scorecardresearch

Latest News

Russia-Ukraine Crisis Highlights: പ്രതിരോധം അവസാനിപ്പിച്ച് സ്വന്തം നേതാക്കൾക്കെതിരെ തിരിയണമെന്ന് യുക്രൈൻ സൈന്യത്തോട് പുടിൻ

Russia-Ukraine Crisis Live: യുക്രൈന്‍ തലസ്ഥാനമായ കീവിനു സമീപമുള്ള എയ്‌റോഡ്രോം പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു

പ്രതീകാത്മക ചിത്രം

Russia-Ukraine Crisis Highlights: കീവ്: യുക്രൈനിയൻ സൈന്യത്തോട് പ്രതിരോധം അവസാനിപ്പിച്ച് അവരുടെ നേതാക്കൾക്കെതിരെ തിരിയാൻ ആഹ്വാനം ചെയ്ത് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ. വെള്ളിയാഴ്ചത്തെ രക്ഷാസമിതി യോഗത്തിൽ സംസാരിച്ച പുടിൻ, മിക്ക ഉക്രേനിയൻ സൈനിക വിഭാഗങ്ങളും റഷ്യൻ സേനയുമായി ഇടപഴകാൻ വിമുഖത കാണിക്കുന്നതായി അവകാശപ്പെട്ടു.

പ്രതിരോധം ആവശ്യപ്പെടുന്ന സംഘങ്ങൾ പ്രധാനമായും “വലതുപക്ഷ യുക്രൈനിയൻ ദേശീയവാദികൾ” ഉൾക്കൊള്ളുന്ന സന്നദ്ധ ബറ്റാലിയനുകളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.

യുക്രൈന്‍ തലസ്ഥാനമായ കീവിനു സമീപമുള്ള എയ്‌റോഡ്രോം പിടിച്ചെടുത്തതായി റഷ്യന്‍ സൈന്യം അവകാശപ്പെട്ടിരുന്നു. കീവില്‍നിന്ന് ഏഴു കിലോമീറ്റര്‍ വടക്കു പടിഞ്ഞാറുള്ള ഹോസ്റ്റോമലിലെ തന്ത്രപ്രധാന എയ്റോഡ്രോം തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായും പ്രദേശത്ത് പാരാട്രൂപ്പുകളെ വിന്യസിച്ചതായും റഷ്യന്‍ പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ഓപ്പറേഷനില്‍ യുക്രൈന്‍ പ്രത്യേക യൂണിറ്റുകളിലെ 200-ലധികം സൈനികരെ വധിച്ചതായി റഷ്യ അവകാശപ്പെട്ടു. പടിഞ്ഞാറുനിന്ന് കീവിലേക്കുള്ള പ്രവേശനം റഷ്യന്‍ സൈന്യം തടഞ്ഞുവെന്നും കിഴക്കന്‍ ഉക്രെയ്‌നിലെ വിഘടനവാദ ശക്തികള്‍ റഷ്യന്‍ സൈന്യത്തിന്റെ പിന്തുണയോടെ യുക്രൈനിയന്‍ സൈനിക സ്ഥാനങ്ങള്‍ ആക്രമിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു. കീവിലെ ജനവാസ മേഖലകളില്‍ ആക്രമണം നടത്തില്ലെന്ന് റഷ്യന്‍ സൈന്യം അറിയിച്ചു.

കീവ് ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം നീക്കം സജീവമാക്കിയതായി നേരത്തെ റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. റഷ്യന്‍ മിസൈലുകള്‍ കീവില്‍ പതിച്ചു. റഷ്യക്കെതിരെ ഇതുവരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ പര്യാപ്തമല്ലെന്നും കൂടുതല്‍ ചെയ്യാനും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

കീവില്‍ മിസൈല്‍ ആക്രമണം രൂക്ഷമായെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രൊ കുലേബ പറഞ്ഞു. രാജ്യതലസ്ഥാനം ഇത്തരമൊരു ആക്രമണം അവസാനമായി നേരിട്ടത് 1941 ലായിരുന്നെന്നു പറഞ്ഞ അദ്ദേഹം, അന്ന് നാസി ജര്‍മനിയെ പരാജയപ്പെടുത്തിയത് പോലെ യുക്രൈന്‍ റഷ്യയേയും കീഴടക്കുമെന്ന് കുലേബ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ 24 മണിക്കൂറിനിടെ 33 ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ബോംബിട്ടെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. കീവിന്റെ വിവിധ മേഖലകളില്‍ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. താനാണ് റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യമെന്നും രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമർ സെലന്‍സ്കി പറഞ്ഞു.

