scorecardresearch

Latest News

Russia-Ukraine War News: യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് യുഎസ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി പൊലീസ്

പോരാട്ടത്തില്‍ ഇതുവരെ 1,300 യുക്രൈനിയന്‍ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമാധാന ചർച്ചകളിൽ കൂടുതൽ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടണമെന്നും സെലെന്‍സ്കി അഭ്യർത്ഥിച്ചു

Russia-Ukraine War News
ഫൊട്ടോ: യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം

Russia-Ukraine War News: കീവ്: യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് യുഎസ് മാധ്യമപ്രവർത്തകൻ മരിച്ചതായി റിപ്പോർട്ട്. 51 വയസ്സുകാരനായ മാധ്യമപ്രവർത്തകൻ ബ്രെന്റ് റെനൗഡ് ഇർപിനിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിൽ കൊല്ലപ്പെടുകയും മറ്റൊരു പത്രപ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തതായി കീവ് മേഖലയിലെ പോലീസ് മേധാവി ആൻഡ്രി നെബിറ്റോവ് പറഞ്ഞു.

“യുക്രൈനിലെ റഷ്യൻ സൈനികരുടെ അതിക്രമങ്ങളെക്കുറിച്ചുള്ള സത്യം കാണിക്കാൻ ശ്രമിക്കുന്ന അന്താരാഷ്ട്ര മാധ്യമങ്ങളിലെ പത്രപ്രവർത്തകരെപ്പോലും ആക്രമണകാരികൾ നിന്ദ്യമായി കൊല്ലുന്നു,” നെബിറ്റോവ് ഫേസ്ബുക്കിൽ കുറിച്ചു.

ന്യൂയോർക്ക് ടൈംസുമായി ബന്ധപ്പെട്ട് റെനോഡ് ഒരു ദൗത്യത്തിലാണെന്ന് പ്രാഥമിക റിപ്പോർട്ടുകൾ അവകാശപ്പെട്ടിരുന്നു. എന്നാൽ വസ്തുതകൾ അങ്ങനെയല്ലെന്ന് ന്യൂയോർക്ക് ടൈംസ് വ്യക്തമാക്കി.

“വർഷങ്ങൾക്കുമുമ്പ് ഒരു ദൗത്യത്തിനായി നൽകിയ ടൈംസ് പ്രസ് ബാഡ്ജ് ധരിച്ചതിനാലാണ് അദ്ദേഹം ടൈംസിൽ ജോലി ചെയ്തതെന്ന ആദ്യ റിപ്പോർട്ടുകൾ പ്രചരിച്ചത്,”ന്യൂയോർക്ക് ടൈംസ് പ്രസ്താവനയിൽ പറയുന്നു. റെനൗഡ് ഒരു “പ്രതിഭയുള്ള ഫോട്ടോഗ്രാഫറും ചലച്ചിത്രകാരനുമാണ്,” എന്നും പ്രസ്താവനയിൽ പറയുന്നു.

യുക്രൈനിലെ സൈനിക താവളത്തിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായി ലിവീവ് ഗവർണർ

യുക്രൈനിലെ പടിഞ്ഞാറൻ സൈനിക താവളത്തിന് നേരെയുണ്ടായ റഷ്യൻ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതായി എൽവിവ് മേഖലയിലെ ഗവർണർ പറഞ്ഞതായി വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. ലിവിവ് നഗരത്തിന് വടക്ക് പടിഞ്ഞാറ് 30 കിലോമീറ്റർ (19 മൈൽ) മാറി പോളണ്ടുമായുള്ള അതിർത്തിയിൽ നിന്ന് 35 കിലോമീറ്റർ (22 മൈൽ) അകലെ സ്ഥിതി ചെയ്യുന്ന യാവോറിവ് മിലിട്ടറി റേഞ്ചിലേക്ക് റഷ്യൻ സൈന്യം 30 ലധികം ക്രൂയിസ് മിസൈലുകൾ തൊടുത്തുവിട്ടതായി എൽവിവ് മേഖലയുടെ ഗവർണർ മാക്സിം കോസിറ്റ്സ്കി പറഞ്ഞു. യുക്രൈൻ സൈനികരെ പരിശീലിപ്പിക്കുന്നതിനായി അമേരിക്കയും നാറ്റോയും പതിവായി ഇൻസ്ട്രക്ടർമാരെ അയക്കുന്നയിടമാണിത്. നാറ്റോയുടെ പരിശീലനങ്ങൾക്കും ഇവിടം ആതിഥേയത്വം വഹിച്ചിട്ടുണ്ട്.

