scorecardresearch

Latest News

Russia-Ukraine War News: റഷ്യ-യുക്രൈൻ നാലാം വട്ട ചർച്ച താൽക്കാലികമായി നിർത്തി; ഇന്നത്തെ 10 പ്രധാന സംഭവങ്ങൾ

അതേസമയം, യുദ്ധം രൂക്ഷമായതോടെ യുക്രൈനിലെ ഇന്ത്യൻ എംബസി താത്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ ഇന്ത്യ തീരുമാനിച്ചു

Russia – Ukraine war news: കീവ്: യുക്രൈനും റഷ്യയും തമ്മിലുള്ള നാലാംവട്ട ചർച്ചകൾ തിങ്കളാഴ്ച താൽക്കാലികമായി നിർത്തി. ചൊവ്വാഴ്ചയും ചർച്ച തുടരുമെന്ന് യുക്രൈന്റെ ചർച്ചക്കാരിൽ ഒരാൾ ട്വിറ്ററിൽ പറഞ്ഞു.

‘ഇന്നത്തേക്ക് ചർച്ചകൾക്ക് സാങ്കേതിക വിരാമം. ഈ വിഷയത്തിൽ ചർച്ചകൾ തുടരുന്നുണ്ട്,’ നെഗോഷ്യേറ്റർ മൈഖൈലോ പോഡോലിയാക് പറഞ്ഞു.

1- റഷ്യ ആയുധങ്ങൾ ആവശ്യപ്പെട്ടെന്ന വാർത്ത തെറ്റെന്ന് ചൈന

യുക്രൈനിലെ ആക്രമങ്ങൾക്കായി റഷ്യ ബെയ്‌ജിങിനോട് സൈനിക ഉപകരണങ്ങൾ ആവശ്യപ്പെട്ടെന്ന യുഎസ് ഉദ്യോഗസ്ഥരുടെ വാദങ്ങൾ അമേരിക്കയിൽ നിന്നുള്ള തെറ്റായ വിവരമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞു. ബെയ്‌ജിങ്ങിൽ ചൈനീസ് വിദേശകാര്യ മന്ത്രാലയ വക്താവ് മാധ്യമങ്ങളെ കണ്ടപ്പോഴാണ് ഇക്കാര്യം പറഞ്ഞതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

2- യുക്രൈൻ സൈന്യം നടത്തിയ ആക്രമണത്തിൽ 20 പേർ കൊല്ലപ്പെട്ടതായി വിമതർ

ഡൊനെറ്റ്സ്കിൽ യുക്രൈൻ സൈന്യം നടത്തിയ ആക്രമണത്തിൽ കുറഞ്ഞത് 20 പേർ കൊല്ലപ്പെട്ടതായി കിഴക്കൻ ഉക്രെയ്നിലെ റഷ്യൻ പിന്തുണയുള്ള വിഘടനവാദികൾ തിങ്കളാഴ്ച പറഞ്ഞു. വിമതർ പ്രഖ്യാപിത തലസ്ഥാനമായി കാണുന്ന പ്രദേശമാണ് ഡൊനെറ്റ്സ്ക്. പോരാട്ടം പരിഹരിക്കാനുള്ള ചർച്ചകൾക്ക് മുൻപായിരുന്നു ആക്രമണം.

3- പെട്ടെന്നുള്ള വെടിനിർത്തൽ ആവശ്യപ്പെട്ട് യുക്രൈൻ

റഷ്യയോട് യുക്രൈൻ ‘പെട്ടെന്നുള്ള’ വെടിനിർത്തൽ ആവശ്യപ്പെട്ടതായി ഡിഡബ്ല്യു വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

4- സെലെൻസ്‌കി യുസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യും

യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി ബുധനാഴ്ച രാവിലെ ഒമ്പത് മണിക്ക് ) യുഎസ് കോൺഗ്രസിനെ അഭിസംബോധന ചെയ്യുമെന്ന് യുഎസ് സെനറ്റ് ഭൂരിപക്ഷ നേതാവ് ചക്ക് ഷൂമറും ഹൗസ് സ്പീക്കർ നാൻസി പെലോസിയും അറിയിച്ചു. യുഎസ് ജനപ്രതിനിധികൾക്കുള്ള ഒരു കത്തിലാണ് അവർ ഈ കാര്യം അറിയിച്ചത്.

