Russia-Ukraine War News: കീവ്: അടുത്ത ഘട്ട സമാധാന ചർച്ചകൾക്ക് വേണ്ടി റഷ്യ യുക്രൈയ്നിലെ സൈനിക നടപടി താൽക്കാലികമായി നിർത്തില്ലെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവ് തിങ്കളാഴ്ച പറഞ്ഞു. ഉക്രൈനുമായി ചർച്ചകൾ തുടരാതിരിക്കാൻ ഒരു കാരണവും കാണുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
എസ്-300 വിമാനവേധ മിസൈൽ സംവിധാനങ്ങൾ തകർത്തതായി റഷ്യ
ഒരു യൂറോപ്യൻ രാജ്യം യുക്രൈനിന് നൽകിയ എസ്-300 വിമാനവേധ മിസൈൽ സംവിധാനങ്ങൾ റഷ്യ തകർത്തതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം തിങ്കളാഴ്ച അറിയിച്ചു. യുക്രൈനിയൻ നഗരമായ ഡിനിപ്രോയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഹാംഗറിൽ ഒളിപ്പിച്ച നാല് എസ്-300 ലോഞ്ചറുകൾ ഞായറാഴ്ച റഷ്യൻ കടലിൽ നിന്ന് വിക്ഷേപിച്ച കലിബർ മിസൈലുകൾ തകർത്തതായി മന്ത്രാലയം അറിയിച്ചു. ആക്രമണത്തിൽ 25 യുക്രൈനിയൻ സൈനികർക്ക് പരിക്കേറ്റതായി റഷ്യ അറിയിച്ചു. ഏത് യൂറോപ്യൻ രാജ്യമാണ് എസ്-300 സംവിധാനങ്ങൾ വിതരണം ചെയ്തതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല.
ദക്ഷിണ കൊറിയയിൽ നിന്ന് സൈനിക സഹായം തേടി സെലെൻസ്കി
യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്കി ദക്ഷിണ കൊറിയയോട് സൈനിക സഹായം ആവശ്യപ്പെട്ടു. ദക്ഷിണ കൊറിയൻ നിയമനിർമ്മാതാക്കളോട് ഒരു വീഡിയോ സംഭാഷണത്തിൽ സംസാരിച്ച സെലെൻസ്കി, യുദ്ധത്തെ അതിജീവിക്കണമെങ്കിൽ തന്റെ രാജ്യത്തിന് ആയുധങ്ങൾ ഉൾപ്പെടെ കൂടുതൽ സഹായം ആവശ്യമാണെന്ന് പറഞ്ഞു. “ഞങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്ത ചിലത് നിങ്ങളുടെ പക്കലുണ്ട് … കവചിത വാഹനങ്ങൾ, വിമാന വിരുദ്ധ, ടാങ്ക് വിരുദ്ധ, കപ്പൽ വിരുദ്ധ ആയുധങ്ങൾ,” അദ്ദേഹം പറഞ്ഞു.
ആയുധങ്ങൾ തീർന്നു പോകെ; ഇത് മരിയുപോളിനെ നേടിയെടുക്കാനുള്ള അവസാന യുദ്ധമെന്ന് യുക്രൈൻ
തങ്ങളുടെ ആയുധ ശേഖരം തീർന്നുപോയേക്കാമെന്നും, മരിയുപോളിനെ നേടിയെടുക്കാനുള്ള ‘അവസാന യുദ്ധത്തിന്’ ഒരുങ്ങുകയാണെന്നും യുക്രൈയ്ൻ.
“ആയുധശേഖരം തീർന്നുപോയതിനാൽ ഇന്ന് അവസാന യുദ്ധമായിരിക്കും. നമ്മിൽ ചിലർക്ക് ഇത് മരണമോ അടിമത്തമോ എന്ന ചോദ്യമാണ്. ബാക്കിയുള്ളവർക്ക് അടിമത്തമാണ്. മുറിവേറ്റവരുടെ കൂട്ടം ബ്രിഗേഡിന്റെ പകുതിയോളം വരും. കൈകാലുകൾ ഛേദിക്കപ്പെടാത്തവർ യുദ്ധത്തിലേക്ക് മടങ്ങുന്നു,” യുക്രൈനിയൻ സായുധ സേനയുടെ 36-ാമത് മറൈൻ ബ്രിഗേഡ് ഫേസ്ബുക്കിൽ ഒരു പ്രസ്താവനയിൽ പറഞ്ഞു:
റഷ്യൻ എംബസി ജീവനക്കാരോട് രാജ്യം വിടാൻ ആവശ്യപ്പെട്ട് ക്രൊയേഷ്യ
റഷ്യയുടെ യുക്രൈനിലെ അധിനിവേശവും “ക്രൂരമായ ആക്രമണവും” കാരണം 24 റഷ്യൻ എംബസി ജീവനക്കാരോട് രാജ്യം വിടാൻ ക്രൊയേഷ്യ ആവശ്യപ്പെട്ടു. റ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുടെ സമാനമായ നീക്കങ്ങളെത്തുടർന്നാണ് നടപടി. 24 പേരിൽ 18 നയതന്ത്ര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു.
റഷ്യയുടെ ‘വ്യാജ പ്രചാരണം’ വിശ്വസിക്കരുതെന്ന് യുക്രൈനിയൻ മന്ത്രി
യുക്രൈനിനുള്ള ആയുധ വിതരണത്തെ ദുർബലപ്പെടുത്താൻ ഉദ്ദേശിച്ചുള്ള റഷ്യയുടെ തെറ്റായ വിവര പ്രചാരണത്തിൽ വീഴരുതെന്ന് യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ വിദേശ മാധ്യമങ്ങളോടും രാഷ്ട്രീയക്കാരോടും അഭ്യർത്ഥിച്ചു.
