മോസ്കോ: മനുഷ്യരെ കൊല്ലുകയും മനുഷ്യമാംസം കഴിക്കുകയും ചെയ്‌ത സംഭവങ്ങള്‍ ചരിത്രത്തില്‍ ഒരുപാടുണ്ട്. റഷ്യയെ പിടിച്ചുകുലുക്കിയത് അത്തരത്തിലുളള ഒരു വാര്‍ത്തയാണ്. പതിനെട്ട് വര്‍ഷത്തിനുള്ളില്‍ മധ്യവയസ്ക കൊന്നുതിന്നതായി സംശയിക്കുന്നത് മുപ്പതോളം പേരെയാണ്. റഷ്യക്കാരിയായ നതാലിയാ ബക്ഷീവയാണ് ലോകത്തെ ഞെട്ടിച്ച കുറ്റകൃത്യത്തിന് പിന്നില്‍. ഇപ്പോള്‍ നടക്കുന്ന വിചാരണയില്‍ കുറ്റം തെളിഞ്ഞാല്‍ നാല്‍പത്തിമൂന്നുകാരിക്ക് ചുരുങ്ങിയത് പതിനഞ്ച് വര്‍ഷമെങ്കിലും തടവില്‍ കഴിയേണ്ടിവരും.

ഭര്‍ത്താവ് ദിമിത്രി ബക്ഷീവ അറസ്റ്റിലായതോടെയാണ് അന്വേഷണം നതാലിയയിലേക്ക് എത്തുന്നത്. മകാബ്രെയില്‍ നടന്ന കൊലപാതകത്തിലാണ് ബാക്ഷീവ അറസ്റ്റിലാവുന്നത്. ഹോട്ടല്‍ ജീവനക്കാരിയായ മുപ്പത്തിയഞ്ചുകാരിയെ കൊന്നതാണ് കേസ്. കൈയ്യില്‍ കരുതിയിരുന്ന കത്തികൊണ്ട് എലേന വശ്രുശേവെന്ന ഹോട്ടല്‍ ജീവനക്കാരിയെ കുത്തിക്കൊല്ലുകയായിരുന്നു ഇയാള്‍. ഭാര്യയുടെ പ്രലോഭനത്തിന് വഴങ്ങിയായിരുന്നു ബക്ഷീവ കൃത്യം ചെയ്തത് എന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍

ബാക്ഷീവും നതാലിയയും

മാനസിക നില തകരാറിലായിരുന്ന ബക്ഷീവ ഭാര്യയെ അനുസരിച്ചാണ് ജീവിച്ചിരുന്നത്. മദ്യപിച്ച് ലക്കുകെട്ട നതാലിയ ഹോട്ടല്‍ ജീവനക്കാരിയായ യുവതിയെ ചൊല്ലി ബക്ഷീവുമായി വഴക്കായി. ബക്ഷീവും വശ്രുശേവും തമ്മില്‍ രഹസ്യബന്ധമുണ്ട് എന്ന് ആരോപിച്ച നതാലിയ യുവതിയെ കൊലപ്പെടുത്താന്‍ ആവശ്യപ്പെടുകയായിരുന്നു. ഭാര്യയുടെ നിര്‍ദേശം അതുപോലെ അനുസരിച്ച ബക്ഷീവ യുവതിയെ കുത്തിക്കൊന്നു. ചെകുത്താന്‍ എന്ന് അറിയപ്പെടുന്ന ബാക്ഷീവ കൊലപാതകത്തിന് ശേഷവും പല വൈകൃതങ്ങളും കാണിച്ചു. മൃതദേഹത്തിന്റെ പല ഭാഗങ്ങളും മുറിച്ചെടുത്തും ജഡത്തോടൊപ്പം ഫോട്ടോയെടുത്ത് പോസ്റ്റ്‌ ചെയ്തും മറ്റും അയാള്‍ ആനന്ദം കണ്ടെത്തി.

Read More : വീപ്പയിലെ അസ്ഥികൂടം; കേരളത്തെ നടുക്കിയ കൊലപാതകത്തിന് പ്രേരണ ജപ്പാനിൽ നിന്നോ ?

വശ്രുശേവിന്റെ ശരീരഭാഗങ്ങള്‍ ഇരുവരും താമസിക്കുന്ന വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ശരീരത്തിന്റെ വലിയൊരു ഭാഗം പാകംചെയ്യുകയും കുറച്ച് ഫ്രീസറില്‍ സൂക്ഷിക്കുകയും ചെയ്തു. വശ്രുശേവിന്റെ കൊലപാതകം തിരക്കിയുള്ള അന്വേഷണത്തിലാണ് കൂടുതല്‍ രഹസ്യങ്ങളുടെ ചുരുളഴിയുന്നത്. പതിനെട്ട് വര്‍ഷത്തിനിടയില്‍ നതാലിയ മുപ്പതോളം പേരെയെങ്കിലും കൊന്നുതിന്നിട്ടുണ്ട് എന്നാണ് അന്വേഷണ ഏജന്‍സികളുടെ കണ്ടെത്തല്‍.

കുറ്റകൃത്യം തെളിയിക്കാനാവുന്ന തൊണ്ടിമുതലും മറ്റ് തെളിവുകളും അവരുടെ വീട്ടില്‍ നിന്നും ലഭിച്ചിട്ടുണ്ട്. പത്തൊമ്പത് ചര്‍മപാളികള്‍, കേടുവരാതിരിക്കാന്‍ അച്ചാറിട്ട ശരീരഭാഗങ്ങള്‍ എന്നിവയ്ക്ക് പുറമേ 1999ലും 2012ലും നടന്ന മറ്റു കൊലപാതകങ്ങളുടെയും തെളിവ് ലഭിച്ചു. അറുത്ത തല ഓറഞ്ചുകളും മറ്റും വച്ച് അലങ്കരിച്ച് തീന്മേശയില്‍ വച്ചിരിക്കുന്ന ചിത്രവും അതില്‍പ്പെടും. നരഭോജനത്തിന് റഷ്യയില്‍ പ്രത്യേക ശിക്ഷയില്ല. കോടതിയില്‍ കുറ്റകൃത്യം തെളിയുകയാണ് എങ്കിൽ ലോകം കണ്ട ഏറ്റവും നിഗൂഢമായ കൊലപാതക പരമ്പരകളില്‍ ഒന്നുകൂടിയാകും നതാലിയാ കേസ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