റഷ്യൻ ആക്രണത്തില്‍ ഇതുവരെ സൈനികരും ജനങ്ങളും സൈനികരും ഉള്‍പ്പെടെ 137 പേര്‍ കൊല്ലപ്പെട്ടുവെന്നും 316 പേർക്കു പരുക്കേറ്റതായും സെലൻസ്‌കി അറിയിച്ചു. പോരാട്ടത്തില്‍ രാജ്യം ഒറ്റയ്ക്കായിരുന്നെന്നും സഹായങ്ങള്‍ ലഭിച്ചിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

1986 ല്‍ ആണവദുരന്തം നടന്ന ചെർണോബിൽ ആണവനിലയം റഷ്യൻ സൈന്യം പിടിച്ചെടുത്തതായി യുക്രൈൻ പ്രസിഡൻഷ്യൽ ഓഫീസിലെ ഉപദേഷ്ടാവ് വ്യാഴാഴ്ച പറഞ്ഞു. 11 വ്യോമതാവളങ്ങൾ ഉൾപ്പെടെ 74 യുക്രൈനിയൻ സൈനിക കേന്ദ്രങ്ങൾ റഷ്യൻ സൈന്യം നശിപ്പിച്ചതായി വാർത്താ ഏജൻസിയായ എപി റിപ്പോർട്ട് ചെയ്തു.

റഷ്യയുടെ സൈനീക നീക്കത്തെ ലോകനേതാക്കള്‍ അപലപിച്ചു. നാല് വലിയ റഷ്യൻ ബാങ്കുകളുടെ ആസ്തികൾ തടയുമെന്നും കയറ്റുമതി നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നും അമേരിക്കയും സഖ്യകക്ഷികളും പറഞ്ഞു. നാറ്റോയുടെ കിഴക്കൻ ഭാഗത്തുള്ള രാജ്യങ്ങളില്‍ പ്രത്യേകിച്ച് ബാൾട്ടിക് സംസ്ഥാനങ്ങളായ ലിത്വാനിയ, ലാത്വിയ, എസ്തോണിയ എന്നിവയ്ക്ക് അമേരിക്കന്‍ സൈന്യസഹായം ലഭിച്ചിട്ടുണ്ട്.

നാറ്റോ രാജ്യങ്ങളെ റഷ്യ ആക്രമിക്കാന്‍ ആരംഭിച്ചാല്‍ അമേരിക്ക ഇടപെടുമെന്ന് പ്രസിഡന്റ് ജോ ബൈഡന്‍. ഇപ്പോള്‍ റഷ്യയെ തടഞ്ഞില്ലെങ്കില്‍ അമേരിക്ക അതിന് ശ്രമിക്കുമെന്നും ബൈഡന്‍ ഊന്നിപ്പറഞ്ഞു. “ യുക്രേനിയന്‍ പ്രസിഡന്റ് വോലോഡിമർ സെലൻസ്‌കിയുമായി സംസാരിച്ചു, യുക്രെയ്‌നിലെ ജനങ്ങളുടെ ദുരിതം കുറയ്ക്കുന്നതിനായി മാനുഷിക സഹായം വാഗ്ദാനം ചെയ്തു,” ബൈഡന്‍ പറഞ്ഞു.

