കീവ്: യുക്രൈനിന്റെ കിഴക്കൻ മേഖലയായ ഡോണ്‍ബാസില്‍ റഷ്യ ആക്രമണം കടുപ്പിക്കുന്നതായി റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ലക്ഷ്യ സ്ഥാനങ്ങള്‍ പിടിച്ചെടുക്കുന്നതില്‍ റഷ്യന്‍ സൈന്യം പരാജയപ്പെട്ടതായി യുക്രൈന് അവകാശപ്പെട്ടു. ഉപരോധങ്ങളും യുക്രൈന് പാശ്ചാത്യ രാജ്യങ്ങള്‍ ആയുധ സഹായം നല്‍കുന്നതും സമാധാന ചര്‍ച്ചകള്‍ക്ക് തടസമാണെന്ന് റഷ്യ വ്യക്തമാക്കി.
റഷ്യന്‍ സൈന്യം ഡൊനെറ്റ്സ്കിലെ ലൈമാൻ, ലുഹാൻസ്കിലെ സീവിറോഡോനെറ്റ്സ്ക്, പോപാസ്ന എന്നീ പ്രദേശങ്ങൾ പിടിച്ചെടുക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് ഉക്രെയ്നിലെ സായുധ സേനയുടെ ജനറൽ സ്റ്റാഫ് അറിയിച്ചു. പോരാട്ടം തുടരുകയാണെന്നും റഷ്യയുടെ ശ്രമങ്ങള്‍ വിജയിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫെബ്രുവരി 24 ന് റഷ്യ അധിനിവേശം ആരംഭിച്ചത് മുതൽ ഏര്‍പ്പെടുത്തിയ ഉപരോധം ശക്തമാക്കേണ്ടതുണ്ടെന്നും ചർച്ചകളുടെ ഭാഗമാകാൻ കഴിയില്ലെന്നും യുക്രൈന് പ്രസിഡന്റ് വോളോഡിമിർ സെലെൻസ്കി വ്യക്തമാക്കി. ഇരുരാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചകള്‍ അവസാനിക്കാനുള്ള സാധ്യതകളുണ്ടെന്നും സെലെന്‍സ്കി പറഞ്ഞു.
യുക്രൈന് തലസ്ഥാനമായ കീവില്‍ കണ്ടെത്തിയ ക്രൂരകൃത്യങ്ങള്‍ക്ക് പിന്നില്‍ റഷ്യന്‍ സൈന്യമാണെന്ന് യുക്രൈന് ആരോപിച്ചു. എന്നാല്‍ റഷ്യ ഇത് നിഷേധിക്കുകയാണുണ്ടായത്. അമേരിക്കയ്ക്കും നാറ്റൊ സഖ്യകക്ഷികള്‍ യുദ്ധം അവസാനിപ്പിക്കണമെന്നാണ് ആഗ്രഹമെങ്കില്‍ യുക്രൈനിലേക്ക് ആയുധമയക്കുന്നത് നിര്‍ത്തണമെന്ന് സെര്‍ജി ലാവ്റോവ് പറഞ്ഞു.
അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് യുക്രൈനായി 33 ബില്യണ്‍ ഡോളറിന്റെ സഹായമാണ് മുന്നോട്ട് വച്ചരിക്കുന്നത്. ഇതില്‍ 20 ബില്യണും ആയുധങ്ങള്‍ക്കായാണ്. വരും ദിവസങ്ങളില്‍ തന്നെ പാര്‍ലമെന്റ് ഇത് പാസാക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
Also Read: ഷവോമി ഇന്ത്യയുടെ 5,551.27 കോടി രൂപ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു