Russia-Ukraine crisis Highlights: കീവ്: റഷ്യൻ അധിനിവേശം തുടരവെ യുക്രൈനിന്റെ തലസ്ഥാനമായ കീവിൽ മേയർ കർശനമായ കർഫ്യൂ ഏർപ്പെടുത്തി.കർഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ എട്ട് വരെ തുടരുമെന്ന് കൈവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ടെലിഗ്രാം ആപ്പ് വഴിയുള്ള സന്ദേശത്തിൽ പറഞ്ഞു. “കർഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കും,” ക്ലിറ്റ്ഷ്കോ പറഞ്ഞു.രണ്ട് ദിവസം മുമ്പ് രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
റഷ്യൻ അധിനിവേശത്തിൽ 198 പേർ കൊല്ലപ്പെടുകയും 1000 ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രൈൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൈനികർ ഉൾപ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല. എന്നാൽ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾക്ക് ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായി അദ്ദേഹം വ്യക്തമാക്കി. കീവിൽ ശക്തമായ പോരാട്ടം തുടരുന്നതിനിടെയാണ് ആരോഗ്യമന്ത്രിയുടെ പ്രതികരണം.
കീവിൽ ഇന്നലെ രാത്രിയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികൾ ഉൾപ്പെടെ 35 പേർക്ക് പരുക്കേറ്റതായി മേയറെ ഉദ്ധരിച്ച് ‘ഗാർഡിയൻ’ റിപ്പോർട്ട് ചെയ്തിരുന്നു.
തലസ്ഥാന നഗരമായ കീവിനെ വളഞ്ഞിരിക്കുകയാണ് റഷ്യൻ സേന. കീവിന്റെ പ്രധാന നഗരങ്ങളിലെല്ലാം ഏറ്റുമുട്ടൽ ശക്തമാണ്. രാജ്യത്തുടനീളമുള്ള നഗരങ്ങളിലും സൈനിക താവളങ്ങളിലും വ്യോമാക്രമണം നടത്തിയ ശേഷമാണ് സേന യുക്രൈൻ തലസ്ഥാനത്തേക്ക് കടന്നത്. ആക്രമണം ശക്തമായതോടെ സുരക്ഷിത കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കാൻ അധികൃതർ ജനങ്ങൾക്ക് നിർദേശം നൽകി.
അതിനിടയിൽ കീഴടങ്ങൽ പ്രചാരണങ്ങൾ തള്ളി യുക്രൈൻ പ്രസിഡന്റ് വ്‌ളോഡിമിർ സെലെൻസ്‌കി രംഗത്തെത്തി. “ഇത് നമ്മുടെ ഭൂമിയാണ്, നമ്മുടെ രാജ്യം, നമ്മുടെ കുട്ടികൾ. ഞങ്ങൾ അതിനെയെല്ലാം സംരക്ഷിക്കും,”അദ്ദേഹം ഒരു വീഡിയോയിൽ പറഞ്ഞു. കീവിൽ രാത്രിയുണ്ടായ ഷെല്ലാക്രമണത്തിൽ രണ്ട് കുട്ടികളടക്കം 35 പേർ പരുക്കേറ്റെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെയാണ് സെലെൻസ്‌കിയുടെ സന്ദേശം.
അതേസമയം, യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി റൊമേനിയയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ പൗരന്മരുമായി മുംബൈയിലേക്ക് തിരിച്ചു. വൈകുന്നേരം നാല് മണിക്ക് വിമാനം ഛത്രപതി ശിവജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ വിമാനത്താവളത്തിൽ അവരെ സ്വീകരിക്കും.
റഷ്യൻ സൈന്യം തലസ്ഥാനത്തേക്ക് നീങ്ങുന്നതിനിടെ യുക്രൈൻ പ്രസിഡന്റ് സെലെൻസ്‌കിയുടെ പുതിയ വീഡിയോയും പുറത്തുവന്നു. താൻ കീവിൽ തന്നെയുണ്ടെന്നും അവസാനം വരെ പോരാടുമെന്നും ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാർത്തകൾ വന്നതിനു പിന്നാലെ ആയിരുന്നു ഇത്.
