scorecardresearch

Latest News

Russia-Ukraine War News: അമേരിക്കയോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍

റഷ്യയുടെ നാലാമത്തെ ജനറൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു

Russia-Ukraine War News: റഷ്യന്‍ അധിനിവേശം മൂന്ന് ആഴ്ച പിന്നിടുമ്പോള്‍ അമേരിക്കയോട് കൂടുതല്‍ സഹായം അഭ്യര്‍ത്ഥിച്ച് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി. അമേരിക്കന്‍ പാര്‍ലമെന്റിനെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് സെലെന്‍സ്കി സഹായം അഭ്യര്‍ത്ഥിച്ചത്. അതേസമയം, ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച പുരോഗമിക്കുകയാണ്.

യുക്രൈനുമായി ധാരണയിലേക്ക് എത്താന്‍ കഴി‍ഞ്ഞേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ് പറഞ്ഞിരുന്നു. സമാധാന ചര്‍ച്ചകള്‍ക്കിടയിലും തലസ്ഥാന നഗരമായ കീവിലടക്കം റഷ്യന്‍ സൈന്യം ആക്രമണം ശക്തമാക്കി. അതേസമയം, യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 30 ലക്ഷം കടന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ പലായനം യൂറോപ്പില്‍ സംഭവിക്കുന്നത്. റഷ്യ-യുക്രൈന്‍ ഏറ്റുമുട്ടല്‍ സംബന്ധിച്ച് ഇന്നത്തെ 10 പ്രധാന വാര്‍ത്തകള്‍ വായിക്കാം.

1. ഭക്ഷണത്തിനായി വരി നിന്നവരെ റഷ്യന്‍ സൈന്യം വെടിവച്ചു കൊന്നു

യുക്രൈനിലെ ചേര്‍ണീവില്‍ ഭക്ഷണത്തിനായി വരി നിന്ന പത്ത് സാധാരണക്കാരെ റഷ്യന്‍ സൈന്യം വെടിവച്ചു കൊന്നതായി കീവിലെ അമേരിക്കന്‍ എംബസി അറിയിച്ചു. “ഇത്തരം ഭീകരമായ ആക്രമണങ്ങള്‍ അവസാനിപ്പിക്കണം. യുക്രൈനിലെ ക്രൂരകൃത്യങ്ങളുടെ ഉത്തരവാദികള്‍ ആരാണെന്ന് ഉറപ്പാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും,” എംബസി ട്വീറ്റ് ചെയ്തു.

2. യുക്രൈനുമായുള്ള ചര്‍ച്ച മന്ദഗതിയില്‍; വേണ്ടത് സമാധാനമെന്ന് റഷ്യ

യുക്രൈനുമായുള്ള ചര്‍ച്ചകള്‍ ബുദ്ധിമുട്ടുള്ളതും പുരോഗമനങ്ങള്‍ മന്ദഗതിയിലാണെന്നും റഷ്യൻ പ്രതിനിധി വ്‌ളാഡിമിർ മെഡിൻസ്‌കിയെ ഉദ്ധരിച്ചുകൊണ്ട് ഇന്റർഫാക്‌സ് റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വേഗത്തില്‍ ധാരണയിലെത്തുന്നതിനാണ് താത്പര്യം, റഷ്യയുടെ ആത്മാര്‍ത്ഥമായ ആഗ്രഹമാണിത്. എത്രയും വേഗം സമാധാനത്തിലേക്ക് വരാൻ ഞങ്ങൾ ആഗ്രഹിക്കുന്നു, മെഡിന്‍സ്കി പറഞ്ഞു. നാറ്റോ അംഗമായിട്ടല്ല സമാധാനവും സ്വതന്ത്ര്യവും നിലനില്‍ക്കുന്ന യുക്രൈനാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

3. അമേരിക്കയോട് കൂടുതല്‍ സഹായം തേടി സെലെന്‍സ്കി

നിരവധി സാധാരണക്കാരുടെ മരണത്തിനും നാശത്തിനും കാരണമായ റഷ്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ അമേരിക്കയുടെ കൂടുതല്‍ സഹായം തേടി യുക്രൈന്‍ പ്രധാനമന്ത്രി വോളോഡിമിര്‍ സെലെന്‍സ്കി. യുക്രൈന്‍ പ്രദേശിക സമയം വൈകിട്ട് മൂന്ന് മണിക്ക് യുഎസ് പാര്‍ലമെന്റിനെ സെലെന്‍സ്കി വിര്‍ച്വലായി അഭിസംബോധന ചെയ്യവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

