Russia – Ukraine War News: കീവ്: യുക്രൈനിലെ റഷ്യയുടെ സൈനിക നീക്കം 48 ദിവസം പിന്നിടുമ്പോഴും സംഘര്‍ഷം അവസാനിക്കുന്നില്ല. യുക്രൈനില്‍ സംഭവിക്കുന്നത് വലിയ ദുരന്തമാണെന്നും തങ്ങള്‍ക്ക് സൈനിക നടപടിയല്ലാതെ മറ്റ് മാര്‍ഗമൊന്നുമില്ലായിരുന്നെന്നും റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ പറഞ്ഞു. അതേസമയം മരിയുപോളില്‍ റഷ്യ രാസായുധം പ്രയോഗിച്ചുവെന്ന വാര്‍ത്തകളും പുറത്തു വന്നു. ഇതിന്റെ സത്യാവസ്ഥ അന്വേഷിച്ചുവരികയാണെന്നാണ് യുക്രൈന്‍ അധികൃതര്‍ അറിയിക്കുന്നത്. റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടലിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
1. ലക്ഷ്യങ്ങള്‍ സൈന്യം കൈവരിക്കുമെന്ന് പുടിന്‍
യുക്രൈനിലെ സൈനിക നടപടി അതിന്റെ ലക്ഷ്യങ്ങളെല്ലാം കൈവരിക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. റഷ്യൻ ഫാർ ഈസ്റ്റിലെ വോസ്റ്റോക്‌നി കോസ്‌മോഡ്രോമിൽ നടന്ന അവാർഡ് ദാന ചടങ്ങിൽ സംസാരിക്കവെ, റഷ്യയെ സംരക്ഷിക്കാൻ മറ്റ് മാർഗമൊന്നുമില്ലെന്നും യുക്രൈനിലെ റഷ്യൻ വിരുദ്ധ സേനയുമായി ഏറ്റുമുട്ടേണ്ടത് അനിവാര്യമായിരുന്നെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.
2. റഷ്യയുടെ സമ്പദ്‌വ്യവസ്ഥ 1994 ന് ശേഷമുള്ള ഏറ്റവും വലിയ തിരിച്ചടിയിലേക്ക്
2022 ൽ റഷ്യയുടെ സമ്പദ്‌വ്യവസ്ഥ 10 ശതമാനത്തിലധികം ചുരുങ്ങാനുള്ള സാധ്യതയുണ്ടെന്നും ഇത് 1991 ലെ സോവിയറ്റ് യൂണിയന്റെ പതനത്തിന് ശേഷമുള്ള മൊത്ത ആഭ്യന്തര ഉൽപാദനത്തിലെ ഏറ്റവും വലിയ ഇടിവാണെന്ന് മുൻ ധനമന്ത്രി അലക്സി കുദ്രിൻ. ഫെബ്രുവരി 24 ന് യുക്രൈനിലേക്ക് പതിനായിരക്കണക്കിന് സൈനികരെ അയച്ചതിന് പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ശിക്ഷിക്കാൻ പാശ്ചാത്യ രാജ്യങ്ങൾ ഉപരോധം ഏർപ്പെടുത്തിയതിനെത്തുടർന്നാണിത്.
3. ബുച്ചയില്‍ നിന്ന് 403 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി മേയര്‍
റഷ്യന്‍ സൈന്യം പിന്മാറിയതിന് ശേഷം യുക്രൈന്‍ തലസ്ഥാനമായ കീവിന് സമീപമുള്ള ബുച്ച നഗരത്തില്‍ നിന്ന് ഇതുവരെ 403 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി നഗരത്തിന്റെ മേയര്‍ അറിയിച്ചു. ബുച്ചയിലെ കൊലപാതകങ്ങളില്‍ റഷ്യക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ ആരോപണങ്ങളെല്ലാം റഷ്യ നിഷേധിക്കുകയാണുണ്ടായത്.
