scorecardresearch

Russia-Ukraine Crisis: റഷ്യ-യുക്രൈൻ ചർച്ച അവസാനിച്ചു; ഹാർകിവിൽ റോക്കറ്റ് ആക്രമണത്തിൽ നിരവധി മരണം

കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു

Russia-Ukraine Crisis
ഫൊട്ടോ: യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം

കീവ്: യുക്രൈനും റഷ്യയും തമ്മിൽ ബലാറസ് അതിർത്തിയിൽ ചേർന്ന ചർച്ച അവസാനിച്ചതായി റഷ്യയുടെ ടാസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അതേസമയം യുക്രൈനിയൻ പ്രസിഡന്റിന്റെ അഭ്യർത്ഥന പ്രകാരം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി ചർച്ച നടത്തി.

തിങ്കളാഴ്ച രാവിലെ യുക്രൈനിയൻ നഗരമായ ഹാർകിവിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി യുക്രൈനിയൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഹെരാഷ്ചെങ്കോ പറഞ്ഞു. “ഹാർകിവിന് നേരെ റോക്കറ്റുകൾ വൻതോതിൽ വർഷിച്ചിട്ടുണ്ട്. ഡസൻ കണക്കിന് പേർ മരിച്ചു. നൂറുകണക്കിന് പേർക്ക് പരുക്കേറ്റു,” അദ്ദേഹം ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

അതേസമയം, യുക്രൈനിന്റെ പ്രതിരോധം മൂലം റഷ്യയുടെ ആക്രമണം മന്ദഗതിയിലായെന്ന് യുകെ ഇന്റലിജന്‍സ് വിഭാഗം പ്രസ്താവനയിൽ പറഞ്ഞു. റഷ്യന്‍ സൈന്യം കീവിന്റെ വടക്ക് നിന്ന് 30 കിലോ മീറ്റര്‍ അകലെയാണെന്നും ഇന്റലിജന്‍സ് വിഭാഗത്തിന്റെ ട്വീറ്റില്‍ പറയുന്നു. ഖാര്‍കീവിലും, ചെർനിഹിവിലും ഏറ്റുമുട്ടല്‍ ശക്തമായി തുടരുന്നുണ്ടെങ്കിലും നഗരങ്ങള്‍ യുക്രൈനിന്റെ കൈവശമാണെന്നും ട്വീറ്റ് വ്യക്തമാക്കുന്നു.

യുക്രൈനിലേക്കുള്ള റഷ്യന്‍ അധിനിവേശം അഞ്ചാം ദിവസത്തിലേക്കു കടക്കുമ്പോള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ച ഉറ്റുനോക്കുകയാണ് ലോകം. പ്രിപ്യാറ്റ് നദിക്കു സമീപമുള്ള ബെലാറഷ്യൻ-യുക്രൈന്‍ അതിർത്തിയില്‍ വച്ചാണ് നിര്‍ണായക യോഗം നടക്കുന്നത്. പ്രതിനിധിയെ അയയ്ക്കാന്‍ ഒരുക്കമാണെന്ന് യുക്രൈന്‍ പ്രസിഡന്റ് വോളോഡിമര്‍ സെലന്‍സ്കി ഇന്നലെ അറിയിച്ചിരുന്നു.

കുട്ടികള്‍ ഉള്‍പ്പെടെ 352 സാധാരണക്കാരാണ് റഷ്യയുടെ ആക്രമണത്തില്‍ ഇതുവരെ കൊല്ലപ്പെട്ടതെന്ന് യുക്രൈന്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. 116 കുട്ടികളടക്കം 1,684 പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എന്നാല്‍ യുക്രൈന്‍ സൈന്യത്തില്‍ എത്ര പേര്‍ കൊല്ലപ്പെട്ടുവെന്ന കാര്യത്തില്‍ മന്ത്രാലയം വിവരങ്ങള്‍ നല്‍കിയിട്ടില്ല.

റഷ്യയെ ഒറ്റപ്പെടുത്താനുള്ള ശ്രമം ലോകരാജ്യങ്ങള്‍ ഊര്‍ജിതമാക്കുന്ന പശ്ചാത്തലത്തില്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലിന്റെ അടിയന്തര യോഗം നടക്കും. 193 അംഗങ്ങളും യുദ്ധത്തെക്കുറിച്ചുള്ള നിലപാട് സഭയില്‍ അറിയിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അടിയന്തര യോഗത്തിനായുള്ള വോട്ടെടുപ്പില്‍നിന്ന് ഇന്ത്യ വിട്ടുനിന്നിരുന്നു.