യുക്രൈനിലെ സൈനിക താവളത്തിന് നേരെ മിസൈല്‍ ആക്രമണം; കീവില്‍ അപായ സൈറണ്‍

യുക്രൈനിന്റെ വലിയ സൈനിക താവളത്തിന് നേരെ റഷ്യ മിസൈല്‍ ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുകള്‍. വീണ്ടും തലസ്ഥാന നഗരമായ കീവില്‍ അപായ സൈറണുകള്‍ മുഴങ്ങി. യുക്രൈനിലെ യവോറിവിലുള്ള ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ പീസ് കീപ്പിങ് സെക്യൂരിറ്റിക്ക് നേരെയും ആക്രമണമുണ്ടായതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു.

പ്രാഥമികമായി ലഭിച്ച വിവരം അനുസരിച്ച് എട്ട് മിസൈലുകളാണ് അവര്‍ തൊടുത്തത്. ആക്രമണത്തില്‍ മരണങ്ങല്‍ ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍ പരിക്കേറ്റവരുടെ കാര്യത്തില്‍ സ്ഥിരീകരണം ഉണ്ടായിട്ടുണ്ട്, ഉക്രേനിയൻ സായുധ സേനയുടെ അക്കാദമി ഓഫ് ലാൻഡ് ഫോഴ്‌സ് വക്താവ് ആന്റോണ്‍ മിറോനോവിച്ച് പറഞ്ഞതായി യുക്രൈന്‍ ന്യൂസ് ഏജന്‍സിയായ ഇന്റര്‍ഫാക്സ് റിപ്പോര്‍ട്ട് ചെയ്തു.

മരിയുപോളില്‍ ഷെല്ലാക്രമണം രൂക്ഷം; കൊല്ലപ്പെട്ടവരെ സംസ്കരിക്കാന്‍ സാധിക്കുന്നില്ല

യുക്രൈനിലെ പ്രധാന നഗരങ്ങള്‍ ലക്ഷ്യമാക്കിയുള്ള റഷ്യയുടെ ആക്രമണം കൂടുതല്‍ ശക്തമാവുകയാണ്. മരിയുപോളിന്റെ തെക്കന്‍ മേഖലകളില്‍ വന്‍ നാശനഷ്ടമുണ്ടായതായാണ് വിവരം. തലസ്ഥാന നഗരമായ കീവിന്റെ പ്രാന്തപ്രദേശങ്ങളിലും ഷെല്ലാക്രമണമുണ്ടായി. ഇതോടെ പ്രദേശത്ത് നിന്ന് പലായനം ചെയ്യാന്‍ ശ്രമിക്കുന്നവര്‍ വീണ്ടും ദുരിതത്തിലായി.

റഷ്യന്‍ അധിനിവേശത്തിന് ശേഷം ഏറ്റവുമധികം നാശനഷ്ടം സംഭവിച്ച നഗരങ്ങളിലൊന്നാണ് മരിയുപോള്‍. തുടരുന്ന ആക്രമണങ്ങള്‍ മൂലം പ്രദേശത്തേക്ക് വെള്ളവും ഭക്ഷണവും എത്തിക്കാനൊ രക്ഷാപ്രവര്‍ത്തനം നടത്താനൊ സാധിക്കുന്നില്ല. 1,500 ലധികം പേരാണ് മരിയുപോളില്‍ മാത്രം കൊല്ലപ്പെട്ടിട്ടുള്ളത്. ഷെല്ലാക്രമണം മൂലം കൊല്ലപ്പെട്ടവരെ സംസ്കരിക്കാന്‍ പോലും സാധിക്കുന്നില്ലെന്നാണ് വിവരം.