അതേസമയം, യുക്രൈൻ അധിനിവേശത്തെ അപലപിക്കുന്ന യുഎൻ സുരക്ഷാ കൗൺസിൽ പ്രമേയത്തിന്റെ കരട് റഷ്യ വെള്ളിയാഴ്ച വീറ്റോ ചെയ്തു. യുക്രെയിനിനെതിരായ റഷ്യയുടെ ആക്രമണത്തെ അപലപിക്കുകയും റഷ്യൻ സേനയെ ഉടനടി പിൻവലിക്കണമെന്നും ആവശ്യപ്പെട്ടു കൊണ്ടുള്ളതായിരുന്നു പ്രമേയം.
അതേസമയം ചൈന, ഇന്ത്യ, യുഎഇ തുടങ്ങിയ രാജ്യങ്ങൾ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ബാക്കിയുള്ള 11 കൗൺസിൽ അംഗങ്ങൾ അനുകൂലമായി വോട്ട് ചെയ്തു. കരട് പ്രമേയം 193 അംഗ യുഎൻ ജനറൽ അസംബ്ലി പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Also Read: Russia-Ukraine Crisis: ഇന്ത്യൻ വിദ്യാർത്ഥികൾ റൊമാനിയൻ അതിർത്തിയിലേക്ക്
ഇന്നലെ യുക്രൈനിയൻ സൈന്യത്തോട് പ്രതിരോധം അവസാനിപ്പിച്ച് അവരുടെ നേതാക്കൾക്കെതിരെ തിരിയാൻ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ ആഹ്വാനം ചെയ്തിരുന്നു. വെള്ളിയാഴ്ചത്തെ രക്ഷാസമിതി യോഗത്തിൽ സംസാരിച്ച പുടിൻ, മിക്ക ഉക്രേനിയൻ സൈനിക വിഭാഗങ്ങളും റഷ്യൻ സേനയുമായി ഇടപഴകാൻ വിമുഖത കാണിക്കുന്നതായി അവകാശപ്പെട്ടു.
പ്രതിരോധം ആവശ്യപ്പെടുന്ന സംഘങ്ങൾ പ്രധാനമായും “വലതുപക്ഷ യുക്രൈനിയൻ ദേശീയവാദികൾ” ഉൾക്കൊള്ളുന്ന സന്നദ്ധ ബറ്റാലിയനുകളാണെന്ന് അദ്ദേഹം പറഞ്ഞു. എന്നിരുന്നാലും, തന്റെ വാദങ്ങളെ പിന്തുണയ്ക്കുന്ന ഒരു തെളിവും അദ്ദേഹം അവതരിപ്പിച്ചിട്ടില്ല.
യുക്രൈൻ തലസ്ഥാനം കീവ് പിടിച്ചെടുക്കുക എന്നത് റഷ്യയുടെ പ്രാഥമിക സൈനിക ലക്ഷ്യമായി തുടരുന്നുവെന്ന് യുകെയുടെ പ്രതിരോധ മന്ത്രാലയം. കൈവിൽ ഒറ്റരാത്രിനടന്ന ഏറ്റുമുട്ടലുകൾക്കിടെ “പരിമിതമായ എണ്ണം അട്ടിമറി ശ്രമങ്ങൾ നടന്നിരിക്കാൻ സാധ്യതയുണ്ട്,” എന്നും പ്രസ്താവനയിൽ പറയുന്നു.
യുക്രൈനിൽനിന്നുള്ള രക്ഷാദൗത്യത്തിന്റെ ഭാഗമായി ഇന്ത്യക്കാരുടെ സംഘമെത്തി. റൊമാനിയയിലെ ബുക്കാറെസ്റ്റിൽനിന്ന് പുറപ്പെട്ട വിമാനം 19 മലയാളികൾ ഉൾപ്പെടെ 219 ഇന്ത്യക്കാരുമായി മുംബൈയിലെത്തിയത്. സംഘത്തെ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സ്വീകരിച്ചു.
