Russia Ukraine War News: അധിനിവേശം ഏഴ് ആഴ്ചകള്‍ പിന്നിടുമ്പോള്‍ യുക്രൈനിന്റെ കിഴക്കന്‍ മേഖലയില്‍ സംഘര്‍ഷം ഉടലെടുക്കുന്നു. പ്രദേശത്തെ സാധാരണക്കാരോട് എത്രയും വേഗം പലായനം ചെയ്യാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. അതേസമയം, ബുച്ചയ്ക്ക് സമാനമായി റഷ്യന്‍ സൈന്യം മകരീവിലും സാധരണക്കാരെ വധിച്ചെന്ന ആരോപണം യുക്രൈന്‍ ഉയര്‍ത്തി. യുക്രൈനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി തോന്നുന്നെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. റഷ്യ-ഉക്രൈന്‍ സംഘര്‍ഷത്തിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
1. ബുച്ചയ്ക്ക് സമാനം മകരീവ്
ബുച്ച കൊലപാതകങ്ങള്‍ക്ക് പിന്നാലെ റഷ്യന്‍ സൈന്യത്തെ പ്രതികൂട്ടിലാക്കി യുക്രൈന്‍. റഷ്യന്‍ സൈന്യം പിന്‍വാങ്ങിയ മകരീവ് നഗരത്തില്‍ ചിത്രവധം ചെയ്യപ്പെട്ട 132 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. സൈന്യം പിന്‍വാങ്ങിയ നഗരങ്ങളില്‍ യുക്രൈന്‍ രക്ഷാപ്രവര്‍ത്തകര്‍ എത്തിയിട്ടുള്ളതായും അധികൃതര്‍ പറയുന്നു. യുദ്ധക്കുറ്റങ്ങളുടെ മറ്റൊരു അദ്ധ്യായം കൂടി തുറക്കുകയാണെന്നായിരുന്നു മകരീവ് സംഭവത്തെ അധികൃതര്‍ വിശേഷിപ്പിച്ചത്. മകരീവ് നഗരം ഭാഗീകമായി നശിപ്പിക്കപ്പെട്ടതായാണ് വിവരം.
2. കിഴക്കന്‍ മേഖലകളില്‍ നിന്ന് പലായനം ചെയ്യു; സാധാരണക്കാരോട് യുക്രൈന്‍
കിഴക്കൻ ലുഹാൻസ്ക് മേഖലയിലെ സാധാരണക്കാരോട് പ്രദേശത്ത് നിന്ന് എത്രയും വേഗം പലായനം ചെയ്യാന്‍ യുക്രൈന്‍ അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം കിഴക്കൻ യുക്രൈനിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ 50 പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് നിര്‍ദേശം.
കിഴക്കൻ യുക്രൈനിലെ നഗരങ്ങളിൽ വ്യോമാക്രമണ സൈറണുകൾ മുഴങ്ങിതായി റിപ്പോര്‍ട്ടുകളുടെ. യുക്രൈന്‍ തലസ്ഥാനമായ കീവില്‍ നിന്നും പിന്‍വാങ്ങിയ ശേഷം റഷ്യന്‍ സൈന്യം നിലവില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് കിഴക്കന്‍ മേഖലകളിലാണ്. ഫെബ്രുവരി 24 ന് ആരംഭിച്ച സൈനിക നടപടിക്ക് ശേഷം ഇതുവരെ യുക്രൈനില്‍ നിന്ന് 40 ലക്ഷത്തിലധികം പേരാണ് പലായനം ചെയ്തിട്ടുള്ളത്.
3. റഷ്യ യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി തോന്നുന്നെന്ന് യൂറോപ്യന്‍ കമ്മിഷന്‍ പ്രസിഡന്റ്
യുക്രൈനിലെ സാധാരണക്കാരെ ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം യുദ്ധക്കുറ്റങ്ങള്‍ ചെയ്തതായി തോന്നുന്നെന്ന് യൂറോപ്യൻ കമ്മീഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയ്ൻ പറഞ്ഞു. എന്നാല്‍ ഉയര്‍ന്ന ആരോപണങ്ങള്‍ സംബന്ധിച്ച് നിയമവിദഗ്ധര്‍ അന്വേഷിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കീവിനടുത്തുള്ള ബുച്ച പട്ടണത്തിലെ നാശം സ്വന്തം കണ്ണുകള്‍ക്കൊണ്ട് കണ്ടതായും അവര്‍ പറഞ്ഞു. റഷ്യന്‍ സൈന്യം പട്ടണം കൈവശപ്പെടുത്തിയപ്പോൾ കൊല്ലപ്പെട്ടതായി പ്രാദേശിക ഉദ്യോഗസ്ഥർ പറയുന്ന സാധാരണക്കാരുടെ മൃതദേഹങ്ങൾ അടങ്ങിയ കൂട്ട ശവക്കുഴിയില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നതായാണ് വിവരം.
