scorecardresearch
Latest News

Russia-Ukraine War News: പശ്ചിമേഷ്യയിൽ നിന്നുള്ള സന്നദ്ധ പോരാളികളെ യുദ്ധത്തിൽ വിന്യസിക്കുന്നതിന് പുടിന്റെ അംഗീകാരം

കുടുങ്ങിക്കിടക്കുന്നയാളുകള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ ആക്രമണം മൂലം പരാജയപ്പെട്ടെന്ന് സെലെന്‍സ്കി ആരോപിച്ചു

Russia-Ukraine War News: പശ്ചിമേഷ്യയിൽ നിന്നുള്ള സന്നദ്ധ പോരാളികളെ യുദ്ധത്തിൽ വിന്യസിക്കുന്നതിന് പുടിന്റെ അംഗീകാരം

കീവ്: യുക്രെയ്‌നിൽ റഷ്യൻ പിന്തുണയുള്ള വിമതർക്കൊപ്പം മിഡിൽ ഈസ്റ്റിൽ നിന്നുള്ള 16,000 സന്നദ്ധ പോരാളികളെ യുക്രെയ്‌നിൽ യുദ്ധം ചെയ്യാൻ വിന്യസിക്കുന്നതിന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ അംഗീകാരം നൽകിയതായി റോയിട്ടേഴ്‌സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

അതിനിടെ, തുറമുഖ നഗരമായ മരിയൂപോളിൽ റഷ്യൻ സൈന്യം ബോംബാക്രമണം തുടർന്നു.യുക്രൈനിലെ റഷ്യന്‍ അധിനിവേശം മൂന്നാം ആഴ്ചയിലേക്ക് കടക്കുകയാണ്, ആക്രമണം ശക്തമാക്കി റഷ്യയും പ്രതിരോധിച്ച് യുക്രൈനും. റഷ്യയുടെ വ്യോമ, ഷെല്ലാക്രമണങ്ങള്‍ രൂക്ഷമായതോടെ ബങ്കറുകളിലും മറ്റിടങ്ങളിലുമായി അഭയം പ്രാപിച്ച ലക്ഷക്കണക്കിന് സാധരണക്കാര്‍ കുടുങ്ങിക്കിടക്കുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചയിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല എന്നാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

കീവ് നഗരത്തിൽ ഇപ്പോഴും രണ്ട് ദശലക്ഷത്തോളം ആളുകൾ അവശേഷിക്കുന്നുണ്ടെന്ന് മേയർ

കീവ് നഗരത്തിൽ ഇപ്പോഴും രണ്ട് ദശലക്ഷത്തോളം ആളുകൾ അവശേഷിക്കുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി കീവ് മേയറും മുൻ ഹെവിവെയ്റ്റ് ബോക്‌സിംഗ് ചാമ്പ്യനുമായ വിറ്റാലി ക്ലിറ്റ്‌ഷ്‌കോ വെള്ളിയാഴ്ച റോയിട്ടേഴ്‌സിനോട് പറഞ്ഞു.

സാധാരണയായി ഏകദേശം 3.5 ദശലക്ഷം ആളുകൾ താമസിക്കുന്ന യുക്രൈനിയൻ തലസ്ഥാനത്ത് രണ്ടാഴ്ചകൾ നീണ്ടുനിൽക്കാൻ ആവശ്യമായ സുപ്രധാന സപ്ലൈകൾ ഉണ്ടെന്നും അകത്തേക്കും പുറത്തേക്കും വിതരണ ലൈനുകൾ ഇപ്പോൾ തുറന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തെ ആപേക്ഷികമായി സുരക്ഷിതമായ ഇടങ്ങളിലേക്ക് കുടുംബത്തോടൊപ്പം പോയ ചില പുരുഷന്മാരും സ്ത്രീകളും നഗരത്തിന്റെ പ്രതിരോധത്തിൽ പങ്കെടുക്കാൻ മടങ്ങിവരുന്നുവെന്ന് ഹെവിവെയ്റ്റ് ബോക്സിംഗ് താരം കൂടിയായ അദ്ദേഹത്തിന്റെ സഹോദരൻ വ്‌ളാഡിമിർ സംയുക്ത അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

റഷ്യ വിടുന്നതിന് വിദ്യാർത്ഥികൾക്ക് സുരക്ഷാ പ്രശ്നമില്ലെന്ന് ഇന്ത്യൻ എംബസി

റഷ്യയിൽ പഠിക്കുന്ന ഇന്ത്യൻ വിദ്യാർത്ഥികൾക്കായി പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ രാജ്യത്തെ ഇന്ത്യൻ എംബസി പുറത്തിറക്കി. വിദ്യാർത്ഥികൾ റഷ്യ വിടുന്നതിന് നിലവിൽ സുരക്ഷാ കാരണങ്ങളൊന്നും കാണുന്നില്ല എന്ന് മാർഗനിർദേശങ്ങളിൽ എംബസി ഉറപ്പുനൽകി.