ഞങ്ങള്‍ കൂടുതലൊന്നും ആവിശ്യപ്പെടുന്നില്ല, നീതിക്കായും യഥാര്‍ത്ഥ സഹായത്തിനുമാണ് അഭ്യര്‍ത്ഥിക്കുന്നതെന്ന് കഴിഞ്ഞ ദിവസം സെലെന്‍സ്കി കനേഡിയന്‍ അധികൃതരോട് പറഞ്ഞിരുന്നു. യൂറോപ്യൻ പാർലമെന്റിലും ബ്രിട്ടീഷ് പാർലമെന്റിലും ഉൾപ്പെടെ വിദേശ സഹായം അഭ്യര്‍ഥിച്ച് സെലെന്‍സ്കി കഴിഞ്ഞ വാരങ്ങളില്‍ പ്രസംഗം നടത്തിയിരുന്നു.

4. സമാധാന ചര്‍ച്ചകള്‍ക്കിടെ കീവില്‍ റഷ്യന്‍ ആക്രമണം

യുക്രൈനിന്റെ തലസ്ഥാന മേഖലകളിലും മറ്റ് പ്രധാന നഗരങ്ങളിലും റഷ്യയുടെ ആക്രമണം ശക്തമാകുന്നു. അധിനിവേശം മൂന്ന് ആഴ്ചകള്‍ പിന്നിട്ടിട്ടും വലിയ പുരോഗതി കൈവരിക്കാന്‍ സാധിക്കാത്തതില്‍ യുക്രൈന്‍ പ്രതിരോധം തകര്‍ക്കാനുള്ള ശ്രമമാണ് റഷ്യയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നത്.

തുടർച്ചയായ ബോംബാക്രമണങ്ങൾക്കിടയിലും കീവില്‍ മുന്നേറാന്‍ റഷ്യന്‍ സൈന്യത്തിന് കഴിയാത്തത് ചര്‍ച്ചകള്‍ക്ക് പുരോഗതിയുണ്ടാകുമെന്ന പ്രതീക്ഷകള്‍ നല്‍കുന്നു. ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും യുദ്ധം അവസാനിപ്പിക്കണമെന്നുള്ള റഷ്യയുടെ ആവശ്യം യാഥാര്‍ത്ഥ്യമാവുകയാണെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കി പറഞ്ഞു.

5. യുക്രൈനുമായി ധാരണയിലെത്താന്‍ കഴിഞ്ഞെക്കും: റഷ്യ

യുക്രൈനുമായി ധാരണയിലേക്ക് എത്താന്‍ കഴി‍ഞ്ഞേക്കുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്റോവ്. കീവിന്റെ നിഷ്പക്ഷ പദവി നല്‍കുന്നത് സജീവമായി പരിഗണിക്കുന്നതാണ് ഇതിലൊന്ന്.

മരിയോപോളിനെതിരെ ആക്രമണം തുടരുന്ന സാഹചര്യത്തിലും റഷ്യയുമായുള്ള ചര്‍ച്ചകളില്‍ വിട്ടുവീഴ്ചയ്ക്ക് സാധ്യതയുണ്ടെന്ന് യുക്രൈനും വ്യക്തമാക്കി. റഷ്യയുടെ അധിനിവേശത്തിന്റെ 20-ാം ദിവസത്തിലാണ് ഈ സംഭവവികാസമുണ്ടായത്.

