Russia-Ukraine War News: കീവ്: ഫോക്സ് ന്യൂസ് ക്യാമറാമാൻ യുക്രൈനിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. പിയർ സക്റ്ഷെവ്സ്കി എന്ന ക്യാമറാമാനാണ് റിപ്പോർട്ടിങ്ങിനിടെ കൊല്ലപ്പെട്ടത്.
അതേസമയം, യുക്രൈന് നാറ്റോയിൽ ചേരാൻ കഴിയില്ലെന്ന് തിരിച്ചറിഞ്ഞതായി യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്കി.
“നാറ്റോയുടെ തുറന്നതായി പറയപ്പെടുന്ന വാതിലുകളെക്കുറിച്ച് വർഷങ്ങളായി ഞങ്ങൾ കേട്ടിട്ടുണ്ട്, എന്നാൽ ഞങ്ങൾക്ക് ചേരാൻ കഴിയില്ലെന്ന് ഞങ്ങൾ ഇതിനകം കേട്ടിട്ടുണ്ട്,” യുകെ നേതൃത്വത്തിലുള്ള ജോയിന്റ് എക്സ്പെഡിഷണറി ഫോഴ്സിന്റെ (ജെഇഎഫ്) പ്രതിനിധികളോട് ചൊവ്വാഴ്ച സംസാരിച്ച സെലെൻസ്കി പറഞ്ഞു.
“നമ്മൾ തിരിച്ചറിയേണ്ട സത്യമാണിത്, ഞങ്ങളുടെ ആളുകൾ അത് തിരിച്ചറിയാൻ തുടങ്ങിയതിൽ എനിക്ക് സന്തോഷമുണ്ട്, ഞങ്ങളേയും ഒപ്പം ഞങ്ങളെ സഹായിക്കുന്ന ഞങ്ങളുടെ പങ്കാളികളേയും ആശ്രയിക്കുന്നു,” അദ്ദേഹം പറഞ്ഞു.
കീവിൽ റഷ്യൻ വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി മേയർ
ചൊവ്വാഴ്ച രാവിലെ യുക്രൈൻ തലസ്ഥാനം കീവിൽ നടന്ന വ്യോമാക്രമണത്തിൽ നാല് പേർ കൊല്ലപ്പെട്ടതായി നഗരത്തിലെ മേയർ പറഞ്ഞതായി റോയിട്ടേഴ്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. യുക്രൈനിയൻ തലസ്ഥാനത്ത് റഷ്യൻ സൈന്യം ആക്രമണം ശക്തമാക്കിയതിനെ തുടർന്ന് രണ്ട് പേരെങ്കിലും കൊല്ലപ്പെട്ടതായി നേരത്തെ എമർജൻസി സർവീസ് അറിയിച്ചിരുന്നു.
സ്വിയാതോഷിൻസ്കി ജില്ലയിലെ 16 നില കെട്ടിടത്തിൽ ആക്രമണം ഉണ്ടായതിനെ തുടർന്നാണ് അപകടങ്ങൾ സംഭവിച്ചതെന്ന് എമർജൻസി സർവീസ് ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. പോഡിൽസ്ക് ഏരിയയിലെ മറ്റൊരു റെസിഡൻഷ്യൽ കെട്ടിടവും ആക്രമണത്തിനിരയായതായി അത്യാഹിത വിഭാഗം പറഞ്ഞു, “ആക്രമണത്തെത്തുടർന്നുള്ള തീപ്പിടിത്തത്തിന്റെ ഫലമായി മോസ്റ്റിറ്റ്സ്ക തെരുവിലെ പത്ത് നിലകളുള്ള ഒരു റെസിഡൻഷ്യൽ കെട്ടിടത്തിന്റെ ആദ്യ അഞ്ച് നിലകളിൽ തീപിടുത്തമുണ്ടായി,” ഫെയ്സ്ബുക്ക് പോസ്റ്റിൽ പറയുന്നു.
2- മേയ് മാസത്തോടെ സമാധാന ഉടമ്പടിക്ക് സാധ്യത: സെലെന്‍സ്കിയുടെ ഉപദേശകന്
ആക്രമണം തുടരാനുള്ള റഷ്യയുടെ ആയുധങ്ങളും വിഭവങ്ങളും അവസാനിക്കുമ്പോള്‍ മേയ് മാസത്തോടെ യുദ്ധം അവസാനിക്കാനുള്ള സാധ്യതയുണ്ടെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ ചീഫ് ഓഫ് സ്റ്റാഫ് ഉപദേശകന് പറഞ്ഞു.