പലായനത്തിന് ശ്രമിച്ച ഏഴ് സാധരണക്കാരെ റഷ്യന്‍ സൈന്യം കൊലപ്പെടുത്തി; ആരോപണവുമായി യുക്രൈന്‍

ഏറ്റുമുട്ടല്‍ തുടരുന്ന തലസ്ഥാന നഗരമായ കീവില്‍ നിന്നും പലായനം ചെയ്യാന്‍ ശ്രമിച്ച സ്ത്രീകളും കുട്ടികളുമടക്കം ഏഴ് സാധാരണക്കാരെ റഷ്യന്‍ സൈന്യം വധിച്ചതായി യുക്രൈന്‍ ആരോപിച്ചു. റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സമാധാനം സ്ഥാപിക്കാനല്ല തനിക്ക് താത്പര്യമെന്ന് തെളിയിച്ചതായി ഫ്രാന്‍സ് പ്രസിഡന്റ് പറഞ്ഞു.

യുക്രൈന്‍‍ രഹസ്യാന്വേഷണ വിഭാഗമാണ് ഏഴ് പേരുടെ മരണം സ്ഥിരീകരിച്ചത്. പെരെമോഹ എന്ന ഗ്രാമത്തില്‍ നിന്ന് പലായനം ചെയ്യാന്‍ ശ്രമിച്ചവരാണ് കൊല്ലപ്പെട്ടതെന്നാണ് വിവരം. എന്നാല്‍ റഷ്യ ഇക്കാര്യം നിഷേധിച്ചു. സാധരണക്കാരെ രക്ഷപ്പെടുത്തുന്നതില്‍ യുക്രൈന്‍ പരാജയപ്പെടുകയാണെന്ന് റഷ്യ ചൂണ്ടിക്കാണിച്ചു.

റഷ്യയുടെ 31 ബറ്റാലിയൻ ഗ്രൂപ്പുകളെ തകര്‍ക്കാന്‍ യുക്രൈനായെന്നും അതിനാല്‍ അവര്‍ കൂടുതല്‍ സൈന്യത്തെ രാജ്യത്തേക്ക് അയക്കുകയാണെന്നും പ്രസിഡന്റ് വോളോഡിമില്‍ സെലെന്‍സ്കി പറഞ്ഞു. എന്നാല്‍ സെലെന്‍സ്കിയുടെ വാക്കുകള്‍ സ്ഥിരീകരിക്കാനായിട്ടില്ല. തങ്ങള്‍ ഇനിയും പ്രതിരോധിക്കുകയും പോരാടുകയും ചെയ്യേണ്ടതുണ്ടെന്നും സെലെന്‍സ്കി പറഞ്ഞു.

പോരാട്ടത്തില്‍ ഇതുവരെ 1,300 യുക്രൈനിയന്‍ സൈനികർ കൊല്ലപ്പെട്ടിട്ടുണ്ടെന്നും സമാധാന ചർച്ചകളിൽ കൂടുതൽ പാശ്ചാത്യ രാജ്യങ്ങള്‍ ഇടപെടണമെന്നും സെലെന്‍സ്കി അഭ്യർത്ഥിച്ചു. തലസ്ഥാനത്ത് പ്രവേശിക്കാൻ ശ്രമിച്ചാൽ റഷ്യൻ സൈന്യം മരണം വരെ പോരാടാന്‍ തയാറാകേണ്ടി വരുമെന്നും സെലെന്‍സ്കി മുന്നറിയിപ്പ് നല്‍കി.

വീഡിയോ കോണ്‍ഫറന്‍സ് വഴി ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് ക്രെംലിന്‍ വക്താവ് ദിമിത്രി പെസ്കോവിനെ ഉദ്ധരിച്ചുകൊണ്ട് റഷ്യയുടെ ആര്‍ഐഎ ന്യൂസ് എജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ അദ്ദേഹം നല്‍കിയിട്ടില്ല. യുക്രൈന്‍ കീഴടങ്ങില്ലെന്ന് വിദേശകാര്യമന്ത്രി ഡിമിത്രൊ കുലേബയും പറഞ്ഞു.

Also Read: ചൈന വീണ്ടും കോവിഡ് ഭീഷണിയില്‍, നഗരങ്ങളില്‍ ലോക്ക്ഡൗണ്‍; അറിയേണ്ടതെല്ലാം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news vladimir putin volodymyr zelenskiy march13 updates

Best of Express