ന്യൂഡൽഹി: റഷ്യയും യുക്രൈൻ തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ, ഉക്രെയ്നിലെ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുടെ കുടുംബങ്ങളോട് ഇന്ത്യയിലേക്ക് മടങ്ങാൻ ആവശ്യപ്പെട്ടതായി സർക്കാർ വൃത്തങ്ങൾ അറിയിച്ചു. യുക്രൈനിൽ താമസിക്കുന്നത് തീർത്തും അനിവാര്യമല്ലെങ്കിൽ താൽക്കാലികമായി വിടാൻ എല്ലാ പൗരന്മാരോടും സർക്കാർ ആവശ്യപ്പെട്ടു. യുക്രൈനിലെ പ്രതിസന്ധി തുടരുന്നതിനിടെയാണ് നടപടി.
ചാർട്ടേഡ് ഫ്ലൈറ്റുകളെക്കുറിച്ചുള്ള വിവരങ്ങൾക്കായി ബന്ധപ്പെട്ട വിദ്യാഭ്യാസ കരാറുകാരുമായി ബന്ധപ്പെടാൻ ഇന്ത്യൻ വിദ്യാർത്ഥികളോട് എംബസി നിർദ്ദേശിച്ചു.
“യുക്രൈനിലെ സ്ഥിതിയുമായി ബന്ധപ്പെട്ട് ഉയർന്ന തലത്തിലുള്ള പിരിമുറുക്കങ്ങളും അനിശ്ചിതത്വങ്ങളും തുടരുന്നതിനാൽ, താമസം അനിവാര്യമല്ലെന്ന് കരുതുന്ന എല്ലാ ഇന്ത്യൻ പൗരന്മാരോടും എല്ലാ ഇന്ത്യൻ വിദ്യാർത്ഥികളോടും യുക്രൈൻ താൽക്കാലികമായി വിടാൻ നിർദ്ദേശിക്കുന്നു,” എംബസി പറഞ്ഞു.
യുക്രൈനിൽ നിന്ന് “ക്രമവും കൃത്യസമയത്തും പുറപ്പെടുന്നതിന്” ലഭ്യമായ വാണിജ്യ വിമാനങ്ങളും ചാർട്ടർ ഫ്ലൈറ്റുകളും യാത്രയ്ക്കായി ഉപയോഗിക്കാമെന്ന് നിർദേശത്തിൽ പറയുന്നു.
“ചാർട്ടർ ഫ്ലൈറ്റുകളെക്കുറിച്ചുള്ള അപ്ഡേറ്റുകൾക്കായി ബന്ധപ്പെട്ട കോൺട്രാക്ടർമാരുമായി ബന്ധപ്പെടാനും ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ഉപദേശം നൽകുന്നു, കൂടാതെ ഏത് അപ്ഡേറ്റിനും ഇ എംബസി ഫേസ്ബുക്ക്, വെബ്സൈറ്റ്, ട്വിറ്റർ എന്നിവ പിന്തുടരുന്നത് തുടരുക,” എംബസി അറിയിച്ചു.
കിഴക്കൻ യുക്രൈനിലെ വിഘടനവാദികളുടെ നിയന്ത്രണത്തിലുള്ള ഡൊണെറ്റ്സ്കിന്റെ മധ്യ മേഖലകളിൽ ശനിയാഴ്ച വൈകുന്നേരവും ഞായറാഴ്ച പുലർച്ചെയും ഒന്നിലധികം സ്ഫോടനങ്ങൾ കേട്ടതായി റോയിട്ടേഴ്സ് റിപ്പോർട്ടർ പറഞ്ഞു. സ്ഫോടനങ്ങളുടെ ഉറവിടം വ്യക്തമായിട്ടില്ല.
അതിനിടെ, നിലവിലെ സംഭവവികാസങ്ങൾ “1945 ന് ശേഷം യൂറോപ്പ് കാണുന്ന ഏറ്റവും വലിയ യുദ്ധമായി മാറാം” എന്ന് യുകെ പ്രധാനമന്ത്രി ബോറിസ് ജോൺസൺ ബിബിസിയോട് പറഞ്ഞു. യുക്രൈന്റെ അതിർത്തിയിൽ പടിഞ്ഞാറ് കാണുന്ന പദ്ധതികൾ സൂചിപ്പിക്കുന്നത് ഒരു റഷ്യൻ അധിനിവേശം ഇത്തരത്തിൽ വലിയ യുദ്ധമായി മാറാം എന്നാണെന്നും അദ്ദേഹം വ്യക്തമാക്കി.
കിഴക്കൻ യുക്രൈനിൽ 2,000 വെടിനിർത്തൽ ലംഘനങ്ങൾ രേഖപ്പെടുത്തിയതായി നയതന്ത്ര വൃത്തങ്ങൾ റോയിട്ടേഴ്സിനോട് പറഞ്ഞു. ഉക്രേനിയൻ സർക്കാരും വിഘടനവാദ ശക്തികളും 2014 മുതൽ കിഴക്കൻ യുക്രൈനിൽ യുദ്ധം ചെയ്യുന്നു. ഷെല്ലാക്രമണം വർധിച്ചതോടെ ഈ മേഖല റഷ്യൻ സൈനിക ശേഖരണത്തെച്ചൊല്ലി റഷ്യയും പടിഞ്ഞാറൻ രാജ്യങ്ങളും തമ്മിലുള്ള സംഘർഷത്തിന്റെ കേന്ദ്രമായി മാറുകയും ചെയ്തു.