എനിക്ക് തോന്നുന്നത് മേയ് ആദ്യം തന്നെ സമാധാന ഉടമ്പടിയിലേക്കെത്തുമെന്നാണ്. ചിലപ്പോള്‍ കൂടുതല്‍ നേരത്തെയായേക്കാം. സാധ്യമായ ഏറ്റവും അടുത്ത ദിവസത്തേക്കുറിച്ചാണ് ഞാന്‍ സംസാരിക്കുന്നത്, ഒലെക്സി അരെസ്റ്റോവിച്ച് പറഞ്ഞു.
ഞങ്ങൾ ഇപ്പോൾ ഒരു വഴിത്തിരിവിലാണ്. ഒന്നോ രണ്ടോ ആഴ്ചയ്ക്കുള്ളിൽ, സൈന്യത്തെ പിൻവലിച്ചു കൊണ്ട് തന്നെ വളരെ വേഗത്തിൽ ഒരു സമാധാന ഉടമ്പടി ഉണ്ടാകും. സമാധാനം ഉടമ്പടിയിലേക്ക് എത്തിയാല്‍ പോലും, അരെസ്റ്റോവിച്ചിന്റെ അഭിപ്രായത്തിൽ ഏറ്റുമുട്ടലുകൾ ഒരു വർഷത്തേക്ക് തുടരും.
3-വെല്ലുവിളികൾക്കിടയിലും 22,000 ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കാൻ കഴിഞ്ഞതായി മന്ത്രി
വെല്ലുവിളികൾക്കിടയിലും ഉക്രെയ്നിൽ നിന്ന് ഇരുപത്തി രണ്ടായിരത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുന്നത് ഉറപ്പാക്കാൻ കേന്ദ്രസർക്കാരിന് കഴിഞ്ഞതായി മന്ത്രി ഡോ എസ് ജയശങ്കർ. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ ഓപ്പറേഷൻ ഗംഗയുടെ വിശദാംശങ്ങൾ ചൊവ്വാഴ്ച രാജ്യസഭയിൽ പങ്കുവയ്ക്കുകയായിരുന്നു അദ്ദേഹം.
“പ്രധാനമന്ത്രിയുടെ നിർദ്ദേശപ്രകാരം, ഞങ്ങൾ ഓപ്പറേഷൻ ഗംഗ ആരംഭിച്ചു, അതുവഴി സംഘർഷാവസ്ഥയിൽ ഏറ്റവും വെല്ലുവിളി നിറഞ്ഞ ഒഴിപ്പിക്കൽ ദൗത്യങ്ങളിലൊന്ന് ഏറ്റെടുത്തു,” അദ്ദേഹം പറഞ്ഞു. ഉക്രെയ്നിലുടനീളം ഇന്ത്യക്കാർ ചിതറിക്കിടക്കുകയാണെന്നും ഇത് സർക്കാരിന് വെല്ലുവിളി ഉയർത്തിയതായും അദ്ദേഹം പറഞ്ഞു.
4- എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി ചർച്ച നടത്തി
യുക്രൈനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് എംബസി ഉദ്യോഗസ്ഥരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആശയവിനിമയം നടത്തി. യുക്രൈനിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥർക്ക് പുറമെ രാജ്യത്തെ സാമൂഹിക സംഘടനകളുടെ പ്രതിനിധികളുമായും പ്രധാനമന്ത്രി ചർച്ച നടത്തി.
5- റഷ്യന്‍ ആക്രമത്തില്‍ ഗര്‍ഭിണിയും കുഞ്ഞും കൊല്ലപ്പെട്ടു
മരിയുപോളിലെ പ്രസവാശുപത്രിയില്‍ കഴിഞ്ഞ ദിവസമുണ്ടായ റഷ്യന്‍ ആക്രമണത്തില്‍ പരുക്കേറ്റ ഗര്‍ഭിണിയും കുഞ്ഞും കൊല്ലപ്പെട്ടതായി ദി അസോസിയേറ്റഡ് പ്രസ് (എപി) റിപ്പോര്‍ട്ട് ചെയ്തു. കൊല്ലപ്പെട്ട സ്ത്രീ ആരാണെന്ന് തിരിച്ചറിയാന്‍ എപിക്ക് കഴിഞ്ഞിട്ടില്ല. എന്നാല്‍ സാധരണക്കാര്ക്കെതിരായ ആക്രമണത്തിന്റെ തീവ്രത ചിത്രങ്ങളിലൂടെ ലോകം കണ്ടു.