അതേസമയം, ആണവായുധസേനയോട് സജ്ജമായിരിക്കാനുള്ള റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന്റെ ഉത്തരവിനെ അമേരിക്കയും നാറ്റോയും അപലപിച്ചു. അംഗീകരിക്കാനാകാത്ത നീക്കമാണ് റഷ്യയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നായിരുന്നു അമേരിക്കയുടെ പ്രതികരണം. തലസ്ഥാനമായ കീവും ഖാര്‍കീവും പിടിച്ചടക്കാനുള്ള ശ്രമത്തിലാണ് റഷ്യ.

വ്യാഴാഴ്ച രാവിലെയായിരുന്നു റഷ്യന്‍ പ്രസിഡന്റ് വ്ളോഡിമിര്‍ പുടിന്‍ യുക്രൈനിലേക്ക് സൈനിക നീക്കത്തിന് ഉത്തരവിട്ടത്. തൊട്ടുപിന്നാലെ തന്നെ യുക്രൈനിലെ പല മേഖലകളില്‍ മിസൈല്‍ ആക്രമണമുണ്ടായി. തുടര്‍ന്ന് റഷ്യന്‍ സൈന്യം അതിര്‍ത്തികള്‍ വഴി യുക്രൈനിലേക്ക് പ്രവേശിക്കുകയും ആക്രമണം കൂടുതല്‍ ശക്തമാക്കുകയുമായിരുന്നു.

Also Read: Russia-Ukraine Crisis: യുക്രൈൻ: ഡൽഹിയിലെത്തിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിച്ചു

Live Updates
22:08 (IST) 28 Feb 2022
12 മലയാളി വിദ്യാര്‍ഥികള്‍ കൂടി ഇന്ന് കേരളത്തിലെത്തി

യുക്രൈനില്‍ നിന്ന് 12 മലയാളി വിദ്യാര്‍ഥികള്‍ കൂടി ഇന്ന് കേരളത്തിലെത്തി. തിരുവനന്തപുരം വിമാനത്താവളത്തിൽ അഞ്ചുപേരും കൊച്ചിയിൽ ആറുപേരും കോഴിക്കോട് ഒരാളുമാണ് എത്തിയത്.

21:16 (IST) 28 Feb 2022
11 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി ഗവർണർ

ഖാർകിവിൽ റഷ്യൻ ഷെല്ലാക്രമണത്തിൽ 11 സിവിലിയന്മാരെങ്കിലും കൊല്ലപ്പെട്ടതായി പ്രാദേശിക ഗവർണർ പറഞ്ഞു.

19:50 (IST) 28 Feb 2022
ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കൽ: പ്രധാന മന്ത്രിയുടെ നേതൃത്വത്തിൽ വീണ്ടും ഉന്നത തല യോഗം

യുക്രൈൻ പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും ഉന്നത തല യോഗം വിളിച്ച് ചേർത്തു. ഈ വിഷയത്തിലെ രണ്ടാമത്തെ ഉന്നതതല യോഗമാണിത്. തിങ്കളാഴ്ച വൈകിട്ടാണ് യോഗം.

ഇന്ത്യൻ വിദ്യാർത്ഥികളെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കുന്നതിന് നാല് കേന്ദ്രമന്ത്രിമാരെ യുക്രൈനിന്റെ അയൽരാജ്യങ്ങളിലേക്ക് അയയ്ക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു.

18:56 (IST) 28 Feb 2022
റഷ്യൻ മാധ്യമങ്ങൾ ഹാക്ക് ചെയ്ത നിലയിൽ

യുക്രൈൻ പ്രതിസന്ധി തുടരുന്നതിനിടെ നിരവധി റഷ്യൻ മാധ്യമങ്ങളുടെ വെബ്‌സൈറ്റുകൾ തിങ്കളാഴ്ച ഹാക്ക് ചെയ്യപ്പെട്ടു. റഷ്യയുടെ യുക്രൈൻ അധിനിവേശത്തെ അപലപിക്കുന്ന സന്ദേശം ഹാക്ക് ചെയ്യപ്പെട്ട മാധ്യമങ്ങളുടെ പ്രധാന പേജുകളിൽ പ്രത്യക്ഷപ്പെട്ടതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്തു.

