കീവ്: യുക്രൈനിലെ സുമിയില്‍ കുടുങ്ങിക്കിടന്നിരുന്ന വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്തിയതായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം അറിയിച്ചു. ഒപ്പറേഷന് ഗംഗയിലൂടെ ഇവരെ നാട്ടിലെത്തിക്കുന്നതിനായുള്ള നടപടികളിലേക്ക് കടന്നതായും മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
“സുമിയില്‍ കുടുങ്ങിയ എല്ലാ വിദ്യാര്‍ഥികളെ രക്ഷപ്പെടുത്താനായി എന്ന വാര്‍ത്ത സന്തോഷപൂര്‍വ്വം അറിയിക്കുന്നു. വിദ്യാര്‍ഥികള്‍ പോള്‍ട്ടാവയിലേക്കുള്ള യാത്രയിലാണ്. അവിടെ നിന്ന് യുക്രൈനിന്റെ പടിഞ്ഞാറന്‍ മേഖലയിലേക്കുള്ള ട്രെയിനുകളില്‍ കയറും. അവരെ നാട്ടിലെത്തിക്കാന്‍ ഓപ്പറേഷന് ഗംഗയുടെ ഭാഗമായുള്ള വിമാനങ്ങള്‍ തയാറാണ്,” വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി വ്യക്തമാക്കി.
റഷ്യന്‍ ആക്രമണം രൂക്ഷമായ സുമിയില്‍ നിന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികളെ ഒഴിപ്പിക്കുന്നത് സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനായും യുക്രൈന് പ്രസിഡന്റ് വോളോഡിമിര്‍ സെലെന്സ്കിയായും ചര്‍ച്ച നടത്തിയതിന് തൊട്ടുപിന്നാലെയാണ് രക്ഷാപ്രവര്‍ത്തനം സാധ്യമായത്.
സുമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ള എഴുനൂറോളം ഇന്ത്യക്കാരുടെ രക്ഷാപ്രവര്‍ത്തനം തിങ്കളാഴ്ച താത്കാലികമായി നിര്‍ത്തി വച്ചിരുന്നു. റോമാനിയയുടെ അതിര്‍ത്തിയിലേക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് ഇന്ത്യന്‍ എംബസി അറിയിച്ചതിനെ തുടര്‍ന്നായിരുന്നു നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
“രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി കുറച്ച് ബസുകള്‍ വന്നിരുന്നു. എന്നാല്‍ യാത്ര ചെയ്യുന്നത് സുരക്ഷിതമല്ലെന്ന് സര്‍വകലാശലക്ക് വിവരം ലഭിച്ചു. കേന്ദ്ര സര്‍ക്കാരില്‍ നിന്ന് എംബസി വഴിയായിരുന്നു വിവരം കൈമാറിയത്. പെണ്‍കുട്ടികള്‍ ബസില്‍ കയറി ഇരുന്നിരുന്നു. അവരെ തിരിച്ച് ഹോസ്റ്റലിലേക്ക് മടക്കിയയച്ചു. എന്നാല്‍ ബസുകള്‍ കണ്ടതോടെ രക്ഷപ്പെടാന്‍ സാധിക്കുമെന്ന് തോന്നിയിരുന്നു. കേന്ദ്ര സര്‍ക്കാരിനും എംബസിക്കും എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നന്ദി,” മെഹ്താബ് എന്ന വിദ്യാര്‍ഥി വീഡിയോ സന്ദേശത്തില്‍ പറഞ്ഞു.