4. കീവിലെ എംബസി തുറക്കാന്‍ ഇറ്റലി
കീവിലെ എംബസി തുറക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഇറ്റാലിയന്‍ വിദേശകാര്യമന്ത്രി ലൂയിജി ഡി മായോ നിര്‍ദേശം നല്‍കി. കീവിലേക്ക് നമ്മളായിരിക്കും ആദ്യം തിരിച്ചെത്തുക എന്ന് ഉദ്യോഗസ്ഥരോട് വിദേശകാര്യ മന്ത്രി പറഞ്ഞതായി എഎന്‍എസ്എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. “യുക്രൈനിയന്‍ ജനതയ്‌ക്കുള്ള പിന്തുണ പ്രകടിപ്പിക്കുന്നതിനുള്ള മറ്റൊരു മാര്‍ഗമാണിത്, നയതന്ത്രം നിലനിൽക്കണമെന്നത് ഈ നടപടിയിലൂടെ ഊട്ടിയുറപ്പിക്കാം” അദ്ദേഹം വ്യക്തമാക്കി. മറ്റ് യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായി ഏകോപിപ്പിച്ചായിരിക്കും തിരിച്ചുവരവ് നടത്തുകയെന്ന് ഡി മായോ പറഞ്ഞു.
5. കിഴക്കന്‍ മേഖലയില്‍ രക്ഷപ്രവര്‍ത്തന ശ്രമവുമായി യുക്രൈന്‍
സാധാരണക്കാരെ രക്ഷപ്പെടുത്തുന്നതിനായി 10 മാനുഷിക ഇടനാഴികൾ കിഴക്കന്‍ മേഖലകളില്‍ തുറക്കുമെന്ന് യുക്രൈനിന്റെ ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക് പറഞ്ഞു. ഇടനാഴികൾ ഡൊനെറ്റ്സ്ക്, ലുഹാൻസ്ക്, സപ്പോരിജിയ എന്നീ പ്രദേശങ്ങളിലെ നിരവധി നഗരങ്ങൾ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സഹായകരമാകു. മരിയുപോൾ, എനർഹോദർ, ടോക്മാക്, ബെർഡിയൻസ്‌ക്, മെലിറ്റോപോൾ എന്നിവിടങ്ങളിലുള്ളവർക്ക് സപ്പോരിജിയ നഗരത്തിലേക്കും സെവെറോഡൊനെറ്റ്‌സ്‌ക്, ലിസിചാൻസ്‌ക്, പോപാസ്‌ന, ഗിർസ്‌കെ, റൂബിഷ്‌നെ എന്നിവിടങ്ങളിലുള്ളവർക്ക് ഡൊനെറ്റ്‌സ്‌ക് മേഖലയിലെ ബഖ്മുട്ട് നഗരത്തിലേക്കും മാറാൻ കഴിയും.