റഷ്യയുമായുള്ള ചർച്ചകൾക്ക് തങ്ങൾ വിസമ്മതിച്ചെന്ന റിപ്പോർട്ടുകൾ യുക്രൈൻ നിഷേധിച്ചതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. ക്രെംലിൻ പ്രസ്താവന വാസ്തവവിരുദ്ധമാണെന്നും റഷ്യ “അസ്വീകാര്യമായ വ്യവസ്ഥകൾ” മുന്നോട്ടുവച്ചിട്ടുണ്ടെന്നും യുക്രൈനിയൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കിയുടെ ഓഫീസ് മേധാവി മിഖായേൽ പോഡോലിയാക് പറഞ്ഞു,
ഉക്രെയ്നിൽ നിന്നുള്ള അഭയാർത്ഥികൾ രാജ്യത്തിന്റെ പടിഞ്ഞാറൻ അതിർത്തികളിലൂടെ പലായനം ചെയ്യുന്നത് ശനിയാഴ്ചയും തുടർന്നു. രണ്ട് ദിവസത്തിനുള്ളിൽ ഏകദേശം 100,000 പേർ പോളണ്ടിലെത്തി. അഭയാർത്ഥികളിൽ പലരിും സ്പോർട്സ് ഹാളുകളിലും ട്രെയിൻ സ്റ്റേഷനുകളിലും താൽക്കാലിക അഭയം കണ്ടെത്തി.
തലസ്ഥാനമായ കീവ് ഉൾപ്പെടെ നിരവധി നഗരങ്ങളിൽ റഷ്യൻ സൈന്യം ക്രൂയിസ് മിസൈലുകളും പീരങ്കികളും ഉപയോഗിച്ച് ആക്രമണം നടത്തിയപ്പോൾ, പോളണ്ട്, സ്ലൊവാക്യ, റൊമാനിയ, ഹംഗറി എന്നിവിടങ്ങളിലേക്ക് കടക്കാമെന്ന പ്രതീക്ഷയിൽ കുടുംബങ്ങൾ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളുമായുള്ള യുക്രൈനിയൻ അതിർത്തികളിൽ തടിച്ച് കൂടിയിരുന്നു.
ഉക്രെയ്‌നിന്റെ തലസ്ഥാനമായ കീവിൽ മേയർ കർശനമായ കർഫ്യൂ ഏർപ്പെടുത്തി.കർഫ്യൂ സമയം വൈകുന്നേരം അഞ്ച് മണി മുതൽ രാവിലെ എട്ട് വരെ തുടരുമെന്ന് കൈവ് മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ടെലിഗ്രാം ആപ്പ് വഴിയുള്ള സന്ദേശത്തിൽ പറഞ്ഞു. “കർഫ്യൂ സമയത്ത് തെരുവിലുള്ള എല്ലാ സിവിലിയന്മാരെയും ശത്രു രാജ്യത്തിന്റെ അട്ടിമറി, രഹസ്യാന്വേഷണ ഗ്രൂപ്പുകളിലെ അംഗങ്ങളായി കണക്കാക്കും,” ക്ലിറ്റ്ഷ്കോ പറഞ്ഞു.
രണ്ട് ദിവസം മുമ്പ് രാത്രി 10 മണി മുതൽ രാവിലെ 7 മണി വരെ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിന്റെ ഭാഗമായുള്ള ആദ്യ എയർ ഇന്ത്യ വിമാനം റൊമാനിയയിലെ ബുക്കാറെസ്റ്റിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. വിമാനം വൈകുന്നേരത്തോടെ മുംബൈ വിമാനത്താവളത്തിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിമാനത്തിൽ ആകെ 219 യാത്രക്കാരാണ് ഉള്ളത് ഇവരിൽ 19 മലയാളികൾ ആണെന്നാണ് വിവരം. മുംബൈ വിമാനത്താവളത്തിൽ എത്തുന്ന ഇവരെ കേന്ദ്രമന്ത്രി പിയുഷ് ഗോയൽ സ്വീകരിക്കും.
