scorecardresearch

‘ഓപ്പറേഷൻ ഗംഗ’; യുക്രൈനിൽ നിന്നുള്ള ഒഴിപ്പിക്കൽ ദൗത്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

ഈ ദൗത്യത്തിന് കീഴിൽ, ഇന്ത്യ ഇതിനകം തന്നെ ആയിരത്തിലധികം പൗരന്മാരെ വിജയകരമായി തിരികെ കൊണ്ടുവന്നു

Ukraine russia news Malayalam

റഷ്യൻ അധിനിവേശം തുടരുന്ന യുക്രൈനിൽ കുടുങ്ങിക്കിടക്കുന്ന പൗരന്മാരെ ഒഴിപ്പിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ. ‘ഓപ്പറേഷൻ ഗംഗ’ എന്ന പേരിലാണ് ഉക്രെയ്‌നിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഇന്ത്യൻ സർക്കാർ ദൗത്യം ആരംഭിച്ചത് . ഈ ദൗത്യത്തിന് കീഴിൽ, ഇന്ത്യ ഇതിനകം തന്നെ ആയിരത്തിലധികം പൗരന്മാരെ വിജയകരമായി തിരികെ കൊണ്ടുവന്നു.

യുക്രൈനിൽ നിന്ന് ഹംഗറി, പോളണ്ട്, റൊമാനിയ, സ്ലോവാക് റിപ്പബ്ലിക് എന്നിവിടങ്ങളിലേക്ക് അതിർത്തി കടന്നെത്തിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് 24 മണിക്കൂറും ഏഴ് ദിവസവും പ്രവർത്തിക്കുന്ന കൺട്രോൾ സെന്ററുകളും സ്ഥാപിച്ചിട്ടുണ്ട്. ‘OpGanga Helpline’ എന്ന ഒരു ട്വിറ്റർ ഹാൻഡിലും ഈ ദൗത്യത്തിനായി തയ്യാറാക്കിയിട്ടുണ്ട്. ആ ട്വിറ്റർ ഹാൻഡിൽ വഴി എംബസികളുടെ പലായന പ്രക്രിയയെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും ലഭ്യമാവും.

റഷ്യ “പ്രത്യേക സൈനിക പ്രവർത്തനങ്ങൾ” ആരംഭിച്ചതിന് ശേഷം സുരക്ഷാ നടപടിയെന്ന നിലയിൽ വ്യോമാതിർത്തി അടച്ചതിനാൽ ആയിരക്കണക്കിന് ഇന്ത്യക്കാർ, പ്രത്യേകിച്ച് ഉക്രെയ്നിൽ മെഡിസിൻ പഠിക്കുന്ന വിദ്യാർത്ഥികൾ അവിടെ കുടുങ്ങിക്കിടക്കുകയാണ്. എന്നാൽ, അവരെ ഇന്ത്യയിലേക്ക് മടങ്ങാൻ സഹായിക്കുന്നതിന് ബദൽ ക്രമീകരണങ്ങൾ ചെയ്യുമെന്ന് ഇന്ത്യൻ എംബസി അവർക്ക് ഉറപ്പ് നൽകി.

ഓപ്പറേഷൻ ഗംഗയ്ക്ക് കീഴിൽ റൊമാനിയയുടെ തലസ്ഥാനമായ ബുക്കാറെസ്റ്റിലേക്ക് അയച്ച ഇന്ത്യയുടെ ആദ്യ വിമാനം ശനിയാഴ്ച വൈകുന്നേരം 219 ഇന്ത്യക്കാരുമായി മുംബൈയിൽ തിരിച്ചെത്തിയിരുന്നു. 250 പൗരന്മാരുമായി രണ്ടാമത്തെ ഒഴിപ്പിക്കൽ വിമാനം ഞായറാഴ്ച ഡൽഹിയിലും ഇറങ്ങി. മൂന്നാമത്തെ വിമാനം ഹംഗേറിയൻ തലസ്ഥാനമായ ബുഡാപെസ്റ്റിൽ നിന്ന് 240 ഇന്ത്യക്കാരെ ഒഴിപ്പിച്ചു, നാലാമത്തെയും അഞ്ചാമത്തെയും വിമാനം 198-ഉം 249-ഉം യാത്രക്കാരെ ബുക്കാറെസ്റ്റിൽ നിന്ന് ഡൽഹിയിലേക്ക് പറന്നു.

Also Read: Russia-Ukraine Crisis: രക്ഷാദൗത്യം ഏകോപിപ്പിക്കാന്‍ കേന്ദ്ര മന്ത്രിമാര്‍ യുക്രൈന്റെ അയല്‍ രാജ്യങ്ങളിലേക്ക്

ഓപ്പറേഷൻ ഗംഗയുടെ കീഴിലുള്ള ആറാമത്തെ വിമാനം തിങ്കളാഴ്ച 240 ഇന്ത്യൻ പൗരന്മാരുമായി ബുഡാപെസ്റ്റിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ടതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. രക്ഷാപ്രവർത്തനം നടത്താൻ എയർ ഇന്ത്യ വിമാനങ്ങൾക്കൊപ്പം സ്‌പൈസ്‌ജെറ്റ്, ഇൻഡിഗോ, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നിവയും ഇപ്പോൾ ദൗത്യത്തിൽ ചേർന്നു.

എന്നിരുന്നാലും, ഉക്രെയ്നിൽനിന്ന് പോളണ്ടിന്റെയും റൊമാനിയയുടെയും അതിർത്തിയിലെത്തിയ പല വിദ്യാർത്ഥികളെയും ആ രാജ്യങ്ങളിൽ പ്രവേശിക്കാൻ അധികൃതർ അനുവദിച്ചിട്ടില്ല. ആ വിദ്യാർത്ഥികളിൽ ചിലർ സഹായം അഭ്യർത്ഥിക്കുന്ന നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു.

മതിയായ ഭക്ഷണമോ വെള്ളമോ ഇല്ലാതെ അവർ തണുത്തുറഞ്ഞ താപനിലയുള്ള പ്രദേശത്ത് കുടുങ്ങിയിരിക്കുകയാണ്. പടിഞ്ഞാറൻ ഉക്രെയ്നിലെ ഉസ്ഹോറോഡിൽ നിന്ന് ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റിലേക്ക് വിദ്യാർത്ഥികളെ ഒഴിപ്പിക്കാൻ സഹായിക്കുന്നതിന് സർക്കാർ ഒരു ഇതര ട്രെയിൻ റൂട്ട് കണ്ടെത്തിയിരുന്നു.

ഇതിന് പിറകെ, പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച നാല് കേന്ദ്രമന്ത്രിമാരെ പോളണ്ടിലേക്കും റൊമാനിയയിലേക്കും ഒഴിപ്പിക്കൽ നടപടികൾക്ക് മേൽനോട്ടം വഹിക്കാൻ അയച്ചു. കേന്ദ്ര ഭവന, നഗരകാര്യ, പെട്രോളിയം പ്രകൃതി വാതക മന്ത്രി ഹർദീപ് പുരി, നിയമ, നീതിന്യായ മന്ത്രി കിരൺ റിജിജു, വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, റോഡ് ഗതാഗത, ഹൈവേ, സിവിൽ ഏവിയേഷൻ സഹമന്ത്രി ജനറൽ വികെ സിങ് എന്നിവർ ഇന്ത്യൻ സർക്കാരിന്റെ പ്രത്യേക ദൂതന്മാരായി ഉടൻ പുറപ്പെടുമെന്നാണ് വിവരം.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia ukraine crisis india evacuation operation ganga