scorecardresearch

Russia-Ukraine War News: ചെർണോബിൽ പ്രദേശത്ത് നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായി യുക്രൈൻ

Russia-Ukraine War News: അധിനിവേശം അഞ്ചാം ആഴ്ച പിന്നിടുമ്പോള്‍ യുക്രൈനില്‍ ആക്രമണം വീണ്ടും സജീവമാവുകയാണ്

Russia-Ukraine War News: ചെർണോബിൽ പ്രദേശത്ത് നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായി യുക്രൈൻ

Russia-Ukraine War News: കീവ്: യുക്രൈനിലെ ചെർണോബിൽ ആണവ നിലയ പ്രദേശത്ത് നിന്ന് റഷ്യൻ സൈന്യം പിൻവാങ്ങിയതായി യുക്രൈനിലെ പൊതുമേഖലാ ഊർജ കമ്പനിയായ എനർഗോട്ടം. എന്നിരുന്നാലും, തെക്കുകിഴക്കൻ മേഖലയിലെ പുതിയ ആക്രമണങ്ങൾക്കായി കൂടുതൽ ശക്തി ശേഖരിക്കുന്നതിനുള്ള ഒരു സൈനിക തന്ത്രം മാത്രമായിരുന്നു രാജ്യത്തിന്റെ വടക്കും മധ്യഭാഗത്തും നിന്നുള്ള പ്രദേശങ്ങളിൽ നിന്നുള്ള റഷ്യയുടെ പിൻവാങ്ങൽ എന്ന് യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി മുന്നറിയിപ്പ് നൽകി.

2- റഷ്യയിലെ ഇന്ധന സംഭരണ കേന്ദ്രം ലക്ഷ്യമിട്ട് യുക്രൈൻ വ്യോമാക്രമണം നടത്തിയതായി റഷ്യ

റഷ്യൻ നഗരമായ ബെൽഗൊറോഡിലെ ഇന്ധന സംഭരണ കേന്ദ്രം ലക്ഷ്യമിട്ട് വെള്ളിയാഴ്ച ഉക്രെയ്ൻ വ്യോമാക്രമണം നടത്തിയെന്ന് റഷ്യ. ഈ സംഭവം യുക്രൈനുമായുള്ള സമാധാന ചർച്ചകൾക്ക് പ്രതികൂലമാണെന്ന് ക്രെംലിൻ പറഞ്ഞു.

സൈനിക വിവരങ്ങളില്ലാത്തതിനാൽ ആക്രമണത്തിൽ ഉക്രേനിയൻ പങ്കാളിത്തം സംബന്ധിച്ച റിപ്പോർട്ടുകൾ സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്ന് യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ പറഞ്ഞു.

3- ചേര്‍ണീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറുന്നതായി യുക്രൈന്‍

യുക്രൈനിലെ വടക്കന്‍ ചേര്‍ണീവില്‍ നിന്ന് റഷ്യന്‍ സൈന്യം പിന്മാറുന്നു. നഗരത്തിന്റെ മേയറെ ഉദ്ധരിച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

എന്നാല്‍ മരിയുപോളിലെ സ്ഥിതിഗതികള്‍ ആശങ്കയായി തുടരുകയാണ്. നഗരത്തിലേക്കൊ അവിടെ നിന്ന് പുറത്തേക്കൊ പോകുന്നത് വളരെ അപകടകരമാണെന്നാണ് മേയറുടെ അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന വിവരം.

പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ആവശ്യ സാധനങ്ങള്‍ എത്തിക്കുന്നത് റഷ്യന്‍ സൈന്യം തടയുകയാണെന്ന ആരോപണവും ഉയരുന്നുണ്ട്. മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ലെന്നുമാണ് ലഭിക്കുന്ന വിവരം.

4- “ഇന്ത്യക്ക് തങ്ങളിൽ നിന്ന് എന്ത് വാങ്ങണമെങ്കിലും അക്കാര്യം ചർച്ച ചെയ്യാൻ തയ്യാർ,” റഷ്യൻ വിദേശകാര്യ മന്ത്രി

ഇന്ത്യ തങ്ങളിൽ നിന്ന് ക്രൂഡ് ഓയിൽ വാങ്ങാൻ താൽപര്യപ്പെടുന്നുണ്ടെങ്കിൽ ആ ആവശ്യത്തെക്കുറിച്ച് ചർച്ച ചെയ്യാൻ റഷ്യ തയ്യാറാണെന്ന് ഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി ചർച്ച നടത്തിയ ശേഷമാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

5- യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് യുക്രൈൻ സന്ദർശിക്കും

യൂറോപ്യൻ പാർലമെന്റ് പ്രസിഡന്റ് റോബർട്ട മെറ്റ്‌സോള യുക്രൈൻ സന്ദർശിക്കും. ട്വിറ്റർ അക്കൗണ്ടിലാണ് മെറ്റ്‌സോള ഇക്കാര്യം പ്രഖ്യാപിച്ചത്. എന്നാൽ എന്നാണ് സന്ദർശനമെന്ന് വ്യക്തമല്ല.

