Russia Ukraine Crisis: ഉക്രയിൻ ആശങ്ക നിലനിൽക്കുന്നതിനിടെ റഷ്യ മിസൈൽ പരീക്ഷണം നടത്തി. ബാലിസ്റ്റിക്, ക്രൂയിസ് മിസൈലുകൾ ഉപയോഗിച്ച് കടൽ, കര അധിഷ്ഠിത ലക്ഷ്യങ്ങളിലെത്തിച്ചതായി റഷ്യ പ്രസ്താവനയിൽ പറഞ്ഞു.
വാർഷിക അഭ്യാസത്തിൽ കിൻസാൽ, സിർകോൺ ഹൈപ്പർസോണിക് മിസൈലുകളും മറ്റ് നിരവധി ആയുധങ്ങളും വിക്ഷേപിച്ചതായി ക്രെംലിൻ പ്രസ്താവനയിൽ പറഞ്ഞു.
അതിനിടെ, ശനിയാഴ്ച മ്യൂണിച്ച് സെക്യൂരിറ്റി കോൺഫറൻസിൽ സംസാരിച്ച യുഎസ് വൈസ് പ്രസിഡന്റ് കമലാ ഹാരിസ് റഷ്യ ഉക്രെയ്ൻ ആക്രമിച്ചാൽ “പ്രധാനവും അഭൂതപൂർവവുമായ സാമ്പത്തിക ചിലവുകൾ” ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി. ഹാരിസ് പറഞ്ഞു, “റഷ്യയുടെ പ്രവർത്തനങ്ങൾ അവരുടെ വാക്കുകളുമായി പൊരുത്തപ്പെടുന്നില്ല. വേഗമേറിയതും കഠിനവും ഏകീകൃതവുമായ സാമ്പത്തിക നടപടികൾ ഞങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. റഷ്യയുടെ ധനകാര്യ സ്ഥാപനങ്ങളെയും പ്രധാന വ്യവസായങ്ങളെയും ഞങ്ങൾ ലക്ഷ്യമിടുന്നു,” കമല ഹാരിസ് പറഞ്ഞു.
Also Read: ‘റഷ്യ യുക്രൈനെ ആക്രമിക്കാൻ ഒരുങ്ങുന്നതായി എല്ലാ സൂചനയുമുണ്ട്’: ജോ ബൈഡൻ
കിഴക്കൻ ഉക്രെയ്നിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്കിന്റെ വടക്ക് ഭാഗത്ത് ശനിയാഴ്ച രാവിലെ ഒന്നിലധികം സ്ഫോടനങ്ങൾ കേട്ടതായി ഒരു സാക്ഷിയെ ഉദ്ധരിച്ച് വാർത്താ ഏജൻസി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. സ്ഫോടനങ്ങളുടെ ഉറവിടം വ്യക്തമായിട്ടില്ല. വിഘടനവാദി നേതാക്കളിൽ നിന്നോ ഉക്രയിൻ ഭരണാധികാരികളിൽ നിന്നോ ഉടനടി അഭിപ്രായമൊന്നും ഉണ്ടായില്ല.
കിഴക്കൻ ഉക്രെയ്നിൽ ശനിയാഴ്ച രാവിലെ റഷ്യൻ അനുകൂല വിഘടനവാദികളുടെ ഷെല്ലാക്രമണത്തിൽ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ഉക്രേനിയൻ സൈന്യം പറഞ്ഞു. വരും ദിവസങ്ങളിൽ ഉക്രൈൻ ആക്രമിക്കാൻ റഷ്യൻ നേതാവ് വ്ളാഡിമിർ പുടിൻ തീരുമാനിച്ചതായി തനിക്ക് ബോധ്യപ്പെട്ടതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പറഞ്ഞിരുന്നു. ഉക്രേനിയൻ അതിർത്തിക്ക് സമീപം വിന്യസിച്ചിരിക്കുന്ന റഷ്യൻ കരസേനയുടെ 40 ശതമാനം മുതൽ 50 ശതമാനം വരെ അതിർത്തിക്ക് സമീപമുള്ള ആക്രമണ സ്ഥാനങ്ങളിലേക്ക് നീങ്ങിയതായി ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥൻ പറഞ്ഞു.