യുക്രൈന്‍ അതിര്‍ത്തിയില്‍നിന്ന് 16 കിലോ മീറ്റര്‍ അകലെ റഷ്യയുടെ നീക്കം നടക്കുന്നതു വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്‍ സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തുടര്‍ന്നായിരുന്നു റഷ്യ യുക്രൈനു നേരെ മിസൈല്‍ ആക്രമണം ആരംഭിച്ചത്. റഷ്യയുടെ കര, വ്യോമ, നാവിക സേനകള്‍ സംയുക്തമായി യുക്രൈനെ ആക്രമിക്കുകയായിരുന്നു.

Also Read: Russia-Ukraine crisis: ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ വിദേശകാര്യ മന്ത്രാലയ സംഘങ്ങള്‍ യുക്രൈന്‍ അതിര്‍ത്തികളിലേക്ക്

Live Updates
21:18 (IST) 25 Feb 2022
യുക്രൈനിയൻ സൈന്യത്തോട് അവരുടെ നേതാക്കൾക്കെതിരെ തിരിയാൻ ആവശ്യപ്പെട്ട് പുടിൻ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ യുക്രൈനിയൻ സൈന്യത്തോട് പ്രതിരോധം അവസാനിപ്പിച്ച് അവരുടെ നേതാക്കൾക്കെതിരെ തിരിയാൻ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ചത്തെ രക്ഷാസമിതി യോഗത്തിൽ സംസാരിച്ച പുടിൻ, മിക്ക ഉക്രേനിയൻ സൈനിക വിഭാഗങ്ങളും റഷ്യൻ സേനയുമായി ഇടപഴകാൻ വിമുഖത കാണിക്കുന്നതായി അവകാശപ്പെട്ടു. പ്രതിരോധം വാഗ്ദാനം ചെയ്യുന്ന സംഘങ്ങൾ പ്രധാനമായും “വലതുപക്ഷ യുക്രൈനിയൻ ദേശീയവാദികൾ” ഉൾക്കൊള്ളുന്ന സന്നദ്ധ ബറ്റാലിയനുകളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.

20:40 (IST) 25 Feb 2022
ഉക്രെയ്ൻ പ്രതിനിധികളുമായി ചർച്ചയ്ക്ക് സംഘത്തെ അയക്കാൻ തയ്യാറെന്ന് ചൈനയോട് പുടിൻ

ഉക്രെയ്ൻ പ്രതിനിധികളുമായി ചർച്ചകൾക്കായി ഒരു പ്രതിനിധി സംഘത്തെ മിൻസ്‌കിലേക്ക് അയക്കാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ തയ്യാറാണെന്ന് ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു. പുടിൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി ഫോണിൽ ഇക്കാര്യം അറിയിച്ചതായും പ്രസ്താവനയിൽ പറയുന്നു.

20:34 (IST) 25 Feb 2022
കീവിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ

വെള്ളിയാഴ്ച ഉക്രൈൻ തലസ്ഥാനമായ കീവിൽ റഷ്യൻ സൈന്യം നടത്തിയ ആക്രമണത്തിന്റെ ദൃശ്യങ്ങൾ

19:17 (IST) 25 Feb 2022
കീവിന് സമീപമുള്ള ചെറു വിമാനത്താവളം പിടിച്ചടക്കിയതായി റഷ്യ

യുക്രൈനിയൻ തലസ്ഥാനമായ കീവിൽ നിന്ന് ഏഴ് കിലോമീറ്റർ വടക്കുപടിഞ്ഞാറുള്ള തന്ത്രപ്രധാനമായ ചെറു വിമാനത്താവളം തങ്ങളുടെ സൈന്യം പിടിച്ചെടുത്തതായി റഷ്യൻ പ്രതിരോധ മന്ത്രാലയം. ഹോസ്‌റ്റോമൽ എയ്‌റോഡ്രോം പിടിച്ചടക്കിയതായാണ് മന്ത്രാലയം അവകാശപ്പെടുന്നത്. പ്രദേശത്ത് പാരാ മിലിറ്ററി സംഘത്തെ ഇറക്കിയതായും റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന്റെ പ്രസ്താവനയിൽ പറയുന്നു.