എപി പ്രവസവാശുപത്രിയില് നിന്ന് കണ്ടെത്തിയ മൂന്ന് ഗര്‍ഭിണികളായ സ്ത്രീകളില്‍ ഒരാളാണ് കൊല്ലപ്പെട്ടത്. മറ്റ് രണ്ട് പേര് കുഞ്ഞുങ്ങളോടൊപ്പം അതിജീവിച്ചു. ഭീകരമായ ഇത്തരം യുദ്ധങ്ങളില്‍ കൂടുതല്‍ ദുരിതം അനുഭവിക്കുന്നത് സ്ത്രീകളും പെണ്‍കുട്ടികളുമാണെന്ന് ഐക്യരാഷ്ട്ര സഭ അഭിപ്രായപ്പെട്ടു. ഗോതമ്പ് ഉത്പാദനത്തിലുള്ള രണ്ട് രാജ്യങ്ങളും ചേര്‍ന്ന് ഭക്ഷ്യ സുരക്ഷയ്ക്ക് വരെ വെല്ലുവിളി ഉയര്‍ത്തുകയാണെന്നും യുഎന്‍ വ്യക്തമാക്കി.
6- യുദ്ധത്തിന് ഏറ്റവും വലിയ വില നൽകേണ്ടി വരുന്നത് സ്ത്രീകൾക്കെന്ന് യുഎൻ വിമൺ
മ്യാൻമർ, അഫ്ഗാനിസ്ഥാൻ മുതൽ സഹേൽ, ഹെയ്തി വരെയുള്ള എല്ലാ പ്രതിസന്ധികളിലും സംഘർഷങ്ങളിലും ഏറ്റവും വലിയ വില നൽകേണ്ടിവരുന്നത് സ്ത്രീകൾക്കും പെൺകുട്ടികൾക്കുമാണെന്നും, “ഉക്രെയ്നിലെ ഭയാനകമായ യുദ്ധം ഇപ്പോൾ ആ പട്ടികയിൽ ചേരുന്നു,” എന്നും യുഎൻ വിമൺ ഏജൻസി മേധാവി തിങ്കളാഴ്ച പറഞ്ഞു.
ഓരോ ദിവസം കഴിയുന്തോറും യുദ്ധം ഉക്രേനിയൻ സ്ത്രീകളുടെയും പെൺകുട്ടികളുടെയും ജീവിതത്തെയും പ്രതീക്ഷകളെയും ഭാവിയെയും നശിപ്പിക്കുകയാണെന്ന് അണ്ടർസെക്രട്ടറി ജനറൽ സിമ ബഹൂസ് ഏജൻസിയുടെ വാർഷിക യോഗത്തിന്റെ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
7- റഷ്യക്കെതിരെ കൂടുതല്‍ ഉപരോധങ്ങളുമായി യൂറോപ്യന്‍ യൂണിയന്
യുക്രൈന് ആക്രമണത്തിന് പിന്നാലെ റഷ്യക്കെതിരെ നാലാം ഘട്ട ഉപരോധം പ്രഖ്യാപിച്ച് യുറോപ്യന്‍ യൂണിയന് (ഇയു). റഷ്യക്കെതിരെ 27 രാജ്യങ്ങളുടെ കൂട്ടായ്മ പുതിയ ഉപരോധത്തിന് അംഗീകാരം നല്‍കിയതായി യൂറോപ്യന്‍ യൂണിയന് അറിയിച്ചു.
കഴിഞ്ഞയാഴ്ച, റഷ്യയിലെ 160 വ്യക്തികള്‍ക്കെതിരെ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ സമ്മതിച്ചിരുന്നു. സമുദ്ര നാവിഗേഷന്‍, റേഡിയോ ആശയവിനിമയ സാങ്കേതികവിദ്യ എന്നിവയുടെ കയറ്റുമതിയില്‍ പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
“ഞങ്ങളുടെ അന്താരാഷ്ട്ര പങ്കാളികളുമായി കൂടിയാലോചിച്ച്, യുക്രൈനെതിരായ ആക്രമണത്തിൽ ഏർപ്പെട്ടിരിക്കുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കൂടാതെ റഷ്യൻ സമ്പദ്വ്യവസ്ഥയുടെ നിരവധി മേഖലകളെയും ലക്ഷ്യമിട്ടുള്ള ഉപരോധത്തിന്റെ നാലാമത്തെ പാക്കേജ് അംഗീകരിച്ചു”, യൂറോപ്യൻ യൂണിയൻ പ്രസിഡന്‍സി സ്ഥാനം വഹിക്കുന്ന ഫ്രാൻസ് അറിയിച്ചു.