6. ബുച്ചയിലെ മരണങ്ങള്‍ യുദ്ധക്കുറ്റമെന്ന് ജര്‍മന്‍ ചാന്‍സെലര്‍
യുക്രൈന്‍ പട്ടണമായ ബുച്ചയിൽ സാധാരണക്കാരുടെ കൊലപാതകങ്ങൾ യുദ്ധക്കുറ്റങ്ങളില്‍ ഉള്‍പ്പെട്ടതാണെന്നും ചെയ്തവര്‍ ഉത്തരവാദികളാണെന്നും ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു. ‘ഇത് ഞങ്ങൾക്ക് മറക്കാൻ കഴിയാത്ത കാര്യമാണ്,’ കീവിന്റെ വടക്കുപടിഞ്ഞാറുള്ള പട്ടണത്തിലെ സാധാരണക്കാരുടെ മരണത്തെ പരാമർശിച്ച് ഷോൾസ് പറഞ്ഞു. ഇതൊരു കുറ്റകൃത്യമാണെന്ന് കാണാതിരിക്കാനാവില്ല. അംഗീകരിക്കാനാവാത്ത യുദ്ധക്കുറ്റങ്ങളാണിവയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
7. റോക്കറ്റ് ആക്രമണം: ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് സെലെന്‍സ്കി
കഴിഞ്ഞ ദിവസം കിഴക്കൻ യുക്രൈനിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ ആഗോള പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് വോളോഡിമിര്‍ സെലെന്‍സ്കി. 52 പേരാണ് ഇതുവരെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റഷ്യയുടെ ആക്രമണം ശക്തമായ പ്രദേശത്ത് നിന്ന് 4,000 പേര്‍ രക്ഷപ്പെടാന്‍ ശ്രമിക്കവെയായിരുന്നു ആക്രമണമുണ്ടായത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാന്‍ റഷ്യ തയാറായിട്ടില്ല.
8. പിന്‍വാങ്ങിയ റഷ്യന്‍ യൂണിറ്റുകള്‍ പലതും തകര്‍ന്നതായി അമേരിക്ക
അടുത്ത ദിവസങ്ങളിൽ കീവില്‍ നിന്നും സമീപ മേഖലകളില്‍ നിന്നും പിൻവാങ്ങിയ ചില റഷ്യൻ യൂണിറ്റുകൾക്ക് കനത്ത കേടുപാടുകൾ സംഭവിച്ചതായും യുദ്ധം ചെയ്യാനുള്ള അവരുടെ ശേഷി കുറഞ്ഞതായും പെന്റഗൺ കണ്ടെത്തിയതായി ഒരു മുതിർന്ന യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു. , പ്രവർത്തനക്ഷമമായ കുറച്ച് സൈനികരും ആയുധങ്ങളും മാത്രമേ ശേഷിക്കുന്നുള്ളതായുമാണ് ലഭിക്കുന്ന വിവരം.
9. ലോകനേതാക്കള്‍ നോക്കി നില്‍ക്കരുതെന്ന് പ്രിയങ്ക ചോപ്ര
യുക്രൈനില്‍ നിന്നുള്ള അഭയാര്‍ഥികള്‍ക്ക് പിന്തുണയുമായി യുണിസെഫ് ഗുഡ്വില്‍ അംബാസിഡറും ഹോളിവുഡ് നടിയുമായ പ്രിയങ്ക ചോപ്ര. ലോക നേതാക്കളുടെ ശ്രദ്ധക്ക്, ഇത് നിങ്ങള്‍ക്കുള്ള സന്ദേശമാണ്. യുക്രൈനിലെ അഭയാര്‍ഥി പ്രശ്നങ്ങള്‍ ഉന്നയിക്കുന്ന സാമൂഹിക പ്രവര്‍ത്തകരേയും അഭിഭാഷകരേയും നിങ്ങള്‍ കേള്‍ക്കണം. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ അഭയാര്‍ത്ഥി പ്രവാഹമാണ് നടക്കുന്നത്. ഇനിയും നോക്കി നില്‍ക്കരുത്. സമയം ഒരുപാട് മുന്നോട്ട് പോയിരിക്കുന്നു, ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തില്‍ പ്രിയങ്ക പറഞ്ഞു.
10. റഷ്യന്‍ പാര്‍ലമെന്റ് ചാനല്‍ ബ്ലോക്ക് ചെയ്ത് യൂട്യൂബ്
റഷ്യന്‍ പാര്‍ലമെന്റ് നടപടികള്‍ സംപ്രേഷണം ചെയ്യുന്ന ഡുമ ടിവിയുടെ സ്ട്രീമിങ് ബ്ലോക്ക് ചെയ്ത് യൂട്യൂബ്. ലോകത്തിലെ ഏറ്റവും ജനപ്രിയമായ സ്ട്രീമിംഗ് പ്ലാറ്റ്ഫോമിന് നിയന്ത്രണങ്ങൾ നേരിടേണ്ടിവരുമെന്ന് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. യൂട്യൂബിന്റെ നിബന്ധനകള്‍ ലംഘിച്ചതിനാണ് ഡുമ ചാനലിനെ ബ്ലോക്ക് ചെയ്തതെന്ന് യുട്യൂബ് അധികൃതര്‍ അറിയിച്ചു.