ഓസ്ട്രിയൻ ചാൻസലർ പുടിനെ സന്ദർശിച്ചു
ഓസ്ട്രിയൻ ചാൻസലർ കാൾ നെഹാമർ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി. തിങ്കളാഴ്ച നെഹാമറുടെ മോസ്കോ സന്ദർശനത്തിനിടെയായിരുന്നു കൂടിക്കാഴ്ച. ഇതോടെ യുക്രൈൻ അധിനിവേശത്തിനുശേഷം പുടിനെ കാണുന്ന ആദ്യത്തെ യൂറോപ്യൻ യൂണിയൻ നേതാവായി നെഹാമർ മാറി.
യുദ്ധം കാരണം യുക്രൈനിന്റെ ജിഡിപി 45 ശതമാനം കുറയുമെന്ന് ലോകബാങ്ക്
യുദ്ധം കാരണം യുക്രൈനിന്റെ ജിഡിപി 45 ശതമാനം കുറയുമെന്ന് ലോകബാങ്ക് ലോകബാങ്ക് പ്രവചിച്ചു. റഷ്യയുടെ അധിനിവേശം കാരണം ബിസിനസുകൾ അടച്ചുപൂട്ടുകയും കയറ്റുമതി വെട്ടിക്കുറയ്ക്കുകയും രാജ്യത്തിന്റെ വലിയ ഭാഗങ്ങളിൽ സാമ്പത്തിക പ്രവർത്തനങ്ങൾ അസാധ്യമാക്കുകയും ചെയ്തതിനാൽ ഉക്രെയ്നിന്റെ സാമ്പത്തിക ഉൽപ്പാദനം ഈ വർഷം 45.1% ചുരുങ്ങുമെന്ന് ലോക ബാങ്ക് ഒരു പുതിയ റിപ്പോർട്ടിൽ പറഞ്ഞു.
ഡൊനെറ്റ്സ്കിൽ റഷ്യൻ ഷെല്ലാക്രമണം തുടരുന്നതായി യുകെ മിലിട്ടറി ഇന്റലിജൻസ്
ഡൊനെറ്റ്സ്ക്, ലുഹാൻസ്ക് മേഖലകളിൽ റഷ്യൻ ഷെല്ലാക്രമണം തുടരുകയാണെന്ന് യുകെ മിലിട്ടറി ഇന്റലിജൻസ്. റഷ്യൻ സൈന്യം ഡൊനെറ്റ്സ്ക് ഒബ്ലാസ്റ്റിൽ ഫോസ്ഫറസ് യുദ്ധോപകരണങ്ങൾ ഉപയോഗിക്കുന്നത് മരിയുപോളിൽ ഭാവിയിൽ അത് ഉപയോഗിക്കാനുള്ള സാധ്യത ഉയർത്തുന്നുവെന്നും ഇന്റലിജൻസ് ഏജൻസി പറഞ്ഞു.
യുദ്ധത്തിന്റെ അടുത്ത ദിവസങ്ങൾ വളരെ നിർണായകം: സെലെൻസ്കി
യുദ്ധത്തിലെ ഏതൊരു കാര്യത്തെയും പോലെ വരാനിരിക്കുന്ന ആഴ്ചയും വളരെ നിർണായകമാകുമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി തന്റെ രാജ്യത്തിന് മുന്നറിയിപ്പ് നൽകി. “റഷ്യൻ സൈന്യം നമ്മുടെ രാജ്യത്തിന്റെ കിഴക്കൻ മേഖലകളിൽ ഇതിലും വലിയ ആക്രമണങ്ങളിലേക്ക് നീങ്ങും,” വോളോഡിമർ സെലെൻസ്കി പറഞ്ഞു. യുദ്ധക്കുറ്റങ്ങളുടെ ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാനാണ് റഷ്യ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
അതിനിടെ, റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ ഞായറാഴ്ച പുതിയ യുക്രൈനിലേക്ക് യുദ്ധ കമാൻഡറെ നിയമിച്ചു. റഷ്യയിലെ ഏറ്റവും പരിചയസമ്പന്നനായ സൈനിക ഓഫീസർമാരിൽ ഒരാളായ ജനറൽ അലക്സാണ്ടർ ഡ്വോർനിക്കോവിനെയാണ് നിയമിച്ചത്.
റഷ്യൻ യുദ്ധ വിമാനങ്ങൾ യുക്രൈനിന്റെ കവചിത വാഹനങ്ങൾ തകർത്തു
റഷ്യൻ യുദ്ധ വിമാനങ്ങൾ യുക്രൈനിന്റെ കവചിത വാഹനങ്ങളും ആന്റി എയർക്രാഫ്റ്റ് വാഹനങ്ങളും തകർത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാ ഇന്റർഫാക്സ് ഞായറാഴ്ച റിപ്പോർട്ട് ചെയ്തു. “യുക്രൈൻ സായുധ സേനയുടെ ആയുധങ്ങളും സൈനിക ഉപകരണങ്ങളും നശിപ്പിച്ചു,” വാർത്താ ഏജൻസി ഒരു പ്രസ്താവനയിൽ മന്ത്രാലയത്തെ ഉദ്ധരിച്ചു പറഞ്ഞു. യുക്രൈൻ സൈനിക ഉദ്യോഗസ്ഥർ ഇതിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
Also Read: Russia Ukraine war news: ആക്രമണം തുടര്ന്ന് റഷ്യ; കൂടുതല് ഉപരോധങ്ങള്ക്ക് ആഹ്വാനം ചെയ്ത് യുക്രൈന്