ദമാസ്കസ്: സിറിയയില്‍ നിന്നും റഷ്യന്‍ സൈന്യത്തോട് പിന്മാറാന്‍ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമർ പുടിന്‍ ഉത്തരവിട്ടു. സിറിയയിലെ റഷ്യന്‍ സൈനിക കേന്ദ്രത്തില്‍ അപ്രതീക്ഷിതമായി എത്തിയാണ് പുടിന്റെ പ്രഖ്യാപനമുണ്ടായത്. തെക്കുകിഴക്കന്‍ ലതാക്കിയയിലെ മേമിം എയര്‍ ബേസിലെത്തിയ പുടിനുമായി സിറിയന്‍ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് കൂടിക്കാഴ്ച നടത്തി.

സിറിയയിലെത്തിയ പുടിനെ സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദ് സ്വീകരിച്ചു. ബഷാർ അൽ അസദിന്റെ സേനയ്ക്കു പിന്തുണയുമായി 2015 മുതൽ ഐഎസ് ഭീകരർക്കു നേരെയും മറ്റു വിമതസേനയ്ക്കു നേരെയും റഷ്യ വ്യോമാക്രമണം നടത്തുന്നുണ്ട്.

തീവ്രവാദികളെ പൂര്‍ണമായും വകവരുത്തിയെന്ന അവകാശവാദത്തോടെയാണ് റഷ്യ സൈനികരെ പിന്‍വലിക്കുന്നത്. സിറിയയില്‍ ഐഎസുമായുള്ള യുദ്ധം അവസാനിച്ചുവെന്ന് കഴിഞ്ഞദിവസം റഷ്യ പ്രഖ്യാപിച്ചിരുന്നു.’തീവ്രവാദികളെ ഉന്മൂലനം ചെയ്തതോടെ ഈ അതിര്‍ത്തിയിലെ സൈനിക ദൗത്യം പൂര്‍ണമായി”- സൈനികരെ പിന്‍വലിച്ചു കൊണ്ട് പുടിന്‍ പറഞ്ഞു. ഈജിപ്തിലേക്കുള്ള യാത്രയ്ക്കിടയിലാണ് പുടിന്‍ സിറിയയില്‍ ഇറങ്ങിയത്. തുടര്‍ന്ന് ഈജിപ്തിലെത്തി പ്രസിഡന്റ് അബ്ദുല്‍ ഫത്താഹ് അല്‍സീസിയുമായി കൂടിക്കാഴ്ച നടത്തി.

ജെറുസലേമിനെ ഇസ്രായേല്‍ തലസ്ഥാനമായി പ്രഖ്യാപിച്ച അമേരിക്കന്‍ നടപടിയെ വിമര്‍ശിച്ച് റഷ്യയും തുര്‍ക്കിയും. അമേരിക്കന്‍ നടപടി പശ്ചിമേഷ്യയില്‍ അസ്ഥിരതയുണ്ടാക്കും. ഇത് ആശങ്കയുളവാക്കുന്നതാണന്നും തുര്‍ക്കിയില്‍ നടത്തിയ സംയുക്ത വാര്‍ത്താസമ്മേളനത്തില്‍ ഇരു രാഷ്ട്രങ്ങളുടെയും തലവന്‍മാര്‍ വ്യക്തമാക്കി.

പുടിനും ഉര്‍ദുഗാനും കടുത്ത സ്വരത്തിലാണ് ട്രംപിന്റെയും അമേരിക്കയുടെയും നിലപാടുകള്‍ തള്ളി രംഗത്ത് എത്തിയത്. അമേരിക്കയുടെ പൊടുന്നനേയുള്ള നിലപാട് മാറ്റം പ്രദേശത്ത് കനത്ത പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് പുടിന്‍ അഭിപ്രായപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