“പുടിന്റെ ക്രൂരവും പൈശാചികവുമായ ആക്രമണത്തെ അഭിമുഖീകരിക്കുമ്പോൾ യുക്രൈനെ പിന്തുണയ്ക്കുന്നതിലുള്ള പ്രതിബദ്ധതയിൽ കോൺഗ്രസ് അചഞ്ചലമായി തുടരുന്നു. റഷ്യൻ സമ്പദ്‌വ്യവസ്ഥയെ തകർക്കുന്നതിനും ഒറ്റപ്പെടുത്തുന്നതിനുമുള്ള നിയമനിർമ്മാണം നടത്തുന്നതിനും ഉക്രെയ്‌നിന് മാനുഷികവും സുരക്ഷയും സാമ്പത്തിക സഹായവും നൽകാനുള്ള പ്രതിബദ്ധതയിലും തുടരുന്നു,” കത്തിൽ അവർ കുറിച്ചു.

5- ചെർണോബിലിലേക്കുള്ള വൈദ്യുത ലൈനിന് റഷ്യൻ സൈന്യം നാശം വരുത്തിയതായി യുക്രൈൻ

യുക്രൈനിലെ ചെർണോബിൽ ആണവനിലയത്തിലേക്കുള്ള ഉയർന്ന വോൾട്ടേജ് പവർ ലൈനിന് റഷ്യൻ സൈന്യം നാശം വരുത്തിയതായി ഗ്രിഡ് ഓപ്പറേറ്റർ ഉക്രെനെർഗോ തിങ്കളാഴ്ച പ്രസ്താവനയിൽ പറഞ്ഞു. ലൈനിൽ വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതിന് തൊട്ടുപിന്നാലെയാണ് നാശം വരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

കേടുപാടുകൾ കാരണം പ്ലാന്റിലേക്കുള്ള എല്ലാ ബാഹ്യ വൈദ്യുതി വിതരണവും തടസ്സപ്പെട്ടോ എന്ന് വ്യക്തമല്ല. അറ്റകുറ്റപ്പണികൾ നടത്താൻ പ്രദേശത്തേക്ക് പ്രവേശനം ആവശ്യപ്പെട്ടതായും യുക്രൈൻ അധികൃതർ അറിയിച്ചു.

6- കീവിലെ എയർക്രാഫ്റ്റ് പ്ലാന്റിന് നേർക്ക് ആക്രമണം

കീവിലെ അന്റോനോവ് എയർക്രാഫ്റ്റ് പ്ലാന്റിന് നേരെ റഷ്യൻ സൈന്യം ഷെല്ലാക്രമണം നടത്തിയതായി കീവ് നഗര ഭരണകൂടം തിങ്കളാഴ്ച അറിയിച്ചു. കീവിന്റെ നഗര കേന്ദ്രത്തിൽ നിന്ന് ഏകദേശം 11 കിലോമീറ്റർ വടക്ക്-പടിഞ്ഞാറായാണ് വ്യാവസായിക പ്ലാന്റ് സ്ഥിതി ചെയ്യുന്നത്.

7- വ്യോമ നിരോധിത മേഖലയാക്കണം; നാറ്റോയോട് അഭ്യർത്ഥനയുമായി സെലൻക്സി

പടിഞ്ഞാറൻ യുക്രൈനിലെ സൈനിക താവളത്തിന് നേരെയുണ്ടായ റഷ്യൻ മിസൈൽ ആക്രമണത്തിൽ 35 പേർ കൊല്ലപ്പെട്ടതിന് പിന്നാലെ, യുക്രൈന് മുകളിൽ വ്യോമനിരോധന മേഖലയാക്കണം എന്ന് നാറ്റോയോട് അഭ്യർത്ഥിച്ച് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി. വീഡിയോ പ്രസ്താവനയിലൂടെ സെലൻസ്കി നാറ്റോയോട് ആവശ്യപ്പെട്ടതായി വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു. “നിങ്ങൾ ഞങ്ങളുടെ ആകാശം അടച്ചില്ലെങ്കിൽ, റഷ്യൻ റോക്കറ്റുകൾ നിങ്ങളുടെ പ്രദേശത്ത്, നാറ്റോ പ്രദേശത്ത് പതിക്കുന്നതിന് വലിയ സമയമെടുക്കില്ല,” അദ്ദേഹം പറഞ്ഞു.