4. റഷ്യന്‍ എണ്ണയും ബാങ്കുകളും ഉപരോധിക്കണമെന്ന് സെലെന്‍സ്കി
എല്ലാ റഷ്യൻ ബാങ്കുകൾക്കും എണ്ണയ്ക്കും ഉപരോധം ഏർപ്പെടുത്താനും റഷ്യൻ വാതക ഇറക്കുമതി അവസാനിപ്പിക്കുന്നതിനുള്ള സമയപരിധി നിശ്ചയിക്കാനും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി യൂറോപ്യൻ യൂണിയനോട് അഭ്യർത്ഥിച്ചു. ഇനിയും കാത്തിരിക്കാനാവില്ല, ശക്തമായ നടപടികളാണ് ആവശ്യം. യൂറോപ്യന്‍ യൂണിയന്‍ അത് ഇപ്പോള്‍ തന്നെ സ്വീകരിക്കണം, സെലെന്‍സ്കി പറഞ്ഞു. റഷ്യക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിച്ചാല്‍ മാത്രമെ സമാധനത്തിന്റെ ആവശ്യകതയെപ്പറ്റി റഷ്യ മനസിലാക്കുകയുള്ളെന്നും സെലെന്‍സ്കി.
5. മരിയുപോളില്‍ റഷ്യ രാസായുധം പ്രയോഗിച്ചെന്നത് അന്വേഷിക്കുകയാണെന്ന് യുക്രൈന്‍
തെക്കൻ യുക്രൈനിയന്‍ തുറമുഖ നഗരമായ മരിയുപോള്‍ ആക്രമിക്കുന്നതിനിടെ റഷ്യ രാസായുധം പ്രയോഗിച്ചതായുള്ള സ്ഥിരീകരിക്കാത്ത വിവരങ്ങൾ യുക്രൈന്‍ പരിശോധിച്ചുവരികയാണെന്ന് യുക്രൈനിന്റെ ഉപ പ്രതിരോധ മന്ത്രി ഹന്ന മല്യാർ പറഞ്ഞു. ഇവ ഫോസ്ഫറസ് യുദ്ധോപകരണങ്ങളാകാമെന്ന് ഒരു സാധ്യതയുണ്ട്, ഔദ്യോഗിക വിവരങ്ങൾ പിന്നീട് പുറത്തു വിടുമെന്നുമാണ് അധികൃതര്‍ അറിയിക്കുന്നത്.
6. റഷ്യയില്‍ നിന്ന് പിന്‍വാങ്ങി നോക്കിയ
ടെലികോ ഉപകരണ നിര്‍മാതാക്കളായ നോക്കിയ റഷ്യന്‍ മാര്‍ക്കറ്റില്‍ നിന്ന് പിന്‍വാങ്ങുന്നതായി കമ്പനിയുടെ സിഇഒ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. മാനുഷിക സഹായങ്ങള്‍ എന്ന നിലയില്‍ പല മേഖലകള്‍ക്കുമൊപ്പെ ടെലികോമിനേയും ഉപരോധങ്ങളില്‍ നിന്ന് ഒഴിവാക്കിയിരുന്നു. എന്നാല്‍ തങ്ങളുടെ മുന്നിലുള്ള ഏക മാര്‍ഗം ഇതാണെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്.
7. യുക്രൈനില്‍ റഷ്യ രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ മറുപടി തയാറാണെന്ന് യുകെ
യുക്രൈനില്‍ റഷ്യ രാസായുധം പ്രയോഗിച്ചിട്ടുണ്ടെങ്കില്‍ അതിന് മറുപടി നല്‍കാനുള്ള എല്ലാ മാര്‍ഗങ്ങളും പാശ്ചാത്യ രാജ്യങ്ങളുടെ പക്കലുണ്ടെന്ന് ബ്രിട്ടിഷ് പ്രതിരോധ സേനയുടെ മന്ത്രി ജെയിംസ് ഹീപെയ് പറഞ്ഞു. മരിയുപോളില്‍ റഷ്യം രാസായുധം പ്രയോഗിച്ച സംഭവം സംബന്ധിച്ച് ഉറപ്പു വരുത്തുന്നതിനായി ബ്രിട്ടണ്‍ കൂടുതല്‍ പരിശോധന നടത്തി വരികയാണെന്നും വിദേശകാര്യ സെക്രട്ടറി ലിസ് ട്രസ് അറിയിച്ചു. മരിയുപോളില്‍ 10,000 സാധാരണക്കാര്‍ മരിച്ചതായാണ് മേയറുടെ ആരോപണം.