18:26 (IST) 25 Feb 2022
ഷെഹിനി-മെഡിക അതിർത്തി കടക്കാൻ നിർദേശവുമായി ഇന്ത്യൻ എംബസി

യുക്രൈനിൽ നിന്നുള്ള ഒഴിപ്പിക്കലിനായി പോളണ്ട്-ഉക്രെയ്ൻ അതിർത്തിയിൽ പൊതുഗതാഗതം വഴി എത്തുന്ന ഇന്ത്യൻ പൗരന്മാരോട് ഷെഹിനി-മെഡിക അതിർത്തി കടക്കാൻ വാഴ്സയിലെ ഇന്ത്യൻ എംബസി നിർദ്ദേശിച്ചു.

17:40 (IST) 25 Feb 2022
റൊമാനിയ, ഹംഗറി വഴി ഒഴിപ്പിക്കാനുള്ള വഴികൾ സ്ഥാപിക്കാൻ ശ്രമിക്കുന്നതായി എംബസ്

യുക്രൈനിലുള്ള ഇന്ത്യക്കാരെ റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലൂടെ ഒഴിപ്പിക്കാനുള്ള വഴികൾ സ്ഥാപിക്കാൻ ശ്രമിക്കുകയാണെന്നും അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ പ്രത്യേക സംഘങ്ങളെ നിയമിക്കുന്നുണ്ടെന്നും ഇന്ത്യൻ എംബസി. യുക്രൈനിലെ ഇന്ത്യൻ എംബസി പുറപ്പെടുവിച്ച നിർദേശങ്ങളിലാണ് ഇക്കാര്യം അറിയിച്ചത്.

16:34 (IST) 25 Feb 2022
ഇന്ത്യക്കാരെ തിരിച്ചെത്തിക്കാൻ രണ്ട് എയർ ഇന്ത്യ വിമാനങ്ങൾ അയക്കും

റഷ്യൻ സൈനിക ആക്രമണത്തെത്തുടർന്ന് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ എയർ ഇന്ത്യയുടെ വിമാനങ്ങൾ സർവീസ് നടത്താൻ എയർ ഇന്ത്യ പദ്ധതിയിടുന്നതായി മുതിർന്ന സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. വെള്ളിയാഴ്ച റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലേക്കാണ് വിമാനങ്ങൾ അയക്കുക. രണ്ട് എയർ ഇന്ത്യയുടെ വിമാനങ്ങൾ ശനിയാഴ്ച ബുക്കാറെസ്റ്റിൽനിന്ന് പുറപ്പെടുമെന്ന് അധികൃതർ അറിയിച്ചു. ഏകദേശം 20,000 ഇന്ത്യക്കാർ ലവിൽ യുക്രൈനിൽ കുടുങ്ങിക്കിടക്കുകയാണെന്ന് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

16:23 (IST) 25 Feb 2022
ജനവാസ മേഖലകളിൽ നാശനഷ്ടങ്ങൾ

യുക്രൈനിയൻ തലസ്ഥാനം കീവിന്റെ പ്രാന്തപ്രദേശങ്ങളിലേക്ക് റഷ്യൻ അധിനിവേശം തുടരുന്നതോടെ കീവിലെ ജനവാസ മേഖലകൾക്ക് കനത്ത നാശനഷ്ടമുണ്ടായതായി റിപ്പോർട്ടുകൾ.

16:21 (IST) 25 Feb 2022
ബങ്കറുകളിൽ അഭയം തേടി സിവിലിയൻമാർ

റഷ്യയുടെ അധിനിവേശം തുടരുന്നതിനാൽ യുക്രൈൻ തലസ്ഥാനം കീവിൽ നിരനധി താമസക്കാർ മെട്രോ സ്റ്റേഷനുകളിൽ ഒരുക്കിയ ഭൂഗർഭ ബങ്കറുകളിൽ അഭയം തേടി.