ഈ സംഭവവികാസം റഷ്യക്കാർക്കിടയിൽ വളരുന്ന യുദ്ധവിരുദ്ധ വികാരത്തെ പ്രതിഫലിപ്പിക്കുന്നതായി വിലയിരുത്തപ്പെടുന്നു. ഉക്രെയ്‌നിനെതിരായ ആക്രമണത്തിനെതിരെ റഷ്യയിൽ നാല് ദിവസമായി പ്രതിഷേധം നടക്കുന്നു. യുദ്ധം നിർത്തണമെന്ന് ആവശ്യപ്പെട്ട് ഏകദേശം ഒരു ദശലക്ഷം ആളുകൾ ഒരു ഓൺലൈൻ നിവേദനത്തിൽ ഒപ്പുവച്ചു.

റഷ്യയുടെ ഔദ്യോഗിക ന്യൂസ് ഏജൻസിയായ ടാസ്, ക്രെംലിൻ അനുകൂല പത്രമായ ഇസ്വെസ്റ്റിയ, സെന്റ് പീറ്റേഴ്‌സ്ബർഗ് ന്യൂസ് ഐസൈറ്റ് ഫോണ്ടങ്ക എന്നിവരും മറ്റ് നിരവധി മാധ്യമങ്ങളും തിങ്കളാഴ്ച ഉച്ചയ്ക്ക് ഹാക്കിംഗ് ആക്രമണത്തിന് വിധേയമായി. ഹാക്കർ ഗ്രൂപ്പായ അനോണിമസും “റഷ്യയിലെ നിസ്സംഗരായ പത്രപ്രവർത്തകരും” ഒപ്പിട്ട ഒരു സന്ദേശം ഹാക്ക് ചെയ്യപ്പെട്ട ചില വെബ്‌സൈറ്റുകളുടെ പ്രധാന പേജുകളിൽ പ്രത്യക്ഷപ്പെട്ടതിന്റെസ്ക്രീൻഷോട്ടുകൾ സ്വതന്ത്ര വാർത്താ സൈറ്റായ മെഡൂസ പോസ്റ്റ് ചെയ്തു.

18:27 (IST) 28 Feb 2022
ഖാർകിവിൽ റോക്കറ്റ് ആക്രമണത്തിൽ നിരവധി മരണം

തിങ്കളാഴ്ച രാവിലെ യുക്രൈനിയൻ നഗരമായ ഖാർകിവിൽ റഷ്യൻ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായി യുക്രൈനിയൻ ആഭ്യന്തര മന്ത്രാലയ ഉപദേഷ്ടാവ് ആന്റൺ ഹെരാഷ്ചെങ്കോ പറഞ്ഞു. “ഖാർകിവിന് നേരെ റോക്കറ്റുകൾ വൻതോതിൽ വർഷിച്ചിട്ടുണ്ട്. ഡസൻ കണക്കിന് പേർ മരിച്ചു. നൂറുകണക്കിന് പേർക്ക് പരിക്കേറ്റു,” അദ്ദേഹം ഫേസ്ബുക്കിലെ ഒരു പോസ്റ്റിൽ പറഞ്ഞു.

17:17 (IST) 28 Feb 2022
യുക്രൈനിൽ അരലക്ഷത്തിലധികം അഭയാർത്ഥികൾ പലായനം ചെയ്തു

യുക്രൈനിൽ നിന്ന് അയൽരാജ്യങ്ങളിലേക്ക് ഇപ്പോൾ അരലക്ഷത്തിലധികം അഭയാർത്ഥികൾ പലായനം ചെയ്തിട്ടുണ്ടെന്ന് യുഎൻ അഭയാർത്ഥി ഏജൻസി.

