത്താനുള്ള പാശ്ചാത്യരുടെ ഏതൊരു ശ്രമവും അടിച്ചമര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
5.റഷ്യക്കെതിരായ ഉപരോധങ്ങളില്‍ 206 എണ്ണം കൂടി ചേര്‍ത്തതായി ബ്രിട്ടണ്‍
റഷ്യക്കതിരായ ഉപരോധങ്ങളുടെ പട്ടികയില്‍ 206 എണ്ണം കൂടി ചേർത്തതായി ബ്രിട്ടണ്‍ അറിയിച്ചു. അതിനിടെ, റഷ്യൻ-അസർബൈജാനി വ്യവസായിയും പ്രമുഖ റഷ്യൻ എണ്ണക്കമ്പനിയായ ലുക്കോയിൽ പ്രസിഡന്റുമായ വാഗിത് യൂസുഫോവിച്ച് അലക്‌പെറോവ്, റഷ്യയുമായി അടുത്ത ബന്ധമുണ്ടെന്ന് സംശയിക്കുന്ന യുക്രൈനിയന്‍ അഭിഭാഷകൻ വിക്ടർ വോളോഡിമിറോവിച്ച് മെഡ്‌വെഡ്‌ചുക് എന്നിവരുടെ ആസ്തി മരവിപ്പിക്കാനും യാത്രാ വിലക്ക് ഏര്‍പ്പെടുത്താനും ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു.
6.റഷ്യന്‍ ഷെല്ലാക്രമണം. ഹര്‍കീവില്‍ ഏഴ് പേര്‍ കൊല്ലപ്പെട്ടതായി ഗവര്‍ണര്‍
കഴിഞ്ഞ 24 മണിക്കൂറിനിടെ റഷ്യയുടെ ഷെല്ലാക്രമണത്തില്‍ കുറഞ്ഞത് ഏഴ് സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടതായും 22 പേര്‍ക്ക് പരിക്കേറ്റതായും ഹര്‍കീവ് ഗവര്‍ണര്‍ ഒലെ സിനെഗുബോവ് അറിയിച്ചു. മരിച്ചവരില്‍ രണ്ട് വയസുള്ള കുട്ടിയും അടങ്ങിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 53 റോക്കറ്റ്/പീരങ്കി ആക്രമണങ്ങള്‍ റഷ്യ പ്രദേശത്ത് നടത്തിയതായാണ് ഗവര്‍ണര്‍ പറയുന്നത്.
7.റഷ്യ ഫോസ്ഫറസ് ബോംബുകള്‍ ഉപയോഗിക്കുന്നതായി സെലൻസ്കി
റഷ്യ യുക്രൈനില്‍ ഫോസ്ഫറസ് ബോംബുകൾ ഉപയോഗിക്കുന്നുണ്ടെന്നും സാധാരണക്കാർക്കെതിരെ ഭീകര തന്ത്രങ്ങൾ പ്രയോഗിക്കുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി ആരോപിച്ചു. “റഷ്യൻ സൈന്യം എല്ലാത്തരം പീരങ്കികളും മിസൈലുകളും എയർ ബോംബുകളും പ്രത്യേകിച്ച് ഫോസ്ഫറസ് ബോംബുകളും സാധാരണക്കാര്‍ താമസിക്കുന്ന വീടുകള്‍ക്കും പ്രദേശങ്ങള്‍ക്കും നേരെ ഉപയോഗിക്കുന്നു.ഇത് സാധാരണ ജനങ്ങൾക്കെതിരായ ഭീകരതയാണ്,” സെലെന്‍സ്കി വ്യക്തമാക്കി.
8.ബുധനാഴ്ച മാനുഷിക ഇടനാഴികള്‍ തുറക്കാനാകില്ലെന്ന് യുക്രൈന്‍
ബുധനാഴ്ച മാനുഷിക ഇടനാഴികളൊന്നും തുറക്കാനാകില്ലെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പറഞ്ഞു. റഷ്യൻ സൈന്യം വെടിനിർത്തൽ ലംഘിച്ച് സാധരണക്കാരെ ഒഴിപ്പിക്കാനുള്ള ബസുകൾ തടഞ്ഞുവെന്ന് അവർ ആരോപിച്ചു. മാനുഷിക ഇടനാഴികൾ എത്രയും വേഗം വീണ്ടും തുറക്കാനുള്ള ശ്രമത്തിലാണെന്നും ഉപപ്രധാനമന്ത്രി.
9.നിങ്ങളുടെ പ്രധാന മിത്രത്തെ തിരികെ വേണമെങ്കിൽ തടവിലാക്കിയ ഞങ്ങളുടെ ആളുകളെ മോചിപ്പിക്കുക; റഷ്യയോട് യുക്രൈൻ
റഷ്യയുടെ പ്രധാന സുഹൃത്തായ വിക്ടർ മെഡ്വെഡ്‌ചുക്കിനെ തിരികെ വേണമെങ്കിൽ എല്ലാ യുദ്ധത്തടവുകാരെയും മോചിപ്പിക്കാൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി റഷ്യയോട് പറഞ്ഞു. വിക്ടർ മെഡ്വെഡ്‌ചുക്കിനെ തങ്ങൾ തടവിലാക്കിയെന്ന് യുക്രൈൻ അറിയിച്ചതിന് പിന്നാലെയാണിത്.
അതേസമയം, റഷ്യയുടെ യുദ്ധം “വംശഹത്യ”ക്ക് തുല്യമാണെന്ന് പ്രസിഡന്റ് ജോ ബൈഡൻ ചൊവ്വാഴ്ച പറഞ്ഞു. വ്‌ളാഡിമിർ പുടിൻ യുക്രൈൻ ആശയങ്ങളെ പോലും തുടച്ചു നീക്കാൻ ശ്രമിക്കുകയാണെന്ന് ബൈഡൻ ആരോപിച്ചു.
അതിനിടെ, ചൊവ്വാഴ്‌ച യുക്രൈനുമായുള്ള സമാധാന ചർച്ചകൾ അവസാനിച്ചതായി പുടിൻ പറഞ്ഞു. യുദ്ധം ശക്‌തമായതിന് ശേഷം ആദ്യമായി മാധ്യമങ്ങളെ കണ്ട പുടിൻ, റഷ്യ യുക്രൈനിലെ തങ്ങളുടെ ലക്ഷ്യങ്ങൾ എല്ലാം കൈവരിക്കുമെന്ന് പറഞ്ഞു.
10.യുക്രൈന് ആയുധ സഹായവുമായി അമേരിക്ക
റഷ്യൻ സേനയ്‌ക്കെതിരായ പോരാട്ടത്തിനായി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകൂടം യുക്രൈന്‍ 750 മില്യൺ ഡോളർ സൈനിക സഹായം ഉടൻ പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് ഉദ്യോഗസ്ഥർ റോയിട്ടേഴ്‌സിനോട് പറഞ്ഞു.