scorecardresearch
Latest News

Russia Ukraine war news: ആക്രമണം തുടര്‍ന്ന് റഷ്യ; കൂടുതല്‍ ഉപരോധങ്ങള്‍ക്ക് ആഹ്വാനം ചെയ്ത് യുക്രൈന്‍

യുദ്ധഭീതി നിലനിൽക്കുന്ന കിഴക്കൻ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്

Russia-Ukraine War News

Russia Ukraine war news: കീവ്: യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യ ആക്രമണം ശക്തമാക്കുന്നു. വിവിധ പ്രദേശങ്ങളിലായി ഷെല്ലാക്രമണം റിപ്പോര്‍ട്ട് ചെയ്തു. യുക്രൈനിന്റെ സൈനിക വാഹനവ്യൂഹം റഷ്യ തകര്‍ത്തതായും വിവരമുണ്ട്. റഷ്യയുടെ സൈനിക നീക്കം തടയുന്നതിനായി കൂടുതല്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തണമെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പാശ്ചാത്യ രാജ്യങ്ങളോട് ആവശ്യപ്പെട്ടു. യുക്രൈന്‍-റഷ്യ സംഘര്‍ഷത്തിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.

1. മരിയുപോളില്‍ ഷെല്ലാക്രമണം, ജനങ്ങൾ കുടുങ്ങി കിടക്കുന്നു

യുക്രൈനിലെ പ്രധാന തുറമുഖ നഗരമായ മരിയുപോളില്‍ റഷ്യയുടെ ഷെല്ലാക്രമണം. നിരവധി മാനുഷിക ഇടനാഴികൾ തകർന്നു, ആളുകൾ പ്രദേശത്ത് പുറത്തിറങ്ങാനാവാതെ കുടുങ്ങി കിടക്കുകയാണ്. എന്നാൽ എത്രപേരാണ് കുടുങ്ങി കിടക്കുന്നതെന്ന് വ്യക്തമല്ല, വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു. 52 പേരോളം കൊല്ലപ്പെടുകയും 100-ലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്ത റെയിൽവേ സ്റ്റേഷന് നേരെയുണ്ടായ മിസൈൽ ആക്രമണത്തിന് പിന്നാലെ യുദ്ധഭീതി നിലനിൽക്കുന്ന കിഴക്കൻ മേഖലകളിൽ നിന്ന് ജനങ്ങളെ ഒഴിപ്പിക്കാൻ തുടരുകയാണ്.

2. ഈസ്റ്ററിനോട് അനുബന്ധിച്ച് യുദ്ധത്തിന് വിരാമമിടണമെന്ന് മാര്‍പാപ്പ

യുക്രൈനില്‍ ഈസ്റ്ററിനോട് അനുബന്ധിച്ച് യുദ്ധത്തിന് വിരാമമിടണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. സെന്റ് പീറ്റേഴ്‌സ് സ്ക്വയറിൽ പതിനായിരക്കണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തി ഓശാന ഞായര്‍ ശുശ്രൂഷകൾക്ക് നേതൃത്വം നൽകിയതിന് ശേഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. യുദ്ധത്തെ അദ്ദേഹം അപലപിക്കുകയും ചെയ്തു. അവശിഷ്ടങ്ങള്‍ക്ക് മുകളില്‍ പതാക നാട്ടി നേടുന്ന വിജയം എന്ത് തരം വിജയമായിരിക്കുമെന്നും മാര്‍പാപ്പ ചോദിച്ചു.

3. ഹര്‍കീവിലെ ഷെല്ലാക്രമണത്തില്‍ രണ്ട് മരണം

വടക്കുകിഴക്കൻ ഹര്‍കീവ് മേഖലയിലെ നഗരമായ ഡെർഹാച്ചിയിൽ ഉണ്ടായ റഷ്യന്‍ ഷെല്ലാക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ ഒലെഹ് സിനെഹുബോവ് അറിയിച്ചു. റഷ്യൻ സൈന്യം നിരവധി പ്രദേശങ്ങളിലായി 66 പീരങ്കി ആക്രമണങ്ങൾ നടത്തിയിട്ടുണ്ടെന്നും ഗവർണർ കൂട്ടിച്ചേര്‍ത്തു. വിജയങ്ങളൊന്നും അവകാശപ്പെടാനില്ലാത്തതിനാല്‍ റഷ്യ സാധാരണക്കാര്‍ക്ക് നേരെ യുദ്ധം ചെയ്യുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