വ്യവസായത്തിന് ഏറ്റവും അനുകൂലമായ രാജ്യമെന്ന റഷ്യയുടെ പദവിയും നിര്‍ത്തിവയ്ക്കാനും വേള്‍ഡ് ട്രേഡ് ഓര്‍ഗനൈസേഷനില്‍ (ഡബ്ല്യുടിഒ) പ്രവേശനം തേടിയുള്ള ബെലാറസിന്റെ അപേക്ഷയുടെ പരിശോധനയും താത്കാലികമായി നിര്ത്തിവയ്ക്കുകയാണെന്നുള്ള ഡബ്ല്യുടിഒയുടെ പ്രഖ്യാപനത്തേയും ഇയു അംഗീകരിച്ചു. ആഗോള സാമ്പത്തിക ഇടപാടുകളുടെ പ്രബലമായ സംവിധാനമായ സ്വിഫ്റ്റില്‍നിന്ന് മൂന്ന് ബെലാറഷ്യന്‍ ബാങ്കുകളെ ഒഴിവാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. ഇയുവിന്റെ നിയന്ത്രണങ്ങള്‍ ഇപ്പോൾ 882 വ്യക്തികള്‍ക്കും 53 സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.
8- റഷ്യയും യുക്രൈനും തമ്മിലുള്ള ചര്‍ച്ച ഇന്ന് പുനരാരംഭിക്കും
യുക്രൈന്, റഷ്യന്‍ പ്രതിനിധികള്‍ തമ്മില്‍ തിങ്കളാഴ്ച ചര്‍ച്ചകള്‍ ഇന്നും തുടരുമെന്ന് യുക്രൈന് പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്കി. തിങ്കളാഴ്ചത്തെ ചര്‍ച്ചയില്‍ ഉക്രേനിയന്‍ പ്രതിനിധി സംഘം നല്ല രീതിയില്‍ പ്രവര്‍ത്തിച്ചുവെന്ന് ഒരു വീഡിയോ പ്രസംഗത്തില്‍ സെലെന്‍സ്കി പറഞ്ഞു.
തിങ്കളാഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് ചര്‍ച്ച നടന്നത്. ഈ ചര്‍ചച്ച ഇരു രാജ്യങ്ങളിലെയും ഉന്നതതല ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന നാലാമത്തേതും ഒരാഴ്ചയ്ക്കിടെയുള്ള ആദ്യത്തേതുമാണ്. ഏതാനും മണിക്കൂറുകള്‍ നീണ്ട ചര്‍ച്ച ഫലപ്രാപ്തിയില്ലാതെയാണ് അവസാനിച്ചത്. ചര്‍ച്ചകള്‍ സാങ്കേതികമായി നിര്‍ത്തിവച്ചതായും ചൊവ്വാഴ്ച വീണ്ടും കൂടിക്കാഴ്ച നടത്താന്‍ പദ്ധതിയിട്ടതായും സെലെന്‍സ്കിയുടെ ഒരു സഹായി പറഞ്ഞു.
19-തങ്ങളുടെ നിലപാട് നിഷ്പക്ഷമെന്ന് ചൈന
ഉക്രെയ്ൻ സംഘർഷത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാട് “പൂർണ്ണമായും വസ്തുനിഷ്ഠവും നിഷ്പക്ഷവും ക്രിയാത്മകവുമാണ്” എന്ന് ചൈന. സൈനികോപകരണ വിതരണത്തിനായുള്ള റഷ്യൻ അഭ്യർത്ഥനയോട് ചൈന അനുകൂലമായി പ്രതികരിച്ചുവെന്ന തരത്തിൽ യുഎസ് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് ചൈന ആവർത്തിച്ച് പറഞ്ഞു.
റഷ്യയുടെ ഉക്രെയ്ൻ അധിനിവേശത്തെ വിമർശിക്കാനോ സംഘർഷത്തെ ഒരു “യുദ്ധം” എന്ന് വിളിക്കാനോ ചൈന വിസമ്മതിച്ചു.
യുഎസ് ഉപദേഷ്ടാവ് ജേക്ക് സള്ളിവനും മുതിർന്ന ചൈനീസ് വിദേശ നയ ഉപദേഷ്ടാവ് യാങ് ജിയേച്ചിയും തിങ്കളാഴ്ച റോമിൽ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് ഷാവോ ലിജിയാന്റെ അഭിപ്രായങ്ങൾ വന്നത്.
