/indian-express-malayalam/media/media_files/uploads/2022/02/russia-ukraine-crisis-reactions-of-kerala-students-from-ukraine-622495-FI.jpeg)
എക്സ്പ്രസ് ഫൊട്ടോ: ഗജേന്ദ്ര യാദവ്
ന്യൂഡല്‍ഹി. യുക്രൈനില്‍ യുദ്ധം നടക്കുന്ന പ്രദേശങ്ങളിലെ സുഹൃത്തുക്കളുമായി ബന്ധപ്പെടാന്‍ സാധിക്കുന്നില്ലെന്ന് ഡല്‍ഹിയില്‍ തിരിച്ചെത്തിയ മലയാളി വിദ്യാര്‍ഥികള്‍ പറഞ്ഞു. "എല്ലാവരേയും ബങ്കറിലേക്ക് മാറ്റിയിരിക്കുകയാണ്, പലരുടേയും ഫോണുകളില്‍ നെറ്റ്വര്‍ക്ക് പോലും കിട്ടുന്നില്ല. അവരെ വേഗം നാട്ടിലെത്തിക്കണം, യുക്രൈനില്‍ നടക്കുന്ന സംഭവങ്ങളില്‍ വിഷമമുണ്ട്," അഭിരാമി എന്ന വിദ്യാര്‍ഥി മനോരമ ന്യൂസിനോട് പറഞ്ഞു.
മടക്കയാത്രയില്‍ ബുദ്ധിമുട്ടുകളൊന്നും നേരിട്ടില്ലെന്നും അഭിരാമി വ്യക്തമാക്കി. "യുണിവേഴ്സിറ്റിയില്‍ നിന്നും അധ്യാപകരില്‍ നിന്നും പിന്തുണയുണ്ടായിരുന്നു. അതിര്‍ത്തിയില്‍ നിന്ന് വിമാനത്താവളത്തിലേക്ക് എത്താനായിരുന്നു ബുദ്ധിമുട്ട് നേരിട്ടത്. നാല് മണിക്കൂറോളം സമയമെടുത്തു. യുക്രൈനിന്റെ വടക്കന്‍ മേഖലയിലാണ് താമസിക്കുന്നത്. അവിടെ പ്രശ്നങ്ങളില്ല. തുടര്‍ പഠനം സംബന്ധിച്ച് യുണിവേഴ്സിറ്റിയില്‍ നിന്ന് വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്," അഭിരാമി കൂട്ടിച്ചേര്‍ത്തു.
തന്റെ സുഹൃത്തുക്കള്‍ നേരിട്ട ദുരനുഭവത്തെക്കുറിച്ചും വിദ്യാര്‍ഥികള്‍ വിവരിച്ചു. "എന്റെ സുഹൃത്ത് നാട്ടിലേക്ക് പോവാനിരിക്കെയായിരുന്നു സ്ഫോടനങ്ങള്‍ നടന്നത്. വിമാനത്താവളത്തിന്റെ തൊട്ടടുത്തായിരുന്നു. പിന്നീടവര്‍ എംബസിയിലേക്ക് നടന്നു പോവുകയായിരുന്നു. ലഗേജെല്ലാം ഉപേക്ഷിക്കേണ്ടി വന്നു. ഇപ്പോഴവര്‍ ബങ്കറിലാണെന്നാണ് മനസിലാകുന്നത്. അവിടെ സുരക്ഷിതരാണെന്ന് അവര്‍ അറിയിച്ചിരുന്നു," വിദ്യാര്‍ഥികള്‍ പറഞ്ഞു.
യുക്രൈനില്‍ കുടുങ്ങിയ 250 ഇന്ത്യൻ പൗരന്മാരുമായി റൊമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റില്‍ നിന്നുള്ള എയർ ഇന്ത്യയുടെ രണ്ടാമത്തെ വിമാനം ഇന്ന് പുലര്‍ച്ചെയാണ് ഡല്‍ഹിയിലെത്തിയത്. യുക്രൈനിലുള്ള പൗരന്മാരെ നാട്ടെലെത്തിക്കാനുള്ള രാക്ഷാദൗത്യം ഇന്നലെയാണ് ഇന്ത്യ ആരംഭിച്ചത്. ബുക്കാറെസ്റ്റിൽനിന്ന് 19 മലയാളികൾ ഉൾപ്പെടെ 219 ഇന്ത്യക്കാരുമായി പുറപ്പെട്ട വിമാനം ഇന്നലെ ഉച്ചയോടെ മുംബൈയിലെത്തിയിരുന്നു.
Also Read: Russia-Ukraine Crisis: യുക്രൈനില്‍ നിന്നുള്ള ഇന്ത്യയ്ക്കാരുമായുള്ള രണ്ടാമത്തെ സംഘം ഡല്‍ഹിയിലെത്തി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.