കീവ്: യുക്രൈന്റെ ഷെല്ലാക്രമണത്തില്‍ കെര്‍സണിന്റെ തെക്കന്‍ മേഖലയിലുള്ള സാധാരണക്കാര്‍ക്ക് പരിക്കേറ്റതായും കൊല്ലപ്പെടുകയും ചെയ്തതായി റഷ്യ ആരോപിച്ചു. തെക്കു കിഴക്കൻ മേഖലകളില്‍ റഷ്യയുടെ മിസൈല്‍ ആക്രമണം രൂക്ഷമാണ്. മരിയുപോളിലെ സ്റ്റീൽ പ്ലാന്റിൽ കുറച്ചു സാധാരണക്കാർ രക്ഷപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
കെർസൺ മേഖലയിലെ കൈസെലിവ്ക, ഷിറോക്ക ബാൽക്ക ഗ്രാമങ്ങളിലെ സ്കൂൾ, കിന്റർഗാർട്ടൻ, സെമിത്തേരി എന്നിവയ്ക്ക് നേരെ യുക്രൈന്‍ സൈന്യം ഷെല്ലാക്രമണം നടത്തിയതായി റഷ്യൻ പ്രതിരോധ മന്ത്രാലയം ആരോപിച്ചതായി റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ആര്‍ഐഎയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ മന്ത്രാലയം പുറത്തു വിട്ടിട്ടില്ല.
ഒന്‍പത് ആഴ്ചകളായി തുടരുന്ന ആക്രമണത്തില്‍ യുക്രൈനിലെ നിരവധി നഗരങ്ങള്‍ നശിപ്പിക്കുകയും ആയിരക്കണക്കിന് സാധാരണക്കാരെ കൊല്ലുകയും 50 ലക്ഷത്തിലധികം പേരെ പലായാനം ചെയ്യാന്‍ നിര്‍ബന്ധിതമാക്കുകയും ചെയ്ത റഷ്യ യുക്രൈന്‍ തലസ്ഥാനമായ കീവ് പിടിച്ചടക്കുന്നതില്‍ പരാജയപ്പെട്ടിരുന്നു. തെക്കു കിഴിക്കന്‍ മേഖല കേന്ദ്രീകരിച്ചാണ് റഷ്യയുടെ ആക്രമണമിപ്പോള്‍.
റഷ്യയുടെ അധീനതയിലുള്ള ക്രിമിയയ്ക്ക് വടക്ക് 100 കിലോമീറ്റർ മാത്രം അകലെയുള്ള കെർസൺ നഗരം സൈന്യം പിടിച്ചെടുത്തുകഴിഞ്ഞു. അസോവ് കടലിലെ തന്ത്രപ്രധാനമായ കിഴക്കൻ തുറമുഖ നഗരമായ മരിയുപോളിന്റെ കൂടുതല്‍ പ്രദേശവും റഷ്യന്‍ സൈന്യത്തിന്റെ കൈവശമാണെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍.
ഏറ്റുമുട്ടല്‍ ഗുരുതരമായി തുടരുന്ന മരിയുപോളില്‍ നിന്ന് സാധാരണക്കാരെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. മരിയുപോളില്‍ നിന്ന് സ്ത്രീകളും കുട്ടികളുമടങ്ങിയ 20 പേരുടെ സംഘം രക്ഷപ്പെട്ടതായാണ് വിവരം. മരിയുപോളില്‍ രക്ഷപ്രവര്‍ത്തനം സാധ്യമാക്കണമെന്ന് ഐക്യരാഷ്ട്രസഭ ആവശ്യപ്പെട്ടിരുന്നു.
Also Read: വീഡിയോ കോണ്‍ഫറന്‍സുകള്‍ സര്‍ഗാത്മകതയെ ബാധിക്കുമോ? പഠനം പറയുന്നതിങ്ങനെ