സോവിയറ്റ് കാലഘട്ടത്തിലെ ഡ്രോൺ ക്രൊയേഷ്യയിൽ തകർന്നു വീണു

യുക്രൈനിൽ നിന്ന് ഹംഗറിക്ക് കുറുകെ പറന്ന, സോവിയറ്റ് കാലഘട്ടത്തിൽ നിന്നുള്ള സ്കൗട്ടിംഗ് ഡ്രോൺ ക്രൊയേഷ്യൻ തലസ്ഥാനമായ സാഗ്രെബിന് സമീപം തകർന്നുവീണതായി റിപ്പോർട്ട്. തകർന്നു വീണ ഇടത്ത് വലിയ ദ്വാരം സൃഷ്ടിച്ചതായി ക്രൊയേഷ്യൻ സർക്കാർ വെള്ളിയാഴ്ച അറിയിച്ചു. മരണമോ പരിക്കോ റിപ്പോർട്ട് ചെയ്തിട്ടില്ല.

സാഗ്രെബിലെ ജറുൺ തടാകത്തിന് സമീപം രാത്രി 11 മണിയോടെ സ്‌ഫോടന ശബ്ദം കേട്ടതായി വ്യാഴാഴ്ച ക്രൊയേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രണ്ട് പാരച്യൂട്ടുകൾ കണ്ടെത്തിയതായും നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും പോലീസ് പറഞ്ഞു.

1,300 മീറ്റർ ഉയരത്തിൽ പറന്ന ഡ്രോൺ ഹംഗറിയിൽ നിന്ന് വന്ന് ക്രൊയേഷ്യയുടെ വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഏഴ് മിനിറ്റിനുള്ളിൽ തകർന്നുവീഴുകയായിരുന്നുവെന്ന് സർക്കാർ അറിയിച്ചു. ഹംഗറിയും ക്രൊയേഷ്യയും നാറ്റോ അംഗങ്ങളാണ്.

“പ്രാഥമിക വിവരമനുസരിച്ച്, ഡ്രോൺ യഥാർത്ഥത്തിൽ ഉക്രെയ്നിൽ നിന്നാണ് വന്നതെന്നും ഇന്ധനം തീർന്നതിനെത്തുടർന്ന് തകർന്നുവീഴുകയായിരുന്നുവെന്നും മനസ്സിലായതായി ക്രൊയേഷ്യൻ പ്രസിഡന്റ് സോറൻ മിലനോവിക് പറഞ്ഞു.

ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രായേലിനോട് യുക്രൈൻ

റഷ്യക്കെതിരെ ഉപരോധം ഏർപ്പെടുത്തണമെന്ന് ഇസ്രായേലിനോട് യുക്രൈൻ. കൂടുതൽ യുക്രൈനിയൻ അഭയാർത്ഥികളെ സ്വീകരിക്കുകയും പ്രതിരോധ ഉപകരണങ്ങൾ അയയ്ക്കുകയും ചെയ്തുകൊണ്ട് യുക്രൈനുള്ള പിന്തുണ വർദ്ധിപ്പിക്കണമെന്നും യുക്രൈന്റെ അംബാസഡർ ഇസ്രായേലിനോട് അഭ്യർത്ഥിച്ചു.

റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ ഇസ്രായേൽ അപലപിക്കുകയും മാനുഷിക സഹായം അയയ്ക്കുകയും ചെയ്തു. എന്നാൽ സിറിയയിലെ ആക്രമണങ്ങളും ഇറാനുമായുള്ള അന്താരാഷ്ട്ര ആണവ ചർച്ചകളും അടക്കമുള്ളവയുമായി ബന്ധപ്പെട്ട് ഇസ്രായേലും റഷ്യയും ബന്ധം പുലർത്തിയിട്ടുണ്ട്.