10- ‘റഷ്യയെ സഹായിക്കരുത്’; ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക
യുക്രൈന് അധിനിവേശത്തില്‍ റഷ്യയെ സാഹായിക്കുന്നതില്‍ ചൈനയ്ക്ക് മുന്നറിയിപ്പുമായി അമേരിക്ക. തിങ്കളാഴ്ച ഉന്നയിച്ച ഗുരുതര ആരോപണങ്ങള്‍ പിന്നാലെയാണ് ഇപ്പോള്‍ അമേരിക്കയുടെ ഭാഗത്ത് നിന്ന് മുന്നറിയിപ്പുണ്ടായിരിക്കുന്നത്. രണ്ടാം ലോകമഹായുദ്ധത്തിന് ശേഷം യൂറോപ്പ് സാക്ഷ്യം വഹിക്കുന്ന ഏറ്റവും വലിയ ആക്രമണമായിട്ട് കൂടി യുക്രൈനിലെ 10 വലിയ നഗരങ്ങളില്‍ ഒന്നുപോലും പിടിച്ചടക്കാന്‍ റഷ്യക്കായിട്ടില്ല.
ചൈനയോട് റഷ്യ ആയുധ-സാമ്പത്തിക സഹായങ്ങള്‍ തേടിയതായാണ് അമേരിക്കന്‍ അധികൃതര്‍ ആരോപിക്കുന്നത്. റഷ്യ ഇത് നിഷേധിക്കുകയും ലക്ഷ്യങ്ങള്‍ കൈവരിക്കാനുള്ള സന്നാഹം തങ്ങളുടെ പക്കലുണ്ടെന്നും തിരിച്ചടിച്ചു. അമേരിക്കയുടെ ആരോപണങ്ങള്‍ ശരിയല്ലെന്ന് ചൈനയുടെ വിദേശകാര്യ മന്ത്രാലയവും അറിയിച്ചു.
അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവൻ റോമിൽ ചൈനയുടെ ഉന്നത നയതന്ത്രജ്ഞൻ യാങ് ജിയേച്ചിയുമായി കൂടിക്കാഴ്ച നടത്തിയപ്പോൾ റഷ്യയ്ക്ക് സഹായം നൽകാനുള്ള സന്നദ്ധതയെക്കുറിച്ച് ചൈന സൂചിപ്പിച്ചിരുന്നതായി ഒരു അമേരിക്കന്‍ ഉദ്യോഗസ്ഥൻ പറഞ്ഞു.
“ഞങ്ങള്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ നല്‍കില്ലെന്ന് ചൈനയോട് വ്യക്തമാക്കിയിട്ടുണ്ട്. റഷ്യക്കുണ്ടായ നഷ്ടങ്ങള്‍ നികത്താന്‍ ഞങ്ങള്‍ ഒരു രാജ്യത്തേയും അനുവദിക്കില്ല,” അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് നെഡ് പ്രൈസ് വ്യക്തമാക്കി. ഏഴ് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ സ്ഥിതിഗതികളുടെ ആഴം പ്രതിഫലിച്ചതായും അമേരിക്കന്‍ ഉദ്യോഗസ്ഥന് പറഞ്ഞു.
അതേസമയം, റഷ്യയിലെ ചാനല്‍ വണ്‍ ന്യൂസ് ചാനലില്‍ വാര്‍ത്താ അവതരണത്തിനിടെ യുദ്ധവിരുദ്ധ പ്രതിഷേധവുമായി യുവതിയെത്തി. ചാനല്‍ വണ്‍ റഷ്യയിലെ ദശലക്ഷത്തിലധികം പേര് വാര്‍ത്തയ്ക്കായി ആശ്രയിക്കുന്ന ചാനലാണെന്നാണ് ലഭിക്കുന്ന വിവരം.
“യുദ്ധം വേണ്ട, യുദ്ധം നിര്‍ത്തുക, പ്രചരണങ്ങള്‍ വിശ്വസിക്കരുത്, നിങ്ങളിലേക്ക് എത്തുന്ന കള്ളമാണ്,” എന്ന എഴുതിയ ബോര്‍ഡ് ഉയര്‍ത്തിയായിരുന്നു പ്രതിഷേധം. ഇംഗ്ലീഷിലും റഷ്യന്‍ ഭാഷയിലും മുദ്രാവാക്യങ്ങള്‍ എഴുതിയിരുന്നു. അതേസമയം, റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനില്‍ നിന്ന് പലായനം ചെയ്തവരുടെ എണ്ണം 28 ലക്ഷം കടന്നു.
Also Read: ഇന്ത്യയുടെ അയൽ രാജ്യങ്ങൾ റഷ്യ-യുക്രൈൻ യുദ്ധത്തെ കാണുന്നതെങ്ങനെ?