കീവ്. യുക്രൈനിന്റെ കിഴക്കന്‍ മേഖലകളില്‍ റഷ്യന്‍ സൈന്യം ആക്രമണം കൂടുതല്‍ ശക്തമാക്കിയതായി റിപ്പോര്‍ട്ടുകള്‍. ഡൊനെറ്റ്സ്കിലുണ്ടായ ഷെല്ലാക്രമണത്തില്‍ കുറഞ്ഞത് ഒന്‍പത് സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് പ്രാദേശിക ഗവര്‍ണര്‍ പാവ്ലോ കൈറിലെങ്കോ അറിയിച്ചു.
“അവ്ദിവ്ക നഗരത്തിലുണ്ടായ വ്യോമാക്രമണത്തില്‍ കുറഞ്ഞത് മൂന്ന് സാധാരണക്കാരെങ്കിലും കൊല്ലപ്പെട്ടിട്ടുണ്ടെന്ന്. വുഹ്ലേദാർ, ലൈമാൻ നഗരങ്ങളിലുണ്ടായ ഷെല്ലാക്രമണത്തിൽ ആറ് പേരാണ് കൊല്ലപ്പെട്ടത്,” പാവ്ലോ ടെലഗ്രാം സന്ദേശത്തില്‍ വ്യക്തമാക്കി.
ഡൊനെറ്റ്സ്ക് മേഖലയില്‍ ആക്രമണം രൂക്ഷമാവുകയാണെന്നും സാധാരണക്കാരെ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്നും യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്കിയുടെ ഓഫീസ് അറിയിച്ചിരുന്നു. ഷെല്ലാക്രമണം ഗുരുതരമായ മേഖലയിലുള്ളവരെ രക്ഷിക്കാനാണ് ശ്രമം.
യുക്രെയിനിലെ തെക്കുപടിഞ്ഞാറൻ നഗരമായ ഒഡെസയ്ക്ക് സമീപമുള്ള സൈനിക വ്യോമതാവളത്തിൽ മിസൈല്‍ ആക്രമണം നടത്തിയതായി റഷ്യന്‍ പ്രതിരോധ മന്ത്രിലയം അവകാശപ്പെട്ടു. അമേരിക്കയും യൂറോപ്യൻ സഖ്യകക്ഷികളും യുക്രൈനിന് നൽകിയ ഡ്രോണുകളും മിസൈലുകളും മറ്റ് ആയുധങ്ങളും തകര്‍ത്തതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
അതേസമയം, യുക്രൈനിലെ തെക്കൻ തുറമുഖ നഗരമായ മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റിന് നേരെ റോക്കറ്റ് ആക്രമണമുണ്ടായി, കനത്ത പുക പ്ലാന്റിനകത്ത് നിന്നുണ്ടായി. ആക്രമണമുണ്ടായ പ്രദേശത്ത് ഇനിയും ഇരുനൂറോളം പേര് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.
Also Read: ഈ യുദ്ധത്തിൽ ആരും വിജയിക്കുന്നില്ല, ഇന്ത്യ സമാധാനത്തിനൊപ്പം: നരേന്ദ്ര മോദി