16:40 (IST) 28 Feb 2022
റഷ്യയുമായി ചർച്ച ആരംഭിച്ചതായി യുക്രൈൻ

യുക്രൈനും റഷ്യയും തമ്മിലുള്ള ചർച്ചകൾ ബെലാറഷ്യൻ അതിർത്തിയിൽ ആരംഭിച്ചതായി യുക്രൈനിയൻ പ്രസിഡൻറിന്റെ ഉപദേഷ്ടാവ് മൈഖൈലോ പോഡോലിയാകിനെ അധികരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. അടിയന്തര വെടിനിർത്തലും യുക്രൈയ്നിൽ നിന്ന് റഷ്യൻ സേനയെ പിൻവലിക്കലുമാണ് ചർച്ചകളിൽ യുക്രൈയ്നിന്റെ ലക്ഷ്യമെന്ന് പ്രസിഡന്റിന്റെ ഓഫീസ് നേരത്തെ അറിയിച്ചിരുന്നു.

16:09 (IST) 28 Feb 2022
രണ്ട് ചെറിയ നഗരങ്ങൾ റഷ്യ പിടിച്ചെടുത്തു

തെക്കുകിഴക്കൻ യുക്രൈനിലെ രണ്ട് ചെറിയ നഗരങ്ങളും ഒരു ആണവ നിലയത്തിന് ചുറ്റുമുള്ള പ്രദേശവും റഷ്യൻ സൈന്യം പിടിച്ചെടുത്തതായി ഇന്റർഫാക്സ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മറ്റിടങ്ങളിൽ റഷ്യക്ക് ശക്തമായ പ്രതിരോധം നേരിടേണ്ടി വന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

15:46 (IST) 28 Feb 2022
എയർ ഇന്ത്യ എക്സ്പ്രസ് വിമാനം ബുകാറസ്റ്റിലേക്ക്

യുക്രൈനിലെ ഇന്ത്യൻ വിദ്യാർത്ഥികളെ തിരിച്ചെത്തിക്കുന്നതിനായി എയർ ഇന്ത്യ എക്സ്പ്രസ് വിമാനം മുംബൈയിൽനിന്ന് റൊമാനിയയുടെ തലസ്ഥാനമായ ബുകാറസ്റ്റിലേക്ക് തിരിച്ചു. ഇന്ന് ഉച്ചക്ക് 1.50ന് തിരിച്ച വിമാനം 6.16ന് ബുകാറസ്റ്റിലെത്തും. പ്രാദേശിക സമയം വൈകിട്ട് 7.15ന് മടങ്ങുന്ന വിമാനം ഇന്ധനം നിറയ്ക്കാൻ കുവൈറ്റിൽ ഇറങ്ങും. നാളെ രാവിലെ 9:30നു വിമാനം മുംബൈയിലെത്തും.

15:12 (IST) 28 Feb 2022
യുക്രൈന് ‘ഉടൻ’ യൂറോപ്യൻ യൂണിയൻ അംഗത്വം നൽകണമെന്ന് സെലെൻസ്‌കി

യുക്രൈന് 'ഉടൻ' യൂറോപ്യൻ യൂണിയൻ അംഗത്വം നൽകണമെന്ന് പ്രസിഡന്റ് സെലെൻസ്‌കി ആവശ്യപ്പെട്ടതായി എഎഫ്‌പി റിപ്പോർട്ട് ചെയ്തു

13:28 (IST) 28 Feb 2022
യുക്രൈന്റെ പ്രതിരോധം റഷ്യന്‍ മുന്നേറ്റത്തെ തടയുന്നു: യുകെ ഇന്റലിജന്‍സ്

യുക്രൈന്‍ സൈന്യത്തിന്റെ പ്രതിരോധം മൂലം റഷ്യന്‍ ആക്രമണം മന്ദഗതിയിലായെന്ന് ബ്രിട്ടണിന്റെ ഇന്റലിജന്‍സ് വിഭാഗം. റഷ്യന്‍ സൈന്യം കീവില്‍ നിന്ന് 30 കിലോ മീറ്റര്‍ വടക്ക് ഭാഗത്താണെന്നും ഇന്റലിജന്‍സിന്റെ ട്വീറ്റില്‍ പറയുന്നു.

