കീവ്: യുക്രൈൻ നഗരമായ മരിയോപോൾ പിടിച്ചെടുത്തതായി അവകാശപ്പെട്ട് റഷ്യ, മൂന്ന് മാസമായി തുടരുന്ന യുദ്ധത്തിലെ റഷ്യയുടെ ഏറ്റവും വലിയ വിജയമാണിത്. യുക്രൈനിലെ ഏറ്റവും പ്രധാന നഗരമായ മരിയോപോൾ യുദ്ധത്തിൽ നാമാവശേഷമായതായാണ് റിപ്പോർട്ടുകൾ. 20,000-ത്തിലധികം പേർ കൊല്ലപ്പെട്ടതായി സംശയിക്കുന്നു.
അതേസമയം, യുക്രൈന്റെ ഭാഗമായി നിലകൊള്ളുന്ന ഡോൺബാസിലെ ലുഹാൻസ്ക് പ്രവിശ്യയിലും റഷ്യൻ സേന ആക്രമണം നടത്തി. ഡോൺബാസ് ലക്ഷ്യമിട്ടാണ് അടുത്ത നീക്കമെന്നാണ് റിപ്പോർട്ടുകൾ.
യുക്രൈൻ ചെറുത്തുനിൽപ്പിന്റെ അവസാന ശക്തികേന്ദ്രമായ മരിയോപോളിലെ അസോവ്സ്റ്റൽ സ്റ്റീൽ പ്ലാന്റിന്റെ “സമ്പൂർണ വിമോചനം” റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോയ്ഗു പ്രസിഡന്റ് വ്‌ളാഡിമിർ പുടിന് റിപ്പോർട്ട് ചെയ്തു. നഗരം മൊത്തത്തിൽ പിടിച്ചെടുത്തതായി വക്താവ് ഇഗോർ കൊനാഷെങ്കോവ് പറഞ്ഞു. അതേസമയം, യുക്രൈൻ ഇത് സ്ഥിരീകരിച്ചിട്ടില്ല.
യുദ്ധസമയത്തെ നാശനഷ്ടങ്ങൾക്ക് റഷ്യ നഷ്ടപരിഹാരം നൽകണമെന്ന് യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി ആവശ്യപ്പെട്ടു. യുക്രൈന്റെ അടിസ്ഥാന സൗകര്യങ്ങൾ കഴിയുന്നത്ര നശിപ്പിക്കാൻ റഷ്യ ശ്രമിക്കുന്നതായി പറഞ്ഞ സെലെൻസ്കി, അവരുടെ പ്രവർത്തികൾക്കുള്ള വില അവർ നൽകേണ്ടി വരുമെന്നും കൂട്ടിച്ചേർത്തു.
Also Read: പാംഗോങ് ത്സോയിൽ ചൈന രണ്ടാമത്തെ പാലം നിർമിക്കുന്നതായി വിദേശ മന്ത്രാലയത്തിന്റെ സ്ഥിരീകരണം