റഷ്യൻ അധിനിവേശം യുക്രൈനിലെ ഇന്റർനെറ്റ് കണക്റ്റിവിറ്റിയെയും ബാധിച്ചു, പോരാട്ടം ശക്തമായ രാജ്യത്തിന്റെ തെക്ക്, കിഴക്കൻ ഭാഗങ്ങളിൽ, ഇന്റർനെറ്റ് സേവനങ്ങൾ വലിയതോതിൽ തടസപ്പെട്ടതായി 'നെറ്റ്ബ്ലോക്സ്' പറഞ്ഞു
റഷ്യയുടെ ഉക്രെയ്‌ൻ അധിനിവേശം കാരണം റഷ്യയ്‌ക്കെതിരായ ലോകകപ്പ് ഫുട്ബോൾ യോഗ്യതാ മത്സരം കളിക്കില്ലെന്ന് പോളണ്ട് ഫുട്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് സെസാരി കുലെസ്സ പറഞ്ഞു. അടുത്ത മാസമാണ് മത്സരം നടക്കേണ്ടിയിരുന്നത്. ഇത് ശരിയായ തീരുമാനമാണെന്ന് പോളിഷ് സ്റ്റാർ ഫുട്ബോൾ താരം റോബർട്ട് ലെവൻഡോസ്‌കി പറഞ്ഞു.
റഷ്യൻ ആക്രമണത്തിൽ 198 പേർ കൊല്ലപ്പെടുകയും 1000 ത്തിലധികം പേർക്ക് പരുക്കേൽക്കുകയും ചെയ്തതായി യുക്രൈൻ ആരോഗ്യമന്ത്രി വിക്ടർ ലിയാഷ്‌കോ പറഞ്ഞു. മരിച്ചവരിൽ മൂന്ന് കുട്ടികളും ഉണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. സൈനികർ ഉൾപ്പെടെയുള്ള കണക്കാണോ ഇതെന്ന് വ്യക്തമല്ല. എന്നാൽ റഷ്യൻ അധിനിവേശത്തിൽ 33 കുട്ടികൾ ഉൾപ്പെടെ 1,115 പേർക്ക് പരുക്കേറ്റതായി അദ്ദേഹം വ്യക്തമാക്കി.
റഷ്യൻ അധിനിവേശത്തെ ചെറുക്കാൻ യുക്രൈനിന് 350 മില്യൺ ഡോളർ സൈനിക സഹായം അനുവദിക്കാൻ പ്രസിഡന്റ് ജോ ബൈഡൻ യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിന് നിർദ്ദേശം നൽകി. വിദേശ സഹായ നിയമത്തിലൂടെ അനുവദിച്ച 350 മില്യൺ ഡോളർ യുക്രെയ്‌നിന്റെ പ്രതിരോധത്തിനായി ഉപയോഗിക്കണമെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന് അയച്ച മെമ്മോറാണ്ടത്തിൽ ബൈഡൻ നിർദ്ദേശിച്ചു.
കുറഞ്ഞത് 40 ജനവാസമേഖലകൾ എങ്കിലും റഷ്യ ആക്രമിച്ചിട്ടുണ്ടെന്ന് യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേശകൻ പറഞ്ഞു.
യുക്രൈനിന്റെ തലസ്ഥാന നഗരിയെ റഷ്യൻ സൈന്യം വളഞ്ഞതിന് പിന്നല്ലേ ശനിയാഴ്ച കീവിലെ ബഹുനില കെട്ടിടത്തിന് നേരെ ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ എത്രപേർ മരണപ്പെട്ടു എന്ന് വ്യക്തമല്ലെങ്കിലും, മിസൈൽ കെട്ടിടത്തിന്റെ ഒന്നിലധികം നിലകൾ തകർത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മിസൈൽ കെട്ടിടത്തിൽ പതിക്കുന്നതും, അതുമൂലമുണ്ടായ വലിയ സ്‌ഫോടവും കാണാവുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്
കീവിൽ ഒറ്റരാത്രി നടന്ന ഏറ്റുമുട്ടലിൽ ഡസൻ കണക്കിന് ആളുകൾക്ക് പരുക്കേറ്റതായി സിറ്റി മേയർ വിറ്റാലി ക്ലിറ്റ്ഷ്കോ ശനിയാഴ്ച പറഞ്ഞു.
