ന്യൂഡൽഹി: യുക്രൈനിലുള്ള ഇന്ത്യക്കാരുമായി ആദ്യ എയർ ഇന്ത്യ വിമാനം ഇന്നലെ രാത്രി 11.30 ന് ഡൽഹിയിലെത്തി. ‘എഐ1946’ എന്ന പ്രത്യേക വിമാനമാണ് 242 യാത്രക്കാരുമായി ഡൽഹി വിമാനത്താവളത്തിൽ എത്തിയത്. യുക്രൈനിലെ ഇന്ത്യൻ എംബസി താത്കാലികമായി രാജ്യം വിടാൻ നിർദേശിച്ചതിനെ തുടർന്ന് ഇന്ത്യയിലേക്ക് തിരികെ പോന്ന വിദ്യാർത്ഥികൾ ആയിരുന്നു യാത്രക്കാരിൽ അധികവും.
തിരികെയെത്തുന്ന വിദ്യാർത്ഥികളെ സ്വീകരിക്കുന്നതിനായി മാതാപിതാക്കളും ബന്ധുക്കളും സുഹൃത്തുക്കളും ഡൽഹി വിമാനത്താവളത്തിൽ എത്തിയിരുന്നു.
“ഇപ്പോൾ, ഇപ്പോൾ എല്ലാം സമാധാനപരമാണ്, ഖാർകിവിലും കീവിലും സ്ഥിതി നിയന്ത്രണത്തിലാണ്. എന്നാൽ സംഘർഷ സാധ്യത വർദ്ധിക്കുന്നതായി തോന്നുന്നു, ഞങ്ങളോട് മടങ്ങാൻ നിർദേശിച്ചു,” യുക്രൈനിലെ ഖാർകിവിൽ അഞ്ചാം വർഷ മെഡിസിൻ വിദ്യാർത്ഥിയായ ധ്രുവ് മൽഹോത്ര വിമാനമിറങ്ങിയ ശേഷം പറഞ്ഞു.
തന്റെ സുഹൃത്തുക്കളും ഉടൻ മടങ്ങിയെത്തുമെന്ന് അദ്ദേഹം പറഞ്ഞു, ചിലർ ദിവസത്തേക്ക് ഷെഡ്യൂൾ ചെയ്ത എയർ ഇന്ത്യ വിമാനങ്ങളും, മറ്റുള്ളവർ മറ്റ് എയർലൈനുകളിൽ ബുക്ക് ചെയ്തിട്ടുണ്ടെന്ന് ധ്രുവ് പറഞ്ഞു. ഇന്നലെ എത്തിയ വിമാനത്തിന് പുറമേ, ഫെബ്രുവരി 24, 26 തീയതികളിൽ മറ്റു രണ്ടു പ്രത്യേക സർവീസുകൾ കൂടി എയർ ഇന്ത്യ നടത്തുന്നുണ്ട്.
യുക്രൈനിലെ സ്ഥിതി ഇതുവരെ ശാന്തമാണെന്നും എന്നാൽ വിദ്യാർത്ഥികൾ ആശങ്കയിൽ ആണെന്നും ഡൽഹിയിൽ നിന്നുള്ള രണ്ടാം വർഷ മെഡിസിൻ വിദ്യാർത്ഥിയായ മുഹമ്മദ് അൽഫൈസ് പറഞ്ഞു.
Also Read: യുക്രൈനിലെ ഇന്ത്യക്കാരെ തിരികെയെത്തിക്കാൻ ഇന്ത്യ സ്വീകരിച്ച നടപടികൾ എന്താണ്?
“ക്ലാസ്സുകൾ ഇനി ഓൺലൈനായി നടക്കും. ഇത് ഞങ്ങളുടെ പഠനത്തെ ബാധിക്കും, കാരണം പ്രാക്ടിക്കൽസിനെ ബാധിക്കും, സ്ഥിതിഗതികൾ സാധാരണ നിലയിലായാൽ മാത്രമേ ഞങ്ങൾക്ക് തിരിച്ചുവരാൻ കഴിയൂ,” മുംബൈയിൽ നിന്നുള്ള രണ്ടാം വർഷ എംബിബിഎസ് വിദ്യാർത്ഥി കൂടിയായ മുഹമ്മദ് സീഷാൻ പറഞ്ഞു. “ഞങ്ങളുടെ സുഹൃത്തുക്കളും ഉടൻ മടങ്ങിവരും. വിമാനങ്ങൾ ബുക്ക് ചെയ്യാൻ കഴിഞ്ഞാൽ ഉടൻ മടങ്ങിയെത്തും. ഫ്ലൈറ്റ് ടിക്കറ്റുകൾക്ക് വില കൂടുതലാണ്.” അദ്ദേഹം പറഞ്ഞു.
മടങ്ങിയെത്തിയ വിദ്യാർത്ഥികൾ എല്ലാം തന്നെ വിമാനങ്ങളുടെ കുറവും ടിക്കറ്റിന്റെ വിലയുമാണ് ചൂണ്ടിക്കാണിക്കുന്നത്. നേരത്തെ 26,000 രൂപ വിലയുണ്ടായിരുന്ന ടിക്കറ്റിന് ഇപ്പോൾ 66,000 രൂപ വരെ വില വരുന്നതായി അവർ പറയുന്നു.
ഫെബ്രുവരി 20, നാണ് ഇന്ത്യൻ എംബസി വിദ്യാർത്ഥികളോട് യുക്രൈൻ വിടാൻ നിർദേശിച്ചത്. ഇന്നലെ ഓൺലൈൻ ക്ലാസിന്റെ കാര്യത്തിൽ തീരുമാനം വരാൻ കാത്തുനിൽക്കാതെ താത്കാലികമായി യുക്രൈൻ വിടാൻ വീണ്ടും നിർദേശിച്ചിരുന്നു.