15:59 (IST) 25 Feb 2022
കീവിൽ വെടിവയ്പുണ്ടായതായി റിപ്പോർട്ട്

യുക്രൈനിയൻ തലസ്ഥാനമായ കീവിലെ സർക്കാർ കെട്ടിടങ്ങളുടെ മേഖലയ്ക്ക് സമീപം വെടിയൊച്ച കേട്ടതായി റഷ്യയുടെ ആർഐഎ വാർത്താ ഏജൻസി അസോസിയേറ്റഡ് പ്രസിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചെയ്തു. പകൽ സമയത്ത് റഷ്യ കീവിലേക്ക് കടക്കാൻ ശ്രമിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി യുക്രൈനിയൻ സർക്കാർ ഉപദേഷ്ടാവ് വെള്ളിയാഴ്ച പറഞ്ഞു.

15:11 (IST) 25 Feb 2022
കീവിലേക്ക് നീങ്ങി റഷ്യൻ സൈന്യം

യുക്രൈന്റെ തലസ്ഥാനമായ കീവ് ലക്ഷ്യമിട്ട് റഷ്യന്‍ സൈന്യം നീക്കം സജീവമാക്കിയതായി റിപ്പോര്‍ട്ട്. റഷ്യന്‍ മിസൈലുകള്‍ കീവില്‍ പതിച്ചു. റഷ്യക്കെതിരെ ഇതുവരെ പ്രഖ്യാപിച്ച ഉപരോധങ്ങള്‍ പര്യാപ്തമല്ലെന്നും കൂടുതല്‍ ചെയ്യാനും യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലെന്‍സ്‌കി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു.

14:30 (IST) 25 Feb 2022
33 ജനവാസകേന്ദ്രങ്ങളില്‍ റഷ്യ ബോംബിട്ടെന്ന് യുക്രൈന്‍

കഴിഞ്ഞ 24 മണിക്കൂറിനിടെ 33 ജനവാസ കേന്ദ്രങ്ങളില്‍ റഷ്യ ബോംബിട്ടെന്ന് യുക്രൈന്‍ അറിയിച്ചതായി യുക്രൈന്‍ ആഭ്യന്തര മന്ത്രാലയത്തെ ഉദ്ദരിച്ചുകൊണ്ട് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.

12:59 (IST) 25 Feb 2022
റഷ്യന്‍ സൈന്ന്യത്തിനോട് പോരാടി യുക്രൈന്‍

റഷ്യന്‍ സൈന്ന്യത്തിനെ കീവിന്റെ വടക്ക് പടിഞ്ഞാറന്‍ മേഖലയില്‍ നേരിട്ട് യുക്രേനിയന്‍ സൈന്യം. വെള്ളിയാഴ്ച രാവിലെ കീവിൽ നിന്ന് 60 കിലോമീറ്റർ വടക്കു പടിഞ്ഞാറായി ഇവാൻകിവ് പ്രദേശത്ത് നദിക്ക് കുറുകെയുള്ള പാലം തകര്‍ത്തതായി സൈന്യം അറിയിച്ചു.

12:36 (IST) 25 Feb 2022
കീവില്‍ മിസൈല്‍ ആക്രമണം രൂക്ഷമെന്ന് യുക്രൈന്‍

കീവില്‍ മിസൈല്‍ ആക്രമണം രൂക്ഷമായെന്ന് യുക്രൈന്‍ വിദേശകാര്യമന്ത്രി ദിമിത്രൊ കുലേബ. രാജ്യതലസ്ഥാനം ഇത്തരമൊരു ആക്രമണം അവസാനമായി നേരിട്ടത് 1941 ലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. അന്ന് നാസി ജര്‍മനിയെ പരാജയപ്പെടുത്തിയത് പോലെ യുക്രൈന്‍ റഷ്യയേയും കീഴടക്കുമെന്ന് കുലേബ കൂട്ടിച്ചേര്‍ത്തു.

https://twitter.com/DmytroKuleba/status/1497058048430460934

11:46 (IST) 25 Feb 2022
റഷ്യന്‍ സൈന്ന്യത്തെ തടയാനായെന്ന് യുക്രൈന്‍

വെള്ളിയാഴ്ച പുലർച്ചെ നാല് മണിക്ക് റഷ്യ മിസൈൽ ആക്രമണം പുനരാരംഭിച്ചെങ്കിലും മിക്ക ദിശകളിലേക്കും മുന്നേറുന്നതിൽ നിന്ന് അവരുടെ സൈന്യത്തെ തടയാനായെന്ന് യുക്രൈന്‍ പ്രസിഡന്റ് വോലോഡൈമർ സെലെൻസ്‌കി പറഞ്ഞു.

11:05 (IST) 25 Feb 2022
‘നമുക്ക് യുദ്ധം വേണ്ട;’ റഷ്യയ്ക്കെതിരെ ലോകം തെരുവില്‍ പ്രതിഷേധിക്കുന്നു

യുക്രൈനെതിരായ ആക്രമണത്തിന് പിന്നാലെ ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ റഷ്യയ്ക്കെതിരെ വ്യാപക പ്രതിഷേധം. ടോക്കിയോ മുതല്‍ ന്യൂയോര്‍ക്ക് വരെയുള്ള പ്രധാന നഗരങ്ങളിലെ റഷ്യന്‍ എംബസികള്‍ക്ക് മുന്നില്‍ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിക്കുന്നത്. എന്നാല്‍ സമാനമായി യുദ്ധവിരുദ്ധ പ്രതിഷേധങ്ങള്‍ റഷ്യയില്‍ നടത്തിയവരെ അറസ്റ്റ് ചെയ്തതായാണ് അന്താരാഷ്ട്ര മാധ്യമമായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്.

10:35 (IST) 25 Feb 2022
ഞാനാണ് റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യമെന്ന് യുക്രൈന്‍ പ്രസിഡന്റ്

താനാണ് റഷ്യയുടെ ഒന്നാമത്തെ ലക്ഷ്യമെന്ന് യുക്രൈന്‍ പ്രസിഡന്റ് വൊലോഡിമിര്‍ സെലന്‍സ്കി. രണ്ടാമത്തെ ലക്ഷ്യം തന്റെ കുടുംബമാണെന്നും അദ്ദേഹം പറഞ്ഞു.

https://twitter.com/AFP/status/1497068165465251845

10:02 (IST) 25 Feb 2022
പൗരന്മാരെ നാട്ടിലെത്തിക്കാനുള്ള ശ്രമവുമായി ചൈന

പൗരന്മാരെ നാട്ടിലേക്ക് മടക്കിയയക്കാനുള്ള സംവിധാനമൊരുക്കുകയാണെന്ന് യുക്രൈനിലെ ചൈനീസ് എംബസി അറിയിച്ചു. യുക്രൈനിലെ സാഹചര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണെന്നും എംബസിയുടെ പ്രസ്താവനയില്‍ പറയുന്നു.

09:13 (IST) 25 Feb 2022
കീവ് ലക്ഷ്യമാക്കി റഷ്യന്‍ സൈന്യം

രണ്ടാ ദിനം യുക്രൈന്‍ തലസ്ഥാനമായ കീവ് ലക്ഷ്യമിടുകയാണ് റഷ്യന്‍ സൈന്യം. കീവിന്റെ വിവിധ മേഖലകളില്‍ തുടര്‍ സ്ഫോടനങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.

https://twitter.com/auroraintel/status/1497038145614925825

07:34 (IST) 25 Feb 2022
പ്രാദേശിക പ്രശ്നമാണ്, ആഗോളമല്ല: റഷ്യ

യുക്രൈനെതിരായ സൈനിക നീക്കം പ്രാദേശിക വിഷയം മാത്രമാണെന്നും ഇന്ത്യയടക്കമുള്ള രാജ്യങ്ങള്‍ മോസ്കോയുമായുള്ള ബന്ധം തുടരണമെന്നും റഷ്യന്‍ ഫെഡറേഷന്‍ പാര്‍ലമെന്റ് അംഗം അന്‍ഡ്രെ എ ക്ലിമോവ് പറഞ്ഞു.

Web Title: Russia ukraine crisis volodymyr zelenskyy vladimir putin live updates