https://twitter.com/DefenceHQ/status/1498191541675958273

12:46 (IST) 28 Feb 2022
ഇന്ത്യന്‍ പൗരന്മാര്‍ റെയില്‍വെ സ്റ്റേഷനുകളില്‍ എത്തുക

കീവില്‍ വാരാന്ത്യ കര്‍ഫ്യു നീക്കിയ സാഹചര്യത്തില്‍ ഇന്ത്യക്കാരോട് രക്ഷാപ്രവര്‍ത്തനത്തിന്റെ ഭാഗമായി റെയില്‍ സ്റ്റേഷനുകളിലെത്താന്‍ ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശം. രക്ഷാപ്രവര്‍ത്തിനായി മാത്രം യുക്രൈന്‍ റെയില്‍വെ പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുന്നുണ്ടെന്നും എംബസി വ്യക്തമാക്കി.

https://twitter.com/IndiainUkraine/status/1498183372350312453

11:29 (IST) 28 Feb 2022
യുദ്ധം കാലഹരണപ്പെട്ടു, യുക്രൈനില്‍ സമാധാനം പുനഃസ്ഥാപിക്കാൻ പ്രാർത്ഥിക്കുക: ദലൈലാമ

യുക്രൈനില്‍ സമാധനം പുനസ്ഥാപിക്കണമെന്ന് 14-ാം ദലൈലാമ. യുക്രൈനിലെ സംഘർഷത്തിൽ താന്‍ അതീവ ദുഃഖിതനാണെന്നും അദ്ദേഹം പറഞ്ഞു. “രണ്ട് രാജ്യങ്ങൾ തമ്മിലുള്ള അക്രമാസക്തമായ സംഘർഷം ലോകത്തിന്റെ മറ്റ് ഭാഗങ്ങളെ ബാധിക്കുന്നു. യുദ്ധം കാലഹരണപ്പെട്ടതാണ്, അഹിംസയാണ് ഏക മാർഗം. മറ്റ് മനുഷ്യരെ പരിഗണിക്കുന്നതിലൂടെ നാം മാനവികതയുടെ ഏകത്വബോധം വളർത്തിയെടുക്കേണ്ടതുണ്ട്. അങ്ങനെയാണ് കൂടുതൽ സമാധാനപൂർണമായ ഒരു ലോകം നാം കെട്ടിപ്പടുക്കുക,” ദലൈലാമ പറഞ്ഞു.

11:01 (IST) 28 Feb 2022
യുക്രൈന്‍-റഷ്യ വിഷയം. ഉന്നതതല യോഗം വിളിച്ച് മോദി

യുക്രൈനിലെ റഷ്യന്‍ ആക്രമണം ശക്തമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉന്നതതലയോഗം വിളിച്ചു. രക്ഷാപ്രവര്‍ത്തന നടപടികള്‍ പരിശോധിക്കാനായി കേന്ദ്ര മന്ത്രിമാര്‍ വിദേശരാജ്യങ്ങളിലേക്ക് പോയേക്കും.

10:03 (IST) 28 Feb 2022
റഷ്യന്‍ റൂബിളിന് റെക്കോര്‍ഡ് തകര്‍ച്ച

യുക്രൈന്‍ ആക്രമിച്ചതിന് പിന്നാലെ റഷ്യയുടെ സമ്പദ് വ്യവസ്ഥയിലും തിരിച്ചടി. ഡോളറിനെതിരെ റൂബിളിന്റെ മൂല്യം റെക്കോര്‍ഡ് തകര്‍ച്ചയിലെത്തി,

09:09 (IST) 28 Feb 2022
യുക്രൈനില്‍ നിന്ന് മലയാളികള്‍ ഉള്‍പ്പെടെ 249 ഇന്ത്യക്കാര്‍ നാട്ടിലെത്തി

റഷ്യന്‍ ആക്രമണത്തെ തുടര്‍ന്ന് യുക്രൈനില്‍ കുടുങ്ങിയ കൂടുതല്‍ ഇന്ത്യക്കാര്‍ നാട്ടിലെത്തി. റൊമേനിയയില്‍ നിന്നുള്ള വിമാനമാണ് രാവിലെ എത്തിയത്. സംഘത്തില്‍ 12 മലയാളികളുമുണ്ടെന്നാണ് ലഭിക്കുന്ന വിവരം.

08:53 (IST) 28 Feb 2022
യുക്രൈനില്‍ കുടുങ്ങിയ ഗുജറാത്തില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ തിരിച്ചെത്തി

https://twitter.com/ANI/status/1498124326784364550

Web Title: Russia ukraine crisis fifth day kyiv zelenskyy putin live updates