scorecardresearch
Latest News

കീവിലെ ബഹുനില കെട്ടിടത്തിന് നേരെ റഷ്യയുടെ മിസൈൽ ആക്രമണം; വീഡിയോ

ആക്രമണത്തിൽ എത്രപേർ മരണപ്പെട്ടുവെന്ന് വ്യക്തമല്ലെങ്കിലും, മിസൈൽ കെട്ടിടത്തിന്റെ ഒന്നിലധികം നിലകൾ തകർത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു

Ukraine, Russia, India, Evacuation

കീവ്: യുക്രൈനിന്റെ തലസ്ഥാന നഗരിയെ റഷ്യൻ സൈന്യം വളഞ്ഞതിന് പിന്നാലെ ശനിയാഴ്ച കീവിലെ ബഹുനില കെട്ടിടത്തിന് നേരെ ക്രൂയിസ് മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തിൽ എത്രപേർ മരണപ്പെട്ടുവെന്ന് വ്യക്തമല്ലെങ്കിലും, മിസൈൽ കെട്ടിടത്തിന്റെ ഒന്നിലധികം നിലകൾ തകർത്തതായി ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു. മിസൈൽ കെട്ടിടത്തിൽ പതിക്കുന്നതും, അതുമൂലമുണ്ടായ വലിയ സ്‌ഫോടനവും കാണാവുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട് .

ആക്രമണം സ്ഥിരീകരിച്ച് യുക്രൈനിന്റെ വിദേശകാര്യ മന്ത്രി ദിമിട്രോ കുലേബ, ഭാഗികമായി തകർന്ന കെട്ടിടത്തിന്റെ ചിത്രം പങ്കുവച്ചു. റഷ്യയെ പൂർണ്ണമായും ഒറ്റപ്പെടുത്തുകയും അതിന്റെ സമ്പദ്‌വ്യവസ്ഥയെ തകർക്കുകയും ചെയ്യണമെന്ന് അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.

“നമ്മുടെ മനോഹരവും സമാധാനപരവുമായ നഗരമായ കീവ് റഷ്യൻ കരസേനയുടെയും മിസൈലുകളുടെയും ആക്രമണത്തിൽ നിന്ന് ഒരു രാത്രി കൂടി അതിജീവിച്ചു. അവരുടെ മിസൈലുകളിൽ ഒന്ന് കീവിലെ റെസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ പതിച്ചു,” കുലേബ ട്വീറ്റ് ചെയ്തു.

റോയിട്ടേഴ്‌സിന്റെ റിപ്പോർട്ട് പ്രകാരം, ശനിയാഴ്ച രണ്ട് മിസൈലുകൾ കീവിന്റെ തെക്കുപടിഞ്ഞാറൻ പ്രദേശങ്ങളിൽ പതിച്ചു. സുല്യാനി വിമാനത്താവളത്തിന് സമീപമുള്ള പ്രദേശത്താണ് മിസൈലുകളിലൊന്ന് പതിച്ചത്. മറ്റൊന്ന് സെവാസ്റ്റോപോൾ സ്ക്വയറിന് സമീപമുള്ള പ്രദേശത്തും പതിച്ചു.

കീവിന്റെ പല പ്രദേശങ്ങളിൽ നിന്നും വലിയ സ്ഫോടന ശബ്ദങ്ങൾ കേട്ടു. ഇതേ തുടർന്ന് അധികാരികൾ വീടുകളിൽ തന്നെ അഭയം പ്രാപിക്കാൻ ജനങ്ങൾക്ക് നിർദേശം നൽകി.

നിരവധി നഗരങ്ങളിൽ ആക്രമണം നടത്തിയ ശേഷം റഷ്യൻ സൈന്യം തലസ്ഥാനത്തേക്ക് മുന്നേറുകയാണ്. കീവിൽ നിന്ന് 30 കിലോമീറ്റർ തെക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന വാസിൽകിവ് നഗരത്തിൽ കനത്ത പോരാട്ടം നടക്കുന്നതായി യുക്രൈൻ സൈന്യത്തെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

Also Read: Russia-Ukraine Crisis: മലയാളികളടക്കമുള്ള വിദ്യാർത്ഥികളെ തിരിച്ചെത്തിക്കാൻ റൊമാനിയയിലേക്കും ഹംഗറിയിലേക്കും ഇന്ന് വിമാനങ്ങൾ

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Russia missile hits high rise building ukraine video