അതേസമയം, ക്രൂഡ് ഓയില്‍ വിലക്കുറവില്‍ നല്‍കാമെന്ന റഷ്യയുടെ വാഗ്ദാനം ഇന്ത്യ സ്വീകരിക്കുന്നത് അമേരിക്കന്‍ ഉപരോധത്തിന്റെ ലംഘനമാകില്ലെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. എന്നിരുന്നാലും, ഈ സമയത്ത് ചരിത്ര പുസ്തകങ്ങള്‍ എഴുതപ്പെടുമ്പോള്‍ എവിടെ നില്‍ക്കണമെന്ന് നാം ചിന്തിക്കണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ ഇന്ത്യ പിന്തുണച്ചിട്ടില്ല. അഭിപ്രായവ്യത്യാസങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കാനാണ് ബന്ധപ്പെട്ട എല്ലാവരോടും ഇന്ത്യ ആവശ്യപ്പെട്ടത്. അതേസമയം, റഷ്യയ്ക്കെതിരായ എല്ലാ ഐക്യരാഷ്ട്ര സഭാ പ്രമേയങ്ങളില്‍നിന്നും ഇന്ത്യ വിട്ടുനില്‍ക്കുകയും ചെയ്തു.

6. റഷ്യൻ സൈന്യം 500 പേരെ ബന്ദികളാക്കിയതായി ഉദ്യോഗസ്ഥർ

റഷ്യ കീവിൽ ബോംബാക്രമണം ശക്തമാക്കിയെന്നു യുക്രൈൻ. ഏകദേശം ഇരുപതിനായിരത്തോളം ജനങ്ങൾ മരിയുപോളിൽ നിന്ന് മാനുഷിക ഇടനാഴിയിലൂടെ പലായനം ചെയ്‌തെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. റഷ്യൻ സൈന്യം മരിയുപോളിലെ ആശുപത്രി പിടിച്ചെടുക്കുകയും ചൊവ്വാഴ്ച വൈകുന്നേരം നഗരത്തിലുണ്ടായ മറ്റൊരു ആക്രമണത്തിനിടെ 500 ഓളം പേരെ ബന്ദികളാക്കിയതായും പ്രാദേശിക നേതാവ് പാവ്‌ലോ കിറിലെങ്കോ പറഞ്ഞു.

അതിനിടെ, ഏകദേശം മൂന്നാഴ്ചത്തെ യുദ്ധത്തിന് ശേഷം നടക്കുന്ന ചർച്ചയിൽ റഷ്യയുടെ ആവശ്യങ്ങൾ “കൂടുതൽ യാഥാർത്ഥ്യമായി” മാറുകയാണെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ബുധനാഴ്ച രാവിലെ പറഞ്ഞു. വീഡിയോ കോൺഫറൻസ് വഴി നടക്കുന്ന ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

“ശ്രമങ്ങൾ ഇനിയും ആവശ്യമാണ്, ക്ഷമ ആവശ്യമാണ്,” അദ്ദേഹം ജനങ്ങളെ അഭിസംബോധന ചെയ്ത് കൊണ്ട് പങ്കുവച്ച വീഡിയോയിൽ പറഞ്ഞു.

7. യുക്രൈന് സുരക്ഷാ സഹായമായി 800 മില്യൺ ഡോളർ യുഎസ് നൽകും

യുക്രൈന് സുരക്ഷാ സഹായമായി 800 മില്യൺ ഡോളർ യുഎസ് പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച പ്രഖ്യാപിക്കുമെന്ന് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇതോടെ കഴിഞ്ഞ ആഴ്ച പ്രഖ്യാപിച്ച സഹായമുൾപ്പെടെ ആകെ സഹായം ഒരു ബില്യൺ ഡോളറാകുമെന്ന് ഉദ്യോഗസ്ഥനെ ഉദ്ദരിച്ച് വാർത്താ ഏജൻസിയായ എഎഫ്‌പി റിപ്പോർട്ട് ചെയ്തു.