8- എംബസി താത്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ ഇന്ത്യ തീരുമാനിച്ചു.

യുദ്ധം രൂക്ഷമായതോടെ യുക്രൈനിലെ ഇന്ത്യൻ എംബസി താത്കാലികമായി പോളണ്ടിലേക്ക് മാറ്റാൻ ഇന്ത്യ തീരുമാനിച്ചു. ഫെബ്രുവരി 24 ന് യുദ്ധം ആരംഭിച്ചതിന് ശേഷം, ഭൂരിഭാഗം ഇന്ത്യൻ നയതന്ത്രജ്ഞരും യുക്രൈൻ തലസ്ഥാനമായ കീവിൽ നിന്ന് യുക്രൈൻ-പോളണ്ട് അതിർത്തിയിൽ നിന്ന് അൽപ്പം അകലെയുള്ള ലിവിവിലേക്ക് മാറിയിരുന്നു.

9- യുക്രൈൻ യുദ്ധം കോവിഡ് മഹാമാരിയെ കൂടുതൽ വഷളാക്കും: ഡബ്ള്യുഎച്ച്ഒ

യുക്രൈനിലെ യുദ്ധം ഹാമാരിയെ കൂടുതൽ മോശം സ്ഥിതിയിൽ എത്തിക്കുമെന്ന് ലോകാരോഗ്യസംഘടന. രോഗവ്യാപനം കുറയ്ക്കാനായി എല്ലാം ചെയ്യുന്നുണ്ടെന്നും ഡബ്ള്യുഎച്ച്ഒ അറിയിച്ചു. ഈ മേഖലയിലെ കേസുകൾ കഴിഞ്ഞ ആഴ്‌ചയെ അപേക്ഷിച്ച് കുറഞ്ഞു, പക്ഷേ യുക്രൈനിലെ കുറഞ്ഞ വാക്‌സിനേഷൻ നിരക്ക് കാരണം കൂടുതൽ ഗുരുതരമായ രോഗങ്ങളും മരണവും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു.

10- മരിയുപോളിലെ സാധാരണക്കാർ ഏറ്റവും മോശം സാഹചര്യം നേരിടേണ്ടി വരുമെന്ന് ഐസിആർസി മുന്നറിയിപ്പ്

യുക്രൈനിൽ തെക്കൻ നഗരമായ മരിയുപോളിൽ കുടുങ്ങിയ സാധാരണക്കാർ ഏറ്റവും മോശം സാഹചര്യം നേരിടേണ്ടി വരുന്നത് തടയാൻ അടിയന്തര പരിഹാരത്തിനായി ഇടപെട്ട് ഇന്റർനാഷണൽ റെഡ് ക്രോസ് കമ്മിറ്റി (ഐസിആർസി). ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയിലാണ് ഐസിആർസി ഇക്കാര്യം ആവശ്യപ്പെട്ടത്. “കക്ഷികൾ അടിയന്തിരമായി ഒരു മാനുഷിക കരാറിൽ എത്തിയില്ലെങ്കിൽ മരിയുപോളിൽ കനത്ത പോരാട്ടത്തിൽ കുടുങ്ങിയ ലക്ഷക്കണക്കിന് സാധാരണക്കാരെ ഏറ്റവും മോശം സാഹചര്യം കാത്തിരിക്കുന്നു,” പ്രസ്താവന പറയുന്നു.

Also Read: Russia-Ukraine War News: യുക്രൈനിൽ റഷ്യൻ സൈന്യത്തിന്റെ വെടിയേറ്റ് യുഎസ് മാധ്യമപ്രവർത്തകൻ കൊല്ലപ്പെട്ടതായി പൊലീസ്

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news vladimir putin volodymyr zelenskiy march 14 updates