മോസ്കോ: സിറിയയിൽ അമേരിക്കയുടെ പിന്തുണയുള്ള സൈനികർക്ക് നേരെ റഷ്യൻ വിമാനം ബോംബാക്രമണം നടത്തിയെന്ന ആരോപണം റഷ്യൻ പ്രതിരോധ മന്ത്രാലയം തള്ളി. ഇസ്‌ലാമിക് സ്റ്റേറ്റിന് എതിരായാണ് സിറിയയിൽ തങ്ങളുടെ സൈനിക നീക്കമെന്നും ഇക്കാര്യം നേരത്തേ അമേരിക്കയെ ബോധ്യപ്പെടുത്തിയതാണെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം വിശദീകരിച്ചു.

ദെയർ അൽ ഫോഴ്സ് മേഖലയിൽ റഷ്യൻ സൈന്യത്തിന്റെ ആക്രമണം തങ്ങൾക്ക് നേരെ ഉണ്ടായതായി ഇന്നലെയാണ് അമേരിക്ക ആരോപിച്ചത്. അമേരിക്ക നയിക്കുന്ന ഖുർദിഷ്-അറബ് സൈനിക സഖ്യമായ സിറിയൻ ഡമോക്രാറ്റിക് ഫോഴ്സാണ് റഷ്യൻ വ്യോമസേനയ്ക്ക് എതിരെ രംഗത്ത് എത്തിയത്. ആറ് സൈനികർക്ക് ആക്രമണത്തിൽ പരുക്കേറ്റെന്നാണ് യുഎസിന്റെ വാദം.

എന്നാൽ മേജർ ജനറൽ ഇഗോർ കൊനാഷെൻകോവ് ഈ ആരോപണം തള്ളി. ബഹുവിധ സ്രോതസ്സുകളിൽ നിന്ന് ലഭിക്കുന്ന വിവരങ്ങൾ ഉറപ്പാക്കിയ ശേഷം മാത്രമേ ഈ ഭാഗങ്ങളിൽ റഷ്യൻ സൈന്യം ആക്രമണം നടത്തുന്നുള്ളൂവെന്ന് ഇദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് സ്റ്റേറ്റിന്റെ ആധിപത്യത്തിലുള്ള പ്രദേശങ്ങളിൽ മാത്രമാണ് സൈനിക ആക്രമണങ്ങൾ നടത്തുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