ഇസ്രായേൽ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് മാർച്ച് അഞ്ചിന് മോസ്കോയിൽ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യുക്രൈനിയൻ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കിയുമായി നിരവധി തവണ സംസാരിക്കുകയും ചെയ്തിരുന്നു.

പലായനം ചെയ്തത് 25 ലക്ഷം പേർ

രണ്ടാഴ്ചയിലേറെയായി റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈൻിൽ നിന്ന് 25 ലക്ഷം പേർ പലായനം ചെയ്തതായി ഇന്റർനാഷണൽ ഓർഗനൈസേഷൻ ഫോർ മൈഗ്രേഷൻ. ദേശീയ സർക്കാരുകളിൽ നിന്നുള്ള, വെള്ളിയാഴ്ച രാവിലെ വരെയുള്ള വിവരങ്ങൾ പ്രകാരമാണ് ഈ കണക്കെന്ന് ഐഒഎം വക്താവ് പോൾ ഡിലൺ ഒരു സന്ദേശത്തിൽ പറഞ്ഞു. 15 ലക്ഷത്തിലധികം അഭയാർത്ഥികൾ അയൽരാജ്യമായ പോളണ്ടിലേക്ക് പോയിട്ടുണ്ടെന്നും ഏകദേശം 1,16,000 അഭയാർത്ഥികൾ യുക്രൈൻകാരല്ലെന്നും അവർ “മൂന്നാം ലോക രാജ്യങ്ങളിലെ പൗരന്മാരാണ്,” എന്നും അദ്ദേഹം പറഞ്ഞു.

യുക്രൈനുമായുള്ള ചർച്ചകളിൽ പുരോഗതിയെന്ന് പുടിൻ

യുക്രൈനുമായുള്ള റഷ്യയുടെ ചർച്ചകളിൽ ചില പുരോഗതിയുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ പറഞ്ഞു. എന്നാൽ വിശദാംശങ്ങളൊന്നും പുടിൻ നൽകിയിട്ടില്ല.

“ചില ഗുണകരമായ മാറ്റങ്ങൾ ഉണ്ട്, ഞങ്ങളുടെ ഭാഗത്തുള്ള ചർച്ചകൾ എന്നോട് പറയുന്നത് അതാണ്,” ബെലാറഷ്യൻ പ്രസിഡന്റ് അലക്സാണ്ടർ ലുകാഷെങ്കോയുമായുള്ള ഒരു മീറ്റിംഗിൽ പുടിൻ പറഞ്ഞു, “പ്രായോഗികമായി ദൈനംദിന അടിസ്ഥാനത്തിൽ” ചർച്ചകൾ തുടർന്നുവെന്നും പുടിൻ പറഞ്ഞു. ലുകാഷെങ്കോയുമായി കൂടുതൽ വിശദമായി ചർച്ച നടത്തുമന്നും പുടിൻ പറഞ്ഞു.

യുക്രൈനിൽ 78 കുട്ടികളെങ്കിലും കൊല്ലപ്പെട്ടു

റഷ്യൻ അധിനിവേശത്തിന് ശേഷം യുക്രൈനിൽ കുറഞ്ഞത് 78 കുട്ടികളെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് ഉക്രേനിയൻ മനുഷ്യാവകാശ ഓംബുഡ്‌സ് വുമൺ ലുഡ്‌മൈല ഡെനിസോവ പറഞ്ഞു. തെക്കൻ നഗരമായ മരിയുപോൾ, കിഴക്കൻ പട്ടണമായ വോൾനോവാഖ, കൈവ് മേഖലയിലെ ഇർപിൻ പട്ടണം എന്നിവിടങ്ങളിലെ യുദ്ധം അർത്ഥമാക്കുന്നത് ആ സ്ഥലങ്ങളിൽ എത്ര പേർ കൊല്ലപ്പെടുകയോ എത്രപേർക്ക് പരിക്കേൽക്കുകയോ ചെയ്തിട്ടുണ്ടെന്ന് മനസ്സിലാക്കാൻ അധികാരികൾക്ക് കഴിഞ്ഞിട്ടില്ലെന്നാണെന്നും അവർ പറഞ്ഞു.

സുമിയിൽ നിന്നുള്ള വിദ്യാർത്ഥികൾ ഇന്ത്യയിലെത്തി

റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് യുക്രൈനിലെ സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളടക്കമുള്ള ഇന്ത്യക്കാരുടെ ആദ്യ സംഘം ഡല്‍ഹിയിലെത്തി. ഇന്ന് രാവിലെ ആറ് മണിയോടെയായിരുന്നു എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയത്. സംഘത്തില്‍ 85 മലയാളികള്‍ ഉണ്ടെന്നാണ് ലഭിക്കുന്ന വിവരം.

