Russia Ukraine War News: കീവ്: യുക്രൈനിലെ റഷ്യയയുടെ സൈനിക നടപടി ഏഴാം ആഴ്ചയിലേക്ക് കടന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നു. കിഴക്കൻ യുക്രൈനിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ 39 പേരാണ് ഇതുവരെ മരിച്ചത്. നൂറോളം പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. അതേസമയം റഷ്യക്കെതിരെ അഞ്ചാം റൗണ്ട് ഉപരോധങ്ങള്‍ യൂറോപ്യന്‍ യൂണിയന് പ്രഖ്യാപിച്ചു. റഷ്യ-യുക്രൈന് ഏറ്റുമുട്ടലിലെ ഇന്നത്തെ പ്രധാന സംഭവങ്ങള്‍ വായിക്കാം.
1. ‘മനുഷ്യത്വമില്ലാത്ത റഷ്യന്‍ സൈന്യം’
കിഴക്കന്‍ യുക്രൈനിലെ റഷ്യയുടെ റോക്കറ്റ് ആക്രമണത്തില്‍ പ്രതികരിച്ച് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. “മനുഷ്യത്വമില്ലാത്ത റഷ്യക്കാർ അവരുടെ രീതികൾ മാറ്റുന്നില്ല. യുദ്ധക്കളത്തിൽ നമുക്കെതിരെ നിൽക്കാനുള്ള ശക്തിയോ ധൈര്യമോ ഇല്ലാതെ, അവർ സാധാരണക്കാരെ ലക്ഷ്യമാക്കുകയാണ്, സെലെൻസ്കി പറഞ്ഞതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു. പരിധികളില്ലാത്ത രാക്ഷസന്, ശിക്ഷിച്ചില്ലെങ്കില്‍ ഇത് അവസാനിക്കില്ല,” സെലന്‍സ്കി കൂട്ടിച്ചേര്‍ത്തു.
2. റഷ്യക്കെതിരെ അഞ്ചാം റൗണ്ട് ഉപരോധങ്ങളുമായി ഇയു
റഷ്യക്കെതിരെ അഞ്ചാം റൗണ്ട് ഉപരോധങ്ങളുമായി യൂറോപ്യന്‍ യൂണിയന്. കൽക്കരിയും മറ്റ് ഖര ഫോസിൽ ഇന്ധനങ്ങൾ എന്നിവ യൂറോപ്യൻ യൂണിയനിലേക്ക് ഇറക്കുമതി ചെയ്യാനോ കൈമാറ്റം ചെയ്യാനോ റഷ്യക്കിനി സാധിക്കില്ല. ഇതിനു പുറമെ റഷ്യൻ കപ്പലുകൾക്ക് യൂറോപ്യൻ യൂണിയൻ തുറമുഖങ്ങളിലേക്ക് പ്രവേശനവും നിഷേധിച്ചു.
3. തുര്‍ക്കിയില്‍ വച്ച് സമാധാന ചര്‍ച്ചകള്‍ക്ക് ഇരുരാജ്യങ്ങളും തയാര്‍
ബുച്ച കൊലപാതകങ്ങളില്‍ ആരോപണ പ്രത്യാരോപണങ്ങള്‍ തുടരുമ്പോഴും സമാധന ചര്‍ച്ചകളില്‍ പങ്കെടുക്കാന്‍ യുക്രൈനും റഷ്യയും തയാറാണെന്ന് തുര്‍ക്കി അധികൃതര്‍ അറിയിച്ചതായി എ എഫ് പി റിപ്പോര്‍ട്ട് ചെയ്യുന്നു. യുക്രൈന് മുന്നോട്ട് വച്ച സമാധാന ഉടമ്പടിയിലെ കാര്യങ്ങള്‍ ഒരിക്കലും അംഗീകരിച്ച് കൊടുക്കാന്‍ സാധിക്കുന്നതല്ലെന്നായിരുന്നു റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് ഇന്നലെ വ്യക്തമാക്കിയത്. എന്നാല്‍ ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹം സൂചിപ്പിച്ചിരുന്നു.