6- വിദേശ ഫണ്ട് കൈമാറ്റ നിയന്ത്രണങ്ങൾക്ക് ഇളവ്

ആറ് മാസത്തേക്ക് രാജ്യത്ത് വ്യക്തികൾക്കുള്ള വിദേശ ഫണ്ട് കൈമാറ്റത്തിനുള്ള നിയന്ത്രണങ്ങൾ മയപ്പെടുത്തുകയാണെന്ന് റഷ്യയുടെ സെൻട്രൽ ബാങ്ക് അറിയിച്ചു.

എന്നാൽ റഷ്യയ്‌ക്കെതിരെ ഉപരോധം ഏർപ്പെടുത്തിയ രാജ്യങ്ങളിൽ നിന്നുള്ള താമസക്കാർക്കും പ്രവാസികൾക്കും ഇളവ് ബാധകമല്ലെന്ന് ബാങ്ക് പറഞ്ഞു.

7- റേഡിയേഷന്‍ ഏറ്റതിനാല്‍ റഷ്യന്‍ സൈന്യം ചേര്‍ണോബില്‍നിന്ന് മടങ്ങുന്നതായി യുക്രൈന്‍

സൈനിക പ്രവര്‍ത്തങ്ങള്‍ക്കായി ട്രെഞ്ചുകള്‍ ഒരുക്കുന്നതിനിടെ റേഡിയേഷന്‍ ഏറ്റതിനെത്തുടര്‍ന്ന് റഷ്യന്‍ സൈന്യം ചേര്‍ണോബില്‍ ആണവ നിലയത്തില്‍നിന്ന് മടങ്ങുകയാണെന്ന് യുക്രൈന്‍. എത്രപേര്‍ക്ക് റേഡിയേഷന്‍ ഏറ്റിട്ടുണ്ടെന്നോ ഇവരുടെ ആരോഗ്യനില സംബന്ധിച്ചോ വിവരങ്ങള്‍ ലഭ്യമല്ല.

1986 ആണവ ദുരന്തം സംഭവിച്ചതിനെത്തുടര്‍ന്ന് അടച്ചിട്ടിരിക്കുന്ന നാലാമത്തെ പ്ലാന്റിന്റെ ചുറ്റുമുള്ള നിരോധിത മേഖലയില്‍ റഷ്യക്കാര്‍ കുഴിയെടുത്തതായിട്ടാണ് ലഭിക്കുന്ന വിവരം. അതേസമയം, തലസ്ഥാന നഗരമായ കീവിന്റെ പ്രാന്തപ്രദേശങ്ങളില്‍ ആക്രമണം ശക്തമായി തുടരുകയാണെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു.

8- യുക്രൈന് സഹായവുമായി ഓസ്ട്രേലിയ

പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ പ്രത്യേക അഭ്യര്‍ത്ഥന പ്രകാരം യുക്രൈനിലേക്ക് കവചിത ബുഷ്മാസ്റ്റര്‍ വാഹനങ്ങള്‍ അയക്കുമെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ അറിയിച്ചു. സെലെൻസ്‌കി വ്യാഴാഴ്ച ഓസ്‌ട്രേലിയൻ പാർലമെന്റിനെ അഭിസംബോധന ചെയ്യുകയും ഓസ്‌ട്രേലിയൻ നിർമ്മിത, ഫോർ വീൽ ഡ്രൈവ് വാഹനങ്ങൾ ആവശ്യപ്പെടുകയും ചെയ്തു. ബോയിംഗ് സി-17 ഗ്ലോബ്മാസ്റ്റർ ട്രാൻസ്പോർട്ട് വിമാനങ്ങളിൽ വാഹനങ്ങൾ എത്തിക്കുമെന്നും മോറിസണ്‍ കൂട്ടിച്ചര്‍ത്തു. എന്നാലിത് എപ്പോഴായിരിക്കും എന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