പ്രാദേശിക സമയം രാവിലെ ആറ് മണി വരെ രണ്ട് കുട്ടികളടക്കം 35 പേർക്ക് പരുക്കേറ്റതായി അദ്ദേഹം പറഞ്ഞു. സാധാരണക്കാരെ മാത്രമാണോ അദ്ദേഹം ഉദ്ദേശിച്ചതെന്ന് വ്യക്തമല്ല. കീവിൽ നിലവിൽ വലിയ തോതിൽ റഷ്യൻ സൈനിക സാന്നിധ്യം ഇല്ലെന്നും അട്ടിമറി സംഘങ്ങൾ സജീവമാണെന്നും ക്ലിറ്റ്‌ഷ്‌കോ കൂട്ടിച്ചേർത്തു.
യുക്രൈനിൽ നിന്നെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റ് സർക്കാർ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. കേന്ദ്രസർക്കാർ ഒരുക്കിയ ഒഴിപ്പിക്കൽ വിമാനങ്ങളിൽ ഡൽഹി, മുംബൈ തുടങ്ങിയ ഇന്ത്യൻ നഗരങ്ങളിലെത്തുന്ന വിദ്യാർത്ഥികൾക്ക് കേരളത്തിലേക്ക് എത്തുന്നതിനുള്ള വിമാന ടിക്കറ്റുകളാണ് സർക്കാർ നൽകുക. ഫെയ്സ്ബൂക്കിലൂടെയാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.
യുക്രൈനിൽ നിന്ന് എയർ ഇന്ത്യ വിമാനത്തിൽ മുംബൈ വിമാനത്താവളത്തിൽ എത്തുന്നവരെ കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ സ്വീകരിക്കും.
റഷ്യൻ അധിനിവേശം മൂന്നാം ദിവസത്തിലെത്തി നിക്കുമ്പോൾ ആത്മവിശ്വാസം പ്രകടിപ്പിച്ച് യുക്രൈൻ പ്രസിഡന്റ് വ്ളഡിമർ സെലെൻസ്കി. ആയുധങ്ങളും ഉപകരണങ്ങളും യുക്രൈനിലേക്ക് വരുകയാണെന്ന് 44 കാരനായ സെലെൻസ്‌കി പറഞ്ഞു, 'യുദ്ധവിരുദ്ധ സഖ്യം പ്രവർത്തിക്കുന്നു! എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
യുക്രൈനിലെ റഷ്യൻ അധിനിവേശത്തിൽ പ്രതിഷേധിച്ച് ബെർലിനിൽ ആയിരങ്ങളുടെ റാലി, വീഡിയോ കാണാം
യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം ആവശ്യമായ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ്. യുക്രൈനിലുള്ള വിദ്യാർത്ഥികളുടെ മാതാപിതാക്കളിൽ നിന്നും ധാരാളം കോളുകൾ ലഭിക്കുന്നുണ്ടെന്നും പരിഭ്രാന്തരാകേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചെത്തിക്കുന്നതിനായി റൊമാനിയയിലേക്ക് പോയ എയർ ഇന്ത്യ വിമാനം ഇന്ത്യൻ പൗരന്മരുമായി മുംബൈയിലേക്ക് തിരിച്ചു. വൈകുന്നേരം നാല് മണിക്ക് വിമാനം മുംബൈ വിമാനത്താവളത്തിൽ എത്തും.
കീവിൽ നിന്ന് രക്ഷപ്പെടാൻ അമേരിക്ക നൽകിയ സഹായ വാഗ്‌ദാനം യുക്രൈൻ പ്രസിഡന്റ് വോളോഡിമർ സെലെൻസ്‌കി നിരസിച്ചു.
“പോരാട്ടം ഇവിടെയാണ്; എനിക്ക് ആയുധങ്ങളാണ് വേണ്ടത്, ഒരു സവാരിയല്ല,” സെലാൻസ്‌കി വാഗ്‌ദാനം നിരസിച്ചുകൊണ്ട് പറഞ്ഞതായി ഒരു മുതിർന്ന അമേരിക്കൻ ഇന്റലിജൻസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
അതിർത്തി പോസ്റ്റുകളിലെയും എംബസിയിലെയും ഇന്ത്യൻ ഉദ്യോഗസ്ഥരുമായി മുൻകൂട്ടി ഏകോപനം നടത്താതെ ഒരു അതിർത്തി പോസ്റ്റുകളിലേക്കും വരരുതെന്ന് ഇന്ത്യൻ എംബസി ശനിയാഴ്ച നിർദേശം നൽകി.