8. മരിയുപോളില്‍ 10,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി ആരോപണം
കഴിഞ്ഞ ആറ് ആഴ്ചകള്‍ക്കിടെ മരിയുപോളില്‍ 10,000 സാധാരണക്കാര്‍ കൊല്ലപ്പെട്ടതായി മേയര്‍ അറിയിച്ചു. തെക്കന്‍ മേഖലയിലെ തുറമുഖം പിടിച്ചടക്കാനുള്ള റഷ്യന്‍ സൈന്യത്തിന്റെ ശ്രമം പരാജയപ്പെട്ടതിന്റെ ഭാഗമായി മൃതദേഹങ്ങള്‍ തെരുവുകളില്‍ പരവതാനി പോലെ കിടക്കുകയാണെന്നാണ് മേയറുടെ ആരോപണം. ഏറ്റുമുട്ടലില്‍ ഏറ്റവുമധികം ദുരിതം അനുഭവിച്ചതും മരിയുപോളിലെ സാധാരണക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
9. റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതിലെ വിമർശനങ്ങൾക്ക് മറുപടിയുമായി ഇന്ത്യ
റഷ്യയിൽ നിന്ന് ഇന്ധനം വാങ്ങുന്നതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്കെതിരെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ രംഗത്തെത്തി, റഷ്യയിൽ നിന്ന് ഇന്ത്യ ഒരു മാസത്തിനുള്ളിൽ വാങ്ങുന്ന മൊത്തം എണ്ണ, യൂറോപ്പ് ഒരു ദിവസം വാങ്ങുന്നതിനേക്കാൾ കുറവാണെന്ന് അദ്ദേഹം പറഞ്ഞു. എണ്ണ വാങ്ങൽ വിഷയത്തിൽ ഇന്ത്യയെ പിന്തുണച്ച് വൈhറ്റ് ഹൗസും രംഗത്തെത്തി.
റഷ്യ – യുക്രൈൻ യുദ്ധത്തിന്റെ പ്രത്യാഘാതങ്ങളെ നേരിടാൻ യുഎസും ഇന്ത്യയും തമ്മിലുള്ള കൂടിയാലോചനകൾ തുടരുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള വെർച്വൽ ചർച്ചയിൽ പറഞ്ഞു. യുക്രൈനിലെ സ്ഥിതിഗതികൾ “വളരെ ആശങ്കാജനകമാണ്” എന്ന് വിശേഷിപ്പിച്ച മോദി,റഷ്യയും യുക്രൈനും തമ്മിൽ നടത്തുന്ന ചർച്ചകളിലൂടെ സമാധാനം പുലരുമെന്ന പ്രതീക്ഷയും പങ്കുവച്ചു.
10. യുക്രൈന് സഹായവുമായി ലോകബാങ്ക്
ദരിദ്ര രാജ്യങ്ങൾക്കുള്ള വായ്പ ഫണ്ടിൽ നിന്ന് ഒരു ബില്യൺ ഡോളർ ഉള്‍പ്പെടെ യുദ്ധത്തിൽ തകർന്ന യുക്രൈന് ലോക ബാങ്ക് 1.5 ബില്യൺ ഡോളര്‍ പാക്കേജ് തയ്യാറാക്കുകയാണെന്ന് ലോക ബാങ്ക് പ്രസിഡന്റ് ഡേവിഡ് മാൽപാസ് അറിയിച്ചു.
Also Read: Russia-Ukraine War News: സമാധാന ചർച്ചയ്ക്ക് വേണ്ടി സൈനിക നടപടി താൽക്കാലികമായി നിർത്തില്ലെന്ന് റഷ്യ