Russia-Ukraine War News: ബുച്ച പട്ടണത്തിലെ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് റഷ്യക്കും യുക്രൈനും പുറമെ ആഗോള തലത്തിൽ കൂടുതൽ പ്രതികരണം വന്നുകൊണ്ടിരിക്കുകയാണ്. ബുച്ച കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്. “ബുച്ചയിലെ കൂട്ടക്കൊലയെ” അപലപിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പയുടെ പ്രതികരണവും ഇന്ന് പുറത്തുവന്നു. റഷ്യ-യുക്രൈൻ യുദ്ധവുമായി ബന്ധപ്പെട്ട 10 പ്രധാന വാർത്തകൾ അറിയാം
1-സഹായ വിതരണ കേന്ദ്രത്തിൽ റഷ്യൻ വെടിവയ്പിൽ രണ്ട് സാധാരണക്കാർ കൊല്ലപ്പെട്ടതായി യുക്രൈൻ
ബുധനാഴ്ച വുഹ്ലെദാർ പട്ടണത്തിലെ സഹായ വിതരണ കേന്ദ്രത്തിൽ റഷ്യൻ പീരങ്കികൾ നടത്തിയ വെടിവയ്പിൽ രണ്ട് സിവിലിയന്മാരെങ്കിലും കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി യുക്രൈനിലെ ഡൊണെറ്റ്സ്ക് മേഖലയിലെ ഗവർണർ പറഞ്ഞു. ഒരു ഓൺലൈൻ പോസ്റ്റിൽ, ഗവർണർ പാവ്‌ലോ കിറിലെങ്കോ ആക്രമണത്തിന്റെ ഫോട്ടോകൾ പങ്കിട്ടു. അതിൽ രണ്ട് സ്ത്രീകൾ നിലത്ത് മലർന്നുകിടക്കുന്നതിന്റെയും കാലിന് ഗുരുതരമായി പരിക്കേറ്റ മറ്റൊരാളുടെയും ദൃശ്യവും കാണാം. രക്തം പുരണ്ട കാലുമായി മറ്റൊരാൾ രക്ഷാപ്രവർത്തനത്തിനായി വാഹനത്തിൽ കയറ്റാൻ സഹായിക്കുന്നതും ചിത്രത്തിലുണ്ട്.
2-“ബുച്ചയിലെ കൂട്ടക്കൊലയെ” അപലപിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ
“ബുച്ചയിലെ കൂട്ടക്കൊലയെ” അപലപിക്കുന്നതായി ഫ്രാൻസിസ് മാർപാപ്പ. പട്ടണത്തിൽ നിന്ന് അയച്ച ഉക്രേനിയൻ പതാകയിൽ മാർപാപ്പ ചുംബിക്കുകയും ചെയ്തു.
“ഉക്രെയ്നിലെ യുദ്ധത്തിൽ നിന്നുള്ള സമീപകാല വാർത്തകൾ ആശ്വാസവും പ്രതീക്ഷയും നൽകുന്നതിനുപകരം, ബുച്ചയുടെ കൂട്ടക്കൊല പോലുള്ള പുതിയ ക്രൂരതകൾ പുറത്ത് കൊണ്ടുവന്നു,” വത്തിക്കാനിലെ ഓഡിറ്റോറിയത്തിൽ തന്റെ പ്രതിവാര സദസ്സിന്റെ അവസാനം ഫ്രാൻസിസ് പറഞ്ഞു. “ഈ യുദ്ധം നിർത്തൂ! ആയുധങ്ങൾ നിശബ്ദമാകട്ടെ! മരണവും നാശവും വിതയ്ക്കുന്നത് നിർത്തുക,” അദ്ദേഹം പറഞ്ഞു.
3-റഷ്യൻ ഊർജ ഇറക്കുമതി തടയുന്നതിലെ യൂറോപ്യൻ ‘വിമുഖത’യെ സെലെൻസ്‌കി അപലപിച്ചു
റഷ്യൻ ഊർജ ഇറക്കുമതി തടയുന്നതിൽ യൂറോപ്പിനുള്ള “‘വിമുഖത’യെ ഉക്രേനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി അപലപിച്ചു. ചില നേതാക്കൾ യുദ്ധക്കുറ്റങ്ങളെക്കാൾ ബിസിനസ്സ് നഷ്ടത്തിലാണ് കൂടുതൽ ശ്രദ്ധ ചെലുത്തുന്നതെന്ന് അദ്ദേഹം വാദിച്ചു.