4. പുടിന്റെ മക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി ബ്രിട്ടണും
അമേരിക്കയുടേയും യൂറോപ്യൻ യൂണിയന്റെയും പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിന്റെ പ്രായപൂർത്തിയായ രണ്ട് പെൺ മക്കളേയും ബ്രിട്ടനും ഉപരോധ പട്ടികയിൽ ഉൾപ്പെടുത്തി. പുടിന്റെ പെൺമക്കളായ കാറ്റെറിന ടിഖോനോവ, മരിയ വൊറോണ്ട്സോവ, റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്റോവിന്റെ മകൾ യെകറ്റെറിന വിനോകുറോവ എന്നിവരുടെ ആസ്തികള്‍ മരവിപ്പിക്കുമെന്നും യാത്രാ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
5. എട്ട് റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി ജപ്പാന്
യുക്രൈനിലെ റഷ്യന്‍ സൈനികരുടെ ചെയ്തികളില്‍ നടപടിയുമായി ജപ്പാനും. എട്ട് റഷ്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കി. ഫ്രാന്‍സ്, ജര്‍മനി എന്നിവരടക്കമുള്ള രാജ്യങ്ങള്‍ റഷ്യന്‍ നയതന്ത്രജ്ഞരെ ഈ വാരത്തില്‍ പുറത്താക്കിയിരുന്നു. ജപ്പാൻ പുറത്താക്കിയ നയതന്ത്രജ്ഞരിൽ നിരവധി വ്യാപാര ഉദ്യോഗസ്ഥരും ഉൾപ്പെടുന്നു. എന്നാൽ റഷ്യൻ അംബാസഡർ മിഖായേൽ ഗലുസിനെ പുറത്താക്കിയിട്ടില്ല.
6. കിഴക്കൻ യുക്രൈനിലെ റെയിൽവേ സ്റ്റേഷന് നേരെ റോക്കറ്റാക്രമണം; 39 പേർ കൊല്ലപ്പെട്ടു
കിഴക്കൻ യുക്രൈനിലെ ക്രാമാറ്റോർസ്കിലെ റെയിൽവേ സ്റ്റേഷന് നേരെ റഷ്യയുടെ റോക്കറ്റ് ആക്രമണം. ആക്രമണത്തിൽ മുപ്പതിലധികം പേർ കൊല്ലപ്പെടുകയും നൂറോളം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സാധാരണക്കാർ രാജ്യത്തെ സുരക്ഷിത മേഖലകളിലേക്ക് പലായനം ചെയ്യുന്നതിനിടയിലാണ് ആക്രമണം.
7. ബോറോഡിയങ്കയിലെ സ്ഥിതി ബുച്ചയിലേക്കാൾ ഭയാനകം: സെലെൻസ്കി
റഷ്യക്കാർ മടങ്ങിയ കീവിന് വടക്കുപടിഞ്ഞാറുള്ള മറ്റൊരു നഗരമായ ബോറോഡിയങ്കയിൽ അവശിഷ്ടങ്ങൾ നീക്കുന്ന ജോലികൾ ആരംഭിച്ചതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി പറഞ്ഞു. ബോറോഡിയങ്കയിലെ സ്ഥിതി ബുച്ചയിലേക്കാൾ ഭയാനകമാണെന്നും അദ്ദേഹം പറഞ്ഞു.