സുമി സ്റ്റേറ്റ് യുണിവേഴ്സിറ്റിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികളെ ട്രെയിന്‍ മാര്‍ഗം ലിവിവില്‍ നിന്ന് പോളണ്ട് അതിര്‍ത്തിയിലെത്തിക്കുകയായിരുന്നു. 600 പേരെയായിരുന്നു ട്രെയിന്‍ മാര്‍ഗം അതിര്‍ത്തിയിലെത്തിച്ചതെന്ന് യുക്രൈനിലുള്ള ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചിരുന്നു. യുക്രൈന്‍ അധികൃതരാണ് ട്രെയിന്‍ സര്‍വീസിനുള്ള പ്രത്യേക സഹായം ചെയ്തതെന്ന് എംബസി കൂട്ടിച്ചേര്‍ത്തു.

റഷ്യ കുട്ടികളുടെ ആശുപത്രി ആക്രമിച്ചതായി മരിയുപോള്‍ നഗര ഭരണാധികാരികൾ

റഷ്യ കുട്ടികളുടെ ആശുപത്രി ആക്രമിച്ചതായി മരിയുപോള്‍ നഗരത്തിലെ അധികൃതര്‍ അറിയിച്ചിരുന്നു. 17 മരണം സംഭവിച്ചിട്ടുണ്ടെന്നാണ് പ്രാഥമികമായ വിവരം. സുമി, ട്രോസ്റ്റ്യനെറ്റ്സ്, ക്രാസ്നോപില്ല്യ, ഇർപെൻ, ബുച്ച, ഹോസ്‌റ്റോമെൽ, ഇസിയം എന്നീ നഗരങ്ങളില്‍ നിന്നായി 40,000 സാധാരണക്കാരെ രക്ഷപ്പെടുത്താനായെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലന്‍സ്കി അറിയിച്ചു. എന്നാല്‍ മരിയുപോളില്‍ നിന്ന് ഒരാള്‍ക്ക് പോലും പുറത്തുകടക്കാനായില്ലെന്ന് യുക്രൈന്‍ ഉപപ്രധാനമന്ത്രി പറഞ്ഞു.

കുടുങ്ങിക്കിടക്കുന്നയാളുകള്‍ക്ക് ഭക്ഷണവും വെള്ളവും മരുന്നും എത്തിക്കാനുള്ള ശ്രമങ്ങള്‍ റഷ്യയുടെ ആക്രമണം മൂലം പരാജയപ്പെട്ടെന്നും സെലെന്‍സ്കി ആരോപിച്ചു. മാനുഷിക ഇടനാഴികളിലും റഷ്യയുടെ ആക്രമണം ശക്തമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മരിയുപോള്‍, കീവ്, സുമി, ഹാര്‍കീവ്, ചേര്‍ണീവ് എന്നീ നഗരങ്ങളില്‍ മാനുഷിക ഇടനാഴികള്‍ തുറക്കുന്നതിനായി വെള്ളിയാഴ്ച വെടനിര്‍ത്തലുണ്ടാകുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

അധിനിവേശത്തിന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നതില്‍ റഷ്യ ഇതുവരെ വിജയം കണ്ടിട്ടില്ല. എന്നാല്‍ ആക്രമണം ആയിരത്തിലധികം പേരുടെ മരണത്തിനും 20 ലക്ഷത്തിലധികം പേരുടെ പലായനത്തിനും കാരണമായി. പല നഗരങ്ങളിലേക്ക് റഷ്യ ആക്രമണം വ്യാപിപ്പിച്ച സാഹചര്യത്തിലാണ് പലായനം രൂക്ഷമായത്. കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധിയില്‍ നിന്ന് മുക്താമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക മേഖലയെ വീണ്ടും തകര്‍ച്ചയിലേക്ക് തള്ളവിടുന്നതിലും റഷ്യന്‍ അധിനിവേശം കാരണമായി.

Also Read: നിലയില്ലാ കയത്തില്‍ കോണ്‍ഗ്രസ്; ഇനി എന്ത്, എങ്ങോട്ട്?

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine war news putin zelenskiy updates