9- സ്ലോബോഡ, ലുകാഷിവ്ക എന്നീ ഗ്രാമങ്ങൾ യുക്രൈന്‍ തിരിച്ചു പിടിച്ചു

യുക്രൈനിയന്‍ സൈന്യം ചേര്‍ണീവിന്റ തെക്ക് ഭാഗത്തുള്ള സ്ലോബോഡ, ലുകാഷിവ്ക എന്നീ ഗ്രാമങ്ങൾ തിരിച്ചുപിടിച്ചതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ്. കീവിന്റെ വടക്കു കിഴക്കന്‍ മേഖലകളില്‍ പ്രതിരോധാക്രമണങ്ങള്‍ യുക്രൈന്‍ പരിമിതമായി നടത്തുന്നുണ്ടെന്നും ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം അറിയിച്ചു. പ്രസ്തുത മേഖലകളിലെ ആക്രമണം കുറയ്ക്കുമെന്ന റഷ്യൻ അവകാശവാദങ്ങൾക്കിടയിലും ചേര്‍ണീവിലും കീവിലും തുടർച്ചയായ വ്യോമ, മിസൈൽ ആക്രമണങ്ങൾ നടന്നതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

10- യുക്രൈന്‍-റഷ്യ ചര്‍ച്ചകള്‍ പുനഃരാരംഭിക്കും; യൂറോപ്യന്‍ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പുമായി പുടിന്‍

അധിനിവേശം അഞ്ചാം ആഴ്ച പിന്നിടുമ്പോള്‍ യുക്രൈനില്‍ ആക്രമണം വീണ്ടും സജീവമാവുകയാണ്. തെക്ക്, കിഴക്കന്‍ മേഖലകളില്‍ ആക്രമണം നേരിടാനുള്ള തയാറെടുപ്പുകള്‍ യുക്രൈന്‍ ആരംഭിച്ച് കഴിഞ്ഞു. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുനഃരാരംഭിക്കും.

റഷ്യയുടെ സൈനിക നീക്കത്തില്‍ ഇതുവരെ ആയിരക്കണക്കിന് ആളുകളാണ് കൊല്ലപ്പെട്ടത്. 40 ലക്ഷത്തിലധികം വരുന്ന യുക്രൈനിലെ സാധാരണക്കാര്‍ അവരുടെ രാജ്യം വിടാന്‍ നിര്‍ബന്ധിതരായി. ഏറ്റുമുട്ടലുമായി പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ മുന്നോട്ട് പോകാന്‍ തീരുമാനിച്ചതോടെ അമേരിക്കയും മറ്റ് സഖ്യകക്ഷികളും റഷ്യന്‍ വ്യവസായികള്‍ക്ക് ഉള്‍പ്പെടെ ഉപരോധം ഏര്‍പ്പെടുത്തി.

യൂറോപ്യൻ യൂണിയന്റെ ഉപരോധത്തിന് റഷ്യ മറുപടി നൽകുമെന്ന് വിദേശകാര്യ മന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ആർഐഎ വാർത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു.

“യൂറോപ്യന്‍ യൂണിയന്റെ നടപടികൾക്ക് മറുപടി ലഭിക്കാതിരിക്കില്ല. നിരുത്തരവാദപരമായ ഉപരോധങ്ങൾ ഇതിനകം തന്നെ സാധാരണ യൂറോപ്യന്‍ ജനതയുടെ ദൈനംദിന ജീവിതത്തെ പ്രതികൂലമായി ബാധിച്ചിരിക്കുന്നു” നിക്കോളായ് കോബ്രിനെറ്റ്സ് വാർത്താ ഏജൻസിയോട് പറഞ്ഞു.

അതേസമയം, റഷ്യന്‍ വാതകത്തിന്റെ യൂറോപ്യന്‍ ഉപഭോക്താക്കള്‍ വെള്ളിയാഴ്ച മുതല്‍ റൂബിള്‍സില്‍ (റഷ്യന്‍ കറണ്‍സി) പണം അടയ്ക്കണം. എന്നാല്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പുടിന്റെ ആവശ്യത്തെ അംഗീകരിച്ചില്ല. റഷ്യന്‍ വാതകത്തിന്റെ ഏറ്റവും വലിയ ഉപഭോക്താവായ ജര്‍മനി ഭീഷണിപ്പെടുത്തി പണം വാങ്ങാനുള്ള ശ്രമമെന്നാണ് പുടിന്റെ നടപടിയെ വിശേഷിപ്പിച്ചത്.

Also Read: വെള്ളക്കരം, ഭൂനികുതി നിരക്കുകള്‍ വര്‍ധിക്കും; ഇന്ന് നിലവിൽ വരുന്ന മറ്റ് പ്രധാന മാറ്റങ്ങള്‍

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news volodymyr zelenskyy vladimir putin april 1 updates