8. ഹാർകീവിൽ വീണ്ടും ഷെല്ലാക്രമണം; ബുച്ച സംഭവത്തിൽ അന്വേഷണം വേണമെന്ന് റുസൽ ചെയർമാൻ
യുക്രൈനിലെ വടക്കുകിഴക്കൻ നഗരമായ ഹാർകീവിൽ വ്യാഴാഴ്ച ഉണ്ടായ ഷെല്ലാക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും 14 പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി റീജിയണൽ ഗവർണർ ഒലെഹ് സിനെഹുബോവ് അറിയിച്ചു. റഷ്യൻ സേന നഗരത്തിൽ ഷെല്ലാക്രമണങ്ങൾ നടത്തുകയാണെന് യുക്രൈൻ സേന പറഞ്ഞിരുന്നു. എന്നാൽ സാധാരണക്കാരെ ലക്ഷ്യം വച്ചുള്ള ആക്രമണമാണെന്ന ആരോപണം റഷ്യ നിഷേധിച്ചു.
അതേസമയം, യുക്രൈൻ പട്ടണമായ ബുച്ചയിൽ സാധാരണക്കാരെ കൊലപ്പെടുത്തിയ സംഭവത്തിൽ നിഷ്പക്ഷമായ അന്വേഷണം വേണമെന്ന് യുക്രൈനിലെ ഭീമൻ അലുമിനിയം കമ്പനിയായ റുസലിന്റെ ചെയർമാൻ വ്യാഴാഴ്ച പറഞ്ഞു. ഇത് വലിയ കുറ്റകൃത്യമാണെന്ന് വിശേഷിപ്പിക്കുകയും ആക്രമണം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു.
9. കുടുങ്ങിക്കിടക്കുന്നവരെ രക്ഷിക്കാനായി നടപടിയുമായി യുക്രൈന്
കുടുങ്ങിക്കിടക്കുന്ന സാധാരണക്കാരെ രക്ഷപ്പെടുത്തുന്നതിനായി 10 മാനുഷിക ഇടനാഴികൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് യുക്രൈന് അറിയിച്ചു. മരിയുപോളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്ന സാധാരണക്കാർക്ക് സ്വകാര്യ വാഹനങ്ങൾ ഉപയോഗിക്കേണ്ടിവരുമെന്നാണ് നിര്‍ദേശം. ഉപപ്രധാനമന്ത്രി ഐറിന വെരേഷ്ചുക്ക് പ്രഖ്യാപിച്ചിരിക്കുന്ന 10 സുരക്ഷിത ഇടനാഴികൾ തെക്കൻ, കിഴക്കൻ യുക്രൈനിലാണ്. ആക്രമണത്തിനായി റഷ്യൻ സൈന്യം വീണ്ടും സംഘടിക്കുകയാണെന്നും റഷ്യയുടെ അതിർത്തിയായ ഡോൺബാസ് എന്നറിയപ്പെടുന്ന യുക്രൈനിന്റെ കിഴക്കൻ ഭാഗത്ത് കഴിയുന്നത്ര പ്രദേശം പിടിച്ചെടുക്കാൻ അവര്‍ പദ്ധതിയിട്ടിട്ടുണ്ടെന്നും യുക്രൈനിയന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
10. വടക്കന്‍ യുക്രൈനില്‍ നിന്ന് റഷ്യന്‍ സൈന്യം പൂര്‍ണമായി പിന്മാറി
വടക്കൻ യുക്രൈന് മുതല്‍ ബെലാറസ്, റഷ്യ അതിര്‍ത്തി വരെയുള്ള പ്രദേശത്ത് നിന്ന് റഷ്യൻ സൈന്യം പൂർണമായി പിൻവാങ്ങിയതായി ബ്രിട്ടീഷ് മിലിട്ടറി ഇന്റലിജൻസ് അറിയിച്ചു. ഡോൺബാസിൽ യുദ്ധം ചെയ്യാൻ റഷ്യൻ സേനകളിൽ ഒരു വിഭാഗത്തെയെങ്കിലും കിഴക്കൻ യുക്രൈനിലേക്ക് മാറ്റുമെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
Also Read: Russia-Ukraine War News: ഐക്യരാഷ്ട്ര സഭയുടെ മനുഷ്യാവകാശ സമിതിയില്‍ നിന്ന് റഷ്യയെ സസ്പെന്‍ഡ് ചെയ്തു