“മിക്ക അതിർത്തി ചെക്ക്‌പോസ്റ്റുകളിലെയും സാഹചര്യം സെൻസിറ്റീവാണ്, നമ്മുടെ പൗരന്മാരെ ഒഴിപ്പിക്കുന്നതിനായി അയൽരാജ്യങ്ങളിലെ എംബസികളുമായി എംബസി തുടർച്ചയായി ചർച്ച നടത്തുകയാണ്. മുൻകൂർ അറിയിപ്പില്ലാതെ അതിർത്തി ചെക്ക്‌പോസ്റ്റുകളിൽ എത്തുന്നവരെ സഹായിക്കാൻ എംബസി കൂടുതൽ ബുദ്ധിമുട്ടുകയാണ്. ,” പ്രസ്താവനയിൽ പറഞ്ഞു.

യുക്രൈനിൽ റഷ്യൻ അധിനിവേശം തുടരുന്നതിനിടെ സമാധാന ആഹ്വാനവുമായി ഫ്രാൻസിസ് മാർപ്പാപ്പ. ട്വിറ്ററിലൂടെയാണ് ക്രൈസ്തവ സഭാ മേധാവി യുദ്ധത്തെ അപലപിച്ചും സമാധാനത്തിന് ആഹ്വാനം ചെയ്തും ട്വീറ്റ് ചെയ്തത്.
താൻ എവിടെയും പോയിട്ടില്ല, അവസാനം വരെ പോരാടുമെന്ന് പ്രഖ്യാപിച്ച് യുക്രൈൻ പ്രസിഡന്റിന്റെ വീഡിയോ. പ്രസിഡന്റ് ബങ്കറിലേക്ക് മാറി എന്ന വാർത്ത വന്നതിനു പിന്നാലെയാണ് റഷ്യൻ ജനതയ്ക്ക് എന്ന് പറഞ്ഞ് പ്രസിഡന്റ് വീഡിയോ പങ്കുവച്ചത്.
റഷ്യൻ സൈനിക നീക്കം കീവിന്റെ പ്രധാന തെരുവിലേക്ക് എത്തിയതായി യുക്രൈൻ സൈന്യത്തെ ഉദ്ധരിച്ച് വാർത്താ ഏജൻസി എഎഫ്‌പി റിപ്പോർട്ട് ചെയ്തു.
റഷ്യ “കീവിലെ വിക്ടറി അവന്യൂവിലെ സൈനിക യൂണിറ്റുകളിലൊന്ന് ആക്രമിച്ചു, ആക്രമണം പ്രതിരോധിച്ചു,” എവിടെയാണ് ആക്രമണം നടന്നതെന്ന് വ്യക്തമാക്കാതെ യുക്രൈൻ സൈന്യം അവരുടെ ഔദ്യോഗിക ഫെയ്‌സ്‌ബുക്ക് അക്കൗണ്ടിൽ കുറിച്ചു.
വിദേശകാര്യ മന്ത്രാലയം യുക്രൈനിന്റെ പടിഞ്ഞാറൻ അതിർത്തികളിലേക്ക് സംഘങ്ങളെ അയച്ചതിനു പിന്നാലെ, റൊമാനിയയിൽ നിന്നും ഹംഗറിയിൽ നിന്നുമുള്ള വിമാനങ്ങൾ വഴി യുക്രൈനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള നടപടികൾ തുടരുന്നു.
റഷ്യൻ സൈനിക വിമാനം വെടിവച്ചിട്ടതായി യുക്രൈൻ സൈന്യം അറിയിച്ചു.
സൈന്യത്തിന്റെ ജനറൽ സ്റ്റാഫിന്റെ പ്രസ്താവന പ്രകാരം, കീവിൽ നിന്ന് 40 കിലോമീറ്റർ തെക്കുള്ള വാസിൽകിവിന് സമീപമാണ് Il-76 ഹെവി ട്രാൻസ്പോർട്ട് വിമാനം വെടിവച്ചത്. സംഭവത്തെക്കുറിച്ച് റഷ്യൻ സൈന്യം ഇതുവരെ പ്രതികരിച്ചിട്ടില്ല.