4. കിഴക്കന്‍ മേഖലയില്‍ ഒന്‍പത് മാനുഷിക ഇടനാഴികള്‍ തുറക്കും

കിഴക്കന്‍ മേഖലയില്‍ പോരാട്ടം ശക്തമാകുന്ന സാഹചര്യത്തില്‍ സാധാരണക്കാര്‍ക്ക് രക്ഷപെടുന്നതിനായി ഒന്‍പത് മാനുഷിക ഇടനാഴികള്‍ തുറക്കുമെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക്. മരിയുപോളിലുള്ളവര്‍ക്ക് സ്വകാര്യ വാഹനങ്ങളില്‍ രക്ഷപ്പെടാനുമുള്ള മാനുഷിക ഇടനാഴികളും ഇതില്‍ ഉള്‍പ്പെടുന്നു. “ലുഹാൻസ്ക് മേഖലയിലെ മാനുഷിക ഇടനാഴികൾ റഷ്യൻ സൈന്യത്തിന്റെ വെടിനിർത്തൽ ഉള്ളിടത്തോളം പ്രവർത്തിക്കും,” വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ലുഹാൻസ്കിനെ പരാമർശിച്ച് വെരേഷ്ചുക്ക് പറഞ്ഞു.

5. റഷ്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും നിരോധിച്ച് യുക്രൈൻ

റഷ്യയിൽ നിന്നുള്ള എല്ലാ ഇറക്കുമതികളും യുക്രൈൻ നിരോധിച്ചു, യുദ്ധത്തിന് മുമ്പ് പ്രതിവർഷം ഏകദേശം ആറ് ബില്യൺ ഡോളറിന്റെ ഇറക്കുമതിയാണ് യുക്രൈൻ നടത്തിയിരുന്നത്. റഷ്യക്ക് മേൽ കടുത്ത സാമ്പത്തിക ഉപരോധം ഏർപ്പെടുത്താൻ മറ്റു രാജ്യങ്ങളോട് യുക്രൈൻ ആവശ്യപ്പെടുകയും ചെയ്തു. “ആക്രമണകാരിയായ രാജ്യവുമായുള്ള എല്ലാ വ്യാപാരങ്ങളും പൂർണമായി അവസാനിപ്പിക്കുന്നതായി ഞങ്ങൾ ഇന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചു,” സാമ്പത്തിക മന്ത്രി യൂലിയ സ്വിരിഡെങ്കോ ശനിയാഴ്ച തന്റെ ഫേസ്ബുക്ക് പേജിൽ കുറിച്ചു.

6. യുക്രൈനിന്റെ സൈനിക വാഹനവ്യൂഹം തകര്‍ത്ത് റഷ്യ

യുദ്ധ വാഹനങ്ങളും മറ്റ് ഉപകരണങ്ങളുമുണ്ടായിരുന്ന യുക്രൈനിന്റെ വാഹനവ്യൂഹം തകര്‍ത്തതായി റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് യുക്രൈന്‍ അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ആക്രമണത്തിന്റെ വിഡീയോ പങ്കുവച്ചിട്ടുണ്ട്. ആക്രമണം നടന്ന സ്ഥലവും സമയവും വ്യക്തമല്ല.

7. ലുഹാന്‍സ്കിലും ഡിനിപ്രോയിലും റഷ്യന്‍ ഷെല്ലാക്രമണം

യുക്രൈന്‍ മേഖലകളായ ലുഹാന്‍സ്കിലും ഡിനിപ്രോയിലും റഷ്യ ഷെല്ലാക്രമണം നടത്തിയതായി റിപ്പോര്‍ട്ട്. നിരവധി കെട്ടിടങ്ങള്‍ക്ക് നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. തീപിടിത്തത്തെ തുടര്‍ന്ന് ഒരാള്‍ക്ക് പരിക്കേറ്റു. ലുഹാൻസ്കിലെ സീവിയേറോഡൊനെറ്റ്സ്ക് നഗരത്തിൽ ഒരു സ്കൂളിലും ഒരു ബഹുനില കെട്ടിടത്തിലും ഷെല്ലാക്രമണം നടത്തിയതായി മേഖലയുടെ ഗവർണർ പറഞ്ഞു. എന്നാല്‍ ആളപായമൊന്നുമില്ലെന്നും അധികൃതര്‍ അറിയിച്ചു.