4-ഉപരോധം: കൽക്കരി ലഭ്യമാക്കാൻ പുതിയ വിപണികൾ തേടി യൂറോപ്യൻ രാജ്യങ്ങൾ
റഷ്യയിൽ നിന്നുള്ള ഇറക്കുമതി നിരോധനത്തിന് സാധ്യത നിലനിൽക്കുന്നതിനാൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ മറ്റിടങ്ങളിൽ നിന്നുള്ള കൽക്കരി സ്റ്റോക്കുകൾ നേടിയെടുക്കാൻ ശ്രമം ആരംഭിച്ചു. റഷ്യയിൽ നിന്നുള്ള ഇറക്കുമതിക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ യൂറോപ്യൻ രാജ്യങ്ങൾ മറ്റിടങ്ങളിൽ നിന്ന് കൽക്കരി വാങ്ങുന്നത് വർധിപ്പിക്കുന്നു.
റഷ്യൻ കൽക്കരി വാങ്ങുന്നതും യൂറോപ്യൻ യൂണിയൻ തുറമുഖങ്ങളിൽ റഷ്യൻ കപ്പൽ പ്രവേശിക്കുന്നതും അടക്കം തടയുന്ന പുതിയ ഉപരോധങ്ങൾ യൂറോപ്യൻ കമ്മീഷൻ ചൊവ്വാഴ്ച നിർദ്ദേശിച്ചിരുന്നു.
5-യുദ്ധം വ്യാപിക്കുന്നത് തടയാൻ റഷ്യയ്‌ക്കെതിരെ ആയുധങ്ങളും ഉപരോധവും വേണം: യുക്രൈൻ വിദേശകാര്യ മന്ത്രി
വിദേശ സഖ്യകക്ഷികൾ റഷ്യയ്‌ക്കെതിരെ പരമാവധി ഉപരോധം ഏർപ്പെടുത്തണമെന്നും യുദ്ധം മറ്റ് രാജ്യങ്ങളിലേക്ക് വ്യാപിക്കുന്നത് തടയാൻ യുക്രൈന് ആവശ്യമായ എല്ലാ ആയുധങ്ങളും നൽകണമെന്നും യുക്രൈനിയൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബ ബുധനാഴ്ച പറഞ്ഞു.
“റഷ്യൻ യുദ്ധം യുക്രൈനപ്പുറത്തേക്ക് വ്യാപിക്കുന്നത് തടയാനുള്ള ഏക മാർഗം ഞങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകുക എന്നതാണ്. പരമാവധി ഉപരോധങ്ങൾ. എല്ലാ ആയുധങ്ങളും” കുലേബ ട്വിറ്ററിൽ കുറിച്ചു.
6- ഇന്ത്യ യുദ്ധത്തിനെതിര്, സമാധാനത്തിന്റെ പക്ഷത്ത്: മന്ത്രി ജയശങ്കര്‍
യുക്രൈന്‍-റഷ്യ സംഘർഷത്തെ ഇന്ത്യ ശക്തമായി എതിര്‍ക്കുന്നെന്നും ബുച്ചയിലെ പോലെ സാധാരണക്കാരുടെ കൊലപാതകങ്ങളെക്കുറിച്ചുള്ള റിപ്പോർട്ടുകളിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നുവെന്നും വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ലോക്സഭയില്‍ വ്യക്തമാക്കി.
“സംഘര്‍ഷങ്ങളെ ശക്തമായി എതിര്‍ക്കുന്നു, രക്തം ചൊരിഞ്ഞും നിരപരാധികളുടെ ജീവൻ പണയപ്പെടുത്തിയും ഒരു പരിഹാരത്തിലും എത്തിച്ചേരാനാകില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ചര്‍ച്ചകളാണ് ഏത് തർക്കങ്ങൾക്കുമുള്ള ശരിയായ ഉത്തരം, ” യുക്രൈന്‍-റഷ്യ വിഷയത്തിലെ ചർച്ചയ്ക്ക് മറുപടിയായി എസ്. ജയശങ്കര്‍ പറഞ്ഞു.
“ഇന്ത്യ ഒരു വശം തിരഞ്ഞെടുത്തിട്ടുണ്ടെങ്കിൽ, അത് സമാധാനത്തിന്റെ വശമാണ്. അത് അക്രമത്തിന് ഉടനടി അറുതി വരുത്താനുള്ളതാണ്. ഇതാണ് ഞങ്ങളുടെ നിലപാട്, ഐക്യരാഷ്ട്ര സഭ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര വേദികളിലും സംവാദങ്ങളിലും ഞങ്ങളുടെ നിലപാട് ഇതു തന്നെയാണ്,” ജയശങ്കർ കൂട്ടിച്ചേര്‍ത്തു.
7- ബുച്ച കൊലപാതകങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന് ഇന്ത്യ
യുക്രൈനിലെ പട്ടണമായ ബുച്ചയുടെ തെരുവുകളിൽ സാധാരണ ജനങ്ങളുടെ മൃതദേഹങ്ങള്‍ കുമിഞ്ഞ് കൂടിയത് ആഗോള പ്രതിഷേധത്തിലേക്കാണ് നയിച്ചിരിക്കുന്നത്. ബുച്ചയിലെ കൊലപാതകങ്ങള്‍ അസ്വസ്ഥമാക്കുന്നവയാണെന്നും അപലപിക്കുന്നതായും യുഎന്‍ രക്ഷാസമിതി യോഗത്തിൽ ഇന്ത്യ പറഞ്ഞു. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം വേണമെന്ന ആവശ്യത്തെ ഇന്ത്യ പിന്തുണച്ചു.