8. റഷ്യയുടെ നാലാമത്തെ ജനറൽ കൊല്ലപ്പെട്ടതായി യുക്രൈൻ

റഷ്യയുടെ നാലാമത്തെ ജനറൽ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി യുക്രൈൻ അറിയിച്ചു. മരിയുപോളിലുണ്ടായ ആക്രമണത്തിനിടെയാണ് മേജർ ജനറൽ ഒലെഗ് മിത്യേവ് കൊല്ലപ്പെട്ടതെന്ന് ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഗെരാഷ്ചെങ്കോ പറഞ്ഞു. കഴിഞ്ഞ ദിവസത്തെ വീഡിയോ സന്ദേശത്തിൽ യുക്രൈൻ പ്രസിഡന്റ് വ്ളോഡൈമർ സെലെൻസ്‌കി മറ്റൊരു റഷ്യൻ ജനറൽ കൊല്ലപ്പെട്ടതായി പറഞ്ഞിരുന്നെങ്കിലും അദ്ദേഹത്തിന്റെ പേര് നൽകിയിരുന്നില്ല. 150-ാമത് മോട്ടറൈസ്ഡ് റൈഫിൾ ഡിവിഷന്റെ കമാൻഡറായിരുന്നു 46 കാരനായ മിത്യേവ്, സിറിയയിൽ മറ്റും ഇദ്ദേഹം യുദ്ധം ചെയ്തിട്ടുണ്ടെന്ന് ഗെരാഷ്ചെങ്കോ പറഞ്ഞു. എന്നാൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

9. കൗണ്‍സില്‍ ഓഫ് യൂറോപ്പില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി റഷ്യ

സ്ട്രാസ്ബർഗ് ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘടനയായ കൗൺസിൽ ഓഫ് യൂറോപ്പിൽ നിന്ന് ഔദ്യോഗികമായി വിട്ടു നില്‍ക്കുന്നതായി റഷ്യ അറിയിച്ചു. വിട്ടു നില്‍ക്കാനുള്ള തീരുമാനത്തിലൂടെ പുറത്താക്കലിനെ ഒഴിവാക്കാന്‍ റഷ്യക്ക് സാധിച്ചു. കൗൺസിൽ ഓഫ് യൂറോപ്പിന്റെ പാർലമെന്ററി അസംബ്ലിയിലെ പ്രതിനിധി സംഘത്തിന്റെ തലവൻ പ്യോട്ടർ ടോൾസ്റ്റോയ്, റഷ്യയുടെ ദീർഘകാല വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവിൽ നിന്നുള്ള കത്ത് കൗൺസിൽ ഓഫ് യൂറോപ്പിന്റെ സെക്രട്ടറി ജനറൽ മരിജ പെജിനോവിക് ബ്യൂറിക്കിന് കൈമാറി.

10. യുക്രൈനില്‍ നിന്ന് പലായനം ചെയ്തവര്‍ 30 ലക്ഷം കടന്നു

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 30 ലക്ഷം കടന്നു. രണ്ടാം ലോക മഹായുദ്ധത്തിന് ശേഷം ആദ്യമായാണ് ഇത്രയും വലിയ പലായനം യൂറോപ്പില്‍ സംഭവിക്കുന്നത്. യുക്രൈന്റെ തലസ്ഥാന നഗരമായ കീവിലെ തെരുവുകള്‍ കര്‍ഫ്യു പ്രഖ്യാപിച്ചതിന് പിന്നാലെ ഒഴിഞ്ഞു കിടക്കുകയാണ്. നഗരത്തിലെ പ്രധാന കെട്ടിടങ്ങളെല്ലാം റഷ്യയുടെ ആക്രമണത്തില്‍ തകര്‍ന്നു കഴിഞ്ഞു.

അധിനിവേശം 22-ാം ദിവസത്തിലെത്തി നില്‍ക്കുമ്പോഴും യുക്രൈന്‍ സൈന്യം ചെറുത്തു നില്‍ക്കുകയാണ്. താരതമ്യേന വലിയ സൈനിക നിരയായ റഷ്യയ്ക്ക് കീവ് പിടിച്ചടക്കാന്‍ സാധിച്ചിട്ടില്ല. ഇരുപതിനായിരത്തോളം സാധാരണക്കാര്‍ മരിയുപോള്‍ വഴി രക്ഷപ്പെട്ടെങ്കിലും പതിനായിരക്കണക്കിന് ആളുകള്‍ ബങ്കറുകളില്‍ കുടുങ്ങിക്കിടപ്പുണ്ടെന്ന് യുക്രൈന്‍ അധികൃതര്‍ അറിയിച്ചു.

Also Read: Russia-Ukraine War News: ഫോക്സ് ന്യൂസ് ക്യാമറമാൻ യുക്രൈനിൽ കൊല്ലപ്പെട്ടു: ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news vladimir putin volodymyr zelenskyy march 16 updates