മോസ്‌കോ: തമിഴ്നാട്ടിലെ കൂടംകുളം ആണവനിലയത്തില്‍ രണ്ട് പുതിയ റിയാക്ടറുകള്‍ പണിയാന്‍ ഇന്ത്യയ്ക്ക് റഷ്യയുടെ സഹായം. ഇത് സംബന്ധിച്ച കരാറില്‍ ഇന്ത്യയും റഷ്യയും ഒപ്പുവെച്ചു. ഇതിനായി ഇന്ത്യയ്ക്ക് 4.2 ബില്ല്യണ്‍ വായ്പ റഷ്യ നല്‍കും.

യൂറോപ്യന്‍ സന്ദര്‍ശനത്തിന്റെ ഭാഗമായി റഷ്യയിലെത്തിയതായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി. പീറ്റേഴ്‌സില്‍ വെച്ച് നടക്കുന്ന സാമ്പത്തിക ഉച്ചക്കോടിയില്‍ വെച്ചാണ് കരാറുകളില്‍ ഒപ്പുവെച്ചത്.
ഊര്‍ജം, പ്രതിരോധം മേഖലകളില്‍ പരസ്പരം സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു രാജ്യങ്ങളും തീരുമാനിച്ചു.

കൂടംകുളം ആണവനിലയത്തിലെ 1000 മെഗാവാട്ട് ഉത്പാദനശേഷിയുള്ള ആദ്യ യൂണിറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. റിയാക്ടറിന്റെ താപം കുറക്കുന്നതിനായി വീണ്ടും ഇന്ധനം നിറക്കുന്നതിന് വേണ്ടിയായിരുന്നു ഏപ്രിലില്‍ ആദ്യം യൂണിറ്റിന്റെ പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തിവെച്ചത്.

തിരുനെല്‍വേലി ജില്ലയിലാണ് കൂടംകുളം ആണവനിലയം സ്ഥിതി ചെയ്യുന്നത്. 1988 നവംബര്‍ 20ന് അന്ന് ഇന്ത്യന്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ്ഗാന്ധിയും മുന്‍ സോവിയേറ്റ് പ്രസിഡണ്ട് മിഖായേല്‍ ഗോര്‍ബച്ചേവുമാണ് കൂടംകുളം കരാര്‍ ഒപ്പ് വയ്ക്കുന്നത്. ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പ്ദ്‍വ്യവസ്ഥയിലേക്ക് കുതിക്കുന്ന ഇന്ത്യയില്‍ അടുത്ത 20 വര്‍ഷത്തിനകമാണ് ആണവ റിയാക്ടറുകള്‍ പണിയുക. ഇത് ഇന്ത്യയും റഷ്യയും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢപ്പെടുത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