8. റഷ്യയുടെ യുക്രൈന്‍ അധിനിവേശം അംഗീകരിക്കാനാകില്ലെന്ന് മെക്സിക്കൊ

യുക്രൈനിലെ റഷ്യൻ അധിനിവേശം അംഗീകരിക്കാനാകില്ലെന്ന് മെക്‌സിക്കൻ പ്രസിഡന്റ് ആന്ദ്രേസ് മാനുവൽ ലോപ്പസ് ഒബ്രഡോർ. സംഘർഷത്തിന്റെ ഇരകളായ യുക്രൈന്‍ ജനതയെ പിന്തുണ പ്രഖ്യാപിച്ചുള്ള വീഡിയോ സന്ദേശത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. “യുക്രൈനിലെ റഷ്യയുടെ അധിനിവേശം ഞങ്ങൾ അംഗീകരിക്കുന്നില്ല, കാരണം ഞങ്ങൾ അധിനിവേശങ്ങൾ അനുഭവിച്ചിട്ടുണ്ട്. സമാധാനപരമായ പരിഹാരത്തിന് ഞങ്ങളുടെ പിന്തുണയുണ്ട്, ” സ്പാനിഷ്, ഫ്രഞ്ച്, അമേരിക്കൻ അധിനിവേശങ്ങളെ പരാമർശിച്ച് ലോപ്പസ് ഒബ്രഡോർ പറഞ്ഞു.

9. റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ ആയുധങ്ങളും ഉപരോധങ്ങളും ആവശ്യപ്പെട്ട് യുക്രൈന്‍

റഷ്യയുടെ ലക്ഷ്യം കേവലം യുക്രൈന്‍ മാത്രമല്ല യൂറോപ് മുഴുവനാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധങ്ങള്‍ ചുമത്താന്‍ യുക്രൈന് ആയുധങ്ങള്‍ നല്‍കി സഹായിക്കാനും പാശ്ചാത്യ രാജ്യങ്ങളോട് സെലെന്‍സ്കി ആവശ്യപ്പെട്ടു. 2014ൽ പിടിച്ചെടുത്ത ക്രിമിയയിൽ നിന്നും ഭാഗികമായി മോസ്കോ കൈവശം വച്ചിരിക്കുന്ന കിഴക്കൻ ഡോൺബാസ് മേഖലയിൽ നിന്നും വഴി സ്ഥാപിക്കാനായി കിഴക്കന്‍ മേഖലയില്‍ റഷ്യ ശ്രമിക്കുന്നതായി യുക്രൈനിയന്‍ സൈന്യം പറയുന്നു. പ്രസ്തതു മേഖലയില്‍ റഷ്യൻ സേനയുമായി കടുത്ത യുദ്ധത്തിന് തയ്യാറാണെന്ന് യുക്രൈന്‍ അറിയിച്ചു.

10. റഷ്യക്കെതിരെ ചിലിയില്‍ പ്രതിഷേധം

യുക്രൈനിലെ അധിനിവേശത്തില്‍ ചിലിയിലും പ്രതിഷേധം. ചിലിയുടെ തലസ്ഥാനമായ സാന്റിയാഗോയിലെ റഷ്യൻ എംബസിക്ക് മുന്നില്‍ നിരവധി പേര്‍ പ്രതിഷേധവുമായി എത്തി. യുക്രൈന്‍ പതാകയുടെ നിറത്തിലുള്ള ബാനറുകളുമായാണ് പ്രതിഷേധക്കാരെത്തിയത്.

Also Read: Russia Ukraine War News: മകരീവ് നഗരത്തിൽ ചിത്രവധം ചെയ്യപ്പെട്ട 132 മൃതദേഹങ്ങൾ കണ്ടെടുത്തതായി യുക്രൈന്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 10 updates