റഷ്യ യുക്രൈനില്‍ സൈനിക നടപടികള്‍ ആരംഭിച്ചതിന് ശേഷം ഇന്ത്യ സ്വീകരിച്ച ഏറ്റവും ശക്തമായ നിലപാടാണിത്. യുക്രൈനിലെ സ്ഥിതിഗതികള്‍ മാറ്റമില്ലാതെ തുടരുകയാണെന്നും സുരക്ഷാ സാഹചര്യവും മാനുഷിക വിഷയങ്ങളും കൂടുതല്‍ വഷളായിരിക്കുന്നതായും ഇന്ത്യയുടെ പ്രതിനിധി ടി. എസ്. തിരുമൂര്‍ത്തി വ്യക്തമാക്കി.
8- ബുച്ച ആരോപണങ്ങൾ സമാധാന ചർച്ചകൾ അട്ടിമറിക്കാനാണെന്ന് റഷ്യ
റഷ്യക്കെതിരായ കൂടുതൽ ഉപരോധങ്ങളെ ന്യായീകരിക്കാനും യുക്രൈനുമായുള്ള സമാധാന ചർച്ചകൾ വഴിതെറ്റിക്കാനുമാണ് യുക്രൈനിയൻ പട്ടണമായ ബുച്ചയിൽ ചിതറിക്കിടക്കുന്ന മൃതദേഹങ്ങളുടെ ചിത്രങ്ങൾ രൂപകൽപ്പന ചെയ്തതെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് ബുധനാഴ്ച പറഞ്ഞു.
9- മരിയുപോളില്‍ വ്യോമാക്രമണം തുടരുന്നു
യുക്രൈനിലെ മരിയുപോളില്‍ റഷ്യന്‍ വ്യോമാക്രമണം ശക്തമായി തുടരുകയാണെന്ന് ബ്രിട്ടീഷ് ഇന്റലിജന്‍സ് അറിയിച്ചു. നഗരത്തില്‍ സാധാരണക്കാരുടെ സ്ഥിതിഗതികള്‍ മോശമാവുകയാണെന്നാണ് ലഭിക്കുന്ന വിവരം. 1.6 ലക്ഷം പേരാണ് മരുന്ന്, വെള്ളം, വെളിച്ചം, ആശയവിനിമയമാര്‍ഗങ്ങള്‍ എന്നിവയില്ലാതെ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നത്.
10- കൂടുതല്‍ ഉപരോധങ്ങളുമായി അമേരിക്കയും സഖ്യകക്ഷികളും
വടക്കൻ യുക്രൈനില്‍ സാധാരണക്കാരുടെ കൊലപാതകങ്ങളുടെ പശ്ചാത്തലത്തില്‍ അമേരിക്കയും സഖ്യകക്ഷികളും റഷ്യക്കെതിരെ പുതിയ ഉപരോധങ്ങള്‍ ഏർപ്പെടുത്താന്‍ ധാരണയായി. ആനുപാതികമായ ശിക്ഷ ആവശ്യപ്പെടുന്ന “യുദ്ധക്കുറ്റങ്ങൾ” എന്നാണ് റഷ്യന്‍ സൈന്യത്തിന്റെ നടപടികളെ യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി വിശേഷിപ്പിച്ചത്.
ആറ് ആഴ്ചയോളം നീണ്ടു നിന്ന പോരാട്ടങ്ങള്‍ക്കൊടുവില്‍ റഷ്യന്‍ സൈന്യം കീവില്‍ നിന്ന് പിന്മാറിയതിന് ശേഷം ബുച്ച ഉള്‍പ്പെടെയുള്ള പട്ടണങ്ങളില്‍ സാധാരണക്കാരുടെ മൃതദേഹങ്ങള്‍ വ്യാപകമായി കണ്ടെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്താനുള്ള പാശ്ചാത്യ രാജ്യങ്ങളുടെ തീരുമാനം.
ഉപരോധങ്ങള്‍ എന്തൊക്കെയാണെന്നത് സംബന്ധിച്ച് വിശദവിവരം പുറത്തു വിടുമെന്നാണ് വൈറ്റ് ഹൗസ് അറിയിച്ചിരിക്കുന്നത്. എന്നാല്‍ ബുച്ചയിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണങ്ങള്‍ റഷ്യ നിരസിച്ചിരുന്നു. തങ്ങളുടെ സൈന്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള വ്യാജതന്ത്രമാണെന്നായിരുന്നു ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞത്.
Also Read: Sri Lanka Crisis News: ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പിന്‍വലിച്ചു; പ്രതിഷേധം തുടരുന്നു